1980 -കളിൽ കുടുംബത്തിനു പാരമ്പര്യമായി കിട്ടിയ ഈ കണ്ണാടി അന്ന് മുതൽ ശുചിമുറിയുടെ ചുവരിൽ തൂങ്ങുകയാണ്.
ഫ്രാൻസിലെ അവസാനത്തെ രാജ്ഞിയുടെ കൈവശമുണ്ടായിരുന്ന കണ്ണാടി ഇരുന്നിരുന്നത് ഒരു ശുചിമുറിയുടെ ചുമരിൽ. ഈ കണ്ണാടിയ്ക്ക് നിലവിൽ ഏഴ് ലക്ഷത്തിന് മീതെ വിലവരും. ഇത്ര വിലപിടിപ്പുള്ള ഒരു പുരാവസ്തുവാണ് ഇതെന്ന് മനസ്സിലാക്കാതെയാണ് വീട്ടുകാർ അത് അവിടെ തൂക്കിയിട്ടിരുന്നത്. എന്നാൽ, കണ്ണാടിയുടെ ചരിത്രമറിഞ്ഞ് വീട്ടുകാരും, നാട്ടുകാരും ഒരുപോലെ ഞെട്ടി. തങ്ങൾ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേരി ആന്റൊനൈറ്റ് ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ്, ഫ്രാൻസിലെ അവസാനത്തെ രാജ്ഞിയായിരുന്നു. ഫ്രാൻസിലെ അവരുടെ കൊട്ടാരത്തിൽ ഈ കണ്ണാടി പ്രദർശനത്തിനു വച്ചിരുന്നതായി കണക്കാക്കുന്നു. എന്നാൽ, കുടുംബം ഈ കഥയൊന്നുമറിയാതെ കഴിഞ്ഞ 40 വർഷമായി ഇത് ശുചിമുറിയുടെ ചുവരിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. 20 ഇഞ്ച് നീളവും 16 ഇഞ്ച് വീതിയുമുള്ള ഈ കണ്ണാടിയുടെ അരിക് ചിത്രപ്പണികൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.
1980 -കളിൽ കുടുംബത്തിനു പാരമ്പര്യമായി കിട്ടിയ ഈ കണ്ണാടി അന്ന് മുതൽ ശുചിമുറിയുടെ ചുവരിൽ തൂങ്ങുകയാണ്. അവർക്ക് അതിന്റെ മൂല്യം മനസ്സിലാക്കി കൊടുത്തത് ലേലക്കാരനായ ആൻഡ്രൂ സ്റ്റോവാണ്. “ചരിത്രത്തിലെ ഒരു പ്രശസ്‍തയായ വ്യക്തി ഈ കണ്ണാടിയിലേയ്ക്ക് നോക്കിയിരുന്നു എന്ന് ഓർക്കുമ്പോൾ തന്നെ രോമഞ്ചം തോന്നുന്നു’ആൻഡ്രൂ പറഞ്ഞു.
കണ്ണാടിയ്ക്ക് താഴെയുള്ള ഒരു വെള്ളി ഫലകത്തിൽ അതിന്റെ മുൻ ഉടമയുടെ പേര് രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഇത് ഒരു തമാശയാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. കണ്ണാടി ഒരാഴ്ചക്ക് ശേഷം ബ്രിസ്റ്റോളിൽ ലേലം ചെയ്യപ്പെടും. 1770 -ൽ ലൂയി പതിനാറാമനെ വിവാഹം കഴിച്ച ശേഷമാണ് മേരി ആന്റൊനൈറ്റ് രാജ്ഞിയായത്.