ഇഷ അംബാനിക്ക് അടിതെറ്റിയോ? റിലയൻസിന്റെ ഈ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

By Web Team  |  First Published Nov 13, 2024, 6:11 PM IST

റിലയന്‍സ് റീട്ടെയ്ല്‍ ഈ സാമ്പത്തിക വര്‍ഷം വിപുലീകരണം മന്ദഗതിയിലാക്കിയിട്ടുണ്ട്. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത്  കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


റിലയന്‍സ് റീട്ടെയിലിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പന ബ്രാന്‍റായ സെന്‍ട്രോ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ സെന്‍ട്രല്‍ എന്ന ഫാഷന്‍ ബ്രാന്‍റിനെ റിലയന്‍സ് ഏറ്റെടുത്ത ശേഷം സെന്‍ട്രോ സ്റ്റോറുകള്‍ ആക്കി മാറ്റുകയായിരുന്നു. രാജ്യത്തുടനീളമുള്ള 80 സെന്‍ട്രോ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതായാണ് സൂചന. റിലയന്‍സ് റീട്ടെയില്‍ സെന്‍ട്രോയുടെ മൂന്ന് സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായും മാസാവസാനത്തോടെ രണ്ട് ഡസന്‍ സ്റ്റോറുകള്‍ കൂടി പൂട്ടുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഔട്ട്ലെറ്റുകളില്‍ സാധനങ്ങളുടെ പ്രദര്‍ശനവും സംഭരണവും വില്‍പനയും നിര്‍ത്തിവയ്ക്കും.

450 ഓളം പ്രാദേശികവും ആഗോളവുമായ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സെന്‍്ട്രോ, ദുബായ് ആസ്ഥാനമായുള്ള ലൈഫ്സ്റ്റൈല്‍ ഇന്‍റര്‍നാഷണലിനും ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ മാതൃകയില്‍ റഹേജ ഷോപ്പേഴ്സ് സ്റ്റോപ്പിനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ വില്‍ക്കുന്ന ഏകദേശം 18,946 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന റിലയന്‍സ് റീട്ടെയിലിന്‍റെ കഴിഞ്ഞ മാസം, സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 3.5% ഇടിവ് രേഖപ്പെടുത്തി. ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ബിസിനസിലെ ദുര്‍ബലമായ ഡിമാന്‍ഡും അതിന്‍റെ മൊത്തവ്യാപാര ബിസിനസിലെ മാര്‍ജിനിലെ കുറവും വരുമാനത്തെ ബാധിച്ചു. റിലയന്‍സ് റീട്ടെയ്ല്‍ ഈ സാമ്പത്തിക വര്‍ഷം വിപുലീകരണം മന്ദഗതിയിലാക്കിയിട്ടുണ്ട്. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത്  കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 795 സ്റ്റോറുകള്‍ തുറന്നെങ്കിലും സമാന്തരമായി നിരവധി സ്റ്റോറുകള്‍ പൂട്ടിയിട്ടുണ്ട്.

Latest Videos

2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സിലെ ജീവനക്കാരുടെ എണ്ണം 389,000 ആയിരുന്നത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 347,000 ആയി കുറഞ്ഞു.   കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പുതിയ നിയമനങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം, റിലയന്‍സ് പുതിയ നിയമനങ്ങള്‍ മൂന്നിലൊന്നില്‍ കൂടുതല്‍ വെട്ടിക്കുറവ് വരുത്തി. ഇതിന് പുറമേ പലരും രാജിവയ്ക്കുകയും ചെയ്തു. ഇതില്‍ റിലയന്‍സിന്‍റെ റീട്ടെയില്‍ വിഭാഗത്തിലാണ് ജീവനക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍ വെട്ടിക്കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സിലെ മൊത്തം ജീവനക്കാരുടെ 60 ശതമാനവും റിലയന്‍സ് റീട്ടെയിലിലാണ് ജോലി ചെയ്തിരുന്നത്.  

click me!