പ്രണയിച്ചും ചിരിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിക്കുന്ന 'പദ്‍മിനി'- റിവ്യു

By Web Team  |  First Published Jul 14, 2023, 6:43 PM IST

കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രം 'പദ്‍മിനി'യുടെ റിവ്യു.


'തിങ്കളാഴ്‍ച നിശ്ചയ'ത്തിലുടെ വരവറിയിച്ച സംവിധായകനാണ് സെന്ന ഹെഗ്‍ഡെ. സെന്ന ഹെഗ്‍ഡെയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ നായകനാകുന്നുവെന്നതായിരുന്നു 'പദ്‍മിനി'യുടെ ആകര്‍ഷണം. രസകരമായ പ്രമോഷണല്‍ മെറ്റീരിയലുകളും ഈ ചിത്രത്തിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിച്ചു. ഇപ്പോഴിതാ 'പദ്‍മിനി' തിയറ്റുകളില്‍ എത്തിയപ്പോഴും പ്രതീക്ഷകള്‍ ഒന്നും വെറുതെയായില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

'പദ്‍മിനി'യിലെ നായകൻ 'രമേശനാ'ണ്. ആരാണ് 'പദ്‍മിനി'യെന്നും എന്തുകൊണ്ട് ഈ സിനിമയ്‍ക്ക് 'പദ്‍മിനി' എന്ന പേര് എന്നതും വൻ സസ്‍പെൻസ് അല്ലെങ്കിലും കണ്ടറിയുമ്പോള്‍ രസിക്കേണ്ടതാണ്. വളരെ രസകരമായ ഒരു കുഞ്ഞ് കഥയാണ് 'പദ്‍മിനി'യുടേത്. മൂര്‍ച്ചയുള്ളതും ചിരിക്ക് വകതരുന്നതുമായ സംഭാഷണങ്ങളും ആക്ഷേപഹാസ്യവുമൊക്കെ 'പദ്‍മിനി'യെ പ്രേക്ഷകനിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു.

Latest Videos

undefined

വിവാഹമാണ് 'പദ്‍മിനി'യുടെയും പ്രധാന വിഷയം.  കഥാനായകനും അധ്യാപകനുമായ 'രമേശ'ന്റെ വിവാഹവും ഡൈവേഴ്‍സും പ്രണയവും വിരഹവുമെല്ലാം 'പദ്‍മിനി'യില്‍ നിറഞ്ഞുനില്‍ക്കുന്നു. 'പദ്‍മിനി'യിലെ മൂന്ന് നായികമാര്‍ 'രമേശ'ന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതാണ് പ്രേക്ഷകനെ സെന്ന ഹെഗ്‍ഡെ ബോധ്യപ്പെടുത്തുന്നത്. സ്‍നേഹത്തിന്റെ ബാഹുല്യവും അപര്യാപ്‍തതയുമെല്ലാം ഈ ചിത്രത്തില്‍ ചര്‍ച്ചയ്‍ക്കും വയ്‍ക്കുന്നു.

വളരെ രസകരമായ കഥാ പരിസരമാണ് ചിത്രത്തിനായി സെന്ന ഹെഗ്‍ഡെ അതരിപ്പിച്ചിരിക്കുന്നത്. ഇഷ്‍ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടിയടെ അവസ്ഥയാണ് 'പദ്‍മിനി'യുടെ തുടക്കത്തിലെ ഒരു ഘട്ടത്തില്‍ തമാശയോടെ സെന്ന അവതരിപ്പിച്ചിരിക്കുന്നത്. സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളും ചിത്രത്തിന്റെ കഥാഗതിക്കൊപ്പം ചേര്‍ത്തുവെച്ച് ചിരിക്ക് അവസരമൊരുക്കുന്നുണ്ട് 'പദ്‍മിനി'യുടെ തിരക്കഥാകൃത്ത് ദീപു പ്രദീപുമായി ചേര്‍ന്ന് സംവിധായകൻ സെന്ന ഹെഗ്‍ഡെ.

വീണ്ടും പ്രണയ നായകനായി കുഞ്ചാക്കോ ബോബനെ കാണാൻ അവസരം ലഭിച്ചിരിക്കുകയാണ് പ്രേക്ഷകര്‍ക്ക് 'പദ്‍മിനി'യിലൂടെ. കവിയും അധ്യാപകനുമായ 'രമേശന്റെ' മാനറിസങ്ങള്‍ ചിത്രത്തില്‍ ചാക്കോച്ചന് നന്നേ ചേരുന്നുണ്ട്. പ്രണയ നായകനായി കുഞ്ചാക്കോ ബോബൻ വീണ്ടും ചിത്രത്തിലൂടെ ഇഷ്‍ടം കൂടുന്നു. അപര്‍ണ ബാലമുരളി, വിൻസി അലോഷ്യസ്‍, മഡോണ സെബാസ്റ്റ്യൻ എന്നീ നായികമാര്‍ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ കെമിസ്‍ട്രിയും വര്‍ക്കായിരിക്കുന്നു.

ചിത്രത്തിന്റെ പ്രമേയൊത്തിനൊത്തു പോകുന്നതാണ് പാട്ടുകളും. ശ്രീരാജ് രവീന്ദ്രന്റെ ഛായാഗ്രാഹണവും മൊത്തം സിനിമയുടെ ലാളിത്യം പ്രതിഫലിപ്പിക്കുന്നതാണ്.  രസിപ്പിക്കുന്ന ഒരു കോമഡി എന്റര്‍ടെയ്‍നര്‍ തന്നെയാണ് 'പദ്‍മിനി'. കുടുംബത്തോടൊപ്പം കണ്ട് രസിക്കാൻ മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും ചിത്രം എന്നതില്‍ കണ്ടിറങ്ങുമ്പോള്‍ തര്‍ക്കമുണ്ടാകില്ല.

Read More: 'വേണ്ടാ, വേണ്ടാന്നു വിചാരിച്ചതാ', ലോക ചാമ്പ്യനോട് കൊമ്പുകോര്‍ക്കുന്ന രമേഷ് പിഷാരടി

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല':ശോഭ വിശ്വനാഥ്

click me!