സ്ക്രീന്‍ നിറയുന്ന മാസ് ദുല്‍ഖര്‍; 'കിംഗ് ഓഫ് കൊത്ത' റിവ്യൂ

By Web Team  |  First Published Aug 24, 2023, 12:50 PM IST

മലയാളത്തിലെ മുതിര്‍ന്ന സൂപ്പര്‍താരങ്ങള്‍ ചെയ്ത് കൈയടി വാങ്ങിയ മാസ് റോളുകള്‍ അണിയാന്‍ പുതുതലമുറയ്ക്ക് കെല്‍പ്പ് പോരെന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ പലപ്പോഴും അഭിപ്രായം ഉയരാറുണ്ട്. അതിനുള്ള ദുല്‍ഖറിന്‍റ മറുപടിയാണ് കിംഗ് ഓഫ് കൊത്ത.


സിനിമ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന ഒടിടി കാലത്ത് മലയാളം മുന്നോട്ട് വെക്കുന്ന പ്രധാന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രധാന ഇന്ത്യന്‍ ഭാഷാ സിനിമകളിലൊക്കെ ഇതിനകം സാന്നിധ്യമറിയിച്ച ദുല്‍ഖറിനെ മലയാളത്തിന് കിട്ടുന്നില്ലെന്ന് ഇവിടുത്തെ ആരാധകര്‍ക്ക് പരാതിയുമുണ്ട്. കുറുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമാവുന്നു ദുല്‍ഖറിന്‍റെ ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് ആയി എത്തിയിട്ട് എന്നതുതന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ പ്രധാന യുഎസ്‍പി. പാന്‍ ഇന്ത്യന്‍ പ്രേക്ഷകസ്വീകാര്യത നേടിയ നടന്‍ എന്ന നിലയില്‍ മറുഭാഷാ പ്രേക്ഷകരുടെയും ബിഗ് സ്ക്രീന്‍ അനുഭവത്തിലേക്കാണ് കിംഗ് ഓഫ് കൊത്ത എത്തിയിരിക്കുന്നത്. 

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥാപശ്ചാത്തലം കൊത്ത എന്ന സാങ്കല്‍പിക ഭൂമികയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ശത്രുക്കളെ കൊന്ന് തള്ളുന്നതിനും മറ്റും ഉപയോഗിക്കപ്പെട്ടിരുന്ന ഈ പ്രദേശത്തേക്ക് തമിഴരും മലയാളികളുമുള്‍പ്പെടെ പില്‍ക്കാലത്ത് കുടിയേറി പാര്‍ക്കുകയായിരുന്നു. ഒപ്പം അവിടെ ചില ക്രിമിനല്‍ സംഘങ്ങളും രൂപപ്പെട്ട് വന്നു. അത്തരം സംഘങ്ങളെ നയിച്ചവര്‍ക്കിടയില്‍ പ്രദേശവാസികള്‍ രക്ഷകരായി കണ്ടവരും ശത്രുക്കളായി കരുതിയവരും ഉണ്ടായിരുന്നു. അതില്‍ വാണവരുടെയും വീണവരുടെയും അവര്‍ തമ്മിലുള്ള സ്നേഹ വൈരാഗ്യങ്ങളുടെയും കഥ പറയുന്ന കിംഗ് ഓഫ് കൊത്തയില്‍ ആ വിശേഷണത്തിന്‍റെ അവകാശി രാജു എന്ന രാജേന്ദ്രനാണ്. അഭിപ്രായവ്യത്യാസം തല്ലിത്തീര്‍ത്തിരുന്ന, കൊത്ത ഒരു കാലത്ത് ഭരിച്ചിരുന്ന രവിയുടെ മകനാണ് രാജേന്ദ്രന്‍. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കൊത്ത രാജേന്ദ്രനൊപ്പം രണ്ട് വ്യത്യസ്ത കാലങ്ങളിലൂടെയുള്ള സഞ്ചാരത്തിന് ക്ഷണിക്കുകയാണ് അരങ്ങേറ്റ ചിത്രത്തില്‍ സംവിധായകന്‍ അഭിലാഷ് ജോഷി.

Latest Videos

undefined

 

റിലീസിന് മുന്‍പ് സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അത്തരത്തില്‍ ഒരു ചിത്രത്തിന് യോജിക്കുന്ന തുടക്കമാണ് ചിത്രത്തിന്‍റേത്. കൊത്ത എന്ന പശ്ചാത്തലവും കഥ പറയുന്ന കാലവും സമയമെടുത്താണ് സംവിധായകന്‍ പരിചയപ്പെടുത്തുന്നത്. പുതുതായി ചാര്‍ജ് ഏറ്റെടുക്കാന്‍ വരുന്ന ഷാഹുല്‍ ഹസന്‍ എന്ന സിഐ കഥാപാത്രത്തിലൂടെയാണ് കൊത്തയെയും അവിടുത്തെ ക്രിമിനല്‍ ഗ്യാങുകളെയും അഭിലാഷ് ജോഷി അവതരിപ്പിക്കുന്നത്. രണ്ട് കാലങ്ങളിലായി കഥ പറയുന്ന ചിത്രത്തില്‍ ഏറെ വൈകാതെ കൊത്തയുടെ രാജാവായ രാജേന്ദ്രനും അവതരിപ്പിക്കപ്പെടുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന, മാസ് ഓഡിയന്‍സിനെ മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട, അത്തരം നിരവധി മുഹൂര്‍ത്തങ്ങളുള്ള ചിത്രമാണെങ്കിലും പ്രേക്ഷകര്‍ക്ക് വൈകാരികമായി കണക്റ്റ് ചെയ്യാനാവുന്ന ഘടകങ്ങള്‍ ചിത്രത്തിന്‍റെ പ്ലോട്ടില്‍ ഉണ്ട്. അച്ഛനെ കണ്ടാണ് അതേ വഴിയേ മകനും പോയതെന്ന് സങ്കടപ്പെടുന്ന അമ്മയും പ്രതാപകാലം അസ്തമിച്ചെങ്കിലും ആര്‍ക്ക് മുന്നിലും തല കുനിക്കാത്ത അച്ഛന്‍, കൊത്ത രവിയും ചേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്ന പെങ്ങളും ചേരുന്നതാണ് രാജേന്ദ്രന്‍റെ കുടുംബം. പക്ഷേ മാതാപിതാക്കളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം വീടിന് പുറത്ത് കഴിയുന്ന അയാള്‍ക്ക് താങ്ങാവുന്നത് താരയുമായുള്ള പ്രണയമാണ്. കൊത്ത ഭരിക്കുന്ന രാജുവിനെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തുമ്പോള്‍ത്തന്നെ മറ്റ് കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്ന ശ്രദ്ധയും പ്രാധാന്യവും കിംഗ് ഓഫ് കൊത്തയുടെ മികവാണ്.

 

ദുല്‍ഖറിന്‍റെ സ്ക്രീന്‍ കരിസ്മ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് കൊത്ത. ഗെറ്റപ്പിലെ ചേഞ്ച് പ്രകടനത്തില്‍ കൊണ്ടുവരിക എന്നത് ദുല്‍ഖര്‍ മനോഹരമായി നടപ്പാക്കിയിട്ടുണ്ട് കിംഗ് ഓഫ് കൊത്തയില്‍. ഏത് പ്രതിസന്ധിക്ക് മുന്നിലും മനസാന്നിധ്യം വിടാത്ത സ്വഭാവത്തിന് വ്യത്യാസമില്ലെങ്കിലും പ്രായത്തിനൊപ്പം ഈ കഥാപാത്രത്തിലേക്ക് വന്നുചേരുന്ന ചില അടയാളങ്ങളുണ്ട്. ജീവിതാനുഭവങ്ങളാല്‍ സ്ഫുടം ചെയ്യപ്പെട്ട് പക്വതയാര്‍ജിച്ച, അതേസമയം വൈകാരികതയൊക്കെ മരവിച്ച് പോയെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന രാജേന്ദ്രന്‍റെ മുതിര്‍ന്ന കാലം ദുല്‍ഖറിലെ അഭിനേതാവിന്‍റെ മികവിന്‍റെ അടയാളമാവുന്നുണ്ട്. കൊത്ത രവിയായി ഷമ്മി തിലകനും കണ്ണന്‍ ഭായ് ആയി ഷബീര്‍ കല്ലറയ്ക്കലും താരയായി ഐശ്വര്യ ലക്ഷ്മിയും രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദും മഞ്ജുവായി നൈല ഉഷയും കണ്ണന്റെ അമ്മയായി സജിത മഠത്തിലുമൊക്കെയാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ പ്രകടനങ്ങള്‍. എസ് ഐ ടോണി ടൈറ്റസ് ഗോകുല്‍ സുരേഷിന് മികച്ച സ്ക്രീന്‍ സ്പേസ് കൊടുക്കുന്ന കഥാപാത്രമാണ്. വരാനിരിക്കുന്ന മലയാള സിനിമ ഗോകുലിന്‍റേത് കൂടിയാണെന്ന് ചിത്രം പറയുന്നു. 

 

2 മണിക്കൂര്‍ 56 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. കാന്‍വാസിന്‍റെ വലിപ്പത്തില്‍ മാത്രമല്ല, തിരക്കഥയുടെ ഘടനയിലും കൊത്ത ഒരു ബിഗ് സ്കെയില്‍ അനുഭവിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന സമയദൈര്‍ഘ്യത്തില്‍ ഒരിക്കല്‍ പോലും ആത്മവിശ്വാസക്കുറവ് മൂലമുള്ള ധൃതികൂട്ടല്‍ സംവിധായകന്‍ അനുഭവിപ്പിച്ചിട്ടില്ല. തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രന്‍റെ രചനയിലുള്ള ഉള്‍ക്കനമാണ് അതിന് പ്രധാന കാരണം. സമീപകാലത്ത് ഒരു മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ കിംഗ് ഓഫ് കൊത്തയിലാണ്. നിമേഷ് എം താനൂറിന്‍റെ വര്‍ക്ക് പഴയ കാലത്തെ, അതും ഒരു സാങ്കല്‍പ്പിക ഭൂമിയിലേക്ക് കൃത്യമായി പറിച്ചുനട്ടിട്ടുണ്ട്. കണ്ടിരിക്കുമ്പോള്‍ കൊത്ത ഒരു സാങ്കല്‍പിക ഭൂമികയാണെന്ന് കാണി മറന്നുപോകുന്നു എന്നതാണ് നിമിഷ് രവിയിലെ ഛായാഗ്രാഹകന്‍റെ മികവ്. ജേക്സ് ബിജോയ്‍യുടെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരു മാസ് ചിത്രത്തിനു ചേര്‍ന്ന രീതിയില്‍ നിരവധി സീനുകളെ എലിവേറ്റ് ചെയ്യുന്നുണ്ട്. മലയാളത്തിലെ മുതിര്‍ന്ന സൂപ്പര്‍താരങ്ങള്‍ ചെയ്ത് കൈയടി വാങ്ങിയ മാസ് റോളുകള്‍ അണിയാന്‍ പുതുതലമുറയ്ക്ക് കെല്‍പ്പ് പോരെന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ പലപ്പോഴും അഭിപ്രായം ഉയരാറുണ്ട്. അതിനുള്ള ദുല്‍ഖറിന്‍റ മറുപടിയാണ് കിംഗ് ഓഫ് കൊത്ത.

ALSO READ : സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അനുശ്രീ, ജയസൂര്യ; മിത്ത് വിവാദത്തില്‍ താരങ്ങളുടെ തുറന്നുപറച്ചിലില്‍ ചര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!