റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട് വന്ന് രണ്ട് ദിവസത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും നടപടികളായില്ല
മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിൽ എത്തിയെന്നാണ് ബിസിനസ് രംഗത്തെ വാർത്ത. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട് വന്ന് രണ്ട് ദിവസത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും നടപടികളായില്ല. സംഭവത്തിൽ പല കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. ഇതിനിടെയാണ് വാച്ടെലുമായി ധാരണയിലെത്തിയെന്ന വിവരം പുറത്ത് വരുന്നത്.
undefined
അമേരിക്കയിലെ നിയമ സ്ഥാപനമായ വാച്ടെൽ കോർപറേറ്റ് രംഗത്തെ കേസുകൾ വാദിക്കുന്നതിൽ പ്രധാനികളാണ്. അമേരിക്കയിലെ തന്നെ മൂന്ന് നാല് സ്ഥാപനങ്ങളുമായി അദാനി കമ്പനി ചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ അവസാനമാണ് വാച്ടെലിൽ എത്തിയത്. ഇവർക്ക് മുൻപ് പല കേസുകളും വാദിച്ച് പരിചയമുണ്ട്.
അമേരിക്കയിലാണ് ആദ്യഘട്ടത്തിലെ നിയമനടപടികൾ. ഇന്നും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ കൂപ്പുകുത്തി. 10 ൽ എട്ട് കമ്പനികളും നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന് തിരിച്ചടിയായി അമേരിക്കയിലെ ധനകാര്യ ഉപദേശക സ്ഥാപനം എം എ സി ഐ ഉന്നയിച്ച സംശയങ്ങളാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമായിരിക്കുന്നത്.