മലയാള സിനിമയുടെ കരുത്ത്, ക്രാഫ്റ്റ്! കൃഷാന്ദിന്‍റെ സംഘർഷ ഘടന- റിവ്യൂ

By Jomit Jose  |  First Published Dec 16, 2024, 8:42 AM IST

സുങ് ത്സുവിന്‍റെ ആർട്ട് ഓഫ് വാറിന്‍റെ പശ്ചാത്തലത്തിലാണ് കൊടമഴ സുനിയുടെ കഥ സംവിധായകന്‍ കൃഷാന്ദ് ആർ കെ പറയുന്നത്, ഐഎഫ്എഫ്‌കെ 2024ല്‍ മലയാള സിനിമ ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സംഘര്‍ഷ ഘടന'യുടെ റിവ്യൂ


ലക്ഷണമൊത്ത ക്രാഫ്റ്റ്, മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നാവാന്‍ കലാപരമായും രാഷ്ട്രീയമായും കരുത്തുള്ള സിനിമ, മലയാളത്തിന്‍റെ ലോക്കല്‍ മെയ്‌ഡ് ഇന്‍റര്‍നാഷണല്‍ മൂവി. 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കൃഷാന്ദ് ആർ കെ എഴുതി സംവിധാനം ചെയ്ത 'സംഘർഷ ഘടന' (THE ART of WARFARE / Sangarsha Ghadana) മലയാളത്തിലെ എണ്ണംപറഞ്ഞ പരീക്ഷണ സിനിമകളിലൊന്നാണ്. ആകാംക്ഷ ഏറെ സൃഷ്ടിച്ച പോസ്റ്റര്‍ ഒട്ടും നിരാശപ്പെടുത്താത്ത അനുഭവമാണ് സ്ക്രീനിലെ സംഘര്‍ഷ ഘടന. 

മലയാളത്തിൽ ഇതുവരെ പിറവികൊണ്ടിട്ടില്ലാത്ത ചലച്ചിത്രാനുഭവമാണ് സംഘർഷ ഘടന. 5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്‍റെ 'ആർട്ട് ഓഫ് വാർ' എന്ന രചനയെ ആസ്പദമാക്കിയുള്ള മലയാള സിനിമയാണിത്. പൂര്‍ണ ടൈറ്റില്‍ 'സുങ് ത്സുവിന്‍റെ സംഘർഷ ഘടന'. ദൈര്‍ഘ്യം 105 മിനിറ്റ്. ആർട്ട് ഓഫ് വാറിന്‍റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന, സ്ഥലം വ്യക്തമായി വിശദീകരിക്കുന്നില്ലെങ്കിലും കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റര്‍ സിനിമയാണ് സംഘർഷ ഘടന. 

Latest Videos

വേറിട്ട ഗ്യാങ്സ്റ്റര്‍ മൂവി, ആർട്ട് ഓഫ് വാർ

ഒരുകാലത്ത് അതിശക്തനായിരുന്നെങ്കിലും എല്ലാ ​ഗുണ്ടാപ്പണിയും നിർത്തി കളംവിട്ട 'കൊടമഴ സുനി'യുടെ അവതരണത്തോടെയാണ് സിനിമയുടെ ആരംഭം. ആരാണ് സുനിയെയും കൂട്ടാളികളെയും പിന്തുടരുന്നത് എന്ന അന്വേഷണമാണ് പിന്നീടുള്ള സിനിമ. അഡ്രിനാലിന്‍ റഷ് നിറയ്ക്കുന്ന ബിജിഎമ്മും, സ്ലോ മോഷന്‍ ഇടകലര്‍ത്തിയുള്ള ഫാസ്റ്റ് കട്ടിങ്ങുകളിലൂടെയും ടൈറ്റിലില്‍ തന്നെ സിനിമയുടെ പേസും വിഷനും മാജിക്കും സംവിധായകന്‍ വ്യക്തമാകുന്നു.

undefined

സുങ് ത്സുവിന്‍റെ ആർട്ട് ഓഫ് വാറിന്‍റെ പശ്ചാത്തലത്തിലാണ് കൊടമഴ സുനിയുടെ കഥ സംഘര്‍ഷ ഘടനയില്‍ സംവിധായകന്‍ കൃഷാന്ദ് ആർ കെ പറയുന്നത്. സുനിയുടെ ഓരോ നീക്കത്തിനും ആർട്ട് ഓഫ് വാറിന്‍റെ യുദ്ധതന്ത്രങ്ങളുടെ അകമ്പടി നല്‍കിയിരിക്കുന്നു. നരേഷനും ​ഗ്രാഫിക്സുകളുമായി സിനിമയിൽ അത് ഇടകലർന്ന് വരുന്നു. അതില്‍ ഏറെ യുദ്ധരഹസ്യങ്ങളും യുദ്ധഫലങ്ങളുമുണ്ട്. എന്നാൽ സീനുകളുടെ തുടർച്ച ഒരിക്കൽ പോലും ഇടറാത്ത രീതിയിലുള്ള സംയോജനവും ബ്ലാക്ക്‌ ഹ്യൂമറുകളിലുള്ള മെയ്‌വഴക്കമാര്‍ന്ന സംഭാഷണങ്ങളും സംഘര്‍ഷ ഘടനയെ ആസ്വാദ്യകരമാകുന്നു. 

മാസ്റ്റര്‍ ക്രാഫ്റ്റ്

അതിശക്തമായ തിരക്കഥയും അതിന്‍റെ അച്ചടക്കമുള്ള ദൃശ്യ, ശ്രാവ്യ അവതരണവുമാണ് സ്ക്രീനിലെ സംഘര്‍ഷ ഘടന. ഭൂരിഭാഗവും ഇരുട്ടിലുള്ള ചിത്രീകരണം രാജ്യാന്തര നിലവാരത്തിലേക്ക് സിനിമയെ കൈപിടിച്ചുയര്‍ത്തുന്ന തരത്തില്‍ ദൃശ്യനിലവാരം പുലര്‍ത്തുന്നുണ്ട്. ചങ്കിടിപ്പേറ്റുന്ന പശ്ചാത്തല സംഗീതവും സംഘര്‍ഷ ഘടനയുടെ ആക്കംകൂട്ടുന്നു. ​എഡിറ്റിം​ഗ്, വിഎഫ്എക്സ്, കളറിംഗ്, സം​ഗീതം, കാസ്റ്റിം​ഗ്, അഭിനയം തുടങ്ങി എല്ലാ മേഖലകളിലും മികവിന്‍റെ പര്യായമാകുന്നുണ്ട് സംവിധായകന്‍റെ തെരഞ്ഞെടുപ്പുകള്‍. സനൂപ് പടവീടന്‍ (സുനി), വിഷ്‌ണു അഗസ്ത്യ (കുഞ്ഞനന്ദന്‍), മഹി (ബാലു) എന്നിവരുടെ അഭിനയം ശ്രദ്ധേയം. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള സംവിധായകനായ മനോജ് കാന പൊലീസ് വേഷത്തില്‍ ശ്രദ്ധേയനായി.

ഫെസ്റ്റിവൽ സിനിമകൾ എന്ന പതിവ് പരീക്ഷണത്തിനും അപ്പുറത്തുള്ള ടെംപ്ലേറ്റിലാണ് സംഘർഷ ഘടനയെ കൃഷാന്ദ് ഒരുക്കിയിരിക്കുന്നത്. ഇതൊരു ആർട്ട്ഹൗസ് സിനിമയല്ലെന്ന് ടൈറ്റില്‍ മുതല്‍ സ്ഥാപിച്ചുകൊണ്ടുള്ള കഥാ പരിചരണം. ക്രാഫ്റ്റിനെ അതിന്‍റെ ഔന്നത്യത്തിൽ ഉരുക്കിച്ചേർത്തിട്ടുണ്ടെന്നും കൃഷന്ദ് സംഘർഷ ഘടനയിലൂടെ സ്ഥാപിക്കുന്നു. ഗ്യാങ്സ്റ്റ‍‍ർ മൂവിയും വയലൻസുമെങ്കിലും അധികം രക്തരൂക്ഷിതമല്ല സിനിമ എന്നിടത്ത് സംവിധായകന്‍ അച്ചടക്കം പുലര്‍ത്തുന്നു. 

​ഗാസ മുതൽ സിറിയ വരെ നീളുന്ന രാഷ്ട്രീയം

കഥപറച്ചില്‍ രീതിക്ക് ആർട്ട് ഓഫ് വാറിനെയാണ് അനുഗമിക്കുന്നതെങ്കിലും സംഘര്‍ഷ ഘടനയില്‍ യുദ്ധങ്ങൾക്ക് പകരം സംഘർഷങ്ങളാണ് വിഷയമാകുന്നത്. മനപ്പൂര്‍വമെന്ന് സംവിധായകൻ സമ്മതിക്കുന്നില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ അതിശക്തമായി മുഷ്‌ടിയുയർത്തി രാഷ്ട്രീയ പറയുന്ന സിനിമ കൂടിയാണ് സംഘര്‍ഷ ഘടന. യുദ്ധ തന്ത്രങ്ങൾ വിവരിക്കുന്ന ആർട്ട് ഓഫ് വാറിന്‍റെ മലയാള ചലച്ചിത്ര ആവിഷ്‌കാരം അനര്‍ഥകമായ യുദ്ധങ്ങളുടെ പൊള്ളയായ ഉള്ള് തുറന്നുകാട്ടുന്നു. ഗാസ മുതൽ സിറിയ വരെയും മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുമുള്ള യുദ്ധ ഇരകളുടെ വേദന പങ്കിടുന്നു. എല്ലാ സംഘര്‍ഷങ്ങളുടേയും പ്രധാന ഇരകള്‍ കുട്ടികളാണെന്ന സത്യം സ്ക്രീനില്‍ വിളിച്ചുപറയുന്നു.

തന്ത്രങ്ങളില്ലാത്തവര്‍ പരാജയപ്പെടുമെന്ന ആര്‍ട്ട് ഓഫ് വാര്‍ ഫിലോസഫി സ്ഥാപിക്കപ്പെടുന്നു. യുദ്ധങ്ങൾ ജയിക്കണമെങ്കിൽ തന്ത്രങ്ങൾ കൂടിയേ തീരൂവെന്ന വാമൊഴി ഊട്ടിയുറപ്പിക്കുക കൂടിയാണ് സംഘർഷ ഘടന. 

എല്ലാ യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഇരകളാവുന്നത് കുട്ടികളാണെന്നും, തന്ത്രമില്ലാതെ ഒരു പോരാളിക്കും ജയിക്കാനാവില്ലെന്നും അടിവരയിട്ടാണ് കസേരയിൽ നിന്ന് സംഘർഷ ഘടന ചലച്ചിത്രാസ്വാദകരെ എഴുന്നേൽപിക്കുന്നത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ സംഘര്‍ഷ ഘടന സിനിമ എന്ന മാധ്യമത്തിന്‍റെ ക്രാഫ്റ്റിന് ക്ലാസിക് ഉദാഹരണമാകുന്നു. ഒരുപക്ഷേ ഐഎഫ്എഫ്കെ 2024ൽ മലയാള സിനിമ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും വലിയ തിയറ്റർ മൂല്യമുള്ള സിനിമ കൂടിയാണ് സംഘർഷ ഘടന. 'ആവാസവ്യൂഹം' എന്ന മുന്‍ സിനിമയിലൂടെ ക്രാഫ്റ്റ് തെളിയിച്ച കൃഷാന്ദിന്‍റെ ഈ വിസ്മയ സൃഷ്ടി ദൃശ്യപരിചരണത്തില്‍ ഹോങ്കോം​ഗ് സിനിമയ്ക്കുള്ള ആദരം കൂടിയാവുന്നു. 

Read more: കിരാത ഭരണകൂടങ്ങളുടെ മനുഷ്യ കശാപ്പുകൾ; ഞെട്ടിച്ച് ഐഎഫ്എഫ്കെ 2024 ഉദ്ഘാടന ചിത്രം അയാം സ്റ്റിൽ ഹിയർ- റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!