മൂന്ന് സ്‍ത്രീകള്‍, ഒരു ജീവിതം- മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി റിവ്യു

By honey R K  |  First Published Dec 17, 2024, 7:41 AM IST

ഐഎഫ്എഫ്‍കെയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം മെമ്മറീസ് ഓഫ് ബേർണിംഗ് ബോഡിയുടെ റിവ്യു.


ഓര്‍മകളിലെ മൂന്ന് ജീവിത കാലങ്ങള്‍ വാര്‍ദ്ധക്യത്തിന്റെ വിശകലനത്തില്‍ ഒന്നിക്കുകയാണ് മെമ്മറീസ് ഓഫ് എ ബേര്‍ണിംഗ് ബോഡിയില്‍. മൂന്ന് സ്‍ത്രീകളുടെ കഥയാണ് കോസ്റ്റോറിക്കൻ സിനിമയായ മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി വിശകലനം ചെയ്യുന്നത്. അറുപതുകളിലെ അവസാനത്തിലോ എണ്‍പതുകളുടെ ആദ്യത്തിലോ ഒരു സ്‍ത്രീ ജീവിതം തിരിഞ്ഞുനോക്കുകയാണ്. അതില്‍ മൂന്ന് സ്‍ത്രീകളുടെ ജീവിതം കൂടിക്കലരുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ മോണോലോഗെന്ന് കരുതി നിരാശപ്പെടുകയും പോകെപ്പോകെ കെട്ടുറുപ്പുള്ള ഒരു കഥാഖ്യാനത്തിലൂടെ പ്രേക്ഷകരുടെ ചിന്തകളിലേക്ക് ആ കാഴ്‍ചകളും പറച്ചിലുകളും ഇടകലരുകയും ചെയ്യുന്ന ശൈലിയാണ് മെമ്മറീസ് ഓഫ് ബോഡിക്കുള്ളത്.

Latest Videos

മൂന്ന് സ്‍ത്രീകളുടെ അനുഭവങ്ങള്‍ കൂട്ടിയോജിപ്പിച്ചിരിക്കുകയാണ് സിനിമയില്‍. അവരുടെ നിരാശയും വേദനകളും നഷ്‍ടപ്പെടലുകളും തിരിച്ചുപിടിക്കലുകളുമെല്ലാം സാര്‍വത്രികമായി സ്‍ത്രീലോകത്തെയാകെ പ്രതിനിധീകരിക്കുന്ന സ്വഭാവത്തിലാണ് മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി അണിയിച്ചൊരുക്കിയിരിക്കുന്നത്. വാര്‍ദ്ധക്യത്തിലെ സ്‍ത്രീ  ക്യാമറയോടെന്ന പോലെയോ സിനിമ കാണുന്ന പ്രേക്ഷകനോട് നേരിട്ടെന്ന പോലെയോ കഥ പറയുമ്പോള്‍ അത് കൌമാരക്കാരികളും യുവതികളും ഒക്കെയുള്ള ലോക സ്‍ത്രീ സമൂഹത്തിന് സ്വന്തം ജീവിതാനുഭവമായി ചേര്‍ന്ന് സംവദിക്കപ്പെടുന്നു. കത്തുന്ന ശരീരത്തിന്റെ ഓര്‍മകള്‍ ലോകമാകെ തന്നെയുള്ള സ്‍ത്രീ ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

undefined

അന, പട്രീഷ്യ, മായേല എന്നിവരെ പ്രതിനിധീകരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തിയ സ്‍ത്രീയാണ് കഥാ നായിക. ലൈംഗികത നിഷിദ്ധമായിരുന്ന കാലത്തെ അവരുടെ ചെറുപ്പകാലം മുതലുള്ള ജീവിതം ഓർത്തെടുക്കുമ്പോള്‍ പല കാലങ്ങളിലെ ചെയ്‍തികളിലെ നിരാശയും നഷ്‍ടബോധവും ഒടുവില്‍ പ്രത്യാശയുമെല്ലാം നിറയുന്നുണ്ട്. വിവാഹത്തിന് മുമ്പ് കന്യകയായിരിക്കണം എന്നതടക്കമുള്ള പഴയകാല താക്കീതുകള്‍ യാഥാസ്‍ഥിക ബോധത്തിന് നേരെയുള്ള പ്രസ്‍താവനകളായി തന്നെ അവതരിപ്പിക്കപ്പെടുകയും കലാപരമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് ചിത്രത്തില്‍. ലൈംഗികതയെക്കുറിച്ച് തിരിച്ചറിവില്ലാത്ത കാലത്ത് അനുഭവിച്ച വിവാഹ ജീവിതത്തിലെ ആദ്യ ബന്ധത്തിനു ശേഷമുള്ള ഓര്‍മകള്‍ തീക്കനലുകളാകുമ്പോഴും തന്റെ ശരീരത്തെ സ്വതന്ത്ര്യമായി ഇന്ന് മനോഹരമായി സൂക്ഷിക്കുന്നു താന്നെന്ന് അഭിമാനംകൊള്ളുന്നുണ്ട് വാര്‍ദ്ധക്യത്തിലെത്തിയ ആ സ്‍ത്രീ.

എഴുപതുകളിലെത്തിയ സ്‍ത്രീയായി വേഷമിട്ടിരിക്കുന്നത് സോള്‍ കാര്‍ബല്ലെയാണ്. ഡോക്യുമെന്റേഷൻ ശൈലിയില്‍ നീങ്ങുന്ന ഒരു ചിത്രമായിട്ടും അതിന്റെ സജീവത നിലനിര്‍ത്തുന്നത് സോള്‍ കാര്‍ബല്ലെയുള്ള ജീവസുറ്റ പ്രകടനമാണ്. യുവതിയായ സ്‍ത്രീയായിട്ടുള്ള പൌളിന ബെമിനയുടെ പ്രകടനം ചടുലത നല്‍കുന്നതിനൊപ്പം പുരാഷിധിപത്യ സമൂഹത്തിന്റെ താക്കീതുകളുടെ ദുരിതങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. പെണ്‍കുട്ടിയായുള്ള ജുലിയാന ഫില്ലോയിയുടെ സാന്നിദ്ധ്യം ആര്‍ദ്രമായ പ്രണയത്തിന്റെ അടയാളപ്പെടുത്തലായി മാറുന്നു.

സ്‍ത്രീ ജീവിതത്തിന്റെ ഇരുള്‍വശങ്ങളുടെ അമിതാഖ്യാനത്താല്‍ ചൊടിപ്പിക്കുന്നതോ പല കാരണങ്ങളാല്‍ അകറ്റുന്നതോ ഉള്ള ശൈലിയിലല്ല മെമ്മറീസ് ഓഫ് എ ബേര്‍ണിംഗ് ബോഡി. മറിച്ച് പ്രേക്ഷനെയും ആ ഓര്‍മകള്‍ക്കൊപ്പം കൊളിത്തിയിടുന്ന ആഖ്യാനമാണ് സംവിധായിക സ്വീകരിച്ചിരിക്കുന്നത്.  വാര്‍ദ്ധക്യത്തിലെ സ്വാതന്ത്ര്യത്തിന്റെ ആഘോഷമായും ആദരവുമായാണ് ചിത്രം ആദ്യാവസാനം പല രംഗങ്ങളില്‍ ഇടകലര്‍ന്ന് മാറിമാറി ചര്‍ച്ച ചെയ്യപ്പെടുന്നത്.  അന്റോണല്ല സുദാസ്സസിയാണ് തിരക്കഥ എഴുതി സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പല പ്രായത്തിലുള്ള സ്‍ത്രീകള്‍ ഓര്‍മകള്‍ ഇടകലരുന്ന ആഖ്യാനം കഥ പറച്ചിലിന് പ്രത്യേക താളം പകരുന്നുണ്ട്. തിരിച്ചുപിടിക്കേണ്ട ജീവിത കാലങ്ങളെയും സ്‍ത്രീകളുടെ തീരുമാനങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് സിനിമയുടെ എഴുത്തും അവതരണവും. ആൻഡ്രോസ് കമ്പോസിന്റെ ക്യാമറയും സംവിധായികയുടെ സിനിമയിലെ കാഴ്‍ചയെ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജൌനോ ഡാമിയാനി ഒരുക്കിയ സംഗീതം സിനിമയുടെ പ്രമേയത്തിനൊത്തുള്ള താളത്തിലുമാണ്.

സ്‍ത്രീ ജിവിതത്തെ കുറിച്ചുള്ള ഗൌരവതരമായ വിശകലനമായിട്ടാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പൊതുജീവിതത്തിലെ സ്‍ത്രീയുടെ നടപ്പു ജീവിതത്തിന്റെ ക്രമപ്പെടുത്തലുകളോട് ഒരു തരത്തിലും ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി. എരിഞ്ഞടങ്ങേണ്ടതല്ല ജീവിതവും ആഗ്രഹങ്ങളുമെന്ന് സംശയമൊട്ടുമില്ലാതെ ചിത്രം കാഴ്‍ചക്കാരിലേക്കെത്തിക്കുന്നു. ഏത് പ്രായത്തിലെ സ്‍ത്രീയാലും പൊതു സമൂഹം തീര്‍ക്കുന്ന നിശ്ചലതയില്ല ചലനാത്മകതയില്‍ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു.

Read More: ക്രൗഡ് ഫണ്ടിംഗ് മുതൽ നിർമിതബുദ്ധി വരെ, ഗൗരവതരമായ ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!