റോള്‍ഡ് ഗോള്‍ഡ് അല്ല 'കാസര്‍ഗോള്‍ഡ്': റിവ്യൂ

By Web Team  |  First Published Sep 15, 2023, 1:36 PM IST

ലോഹവും ഗോള്‍ഡും തങ്കവും പോലെ സ്വര്‍ണ്ണം പശ്ചാത്തലമാക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട വഴിയേയാണ് കാസര്‍ഗോള്‍ഡിന്‍റെ സഞ്ചാരം


ബി ടെക് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മൃദുല്‍ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം, ഒപ്പം നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായി സണ്ണി വെയ്ന്‍, ജയിലറിന് ശേഷം വിനായകന്‍റേതായി മലയാളികള്‍ക്ക് മുന്നിലെത്തുന്ന ചിത്രം.. ഇങ്ങനെ കാസ്റ്റിംഗിലൂടെത്തന്നെ റിലീസിന് മുന്‍പ് പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ ചിത്രമായിരുന്നു കാസര്‍ഗോള്‍ഡ്. വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അണിയറക്കാര്‍ ഒരുപാടൊന്നും പറഞ്ഞില്ല എന്നതില്‍ നിന്ന് അപ്രതീക്ഷിതമായതെന്തോ ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയും അണിയറക്കാര്‍ക്ക് ഉണ്ടായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഈ കളര്‍ഫുള്‍, സ്റ്റൈലിഷ് ചിത്രത്തിന്‍റെ പ്രമേയം പേര് സൂചിപ്പിക്കുന്നത് പോലെ സ്വര്‍ണ്ണക്കടത്ത് ആണ്.

ഉറങ്ങുന്നതിന് മുന്‍പ് കഥ കേള്‍ക്കണമെന്ന് വാശിപിടിക്കുന്ന ഒരു കുട്ടിക്ക് അച്ഛന്‍ പറഞ്ഞുകൊടുക്കുന്ന കഥയില്‍ നിന്ന് മൃദുല്‍ നായര്‍ തന്‍റെ സിനിമയ്ക്ക് ആവശ്യമായ പശ്ചാത്തലം ഒരുക്കുകയാണ്. ഉദ്യോഗസ്ഥരില്‍ സംശയത്തിന് ഇടകൊടുക്കാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്ന, നിഷ്കളങ്കരെന്ന് തോന്നിക്കുന്ന രണ്ട് യാത്രക്കാരില്‍ നിന്നാണ് ചിത്രത്തിന്‍റെ ആരംഭം. പുറമേക്ക് കാണുന്നതുപോലെയല്ല ഇവരെന്നും വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തുന്നതിന് മറ്റാരുടെയോ കരങ്ങളായി വര്‍ത്തിക്കുന്നവരാണെന്നും പിന്നാലെ മനസിലാവുന്നു. എന്നാല്‍ മുന്നോട്ടുള്ള സഞ്ചാരത്തിനിടെ ആ സ്വര്‍ണ്ണം തട്ടിയെടുക്കപ്പെടുകയാണ്. പിന്നീട് ആ സ്വര്‍ണ്ണത്തിന്‍റെ സഞ്ചാരമാണ് കാസര്‍ഗോള്‍ഡ് എന്ന സിനിമ. അതിനെ സംരക്ഷിക്കാനും കൈക്കലാക്കാനും ശ്രമിക്കുന്ന നിരവധി കഥാപാത്രങ്ങളുടെ തന്ത്രങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും രസം പകരുന്ന അനുഭവമാകുന്നുണ്ട് കാസര്‍ഗോള്‍ഡ്.

Latest Videos

undefined

 

ലോഹവും ഗോള്‍ഡും തങ്കവും പോലെ സ്വര്‍ണ്ണം പശ്ചാത്തലമാക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട വഴിയേയാണ് കാസര്‍ഗോള്‍ഡിന്‍റെ സഞ്ചാരം. വിജയിച്ച ഒരു സ്വര്‍ണ്ണക്കടത്തിന്‍റെ ഫലപ്രാപ്തിക്കുവേണ്ടി ശ്രമിക്കുന്നവരും അത് തട്ടിയെടുത്ത് വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മോസ് ഗെയിമിനെ ഒരേ സമയം റിയലിസ്റ്റിക്കും സിനിമാറ്റിക്കുമായി അവതരിപ്പിക്കുകയാണ് ചിത്രം. ഇത്തരം ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉദ്വേഗജനകമായ കഥാവഴികളിലൂടെത്തന്നെ വളരെ വേഗത്തിലാണ് കാസര്‍ഗോള്‍ഡിന്‍റെ സഞ്ചാരം. ക്രൈമിന്‍റെ വഴിയേ സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് മോട്ടീവ് കാണണമെന്നത് പോപ്പുലര്‍ സിനിമയിലെ നിര്‍ബന്ധമല്ലെങ്കിലും കാസര്‍ഗോള്‍ഡിലെ പ്രധാന കഥാപാത്രങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് വ്യക്തമായ കാരണമുണ്ട്. ആ കാരണമാണ് കണ്ടിരിക്കെ ചിത്രത്തോട് കാണിക്ക് വൈകാരികമായ അടുപ്പം ഉണ്ടാക്കുന്നതും.

 

ആല്‍ബി എന്നാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. ഒരു സ്വര്‍ണ്ണക്കടത്ത് സംഘത്തിനൊപ്പം ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന ആല്‍ബിക്ക് പക്ഷേ ചില ലക്ഷ്യങ്ങളുണ്ട്. അതിനെ തികച്ചും വ്യക്തിപരമെന്ന് വിളിക്കാന്‍ കഴിയില്ലതാനും. ആസിഫ് അലി സമീപകാലത്ത് അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രമാണ് ആല്‍ബി. ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ തയ്യാറായ, വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്ന, എന്നാല്‍ തീര്‍ത്തും നിര്‍ഭയനല്ലാത്ത ആല്‍ബിയെ ആസിഫ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് സണ്ണി വെയ്നിന്‍റേതും. അഥവാ ചിത്രത്തിന്‍റെ കഥയെ മുന്നോട്ടുനയിക്കുന്നതുതന്നെ സണ്ണിയുടെ ഫൈസല്‍ എന്ന കഥാപാത്രത്തിന്‍റെ മുന്‍ അനുഭവങ്ങളാണ്. സണ്ണി വെയ്നിനുവേണ്ടി എഴുതപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന ഈ കഥാപാത്രത്തെ അദ്ദേഹവും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ മൂല്യമുയര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകം വിനായകന്‍റെ സാന്നിധ്യമാണ്. സസ്പെന്‍ഷനിലുള്ള സിഐ എലക്സ് ആണ് വിനായകന്‍റെ കഥാപാത്രം. സ്വന്തം രീതികളും മാനറിസങ്ങളുമൊക്കെയുള്ള അലക്സിനെ വെയ്റ്റ് അനുഭവിപ്പിക്കുന്ന രീതിയില്‍ വിനായകന്‍ ചെയ്ത് വച്ചിട്ടുണ്ട്. ജയിലറിലെ വര്‍മ്മനില്‍ നിന്ന് തീര്‍ത്തും വേറിട്ട ഈ കഥാപാത്രത്തിന്‍റെ കാഴ്ച വിനായകന്‍ എന്ന അഭിനേതാവിന്‍റെ റേഞ്ചിനെക്കുറിച്ച് കാണികളെ ഓര്‍മ്മിപ്പിക്കും. സിദ്ദിഖും സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കാസ്റ്റിംഗ്.

 

മൃദുല്‍ നായരുടെ കഥയ്ക്ക് സജിമോന്‍ പ്രഭാകറും മൃദുല്‍ നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അവിടവിടെ ഇമോഷണല്‍ കണക്ഷന്‍ സൃഷ്ടിക്കാന്‍ ചിത്രത്തിനായി എന്നത് രചനയിലെ മികവാണ്. ഫഹദ് നായകനായ മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് സജിമോന്‍ പ്രഭാകര്‍. ജെബിന്‍ ജേക്കബ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കള്ളക്കടത്ത് നടത്തപ്പെട്ട സ്വര്‍ണ്ണത്തിനൊപ്പമുള്ള പ്രധാന കഥാപാത്രങ്ങളുടെ സഞ്ചാരത്തിനൊപ്പമാണ് സിനിമയുടെയും സഞ്ചാരം. അത് പല വിഭിന്ന ദേശങ്ങളിലൂടെയുമാണ്. കാസര്‍ഗോഡ് നിന്നാരംഭിച്ച് ഗോവയിലേക്കും പിന്നീട് ഹൈറേഞ്ചിലേക്കുമൊക്കെ പോകുന്ന ചിത്രത്തിന് നൈരന്തര്യവും ഒപ്പം വേഗവും പകര്‍ന്നിരിക്കുന്നത് ജേബിന്‍ ജേക്കബും എഡിറ്റര്‍ മനോജ് കണ്ണോത്തും ചേര്‍ന്നാണ്. സ്റ്റൈലിഷ് ഫ്രെയിമുകള്‍ ആയിരിക്കുമ്പോള്‍ത്തന്നെ പറഞ്ഞുപോകുന്ന കഥയുടെ ഗൌരവം ചോര്‍ത്താത്തതാണ് ജെബിന്‍റെ ഛായാഗ്രഹണം. വിഷ്ണു വിജയിയുടെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്‍റെ മൂഡ് സെറ്റ് ചെയ്യുന്ന മറ്റൊരു പ്രധാന സംഗതി. 

 

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. ഗൌരവമുള്ള ഒരു സമകാലികവിഷയം പറഞ്ഞുപോകുമ്പോള്‍ തന്നെ അതിനെ രസകരമായി കണ്ടിരിക്കാവുന്ന അനുഭവമാക്കി എന്നതാണ് മൃദുല്‍ നായരുടെയും ടീമിന്‍റെയും വിജയം. 

ALSO READ : ഒരാഴ്ച കൊണ്ട് എത്ര നേടി? 'ജവാന്‍റെ' ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ

click me!