ലുക്ക് ആന്‍ഡ് ഫീലിലും കഥ പറയുന്ന രീതിയിലുമൊക്കെ ആദ്യ ഫ്രെയിം മുതല്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന അനുഭവമാണ് ധൂമം ഉണ്ടാക്കുന്നത്
കന്നഡ സിനിമയുടെ ഗ്രാഫ് ഉയര്‍ത്തിയ കെജിഎഫിന്‍റെയും കാന്താരയുടെയും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രം. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ഒട്ടേറെ ആരാധകരുള്ള ലൂസിയയും യു ടേണും ഒരുക്കിയ പവന്‍ കുമാര്‍ സംവിധായകന്‍. ഒപ്പം നായകനായി ഫഹദ് ഫാസില്‍. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്നുള്ള ഒരു അപൂര്‍വ്വ കോമ്പിനേഷന്‍ എന്നതാണ് വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതിരുന്നിട്ടുകൂടി ധൂമം എന്ന ചിത്രത്തെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയത്.
സിഗരറ്റ് നിര്‍മ്മാതാക്കളായ ഒരു വന്‍കിട കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഹെഡ് അവിനാശ് ആണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. നൂതനമായ മാര്‍ക്കറ്റിംഗ് രീതികളിലൂടെ കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്ന അവിനാശിന് അക്കാരണത്താല്‍ തന്നെ അവിടെ ശത്രുക്കളും മിത്രങ്ങളുമുണ്ട്. കമ്പനിയുടെ പുതിയ സാരഥി സിദ്ധാര്‍ഥിന്‍റെ (റോഷന്‍ മാത്യു) കണ്ണിലുണ്ണിയുമാണ് അവിനാശ്. സ്വന്തം തൊഴില്‍രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് അസൂയാര്‍ഹമായ നേട്ടമുണ്ടാക്കുന്ന അവിനാശ് പോകപ്പോകെ ധാര്‍മ്മികമായ ചില ആശയക്കുഴപ്പങ്ങളില്‍ പെടുകയാണ്. മാര്‍ക്കറ്റിംഗ് സ്കില്‍ കൊണ്ട് ദിനംപ്രതി താന്‍ വില്‍പ്പന കൂട്ടുന്ന ഉല്‍പ്പന്നം എന്താണെന്നും അത് സൃഷ്ടിക്കുന്ന ആരോഗ്യപരമായ ആഘാതം എന്തൊക്കെയാണെന്നുമൊക്കെ മുമ്പ് ചിന്തിക്കാതിരുന്ന വിഷയങ്ങളിലേക്ക് അയാളുടെ ശ്രദ്ധ തിരിയുന്നു. തുടര്‍ന്നെടുക്കുന്ന ചില തീരുമാനങ്ങള്‍ അയാളുടെ വ്യക്തിജീവിതത്തെ എന്നേക്കുമായി മാറ്റുകയാണ്.
undefined
ലുക്ക് ആന്‍ഡ് ഫീലിലും കഥ പറയുന്ന രീതിയിലുമൊക്കെ ആദ്യ ഫ്രെയിം മുതല്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന അനുഭവമാണ് ധൂമം ഉണ്ടാക്കുന്നത്. പറയുന്ന കഥകളിലെ പുതുമയ്ക്കൊപ്പം അത് പറയുന്ന രീതിയിലും എപ്പോഴും പരീക്ഷണാത്മകത പുലര്‍ത്താറുള്ള സംവിധായകനാണ് പവന്‍ കുമാര്‍. പുതിയ ചിത്രത്തിലും ആ രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ഒരു അപകടത്തില്‍ പെട്ട് ബോധത്തിലേക്ക് തിരിച്ചെത്തുന്ന അവിനാശ് ഭാര്യ ദിയയോട് (അപര്‍ണ ബാലമുരളി) പറയുന്ന അനുഭവങ്ങളില്‍ നിന്നാണ് പവന്‍ കുമാര്‍ പ്രേക്ഷകരോട് കഥ പറയുന്നത്. ശത്രു ആരെന്നറിയാത്ത, ഓരോ നിമിഷവും രക്ഷപെടല്‍ ദുഷ്കരമായ ഒരു അപായത്തില്‍ പെട്ടിരിക്കുകയുമാണ് അയാള്‍. രക്ഷപെടാനുള്ള അവിനാശിന്‍റെ ശ്രമങ്ങള്‍ക്കൊപ്പമാണ് അയാള്‍ ആരെന്നും ഇത്തരമൊരു ചുഴിയിലേക്ക് അയാള്‍ എങ്ങനെ വന്നുപെട്ടെന്നും പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. ലീനിയര്‍ ആയി പറഞ്ഞിരുന്നെങ്കില്‍ പോലും രസകരമാവുമായിരുന്ന ചിത്രത്തെ പവന്‍ കുമാറിന്‍റെ നരേറ്റീവ് പാറ്റേണ്‍ കൂടുതല്‍ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.
ഫഹദ് എന്തുകൊണ്ട് മറുഭാഷാ സംവിധായകരുടെയും ചോയ്സ് ആയി മാറുന്നുവെന്നതിന്‍റെ പുതിയ ഉത്തരം കൂടിയാണ് ധൂമം. വേറിട്ട കഥയും ആഖ്യാനരീതിയുമുള്ള ചിത്രത്തെ ഫ്രഷ് ആയൊരു അനുഭവമാക്കി മാറ്റുന്നതില്‍ അവിനാശ് ആയുള്ള ഫഹദിന്‍റെ പ്രകടനവും ഒരു ഘടകമാണ്. മലയാളത്തില് ഫഹദ് സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട രീതിയില്‍ അഭിനയസാധ്യതയുള്ള വേഷം ഫഹദിന്‍റെ പക്കല്‍ ഭദ്രമാണ്. ഫഹദിനൊപ്പം ഉടനീള സാന്നിധ്യമായ ദിയയെ അപര്‍ണയും ഗംഭീരമാക്കിയിട്ടുണ്ട്. നായകന്‍ ഫഹദ് എങ്കിലും ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥാവികാസം ദിയയെ ആശ്രയിച്ചാണ് എന്നതിനാല്‍ ഒരു മികച്ച അഭിനേതാവിനെ പവന്‍ കുമാര്‍ തെരഞ്ഞെടുത്തതാണ്. ടാര്ഗറ്റുകളെപ്പറ്റി മാത്രം ചിന്തിക്കുന്ന, അതിനെ മറികടക്കാന്‍ പുതുവഴികള്‍ പരീക്ഷിക്കാന്‍ തയ്യാറായ കോര്‍പറേറ്റ് മേധാവിയായി റോഷന്‍ മാത്യുവിന്‍റെയും (സിദ്ധാര്‍ഥ്) സിദ്ധാര്‍ഥിന്‍റെ കടന്നുവരവോടെ കമ്പനിയിലെ പ്രസക്തി നഷ്ടപ്പെട്ട അയാളുടെ ബന്ധു കൂടിയായ വിനീതിന്‍റെയും (പ്രവീണ്‍) മികച്ച കാസ്റ്റിംഗ് ആണ്.
കന്നഡ സംവിധായകന്‍ ഒരുക്കിയ മലയാള ചിത്രത്തിന്‍റെ പശ്ചാത്തലം ബംഗളൂരുവാണ്. എന്നാല്‍ മലയാള സിനിമകളില്‍ സാധാരണ കണ്ടുവരാറുള്ള ഒരു ബംഗളൂരുവല്ല ധൂമത്തിന്‍റെ ഫ്രെയ്‍മുകളില്‍ ഉള്ളത്. സവിശേഷതയുള്ള ഒരു പ്രമേയം അവതരിപ്പിക്കാന്‍ സംവിധായകന്‍ ബോധപൂര്‍വ്വം തന്നെ മലയാളിക്ക് സുപരിചിതമായ ബംഗളൂരുവിനെ അത്തരത്തില്‍ അവതരിപ്പിച്ചിരിക്കുകയാണെന്ന് തോന്നുന്നു. പ്രീത ജയരാമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹക. ഒരു ത്രില്ലര്‍ ചിത്രത്തിന് ചേര്‍ന്ന മട്ടിലുള്ള ഫ്രെയ്‍മുകളും മൂവ്മെന്‍റും കളര്‍ ടോണുമൊക്കെയുള്ള പ്രീതയുടെ ഫ്രെയ്മുകള്‍ തന്നെ ചിത്രത്തിന് അവശ്യം വേണ്ട വേഗതയും പിരിമുറുക്കവുമൊക്കെ നല്‍കുന്നുണ്ട്. എഡിറ്റര്‍ സുരേഷ് അറുമുഖത്തിന്‍റെ പിന്തുണയും പവന്‍ കുമാറിന് ആവോളമുണ്ട്. ഒരു മലയാള ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മിനിമാലിറ്റി നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.
മികച്ച ബാനറും പ്രതിഭാധനരായ താരനിരയും പേരുകേട്ട സംവിധായകനുമൊക്കെ ഉണ്ടായിട്ടും വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് ധൂമം എത്തിയിരിക്കുന്നത്. ചിത്രത്തില്‍ അണിയറക്കാര്‍ക്കുള്ള വിശ്വാസത്തിന്‍റെ തെളിവാണ് ഇത്. ത്രില്ലര്‍ എന്ന നിലയിലുള്ള സിനിമാറ്റിക് അനുഭവം പകരുന്നതിനൊപ്പം ഗൗരവമുള്ള ചില സാമൂഹിക യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നു എന്നതുകൂടിയാണ് ധൂമത്തെ ശ്രദ്ധേയമാക്കുന്നത്.
ALSO READ : 'കപ്പ് കിട്ടുമോ' എന്ന് അഖിലിന്‍റെ ചോദ്യം; ഭാര്യ ലക്ഷ്‍മിയുടെ മറുപടി
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ