ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗിയുടെ ഓഹരികൾ സ്വന്തമാക്കി സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ .
പ്രാഥമിക ഓഹരി വിൽപന വഴി 10,400 കോടി രൂപ സമാഹരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകവേ, ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗിയുടെ ഓഹരികൾ സ്വന്തമാക്കി സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ . സ്വിഗ്ഗി ജീവനക്കാരിൽ നിന്നും ആദ്യകാല നിക്ഷേപകരിൽ നിന്നും ആണ് അമിതാഭ് ബച്ചൻ ഓഹരികൾ വാങ്ങിയത്. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൂല്യം 1.25 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കൈവശമുള്ള ഓഹരികളുടെ മൂല്യവും ഉയരുമെന്നത് മുൻകൂട്ടി കണ്ടാണ് ബച്ചന്റെ നീക്കം. അതേ സമയം ഇടപാടിന്റെ വിശദാംശങ്ങൾ അമിതാഭ് ബച്ചൻ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ടെക് കമ്പനിയാണ് സ്വിഗ്ഗി. ജപ്പാനിലെ പ്രമുഖ നിക്ഷേപകനായ മസയോഷി സോണിന്റെയും സോഫ്റ്റ് ബാങ്കിന്റെയും പിന്തുണ സ്വിഗ്ഗിക്കുണ്ട്. ഇന്ത്യയിൽ തങ്ങളുടെ ശക്തമായ അടിത്തറയും ഓൺലൈൻ ഭക്ഷണ വിതരണത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പ്രയോജനപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നു. കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾക്ക് നല്ല ഡിമാൻഡ് നിലനിൽക്കെയാണ് ബച്ചൻ ഓഹരികൾ വാങ്ങിയത്. മോത്തിലാൽ ഓസ്വാൾ ഗ്രൂപ്പിന്റെ ചെയർമാനായ കോടീശ്വരൻ രാംദേവ് അഗർവാളും സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. സ്വിഗ്ഗിയുടെ എതിരാളിയായ സെപ്റ്റോയിൽ അദ്ദേഹം ജൂലൈയിൽ നിക്ഷേപം നടത്തിയിരുന്നു.
സ്വിഗിയുടെ ആകെ വിപണി മൂല്യം 99,000 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ കുറവാണിത്. 1.60 ലക്ഷം കോടി രൂപയാണ് സൊമാറ്റോയുടെ വിപണി മൂല്യം. നിലവിലെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വിപണിയുടെ 53 ശതമാനവും സൊമാറ്റോയുടെ പക്കലാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രാഥമിക ഓഹരി വില്‍പന നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക് മുമ്പാകെ സ്വിഗ്ഗി സമര്‍പ്പിച്ചിട്ടുണ്ട്.