ഈ 'ആര്‍ഡിഎക്സ്' ഹൈവോള്‍ട്ടേജില്‍- റിവ്യു

By Web Team  |  First Published Aug 25, 2023, 4:10 PM IST

ഷെയ്ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും വേഷമിട്ട 'ആര്‍ഡിഎക്സി'ന്റെ റിവ്യു.


ഉത്സവാന്തരീക്ഷത്തിന്റെ ആവേശം നിറഞ്ഞുതൂവുന്ന ചിത്രം. ഒറ്റ വാക്കില്‍ 'ആര്‍ഡിഎക്സ്' അതാണ്. തിയറ്ററുകളില്‍ ആര്‍പ്പുവിളികളുയര്‍ത്തുന്നുണ്ട് 'ആര്‍ഡിഎക്സ്'. ഫാമിലി ഇമോഷൻസിനും കൃത്യമായി ഇടംനല്‍കിയാണ് ചിത്രം ഓണത്തിന് പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

പേരില്‍ നായകൻമാരെ ചേര്‍ത്തുവെച്ചാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. 'റോബര്‍ട്ട്', 'ഡോണി', 'സേവ്യര്‍' എന്നിവരാണ് ചിത്രത്തില്‍ നായകരായി എത്തിയിരിക്കുന്നത്. ഇവരുടെ കൂട്ടായ്‍മയാണ് ചിത്രത്തിന്റെ കാതല്‍. സൗഹൃദത്തിന്റെ ഇഴയടുപ്പം വാക്കുകളില്‍ പകുക്കുന്നതിനു പകരം സാഹചര്യങ്ങളില്‍ പകര്‍ത്തിയിരിക്കുകയാണ് 'ആര്‍ഡിഎക്സി'ല്‍.

Latest Videos

undefined

കൊച്ചിയില്‍ ഒരു പള്ളി പെരുന്നാളിന്റെ ദിവസമാണ് 'ആര്‍ഡിഎക്സി'ന്റെ തുടക്കം. ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നേതൃത്വത്തിലാണ് പള്ളിപ്പെരുന്നാള്‍ നടക്കുന്നത്. മഹാരാജ കോളനിയില്‍ നിന്നുള്ള ഒരുകൂട്ടം ആള്‍ക്കാര്‍ പെരുന്നാളിനെത്തി പ്രശ്‍നങ്ങളുണ്ടാക്കുന്നു. അത് തടയാൻ ചെന്ന ലാലിനെയും അക്കൂട്ടര്‍ മര്‍ദ്ദിക്കാൻ ശ്രമിക്കുന്നു. തുടര്‍ന്ന് ലാലിന്റെ കഥാപാത്രത്തെ രക്ഷിക്കാൻ മകനായ 'ഡോണി' ഇടപെടുന്നു. ഗുണ്ടകളെ തുരത്തുന്നു. അന്ന് ലാലിന്റെ കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു. ആരാണ് അവര്‍?. അക്കഥ 'റോബര്‍ട്ടി'നെ അവതരിപ്പിച്ച ശേഷമുള്ള ചിത്രത്തിന്റെ ഫ്ലാഷ്‍ ബാക്കിലാണ് വ്യക്തമാകുന്നത്. 'ആര്‍ഡിഎക്സി'നെ ചടുലമാക്കുന്നതും ആ സംഭവങ്ങളാണ്.

'റോബര്‍ട്ടി'നെ ഷെയ്ൻ നിഗം പകര്‍ത്തുമ്പോള്‍ 'ഡോണി'യാകുന്നത് ആന്റണി വര്‍ഗീസാണ്. 'സേവ്യറാ'യി നീരജ് മാധവും എത്തുന്നു. ഷെയ്‍ൻ നിഗവും ആന്റണി വര്‍ഗീസും സഹോദരങ്ങളായപ്പോള്‍ സുഹൃത്താണ് നീരജ് മാധവ്. കൊച്ചിയില്‍ ഇവര്‍ കളംനിറയാൻ അടിത്തറയാകുന്നത് എന്താണ് എന്നതില്‍ വ്യക്തതയുണ്ട് എന്നതിനാല്‍ പ്രേക്ഷകര്‍ വിശ്വാസത്തിലെടുക്കുന്നു. ചിത്രത്തില്‍ സ്റ്റണ്ടിനാണ് പ്രാധാന്യം എന്നതില്‍ ആക്ഷൻ രംഗങ്ങളില്‍ നായകൻമാരുടെ പ്രകടനമാണ് പ്രേക്ഷകര്‍ പരിഗണിക്കുന്നത് എന്ന് തോന്നുന്നു. കൊച്ചിയിലെ ഒരു കരാട്ടെ മാസ്റ്ററുടെ മകൻ എന്ന നിലയില്‍ നീരജ് മാധവന്റെ 'സേവ്യറി'ന് അത്തരം രംഗങ്ങളില്‍ മുൻതൂക്കമുണ്ടാകുകയും സ്വാഭാവികം. കരാട്ടെ പഠനത്തിന്റെ പിൻബലമുള്ളതാണ് മൂവരും. എങ്കിലും നീരജ് മാധവ് ആക്ഷൻ രംഗങ്ങളില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. ബോട്ടില്‍വെച്ചുള്ള സ്റ്റണ്ട് രംഗം ഷെയ്‍ൻ നിഗത്തിന്റെ പ്രകൃതത്തിനൊത്ത് കൊറിയോഗ്രാഫി ചെയ്‍തതാണ്. അസാമാന്യ മികവ് പുലര്‍ത്തുന്നുണ്ട് ഷെയ്ൻ നിഗം. റിബല്‍ നായകന്റെ മാനറിസങ്ങളും ചേരുന്നു. ഇമോഷൻ പശ്ചാത്തലം ആന്റണി വര്‍ഗീസിന്റെ കഥാപാത്രത്തിനാണ് പകുത്ത് നല്‍കിയിരിക്കുന്നത്. അത്തരം ചില രംഗങ്ങളിലും ചെറുതമാശകളിലും ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പക്വത കാട്ടുന്നുണ്ട്. കരിയറിലെ പെരുമ നിലനിര്‍ത്തുന്ന തരത്തിലാണ് ചിത്രത്തില്‍ ബാബു ആന്റണിയെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സില്‍ ബാബു ആന്റണി ആവേശമുയര്‍ത്തുന്നു. അൻപറിവിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ഓരോ താരത്തിനും അനുയോജ്യമായ തരത്തില്‍ ആവേശം നിറയ്‍ക്കുംവിധമാണ്. ചിത്രത്തിന് ലഭിക്കുന്ന കയ്യടി ആക്ഷൻ രംഗം കൊറിയോഗ്രാപി ചെയ്‍ത അൻപറിവിനുമുള്ളതാണ്.

ആദ്യവസാനം ആവേശം നിലനിര്‍ത്തുന്ന മേയ്‍ക്കിംഗ് തന്നെയാണ് 'ആര്‍ഡിഎക്സി'ന്റെ പ്രധാന ആകര്‍ഷണം. നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധാനം. നവാഗതനെങ്കിലും പ്രമേയത്തിനൊത്ത ചടുലതയോടെയുള്ള മേയ്‍ക്കിംഗ് സംവിധായകന്റെ കയ്യില്‍ ഭദ്രം. ചിത്രത്തിലെ ഓരോ കഥാഗതിയുടെയും ആക്ഷൻ രംഗങ്ങളുടെയും ആവേശം പ്രേക്ഷനെയും അനുഭവിക്കുകയാണ് 'ആര്‍ഡിഎക്സി'ല്‍ നഹാസ് ഹിദായത്. ഷബാഷ് റഷീദിനും ആദര്‍ശ് സുകുമാരനൊപ്പമെഴുതിയ തിരക്കഥ അടിത്തറ മാത്രമാക്കി ഒരു മികച്ച സിനിമാനുഭവമാക്കാൻ നഹാസ് ഹിദായത്ത് നടത്തിയ ശ്രമം ഫലം കണ്ടിരിക്കുന്നു. അടിമുടി സ്റ്റണ്ട് രംഗങ്ങള്‍ നിറഞ്ഞിരിക്കുന്ന ചിത്രത്തില്‍ കുടുംബന്ധങ്ങളുടെ തീവ്രതയും പശ്ചാത്തലമാകുന്നുണ്ട്. സമാന്തരമായി ഒരു പ്രണയവും ചിത്രത്തിലുണ്ട്.

സാം സി എസ്സിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ പ്രമേയത്തെ അടിവരയിടുന്നു. ചിത്രത്തിന്റെ ആവേശത്തില്‍ അലിയാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാം സി എസ് 'ആര്‍ഡിഎക്സി'ന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കലിന്റെ ക്യാമറയാണ് ചിത്രത്തിന്റെ അവതരണത്തില്‍ നിര്‍ണ്ണായകമാകുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ പ്രസരിപ്പിനെ കൃത്യമായി പിന്തുടരുന്നുണ്ട് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അലക്സ് ജെ പുളിക്കല്‍.

കൊച്ചിയിലെ കാര്‍ണിവല്‍ കാലത്തെ അടയാളപ്പെടുത്തിയിരിക്കുന്നു ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗം. ജോസഫ് നെല്ലിക്കലാണ് കലാ സംവിധാനം. ഷെയ്‍ൻ നിഗത്തെ പുതുകാലത്തെ നായകനാക്കുന്ന തരത്തിലുള്ള ഡാൻസ് കൊറിയോഗ്രാഫിയുമായി സാൻഡിയും കയ്യടി നേടുന്നു. ചമൻ ചാക്കോയുടെ കട്ടുകളും 'ആര്‍ഡിഎക്സ്' ചിത്രത്തിന്റെ ചടുലതയെ പരിഗണിച്ചിട്ടുള്ളതാണ്.

Read More: ഓണത്തിന് ചിരിക്കൂട്ടുമായി രാമചന്ദ്രബോസ്& കോ, തിയറ്റര്‍ ലിസ്റ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!