പേര് പോലെ സുന്ദരം; 'മധുര മനോഹര മോഹം' റിവ്യൂ

By Web Team  |  First Published Jun 16, 2023, 4:41 PM IST

കോമഡിയും നന്നായി വഴങ്ങുന്ന മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ പ്രധാന പ്ലസ്


കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ ആളാണ് സ്റ്റെഫി സേവ്യര്‍. സംവിധായിക എന്ന നിലയിലുള്ള സ്റ്റെഫിയുടെ അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. ഷറഫുദ്ദീനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നര്‍മ്മത്തിന്‍റെ രസത്തോടെ കഥ പറയുന്ന ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ്. 

പത്തനംതിട്ട പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ മനു മോഹന്‍ എന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. അമ്മയും രണ്ട് അനുജത്തിമാരുമടങ്ങുന്ന കുടുംബമാണ് മനുവിന്റേത്. അയാള്‍ക്ക് ഒരു പ്രണയവുമുണ്ട്. പ്രണയിനിയുമായുള്ള വിവാഹമാണ് സ്വതവേ ശാന്തമായി നീങ്ങുന്ന ജീവിതത്തില്‍ അയാള്‍ക്ക് മുന്നിലുള്ള ലക്ഷ്യം. അതിന് മുന്‍പ് മൂത്ത സഹോദരി മീരയുടെ (രജിഷ വിജയന്‍) വിവാഹം നടത്തണമെന്നതും അയാളുടെ തീരുമാനമാണ്. ബി.ടെക് വിദ്യാര്‍ഥിനിയായ ഇളയ സഹോദരി മാളവികയെ (മീനാക്ഷി) അപേക്ഷിച്ച് കുടുംബത്തിന്‍റെ യാഥാസ്ഥിതിക സങ്കല്‍പങ്ങളുമായി യോജിച്ച് പോവുന്നയാളാണ് മീര. എന്നാല്‍ അവള്‍ക്കു വേണ്ടിയുള്ള വിവാഹാലോചനകള്‍ തുടങ്ങവെ തങ്ങള്‍ മനസിലാക്കുന്ന ഒരാളല്ല മീരയെന്ന് തിരിച്ചറിയുകയാണ് മനു. തുടര്‍ന്നെത്തുന്ന സര്‍പ്രൈസുകളാണ് ചിത്രത്തെ രസകരമാക്കുന്നത്.

Latest Videos

undefined

 

യാഥാസ്ഥിതികത്വവും കാലത്തിന്‍റെ മാറ്റവം തമ്മിലുള്ള സംഘര്‍ഷമെന്ന ഗൌരവമുള്ള പ്രമേയം കടന്നുവരുമ്പോഴും അത് ഏറെ രസകരമായി കണ്ടിരിക്കാവുന്ന അനുഭവമാക്കിയിരിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മികവ്. മഹേഷ് ഗോപാലും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കോമഡിയും നന്നായി വഴങ്ങുന്ന മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ പ്രധാന പ്ലസ്. ഷറഫുദ്ദീനും രജിഷയ്ക്കുമൊപ്പം ബിന്ദു പണിക്കര്‍, ആര്‍ഷ ചാന്ദിനി ബൈജു, വിജയരാഘവന്‍, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഖദ തുടങ്ങി മികച്ച അഭിനേതാക്കളുടെ നിരയുണ്ട് ചിത്രത്തില്‍. ആദ്യാവസാനം സ്വാഭാവിക നര്‍മ്മത്തിന്‍റെ സുഖമുള്ള അനുഭവം പകരുന്ന ചിത്രത്തില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങളുണ്ട്.

 

തഴക്കമുള്ള ഒരു ഡയറക്ടറുടെ സാന്നിധ്യം അനുഭവിക്കുന്നുണ്ട് ആദ്യ ചിത്രത്തില്‍ തന്നെ സ്റ്റെഫി സേവ്യര്‍. പറയുന്ന വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ട് സൂക്ഷ്മതയില്ലെങ്കില്‍ പാളിപ്പോകാമായിരുന്ന ചിത്രത്തെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചിട്ടുണ്ട് സ്റ്റെഫി. അനാവശ്യ ഘടകങ്ങളോ പറയുന്ന വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റലോ ഒന്നുമില്ലാത്ത തിരക്കഥയാണ് മഹേഷ് ഗോപാലും ജയ് വിഷ്ണുവും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. അപ്പു ഭട്ടരിതിയും മാളവിക കെ എന്നും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്ന എഡിറ്റിംഗ് ചിത്രത്തെ ഒഴുക്കുള്ള അനുഭവമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഹിഷാം അബ്ദുള്‍ വഹാബിന്‍റെ ഡിസ്കോഗ്രഫിയില്‍ വേറിട്ടുനില്‍ക്കുന്നതാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. ജിബിന്‍ ഗോപാല്‍ ആണ് പശ്ചാത്തല സംഗീതം. ചന്ദ്രു സെല്‍വരാജിന്‍റെ ഛായാഗ്രഹണം ഒരേ സമയം മിനിമലും ഒരു സാധാരണ പശ്ചാത്തലത്തെ മനോഹരമായി അവതരിപ്പിക്കുന്നതുമാണ്.

 

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന ചിത്രമാണ് മധുര മനോഹര മോഹം. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മികച്ച തിയറ്റര്‍ അനുഭവവും നല്‍കുന്നുണ്ട്. 

ALSO READ : കേരളത്തിലെ റിലീസ് 51 സ്ക്രീനുകളില്‍, രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്; 'പോര്‍ തൊഴില്‍' ഇതുവരെ നേടിയത്

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!