പ്രണവിലെ വളര്‍ച്ച രേഖപ്പെടുത്തുന്ന അഭിനേതാവിനെയും താരത്തെയും ആഘോഷിക്കുക കൂടിയാണ് വിനീത് ശ്രീനിവാസന്‍
വിനീത് ശ്രീനിവാസന്‍റെ (Vineeth Sreenivasan) ഫ്രെയ്‍മിലേക്ക് പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) വന്നാല്‍ എങ്ങനെയുണ്ടാവും എന്ന കൗതുകമായിരുന്നു 'ഹൃദയ'ത്തിന്‍റെ (Hridayam) യുഎസ്‍പി. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയ ഘടകവും അതുതന്നെ. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തിയ ഘടകമാണ്. അണിയറപ്രവര്‍ത്തകര്‍ അവകാശവാദങ്ങളൊന്നും ഉയര്‍ത്തിയിരുന്നില്ലെങ്കിലും വിനീത്- പ്രണവ് കോമ്പിനേഷന്‍ എന്നത് ആസ്വാദകര്‍ക്കിടയില്‍ സ്വാഭാവികമായും സൃഷ്‍ടിച്ച ഓവര്‍ ഹൈപ്പിനെ മറികടന്ന് പോകുന്ന ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ എന്നതാണ് 'ഹൃദയ'ത്തിന്‍റെ കാഴ്ചാനുഭവം. 2 മണിക്കൂര്‍ 52 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആദ്യാവസാനം കാണിയെ എന്‍ഗേജ് ചെയ്യിച്ച് നിര്‍ത്തുന്നതില്‍ പൂര്‍ണ്ണ വിജയമാണ്. പ്രണവ് മോഹന്‍ലാലിലെ അഭിനേതാവിനെ അനായാസതയോടെയും ആത്മവിശ്വാസത്തോടെയും കാണാനാവുന്ന ഫ്രെയ്‍മുകളുമാണ് ഹൃദയത്തിന്‍റേത്.
അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്‍റെ 17 വയസ് മുതല്‍ 30 വയസ് വരെയുള്ള ജീവിതമാണ് 'ഹൃദയം'. ചെന്നൈയിലെ ഒരു പ്രൊഫഷണല്‍ കോളെജില്‍ ബി.ടെക്ക് വിദ്യാര്‍ഥിയായി എത്തുന്നത് മുതല്‍ അയാളുടെ വിവാഹജീവിതത്തിന്‍റെ ആദ്യഘട്ടം വരെയുള്ള കാലത്തെ പിന്തുടരുകയാണ് ചിത്രം. കേന്ദ്ര കഥാപാത്രത്തിന്‍റെ കാഴ്ചപ്പാടില്‍ കഥ പറയുമ്പോള്‍ത്തന്നെ വലുതും ചെറുതുമായ മറ്റു കഥാപാത്രങ്ങളെയും കഥ നടക്കുന്ന ചുറ്റുപാടുകളെയും പ്രാധാന്യത്തോടെയാണ് വിനീത് ഫ്രെയ്‍മിലാക്കിയിരിക്കുന്നത്. കോളെജില്‍ ചേരാനായി കേരളത്തിലെ ഒരു സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറുന്ന അരുണില്‍ നിന്ന് തുടങ്ങി നാടകീയതയൊന്നുമില്ലാതെ ക്യാമ്പസ് പശ്ചാത്തലത്തിലേക്ക് ചിത്രത്തെ നീക്കിനിര്‍ത്തുകയാണ് ആദ്യ പകുതിയില്‍ വിനീത്. ഒരു നവാഗത വിദ്യാര്‍ഥിക്ക് തെല്ല് പരിഭ്രമം ഉണ്ടാക്കുന്ന റാഗിംഗ് സാഹചര്യങ്ങളൊക്കെയുള്ള കോളെജിലേക്ക് കടന്നുചെല്ലുന്ന 'അരുണ്‍ നീലകണ്ഠനാ'യി ആദ്യ കാഴ്ചയില്‍ തന്നെ പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ വിശ്വാസം നേടിയെടുക്കുകയാണ് പ്രണവ്. കഥാപാത്രത്തിന്‍റെ ഇടര്‍ച്ചകളിലും വളര്‍ച്ചകളിലുമൊക്കെയായി പിന്നീടുള്ള രണ്ടര മണിക്കൂറോളം ചിത്രത്തെ അനായാസം മുന്നോട്ടുകൊണ്ടുപോകുന്നു അയാള്‍. ഒരര്‍ഥത്തില്‍ പ്രണവിലെ വളര്‍ച്ച രേഖപ്പെടുത്തുന്ന അഭിനേതാവിനെയും താരത്തെയും ആഘോഷിക്കുക കൂടിയാണ് വിനീത് ശ്രീനിവാസന്‍.
undefined
ചെന്നൈ നഗരത്തിനും തന്‍റെ ക്യാമ്പസ് ജീവിതത്തിനും വിനീത് നല്‍കിയിരിക്കുന്ന ട്രിബ്യൂട്ട് കൂടിയാണ് ചിത്രം. വ്യക്തിപരമായി ഓര്‍മ്മകളോടും ഹൃദയത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഒരു ലോകത്തെ സംവിധായകന്‍ ആവിഷ്‍കരിച്ചിരിക്കുന്നതിന്‍റെ സൗന്ദര്യമാണ് ഹൃദയത്തിന്‍റെ ദൃശ്യഭാഷ. കഥ പറയുന്ന ചുറ്റുപാടുകളെ കഥാപാത്രങ്ങളോളം പ്രാധാന്യത്തോടെ അവതരിപ്പിക്കാറുള്ള സംവിധായകനാണ് വിനീത്. ഹൃദയത്തില്‍ അത് ഒരു പടി കൂടി മുന്നിലാണ്. ക്യാമ്പസും കേന്ദ്ര കഥാപാത്രത്തിന്‍റെ പ്രണയവുമൊന്നും പുതുമയുള്ള വിഷയങ്ങളല്ലെങ്കിലും ചുറ്റുപാടുകള്‍ക്ക് നല്‍കിയിരിക്കുന്ന ശ്രദ്ധയും ഒപ്പം പോകുന്ന മ്യൂസിക്കല്‍ ട്രാക്കും ചിത്രത്തിന് വ്യക്തിത്വവും ഇമ്മേഴ്സീവ് (Immersive) ആയുള്ള കാഴ്ചാനുഭവവും ഉണ്ടാക്കുന്നുണ്ട്. കാന്‍വാസിന്‍റെ വലുപ്പം എടുത്താല്‍ വിനീത് ഇതുവരെ ചെയ്‍തിരിക്കുന്നതില്‍ ഏറ്റവും വലിയ ചിത്രവുമാണ് ഹൃദയം.
സംഗീതത്തിന്‍റെ കാര്യത്തിലായിരുന്നു റിലീസിന് മുന്‍പ് ചിത്രം ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 പാട്ടുകള്‍ എന്നതായിരുന്നു അതിലെ ഏറ്റവും വലിയ കൗതുകം. ഇത്രയും പാട്ടുകളുടെ ആകെ ദൈര്‍ഘ്യമെടുത്താല്‍ പിന്നെ കഥ പറയാന്‍ എവിടെ സമയം തുടങ്ങിയ പ്രീ-റിലീസ് തമാശകളിലൊന്നും കാര്യമില്ലെന്നാണ് ഹൃദയത്തിന്‍റെ കാഴ്ചാനുഭവം. ഏറെ തരംഗം തീര്‍ത്ത 'ദര്‍ശന' എന്ന ഗാനമൊഴിച്ചാല്‍ മറ്റു ഗാനങ്ങളൊന്നും സിനിമയ്ക്കിടയില്‍ ഒരു പാട്ടെത്തി എന്ന തോന്നല്‍ ഉളവാക്കിക്കൊണ്ടല്ല വരുന്നതും പോകുന്നതും. മറിച്ച് അരുണ്‍ നീലകണ്ഠന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പ്രണയജീവിതമടക്കം വലിയ ടൈംസ്‍പാനില്‍ പറയുമ്പോള്‍ നരേഷനുള്ള ഒരു ടൂള്‍ ആയി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. കേന്ദ്ര കഥാപാത്രത്തിന്‍റെ വൈകാരിക ലോകത്തെയും അതിന്‍റെ വളര്‍ച്ചകളെയും കാര്യക്ഷമമായി വിനിമയം ചെയ്യാനും വിനീതിന് ചിത്രത്തിന്‍റെ സംഗീതം ഏറെ ഗുണകരമായിട്ടുണ്ട്.
പ്രണവിനൊപ്പം മറ്റു രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച ദര്‍ശനയുടെയും കല്യാണിയുടെയും കാസ്റ്റിംഗും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആക്കി മാറ്റാന്‍ വിനീതിന് കഴിഞ്ഞിട്ടുണ്ട്. അരുണ്‍ നീലകണ്ഠന്‍റെ രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയം സ്വീകരിക്കുന്ന ഈ കഥാപാത്രങ്ങളെ നന്നായി എഴുതിയിട്ടുണ്ട് വിനീത്. വ്യത്യസ്‍തമായ ഷെയ്‍ഡുകളുള്ള ഈ കഥാപാത്രങ്ങളെ ഏറെ വിശ്വസനീയമാക്കിയിരിക്കുന്നത് കാസ്റ്റിംഗും അതിനൊത്ത, ദര്‍ശനയുടെയും കല്യാണിയുടെയും പ്രകടനവുമാണ്. കോളെജില്‍ അരുണിന്‍റെ ബാച്ച്‍മേറ്റ്സും മറ്റു സുഹൃത്തുക്കളുമൊക്കെയായി നിരവധി പുതുമുഖങ്ങളെ കാസ്റ്റ് ചെയ്‍തിട്ടുണ്ട് വിനീത്. ചിത്രത്തിലെ ക്യാമ്പസിന് ജീവന്‍ പകര്‍ന്നതില്‍ വലിയൊരു പങ്ക് ഈ പുതുമുഖ അഭിനേതാക്കള്‍ക്ക് അവകാശപ്പെട്ടതാണ്.
'ഫീല്‍ ഗുഡ്' എന്ന സാമാന്യവല്‍ക്കരണത്തില്‍ ആയിരിക്കുമ്പോഴും കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ സൃഷ്‍ടിക്കുന്ന വൈകാരിക ലോകത്തിന്‍റെ പല നിറക്കൂട്ടുകളിലുള്ള അനുഭവം കൂടിയാണ് ഹൃദയം. കൊവിഡ് കാലമായിട്ടും എന്തുകൊണ്ട് അണിയറക്കാര്‍ തിയറ്റര്‍ റിലീസ് മാറ്റിയില്ല എന്ന ചോദ്യത്തിന് ഉത്തരവുമാകുന്നുണ്ട് ചിത്രം. മലയാളത്തില്‍ സമീപകാലത്ത് വന്ന ചിത്രങ്ങളില്‍ ഏറ്റവും ഇമ്മേഴ്സീവ് ആയ അനുഭവം തരുന്ന എന്‍റര്‍ടെയ്‍നര്‍ ആണ് ഹൃദയം. തിയറ്റര്‍ കാഴ്ചയില്‍ വിനോദമൂല്യം ഉയരുന്ന ചിത്രം.