വിദേശയാത്ര കൂടുന്നു; ഇന്ത്യക്കാർ ചെലവിട്ടത് കോടികൾ

By Web Team  |  First Published Feb 20, 2023, 5:06 PM IST

യാത്രകൾക്ക് മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസം, പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനും ഇന്ത്യക്കാർ കോടികളാണ് ചെലവിടുന്നത്. കണക്കുകൾ ഇങ്ങനെ 
 


ദില്ലി: ഇന്ത്യക്കാർ വിദേശ യാത്രയ്ക്ക് ചെലവഴിക്കുന്നത് കോടികൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഏപ്രിലിനും ഡിസംബറനുമിടയിലുള്ള ഒമ്പത് മാസക്കാലം വിദേശയാത്രകൾക്കായി ഇന്ത്യക്കാർ ഏകദേശം 1000 കോടി ഡോളർ ചെലവഴിച്ചതായാണ് റിസർവ്വ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 2019-20 സാമ്പത്തിക വർഷത്തിൽ 700 കോടി ഡോളർ ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചെലവഴിച്ചിരുന്നു. 2023 സാമ്പത്തിക വർഷത്തെ ഒമ്പത് മാസക്കാലത്തിനിടയിൽ, ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കായ 99 കോടി ഡോളർ ചെലവഴിച്ചു.

യാത്രകൾക്ക് മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസം, പ്രിയപ്പെട്ടവർക്കുളള സമ്മാനങ്ങൾ, നിക്ഷേപ പദ്ധതികൾ തുടങ്ങിയവയ്ക്കും ഇന്ത്യക്കാർ വിദേശനാണ്യവിനിമയം നടത്തുന്നുണ്ട്. ഇത്തരം ചെലവുകൾക്ക് മാത്രമായി ഏകദേശം 1935 കോടി ഡോളറാണ് വിദേശത്തേയ്ക്കായി അയച്ചിരിക്കുന്നത്. 2022 ൽ 1961 കോടി വിദേശരാജ്യങ്ങളിലേക്കായി അയച്ചിരുന്നു. ഇതുവരെയുള്ളതിൽ ഉയർന്ന കണക്കാണ് 2022 ലേത്.

അതേസമയം യാത്രാചെലവും, അനുബന്ധ ചെലവുകളും കുത്തനെകൂടിയതിനാൽ വിദേശത്ത് താമസിക്കുന്ന ബന്ധുക്കൾക്കൊപ്പം ഇന്ത്യക്കാർ ചെലവഴിക്കുന്നത് താരതമ്യേന കുറവാണ്. എന്നാൽ വിദേശത്തെ ഇക്വിറ്റി ഷെയറുകളിലെ നിക്ഷേപത്തിനായി 2018 സാമ്പത്തിക വർഷം മുതൽ 1000 കോടി ഡോളറാണ് അയയ്ക്കുന്നത്. അഞ്ചുവർഷത്തോളമായി ഏകദേശം ഇതേ തുകതന്നെ വിനിമയം ചെയ്യുന്നതായാണ് റിപ്പോർ്ട്ടുകൾ.

2004 ൽ നിലവിൽ വന്ന എൽആർഎസ് സ്‌കീം പ്രകാരം , പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെയുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും സാമ്പത്തികവർഷത്തിൽ 250000 ഡോളർ വിദേശത്തേക്ക് അയക്കാൻ സാധിക്കും. കറന്റ്, ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകൾക്കോ, ഇവയ്ക്ക് രണ്ടിനുമായോ അയയ്ക്കാൻ കഴിയുന്ന തുകയാണിത്.

ഇന്ത്യക്കാരുടെ വിദേശത്തേക്കുള്ള പണമയക്കൽ നിരീക്ഷിക്കുന്നതിനും, ആദായനികുതി റിട്ടേണുമായി ഇവ ബന്ധിപ്പിക്കുന്നതിനുമായി  എൽആർസ് സ്‌കീമിന് 5 ശതമാനം ടിസിഎസ് ഏർപ്പെടുത്തിയിരുന്നു. 2020 ലായിരുന്നു് 5 ശതമാനം. എന്നാൽ നിലവിലിത് 20 ശതമാനമായി ഉയർത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ വിദേശത്തേക്കുള്ള പണമയയ്ക്കലിൽ ഹ്രസ്വകാലത്തെക്കെങ്കിലും കുറവുണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്.  

tags
click me!