ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഇന്ത്യയിലെ 453 ജീവനക്കകാരെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ബാംഗ്ലൂർ, ഹൈദരാബാദ് ഓഫീസുകളിൽ നിന്നുള്ള ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്.
സാൻഫ്രാൻസിസ്കോ: സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാക്കേജുകൾ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു. ഓരോ സ്റ്റാഫിന്റെയും സേവനകാലയളവ് ഉൾപ്പെടെയുളള ഘടകങ്ങൾ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും പാക്കേജുകൾ തീരുമാനിക്കുക. മാത്രമല്ല, ജോബ് പ്ലേസ്‌മെന്റ്, ഹെൽത്ത് കെയർ ഇൻഷുറൻസ് എന്നിവയിൽ സഹായം നൽകുമെന്നും കമ്പനി അറിയിച്ചു
ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് രാജ്യത്തെ 453 ജീവനക്കകാരെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയിൽ സന്ദേശം ജീവനക്കാർക്ക് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് മെയിൽ അയച്ചിരിക്കുന്നത്.
ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്നുള്ള ലെവൽ ഫോർ സോഫ്‌റ്റ്വെയർ ഡെവലപ്മാർ, ക്ലൗഡ് എഞ്ചിനിയർമാർ, ഡിജിറ്റൽ മാർക്കറ്റിങ്, സെയിൽസ്, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. ആഗോളതലത്തിൽ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആൽഫബെറ്റ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായാണോ 453 പേരെ പിരിച്ചുവിട്ടതെന്നും, എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നത് സംബന്ധിച്ചും കൂടുതൽ വിശദാംശങ്ങൾ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.
ALSO READ: ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ് ,ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളും ജീവനക്കാരെ വെട്ടിച്ചുരുക്കാനുള്ള ശ്രമത്തിലാണ്. 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ മുന്നറിയിപ്പ് നൽകിയത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് നയം വ്യക്തമാക്കുന്നത്. ഇത് പ്രകാരം 11,000 ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി ബാധിക്കുക. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞമാസം അറിയിപ്പ് നൽകിയിരുന്നു.
സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടൽ ടെക് കമ്പനികളിൽ തകൃതിയായി നടക്കുന്നുണ്ട്. വിവിധ കമ്പനികളിൽ നിന്നായി് ആയിരക്കണക്കിന് ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പുതുവർഷം തുടങ്ങി രണ്ട് മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ടെക് മേഖലകളിൽ നിന്നുമാത്രം 1 ലക്ഷത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.