പലിശ വരുമാനത്തിനുള്ള നികുതിയിൽ ചില മാറ്റങ്ങൾക്ക് സാധ്യത. സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ നികുതി പരിധി 25,000 രൂപയായി ഉയർത്താനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഉടനെ അവതരിപ്പിക്കാനിരിക്കെ നികുതിദായകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പലിശ വരുമാനത്തിനുള്ള നികുതിയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ നികുതി പരിധി 25,000 രൂപയായി ഉയർത്താനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധനമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ ബാങ്കുകൾ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഈ അഭ്യർത്ഥന അവലോകനം ചെയ്തു വരികയാണെന്നും നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്ക് പിന്തുണയേകുന്ന തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് താരതമ്യേന കുറവാണ്, എന്നാൽ നികുതി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് സേവിംഗ്സ് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കാൻ നികുതിദായകരെ പ്രോത്സാഹിപ്പിച്ചേക്കാം. ഇത് ബാങ്കുകൾക്ക് ഗുണകരമായിരിക്കും. നിക്ഷേപമായി കൂടുതൽ പണം ബാങ്കുകളിലേക്കെത്തും എന്നുള്ളതാണ് ഇതിന്റെ പ്രധാന നേട്ടം.
പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTA പ്രകാരം പ്രതിവർഷം 10,000 രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നുള്ള പലിശ നികുതി രഹിതമായിരുന്നു. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക്, ഈ പരിധി 50,000 രൂപയാണ് . പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, നികുതിദായകർക്ക് നിലവിൽ സേവിംഗ്സ് അക്കൗണ്ട് പലിശയിൽ നികുതി ഇളവ് ലഭിക്കുന്നില്ല. എന്നിരുന്നാലും, പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ടുള്ള നികുതിദായകർക്ക് പുതിയ നികുതി വ്യവസ്ഥയിൽ ചില ആനുകൂല്യങ്ങൾ ലഭിക്കും. അവർക്ക് വ്യക്തിഗത അക്കൗണ്ടുകളിൽ നിന്ന് 3,500 രൂപ വരെയുള്ള പലിശ വരുമാനവും ജോയിന്റ് അക്കൗണ്ടുകളിൽ നിന്ന് 7,000 രൂപ വരെയുള്ള പലിശ വരുമാനവും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.