പ്രണയത്തിലലിഞ്ഞ് സാമന്തയും വിജയ് ദേവെരകൊണ്ടയും, 'ഖുഷി' റിവ്യു

By Web Team  |  First Published Sep 1, 2023, 5:58 PM IST

വിജയ് ദേവെരകൊണ്ട നായകനായെത്തിയ പുതിയ ചിത്രത്തിന്റെ റിവ്യു.


നായകന്റെ അച്ഛൻ കടുത്ത നിരീശ്വരവാദി. നായികയുടെ അച്ഛനാകട്ടെ വിശ്വാസിയായ മതപണ്ഡിതനും. നായകനും നായികയും പ്രണയിക്കുകയും ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്‍താലോ?. അത്തരം ഒരു സന്ദര്‍ഭത്തിലുണ്ടാകുന്ന തമാശകളും സംഘര്‍ഷവും പ്രണയവുമൊക്കെയാണ് വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന വേഷത്തില്‍ എത്തിയ 'ഖുഷി'യെ പ്രേക്ഷകന് ഇഷ്‍ടപ്പെടുത്തുന്നത്.

ശാസ്‍ത്രഞ്‍ജനും യുക്തിവാദ സംഘത്തിന്റെ പ്രസിഡന്റുമായ കഥാപാത്രമാണ് 'ലെനിൻ സത്യ'. 'ലെനിൻ സത്യ'യുടെ മകൻ 'വിപ്ലവും' തന്റെ അച്ഛന്റെ പാത പിന്തുടരുന്നയാളാണ്. 'വിപ്ലവി'ന്റെ അമ്മ ദൈവ വിശ്വാസിയുമാണ്. ശാസ്‍ത്രമാണ് സത്യമെന്ന് 'ലെനിൻ' പ്രസംഗിക്കുന്ന രംഗത്തോടെയാണ് 'ഖുഷി'യുടെ ആരംഭം. വളരെ ഗൗരവമെന്ന് തോന്നിപ്പിക്കുന്നതാണ് തുടക്കം. 'വിപ്ലവി'ന് ബിഎസ്‍എൻഎല്ലില്‍ ജോലിയും ലഭിക്കുന്നു. വീട്ടിനടുത്ത് ജോലി കിട്ടിയിട്ടും 'വിപ്ലവ്' തനിക്ക് ഇഷ്‍ടം പുറംനാടാണെന്ന് വ്യക്തമാക്കുകയും കശ്‍മീരിലേക്ക് സ്ഥലം മാറ്റം നേടുകയും ചെയ്യുന്നു.

Latest Videos

undefined

കശ്‍മീരില്‍ വെച്ച് പരിചയപ്പെടുന്നതാണ് 'ആരാധ്യ'യെ. മലയാളിയാണെന്ന് പ്രേക്ഷകര്‍ മനസിലാക്കുന്നുവെങ്കിലും നായകനെ അറിയിക്കാതെയാണ് പിന്നീടുള്ള സംഭവങ്ങള്‍. ഒറ്റനോട്ടത്തിലേ 'ആരാധ്യ'യോട് പ്രണയം തോന്നിയതിനെ തുടര്‍ന്ന് 'വിപ്ലവ്' ഇഷ്‍ടം നേടാൻ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്. മതപണ്ഡിതനും വാഗ്‍മിയുമായ 'ചന്ദരംഗം ശ്രീനിവാസി'ന്റെ മകളാണ് 'ആരാധ്യ' എന്നു 'വിപ്ലവും' 'ലെനിൻ സത്യ'യുടെ മകനാണ് തനിക്ക് ഇഷ്‍ടം തോന്നിയ ചെറുപ്പക്കാരൻ എന്ന് 'ആരാധ്യ'യും തിരിച്ചറിയുന്നതോടെയാണ് 'ഖുഷി'യുടെ ഗതിമാറ്റവും രസകരവും സംഘര്‍ഷഭരിതവുമാകുന്നത്.

നായകനായ 'വിപ്ലവാ'കുന്നത് വിജയ് ദേവെരകൊണ്ടയാണ്. 'ആരാധ്യ' സാമന്തയും. ഇരുവരും തമ്മിലുള്ള കെമിസ്‍ട്രി വര്‍ക്കായിരിക്കുന്നു. പ്രേക്ഷകരെയും പ്രണയം അനുഭവിപ്പിക്കാൻ ഇരുവര്‍ക്കുമാകുന്നു. വിജയ് ദേവെരകൊണ്ടയുടെ കോമഡിയും ഏശുന്നുണ്ട്. ചെറു സംഭാഷണങ്ങളാല്‍ പ്രേക്ഷകരെ രസിപ്പിക്കാൻ ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയ്‍ക്കാകുന്നു. സാമന്തയാകട്ടെ വൈകാരിക രംഗങ്ങളിലും മികച്ചുനില്‍ക്കുമ്പോള്‍ ചിത്രത്തില്‍ 'ലെനിൻ സത്യ'യായി സച്ചിൻ ഖഡേകറും 'ചന്ദരംഗം ശ്രീനിവാസ് റാവു' ആയി മുരളി ശര്‍മയും 'വിപ്ലവി'ന്റെ അമ്മയായി ശരണ്യയും ബിഎസ്എൻഎല്‍ ഓഫീസറായി രോഹിണിയും നിര്‍ണായക വേഷത്തില്‍ ജയറാമും 'ഖുഷി'യില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

ശിവ നിര്‍വാണയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ആള്‍ക്കാരുടെ സ്വഭാവത്തിലെ സങ്കീര്‍ണതയെ അടയാളപ്പെടുത്താൻ ചിത്രത്തിലൂടെ ശ്രമിക്കുമ്പോഴും ശിവ നിര്‍വാണ 'ഖുഷി'യെ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‍നറാക്കാനാണ് തീരുമാനിച്ചുറപ്പിച്ചത്. ആശയങ്ങളിലെ വൈരുദ്ധ്യങ്ങളില്‍ നിന്ന് കോമഡിയും കണ്ടെത്തുന്നു. വിവാഹശേഷമുള്ള പ്രണയത്തെയും പകര്‍ത്താനാണ് ശ്രമിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളവരാകാൻ തിരക്കഥാകൃത്തുമായ ശിവ നിര്‍വാണ സൂക്ഷ്‍മത കാട്ടിയിരിക്കുന്നു. വിജയ്, മണിരത്‍നം, എ ആര്‍ റഹ്‍മാൻ, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറൻസുകളും 'ഖുഷി'യില്‍ ശിവ നിര്‍വാണ ചേര്‍ത്തിരിക്കുന്നു. വളരെ ലളിതമായ ആഖ്യാനത്തോടെ പ്രേക്ഷകരെ ചിത്രത്തോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ ശിവ നിര്‍വാണ വിജയിച്ചിരിക്കുന്നു.

'ഖുഷി'യെ കാഴ്‍ചയില്‍ വളരെ സുന്ദരമാക്കുന്നത് ചിത്രത്തിന്റെ ഛായാഗ്രാഹകനായ മുരളി ജിയാണ്. കശ്‍മീരിന്റെ മനോഹാരിത ഭംഗിയായി പകര്‍ത്തിയിരിക്കുന്നു. ട്രെയിനില്‍ വെച്ചുള്ള സംഘട്ടനവും ചിത്രത്തില്‍ വളരെ ആകര്‍ഷകമാകുന്ന മുരളി ജിയുടെ ബുദ്ധിപൂര്‍വമായ ക്യാമറാ ചലനങ്ങളിലൂടെയുമാണ്. പ്രവിൻ പുഡിയുടെ കട്ടുകളും പ്രണയ സിനിമയുടെ കാഴ്‍ചയെ മികച്ചതാക്കുന്നു.

'ഹൃദയം' എന്ന ഹിറ്റിന്റെ സംഗീത സംവിധായകനായി പേരുകേട്ട ഹിഷാം അബ്‍ദുള്‍ വഹാബാണ് 'ഖുഷി'ക്ക് ഈണം നല്‍കിയിരിക്കുന്നത്. വളരെ മനോഹരമായ മൂന്ന് ഗാനങ്ങള്‍ ചിത്രത്തിനായി പാടിയിട്ടുമുണ്ട് ഹിഷാം. ഒരു പ്രണയ സിനിമയായതിനാല്‍ ഹിഷാമിന്റെ സംഗീതവും 'ഖുഷി'ക്ക് നിര്‍ണായകമാകുന്നു. കേള്‍വിയില്‍ മാത്രമല്ല കാഴ്‍ചയിലും ആകര്‍ഷമാണ് ചിത്രത്തിലെ ഗാനങ്ങള്‍.

Read More: നടി അപര്‍ണാ നായരുടെ മരണം വിശ്വസിക്കാനാകുന്നില്ല, തൊട്ടുമുമ്പും സന്തോഷം നിറഞ്ഞ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!