അടുമുടി പൊളിറ്റിക്കലാണ് ഈ കമിംഗ് ഓഫ് ഏജ് ഡ്രാമ; 'എല്‍ബോ' റിവ്യു

By Nirmal Sudhakaran  |  First Published Dec 16, 2024, 5:08 PM IST

കുടിയേറ്റ ജനത നേരിടുന്ന സ്വത്വ പ്രതിസന്ധിയുടെ ആഴം ഒരു കൗമാരക്കാരിയിലൂടെ വരച്ചുകാട്ടുകയാണ് 'എല്‍ബോ'


അച്ഛനുമമ്മയ്ക്കുമൊപ്പം ബെര്‍ലിനില്‍ ജീവിക്കുന്ന ഹെയ്സല്‍ എന്ന യുവതിയുടെ കഥയാണ് എല്‍ബോ. കമിംഗ് ഓഫ് ഏജ് ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അസ്‍ലി ഒസസ്‍ലന്‍ ആണ്. ഫാത്‍മ എയ്‍നെമിര്‍ എഴുതിയ ഇതേ പേരിലുള്ള ജര്‍മന്‍ നോവലിനെ ആസ്പദമാക്കിയാണ് സംവിധായിക ചിത്രമൊരുക്കിയിരിക്കുന്നത്. കമിംഗ് ഓഫ് ഏജ് ഡ്രാമയാണ് ജോണര്‍ എങ്കിലും പ്രധാന കഥാപാത്രമായ ഹെയ്‍സലിലൂടെ രാഷ്ട്രീയ ഉള്‍ക്കനമുള്ള പലതും പറയുകയാണ് അസ്‍ലി ഒസസ്‍ലന്‍.

കുടിയേറ്റക്കാരിയായ അമ്മയുടെ രണ്ടാം തലമുറയാണ് ഹെയ്സല്‍. തുര്‍ക്കി സ്വദേശിയായ അമ്മ ബെര്‍ലിനില്‍ ഒരു ബേക്കറി നടത്തുകയാണ്. ജര്‍മന്‍ ആയ അച്ഛന്‍ അവിടെത്തന്നെ ഒരു ടാക്സി ഡ്രൈവറും. ഒരു പൂര്‍ണ്ണ ജര്‍മന്‍ അല്ലാത്തതിന്‍റെ വിവേചനം മിക്കപ്പോഴും പരസ്യമായിത്തന്നെ നേരിടേണ്ടിവരുന്ന ഹെയ്‍സലിന് ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും അന്തസ്സോടെ ജീവിക്കണമെന്നും ആഗ്രഹമുണ്ട്. തന്‍റെ പതിനെട്ടാം പിറന്നാള്‍ ദിനം വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ചെയ്യാനായി തീരുമാനിക്കുന്ന ഹെയ്‍സല്‍ പക്ഷേ ഒരു അപ്രതീക്ഷിത സംഭവത്തില്‍ പെട്ടുപോവുകയാണ്. പിന്നീട് ബെര്‍ലിനില്‍ തുടരുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ അവള്‍ക്ക് ഇസ്താന്‍ബുളിലേക്ക് പോവേണ്ടിവരുന്നു. പരിചിതമല്ലാത്ത ഒരു രാജ്യത്ത് താന്‍ ഒപ്പം കൂട്ടിയിരുന്ന സ്വപ്നങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം ഞെട്ടലോടെ മനസിലാക്കുകയാണ് ഹെയ്സല്‍.

Latest Videos

കൗമാരക്കാരിയായ കേന്ദ്ര കഥാപാത്രത്തോട് വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്നതില്‍ സംവിധായിക വിജയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒട്ടുമേ മടുപ്പിക്കാത്ത ആഖ്യാനമാണ് എല്‍ബോയുടേത്. ബെര്‍ലിനില്‍ വച്ചുള്ള ദൈനംദിന ജീവിതത്തില്‍ നിന്ന് പരിചയപ്പെടുന്നത് മുതല്‍ ഹെയ്സലിനൊപ്പം കൂടുകയാണ് നാം. ഒരു സാധാരണ സിനിമ പോലെ ആരംഭിച്ച് മുന്നോട്ടുള്ള ഇടവേളകളിലാണ് ചിത്രം മുന്നോട്ടുവെക്കുന്ന കുടിയേറ്റം, സ്വത്വ പ്രസിസന്ധി മുതലായ വിഷയങ്ങളിലേക്ക് സംവിധായിക ശ്രദ്ധ ക്ഷണിക്കുന്നത്. പെട്ടെന്ന് പ്രകോപിതയാവുന്ന സ്വഭാവമുള്ള ഹെയ്സല്‍ അങ്ങനെയാവാനുള്ള കാരണം എന്തെന്നും അവളുടെ സാഹചര്യം എന്തെന്നുമൊക്കെ പിന്നീടാണ് നമുക്ക് മനസിലാവുക. ക്യാമറയുടെ സാന്നിധ്യം തന്നെ അനുഭവിപ്പിക്കാതെ, ഹെയ്സലിന്‍റെ തീര്‍ത്തും സാധാരണമായ ലോകം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ഛായാഗ്രാഹകന്‍ അന്‍ഡാക് കരബെയോഗ്ലു തോമസിന്‍റെ വര്‍ക്ക്. ഹെയ്സല്‍ ആയി മെലിയ കാരയുടെ പ്രകടനവും എടുത്ത് പറയണം. ഫോര്‍ത്ത് വാള്‍ ബ്രേക്ക് ചെയ്ത് കൊണ്ടുള്ള ഹെയ്സലിന്‍റെ ഒരു നോട്ടത്തിലാണ് സംവിധായിക ചിത്രം അവസാനിപ്പിക്കുന്നത്. കണ്ടിരിക്കുന്നവരുടെ ഉള്ളില്‍ തറയ്ക്കുന്ന ഒരു നോട്ടമാണത്.

കുടിയേറ്റ ജനത നേരിടുന്ന സ്വത്വ പ്രതിസന്ധിയുടെ ആഴം ഒരു കൗമാരക്കാരിയിലൂടെ വരച്ചുകാട്ടുന്ന ചിത്രമാണ് എല്‍ബോ. കേവലം ബൗദ്ധികാഭ്യാസമല്ലാതെ വിഷയം വൈകാരികമായി അടയാളപ്പെടുത്താനാവുന്നു എന്നതാണ് സംവിധായിക അസ്‍ലി ഒസസ്‍ലന്‍റെ നേട്ടം. തുര്‍ക്കിയില്‍ ചെല്ലുമ്പോള്‍ കുര്‍ദുകളെക്കുറിച്ചുള്ള ഒരു പ്രസ്താവനയ്ക്ക് എല്ലാവരും തുര്‍ക്കിക്കാരല്ലേ എന്ന് ചോദിച്ച് സ്വന്തം വേരുകളിലുള്ള അജ്ഞത ഹെയ്സല്‍ വെളിവാക്കുന്നുണ്ട്. അവിടെയുമില്ല, ഇവിടെയുമില്ല എന്നത് ഒരു വല്ലാത്ത പ്രതിസന്ധിയാണെന്ന് ചിത്രം കാണിച്ചുതരുന്നു. ഐഎഫ്എഫ്കെ 2024 ലെ മികച്ച സിനിമാനുഭവങ്ങളിലൊന്നാണ് എല്‍ബോ.

undefined

ALSO READ : കെട്ടുകഥയിലൂടെ പറയുന്ന രാഷ്ട്രീയം; 'ഈസ്റ്റ് ഓഫ് നൂണ്‍' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!