മറ്റ് കമ്പനികളെ മൂലയ്ക്കിരുത്തി അമുൽ; നേടിയെടുത്തത് ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ് പദവി

By Web Team  |  First Published Aug 21, 2024, 4:37 PM IST

ഇന്ത്യൻ വെണ്ണ വിപണിയുടെ 85 ശതമാനം വിഹിതവും ചീസിന്റെ 66 ശതമാനം വിപണി വിഹിതവും അമൂലിന്റെ പക്കലാണ് . ഇതാണ് അമൂലിന്റെ പ്രധാന കരുത്ത്.


ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡെന്ന പദവി സ്വന്തമാക്കി ക്ഷീരോൽപ്പന്ന വിതരണക്കാരായ അമുൽ. ആഗോള ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അമുലിന്റെ ബ്രാൻഡ് മൂല്യം 2023 ൽ നിന്ന് 11 ശതമാനം വർധിച്ചതോടെയാണ് ഈ നേട്ടം കരസ്ഥമാക്കാനായത്. ഏറ്റവും പുതിയ റാങ്കിംഗിൽ 3.3 ബില്യൺ ഡോളറാണ് അമൂലിന്റെ ബ്രാൻഡ് മൂല്യം. തുടർച്ചയായ നാലാം വർഷമാണ് അമൂൽ ഈ നേട്ടം നിലനിർത്തുന്നത്. ഇന്ത്യൻ വെണ്ണ വിപണിയുടെ 85 ശതമാനം വിഹിതവും ചീസിന്റെ 66 ശതമാനം വിപണി വിഹിതവും അമൂലിന്റെ പക്കലാണ് . ഇതാണ് അമൂലിന്റെ പ്രധാന കരുത്ത്. 2022-23 ൽ, അമുൽ അതിന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയായ 72,000 കോടി രൂപ എന്ന നേട്ടം കൈവരിച്ചിരുന്നു. മുൻ വർഷത്തേക്കാൾ 18.5 ശതമാനം ആണ് വർധന.

അതേ സമയം ലോകത്ത് ക്ഷീര വ്യവസായം  വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും മികച്ച 10 ഡയറി ബ്രാൻഡുകളുടെ മൊത്തം ബ്രാൻഡ് മൂല്യത്തിൽ 6 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. ഫിന്നിഷ് ഡയറി ബ്രാൻഡായ വാലിയോ, ഏറ്റവും വേഗത്തിൽ വളരുന്ന ഡയറി ബ്രാൻഡായി ഉയർന്നു. ബ്രാൻഡ് മൂല്യത്തിൽ 31 ശതമാനം വർധന കൈവരിക്കുന്നതിന് ഇവർക്ക് സാധിച്ചു.  

ബ്രാൻഡ് മൂല്യം 7 ശതമാനം ഇടിഞ്ഞ് 20.8 ബില്യൺ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള ഭക്ഷ്യ ബ്രാൻഡ് എന്ന പദവി നെസ്‌ലെ നിലനിർത്തി. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകളുമായി പൊരുത്തപ്പെടാനും വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ നിലനിർത്താനുമുള്ള കമ്പനിയുടെ കഴിവാണ് നെസ്ലേക്ക് കരുത്തായത്. ലേയ്‌സിന്റെ ബ്രാൻഡ് മൂല്യം 9 ശതമാനം വർധിച്ച് , 12 ബില്യൺ ഡോളറായി ഉയർന്ന് ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടി.  നോൺ ആൽക്കഹോളിക് ബിവറേജസ് മേഖലയിൽ കൊക്കകോള ഒന്നാം സ്ഥാനത്തും പെപ്‌സി രണ്ടാം സ്ഥാനത്തും തുടരുന്നു.

Latest Videos

tags
click me!