ഇന്ത്യയുടെ സ്വർണ്ണത്തോടുള്ള പ്രിയം കുറയുന്നോ? ഡിസംബറിലെ സ്വർണ്ണ ഇറക്കുമതി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ.ആഗോള വിപണിയിലെ വില വർദ്ധനവ് തിരിച്ചടിയാകുന്നു
ദില്ലി: ഡിസംബറിൽ രാജ്യത്തെ സ്വർണ്ണ ഇറക്കുമതി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. 20 ടൺ സ്വർണ്ണം മാത്രമാണ് 2022 ഡിസംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 79 ശതമാനം കുറവാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രണ്ടാമതു രാജ്യമാണ് ഇന്ത്യ. 2021 ഡിസംബറിൽ 95 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ 2022 ൽ ഇത് 20 ടണ്ണായി കുറഞ്ഞു. ഒരു വർഷം മുമ്പ് 4.73 ബില്യൺ ഡോളർ ഇറക്കുമതി നടത്തിയെങ്കിൽ ഈ വര്ഷം ഡിസംബറിൽ ഇറക്കുമതി 1.18 ബില്യൺ ഡോളറായി കുറഞ്ഞു
undefined
സ്വർണ ഇറക്കുമതിയിലെ ഇടിവ് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയെ പിന്തുണയ്ക്കാനും സഹായിക്കും. സ്വർണത്തിന്റെ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യ, 2022-ൽ 36.6 ബില്യൺ ഡോളർ സ്വർണത്തിന്റെ വാങ്ങലിനായി ചെലവഴിച്ചു.
ആഗോള വിലയിലെ വർദ്ധനവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും ഇത് വാങ്ങലുകൾ കുറച്ചെന്നും വ്യാപാരികൾ പറയുന്നു. ചില്ലറ വിൽപ്പനയിലും ഇടിവ് വന്നിട്ടുണ്ട്. ഇത് ഇറക്കുമതിയെ മോശമായി ബാധിച്ചു. 2022 ജൂലൈയിൽ സർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതിന് ശേഷം കൂടുതൽ സ്വർണം ഇറക്കുമതി ചെയ്തിരുന്ന വ്യാപാരികളും പിൻവലിഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് 5140 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു.വിപണി വില 4250 രൂപയാണ്.