ശുദ്ധികലശം ചെയ്യേണ്ടത് ഗര്‍ഭഗൃഹങ്ങളല്ല നമ്മുടെ മനസ്സുകളാണ്. മുഖം മൂടിയും കുറുവടിയുമായി ഈശ്വരന് കാവല്‍ നില്‍ക്കുന്നവര്‍ വിരോധാഭാസമാണ്. സ്ത്രീയെ ദേവതയായി പൂജിക്കുന്നു എന്നു വീമ്പു പറയുമ്പോഴും, അതേ ദേവത കാലു കുത്തിയാല്‍ അശുദ്ധി എന്ന പിന്തിരിപ്പന്‍ ചിന്തയും .
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
ഇതാര് മാളികപ്പുറത്തമ്മയോ .....?
ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട ഞാന്‍ ക്ലാസ്സിലേയ്ക്ക് കയറിച്ചെന്നതും രത്‌നമ്മ ടീച്ചറിന്റെ ചോദ്യം. ഞങ്ങളുടെ ക്ലാസ് ടീച്ചറാണ് രത്‌നമ്മ ടീച്ചര്‍. അന്ന് ആ ക്ലാസ്സില്‍ നിന്നും മലയ്ക്കു പോകാനായി മാലയിട്ട ഒരേയൊരാള്‍ ഞാന്‍ മാത്രമായിരുന്നു. കൂട്ടുകാരെല്ലാം സ്‌നേഹത്തോടെ ചുറ്റും കൂടി.പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. ഒന്‍പത് വയസ്സുകാരിയായ ഞാന്‍ സ്വാമിനിയായി അല്‍പം പൊങ്ങി നടന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ , ഈ സ്വാമിനീപട്ടം മനോവേദനയിലേയ്ക്ക് വ്യതിചലിക്കുന്നത് ഉച്ചനേരത്താണ്. എല്ലാവരും വട്ടം കൂടി ഇരുന്നാണ് ചോറുണ്ണുന്നത്. ചോറു കൊണ്ടു വരാത്തവര്‍ കഞ്ഞിയും പയറും വാങ്ങി ആ വട്ടത്തില്‍ കണ്ണികളാകും. എല്ലാവരും പാത്രം തുറക്കുന്നതു മാത്രമേ ഓര്‍മ്മ കാണു. ആരൊക്കെ എന്തൊക്കെ കഴിച്ചെന്നോ, എന്തൊക്കെ കൊണ്ടുവന്നെന്നാ ആര്‍ക്കും ഒരു തിട്ടവുമില്ല. മനസ്സും വയറും നിറഞ്ഞ് എല്ലാവരും കലപിലാ ബഹളത്തോടെ ഓടിപ്പോയി പാത്രം കഴുകിവെയ്ക്കും.
പക്ഷെ വ്രതം തുടങ്ങിയതോടെ വീട്ടില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം വന്നു. 'ആരുടെയും പാത്രത്തില്‍ കയ്യിടരുത്. ആരും തരുന്നത് കഴിക്കരുത്.'
'പച്ചക്കറിയാണേല്‍ വാങ്ങിച്ചൂടെ ....' എന്നായി ഞാന്‍.
'വേണ്ട വേണ്ട അവരുടെ അമ്മമാരൊക്കെ വല്ല തീണ്ടാരീം ഒക്കെ ആയിട്ട് ഇരിക്കുവാണോന്ന് ആര്‍ക്കറിയാം ...'
കുറച്ചു ദിവസത്തേയ്ക്ക് മാറി ഇരുന്ന് കഴിച്ചോളു എന്നായി അമ്മ. കൂട്ടുകാരുടെ വീട്ടില്‍ പോക്കിനൊക്കെ വിലക്കു വീണു. മാല ഇടണ്ടായിരുന്നു എന്ന് ഞാനും. വീട്ടിലും കഠിനമായ വ്രതചര്യ തന്നെ. നാല്‍പ്പത്തി ഒന്നു ദിവസം കര്‍ശന വ്രതം .എല്ലാ ദിവസവും അമ്മ വീട് തൂത്തു തുടയ്ക്കും. പൊതുവെ ഏഴര നാഴിക വെളിപ്പിനെ ഉണരുന്ന ആളാണ് എന്റെ അമ്മ. ഹരിനാമകീര്‍ത്തനവും ആദിത്യ കീര്‍ത്തനവും ഒക്കെ ചൊല്ലി വിളക്കും കത്തിച്ച് വെച്ചിട്ട് അമ്മ പതിവുപോലെ അടുത്ത ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിന് പോകും. തിരിച്ചു വരുന്നതിനകം ഞാന്‍ കുളിച്ച് വിളക്കിനടുത്തിരുന്ന് അയ്യപ്പ കീര്‍ത്തനം ചൊല്ലിയിരിക്കണം.
ശബരിമലയ്ക്ക് പോകുന്നതിന്റെ ആദ്യപടി എന്നു പറയുന്നത് മാലയിടീല്‍ ആണ്. അതിനായി തെരഞ്ഞെടുക്കുന്നത് ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും . ചെത്തി ഒരുക്കി വെടിപ്പാക്കിയ തേങ്ങയുമായി കുറേപ്പേര്‍ ചേര്‍ന്ന് ശാസ്താംകോട്ടയ്ക്ക് പുറപ്പെടും. അയ്യപ്പന് തേങ്ങ അടിച്ച്, അവിടുന്ന് പൂജിച്ചു തരുന്ന മാല ശരണം വിളിയോടെ കഴുത്തില്‍ ചാര്‍ത്തും. പിന്നെ എല്ലാം തത്വമസി. തിരിച്ചു വരുന്ന വഴി ഓച്ചിറ പരബ്രഹ്മത്തിനെയും തൊഴുത് നേരെ വീട്ടിലേയ്ക്ക്. അപ്പഴേയ്ക്കും നമ്മളെ സ്വീകരിക്കാനായി വീടും പരിസരവും ഒരുങ്ങിക്കഴിയും. അന്ന് സന്ധ്യയ്ക്ക് കൊളുത്തുന്ന നിലവിളക്ക് നാല്‍പ്പത്തി ഒന്നു ദിവസവും കെടാതെ എരിയണം . അതാണ് ആചാരം. അല്ലങ്കില്‍ പോകുന്ന വഴിക്ക് തടസ്സം ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു.
ആങ്ങള ഒരിക്കല്‍ പോലും നാമം ചൊല്ലലില്‍ പങ്കെടുത്തതായി എന്റെ അറിവിലില്ല.
അന്നൊക്കെ എന്റെ നാട്ടില്‍ ശബരിമലയ്ക്കു പോകുന്ന വീടുകള്‍ ഒറ്റ നോട്ടത്തില്‍ അറിയാം. വീടിന്റെ തെക്കുഭാഗത്തായി ഒരു ഓലക്കുടില്‍കെട്ടും. അതിനു വേണ്ടി കുറേ ദിവസം മുന്നേ തന്നെ ഓല വെട്ടി കായലില്‍ കുതിര്‍ത്ത് മെടഞ്ഞ് അടുക്കി വെച്ചിട്ടുണ്ടാകും. ഈ ഓലകളാണ് കുടില്‍ കെട്ടാനായി ഉപയോഗിക്കുന്നത്. എന്നിട്ട് ചുറ്റിനും കുരുത്തോല കൊണ്ട് അലങ്കരിക്കും .വീടിന്റെ പരിസരമെല്ലാം പുല്ലൊക്കെ ചെത്തി മനോഹരമാക്കും. രാവിലെയും വൈകിട്ടും പരിസരം എല്ലായിടവും തൂത്ത് വെടിപ്പാക്കി കടല്‍വെള്ളം കുടയും. കടല്‍തീരത്തു നിന്നും കൊണ്ടുവരുന്ന കരിമണല്‍ നിരത്തി കുടിലിനകം ഒന്നൂടെ മനോഹരമാക്കും. ഇപ്പോഴത്തെ ഗ്രാനൈറ്റ് തറപോലെ അതങ്ങനെ നക്ഷത്ര ശോഭയോടെ തിളങ്ങി നില്‍ക്കും. അതിനു മുകളില്‍ തഴപ്പായ വിരിച്ച് നിരന്നിരുന്നാണ് നാമം ചൊല്ലല്‍. അയ്യപ്പന്റെ ഫോട്ടോ ഒക്കെ വെച്ച് നാല്‍പ്പത്തി ഒന്നു ദിവസവും രണ്ടു നേരവും മുടങ്ങാതെ ഈ ഓലക്കുടിലിനുള്ളില്‍ നാമം ചൊല്ലല്‍ നിര്‍ബന്ധം. അതില്‍ സന്ധ്യയ്ക്കാണ് കീര്‍ത്തനം ചൊല്ലലും കൂട്ടപ്രാര്‍ത്ഥനയും. അച്ഛനാണ് നാമം ചൊല്ലിത്തരുന്നത്. അച്ഛന്റെ അഭാവത്തില്‍ വല്യമ്മയും. അടുത്ത വീട്ടുകാരെല്ലാം ഇതില്‍ പങ്കാളികളാണ്.
'അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
ശബരി മാമല ശാസ്താവേ പാഹിമാം ''
ഇതാണ് ഞങ്ങള്‍ കോറസ് പാടേണ്ടത്. എന്നെ മലയ്ക്കു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം നിക്ഷിപ്തമായിരിക്കുന്നത് മൂത്ത ആങ്ങളയിലാണ്. പക്ഷെ, വിരോധാഭാസം എന്താന്നു വെച്ചാല്‍ ആങ്ങള ഒരിക്കല്‍ പോലും നാമം ചൊല്ലലില്‍ പങ്കെടുത്തതായി എന്റെ അറിവിലില്ല. എന്നാല്‍ നമ്മളൊരു ദിവസം താമസിച്ചാല്‍ ഉടനെ അമ്മ പറയും, 'നീ നാമം ചൊല്ലാതെ കറങ്ങി നടന്നോ പുലി പിടിച്ചോണ്ട് പോവുകയേ ഉള്ളു' എന്ന്.
ഓലക്കുടിലിലേയ്ക്ക് എപ്പോഴും എല്ലാവരുടെയും ശ്രദ്ധ ഉണ്ടായിരിക്കും. ഒരു നേരിയ കാറ്റു പോലും വന്ന് വിളക്ക് കെടാതിരിക്കാന്‍ ഒരു കര്‍ട്ടനും സ്ഥാപിച്ചിട്ടുണ്ടാവും. നിറച്ച് എണ്ണ ഒഴിച്ച് വിളക്കങ്ങനെ തെളിഞ്ഞു കത്തും. ഇടയ്ക്ക് വിളക്ക് തേച്ച് കഴുകേണ്ടി വരുമ്പോള്‍, മറ്റൊരു വിളക്ക് കൊണ്ടു വെച്ച് ആദ്യ വിളക്കില്‍ നിന്ന് ദീപം പകര്‍ന്ന് രണ്ടാം വിളക്ക് തെളിച്ചതിനു ശേഷമേ ആദ്യ വിളക്ക് കെടുത്തുകയുള്ളു. നാല്‍പ്പത്തി ഒന്നു ദിവസവും വീട്ടിനുള്ളില്‍ മത്സ്യ മാംസാദികള്‍ കയറ്റില്ല. രാവിലെയും വൈകിട്ടും കുളി നിര്‍ബന്ധം .
'നീ കൂട്ടുകാരുടെ വീട്ടിലെങ്ങും കയറി ഒന്നും കഴിച്ചേക്കരുത്. ശുദ്ധി ഉണ്ടാവോന്ന് അറിയില്ല.
പക്ഷെ എല്ലാ ദിവസവും അച്ഛനു പച്ചക്കറി കഴിക്കാന്‍ പറ്റില്ല. ഗ്യാസ്ട്രബിള്‍ എന്ന വില്ലന്‍ വരുമത്രെ. ആ ഒരു പേരില്‍ അച്ഛനും കൂടി ചേര്‍ത്ത് വല്യമ്മ മീന്‍ കറിവെയ്ക്കും. അമ്മ ചോറുവിളമ്പി വല്യമ്മയുടെ വീട്ടില്‍ കൊണ്ടു വെയ്ക്കും. അവിടുന്ന് മീന്‍കറിയും കൂട്ടിയാണ് അച്ഛന്റെ ഭക്ഷണം. എന്തു പ്രശ്‌നം വന്നാലും ഞാന്‍ വ്രതം തെറ്റിക്കാന്‍ ഒരുക്കമേ അല്ലായിരുന്നു. കാരണം പുലി തന്നെ. സാധാരണയായി എല്ലാ ദിവസവും സ്‌കൂളിലേക്ക് പോകുന്നത് അമ്പിളിമോന്റെ വീട്ടില്‍ ചെന്നിട്ട് അവനുമായിട്ടാണ്. മാല ഇട്ടതോടെ പ്രശ്‌നമായി. 'നീ അവിടെ ചെന്ന് വീട്ടിനകത്തൊന്നും കയറാന്‍ നില്‍ക്കണ്ട വെളിയില്‍ നിന്ന് വിളിച്ചാല്‍ മതി' എന്നായി അമ്മ. എന്റെ മുഖം വീര്‍പ്പിക്കല്‍ കാണുന്നുടനെ അമ്മ പറയും ,'ആനയും പുലിയും ഒന്നും പിടിക്കണ്ടങ്കില്‍ മതി'.
സ്‌കൂളില്‍ നിന്ന് തിരിച്ചു വരുന്നത് 'കിഴക്കന്‍ വഴി' എന്ന് ഞങ്ങള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന കായലിറമ്പിലൂടെയാണ്. ആ വരവിലെ കുട്ടിസംഘത്തിലെ പ്രധാന കൂട്ടുകാരന്‍ ഹരിയാണ്. സാധാരണ അവന്റെ വീട്ടിലും അടുത്തുള്ള കൂട്ടുകാരുടെ വീട്ടിലും ഒക്കെ കയറി തട്ടീം മുട്ടീം ഒക്കെയാണ് വീട്ടിലെത്തുന്നത്. പക്ഷെ, ഒരു മുഴം മുന്നേതന്നെ അമ്മ എറിഞ്ഞു. 'നീ കൂട്ടുകാരുടെ വീട്ടിലെങ്ങും കയറി ഒന്നും കഴിച്ചേക്കരുത്. ശുദ്ധി ഉണ്ടാവോന്ന് അറിയില്ല. പുറത്തായവര് മാറി ഇരിക്കുന്ന വഴീലെന്നും നിന്നേക്കരുത്. അറിയാല്ലൊ പുലി ....!'
വൈകുന്നേരം കടല്‍പ്പുറത്ത് കരിമണ്ണില്‍ കൂട്ടുകാരുമൊത്തുള്ള തിമര്‍പ്പന്‍ കളി മാല ഇട്ടതോടെ അവസാനിച്ചു. തീണ്ടാരി ആയവരുടെ മക്കള്‍ ആരെങ്കിലും കൂട്ടത്തില്‍ കളിക്കുമ്പോള്‍ തൊട്ടും പിടിച്ചും വ്രതം പോകുമത്രെ. പക്ഷെ വിരോധാഭാസം എന്താന്നു വെച്ചാല്‍ , എന്നോടൊപ്പം മലകയറാന്‍ നില്‍ക്കുന്ന ആങ്ങളയ്ക്ക് മേല്‍ ഇങ്ങനുള്ള യാതൊരു നിയന്ത്രണവുമില്ല. ചോദ്യവുമില്ല പറച്ചിലുമില്ല. അതെന്താണന്ന് അമ്മയോട് എനിക്ക് ചോദിക്കാനും പറ്റില്ല. ഉടനേ വരും 'പുലി....'. നാല്‍പ്പത്തി ഒന്നു ദിവസവും ചെരുപ്പിടാന്‍ പാടില്ല. സ്‌കൂളില്‍ പോക്കും അങ്ങനെ തന്നെ. ഒരു ദിവസം വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുന്നതിനിടയില്‍ ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു, 'നീയെന്താ മലയ്ക്കു പോകാത്തത്?'
'ഞങ്ങള്‍ ആണ്‍കുട്ടികളല്ലെ വലുതായാലും പോകാന്നു അമ്മ പറഞ്ഞു. പെണ്‍കുട്ടികള്‍ വലുതായാല്‍ പറ്റില്ലാത്രെ ..'
'അതെന്താ ?'
പെണ്‍കുട്ട്യോള് വലുതായി കഴിയുമ്പോള്‍ നീളന്‍പാവാടയും സാരിയും ഒക്കെ ഉടുത്ത് മലചവിട്ടി കയറുന്നത് ബുദ്ധിമുട്ടായതു കൊണ്ടായിരിക്കും അല്ലെ ..?'
ആയിരിക്കും...ഞങ്ങള്‍ ഉറപ്പിച്ചു. നോക്കണേ ഒന്‍പത് വയസ്സുകാരുടെ യമണ്ടന്‍ കണ്ടു പിടുത്തം.
ഉടനെ അമ്മ പറയും, 'നീ നാമം ചൊല്ലാതെ കറങ്ങി നടന്നോ പുലി പിടിച്ചോണ്ട് പോവുകയേ ഉള്ളു' എന്ന്.
ഒരു ദിവസം സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ വീട്ടില്‍ അമ്മയില്ല. അമ്മേ.... എന്ന നീട്ടി വിളിക്ക് ഉത്തരം തന്നത് വല്യമ്മ . 'നീ കുളിച്ചിട്ട് വന്ന് ചായ എടുത്ത് കുടിക്ക് . ഭക്ഷണം ലിസ വന്ന് എടുത്തു തരും. പറഞ്ഞതൊന്നും വകവെയ്ക്കാതെ അപ്പുറത്തെ വീട്ടിലേയ്ക്ക് ഓടിച്ചെന്ന എന്നെ കണ്ടതും ഒരു മാറാരോഗിയെ പോലെ അമ്മ ഓടി മാറി. അന്ന് നാമം ചൊല്ലലില്‍ കോറസ് പാടാതെ ഞാന്‍ ഒരു മൂലയ്ക്കിരുന്നു. എല്ലാ ദിവസവും രാവിലെ കുളി കഴിഞ്ഞാല്‍ അമ്മയാണ് മുടി ചിക്കി ഉണക്കി ചീകി രണ്ടായിട്ട് പിന്നി റിബണ്‍ കൊണ്ട് കെട്ടി എന്നെ സ്‌കൂളിലേയ്ക്ക് അയയ്ക്കുന്നത്. മുടി കെട്ടിത്തരാന്‍ ലിസചേച്ചി വന്നെങ്കിലും യാതൊരു സന്ധിയിലും പെടാതെ, ഈറന്‍ പിന്നലും ചെയ്ത് ഞാന്‍ സ്‌കൂളിലെത്തി .അതിശയം എന്നല്ലാതെന്തു പറയാന്‍, രത്‌നമ്മ റ്റീച്ചറിന് ഒരു കലിപ്പുമില്ല ....! ഹോംവര്‍ക്ക് ചെയ്യാഞ്ഞിട്ടും കോപ്പി എഴുതാഞ്ഞിട്ടും അടിയുമില്ല. മാളികപ്പുറം എന്ന ആരാധന വേറെയും ...! നാല് ദിവസം കഴിയുന്നതോടെ അമ്മ പുറത്തെ ജോലിയൊക്കെ ചെയ്യും. ഏഴ് ദിവസം കഴിയുന്നതോടെ വീടെല്ലാം തൂത്തു തുടച്ച് വീണ്ടും പഴയപടി. അങ്ങനെ, ഇതെന്തോ ഭയങ്കര സംഭവമാണന്ന് ഞാനും ഉറപ്പിച്ചു. പുലിയെ പേടിയുള്ള കാരണം സംശയങ്ങളൊന്നും ചോദിച്ചുമില്ല.
ആള്‍ക്കാര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു വലിയ സംഘമായാണ് അന്നൊക്കെ മലയ്ക്ക് പോക്ക്. കെട്ടുനിറയ്ക്കാനും പൂജകള്‍ ചെയ്യാനും ഒരു പെരിയസ്വാമി ഉണ്ടാകും .. 'തൂത്തുവാരി അപ്പൂപ്പന്‍' എന്ന ഓമനപ്പേരില്‍ ഞങ്ങളൊക്കെ വിളിക്കുന്ന നാടിന്റെ സ്വന്തം അപ്പൂപ്പനാണ് അന്നത്തെ പെരിയസ്വാമി. ശബരിമല പോക്കിന്റെ മറ്റൊരു പ്രധാന ചടങ്ങാണ് 'വിത്ത് വെള്ളത്തില്‍ വെയ്പ'. അതിനായി നേരത്തെ തന്നെ നെല്ല് വാങ്ങി വെയ്ക്കും. നെല്ല് പുഴുങ്ങാനുള്ള അടുപ്പ് തയാറാക്കലാണ് മറ്റൊരു ചടങ്ങ്. പുതിയ ഇഷ്ടികകള്‍ കൊണ്ട് വന്ന് ചാണകം മെഴുകി വെയിലത്തുവെച്ച് ഉണക്കിയെടുക്കും. നെല്ല് പുഴുങ്ങാനായി പുതിയ മണ്‍കലവും ചിരട്ട തവിയും വാങ്ങി വെയ്ക്കും. നെല്ല് ഉണക്കാനായി പുതിയ പായയും. മലയ്ക്ക് പോകുന്നതിന് രണ്ടു ദിവസം മുന്നേയാണ് വിത്തുവെള്ളത്തില്‍ വെയ്പ്. സന്ധ്യയാകുന്നതോടെ ചടങ്ങ് തുടങ്ങും. ഓരോ വീട്ടിലും കയറി ഇറങ്ങി അപ്പൂപ്പനും സംഘവും ഇങ്ങെത്തുമ്പൊഴേയ്ക്ക് നേരം പാതിരാ കഴിയും. മാലയിട്ടവര്‍ ഉറങ്ങരുതെന്നാണ് ചട്ടം. അതു കൊണ്ട് കണ്ണാക്കെ വലിച്ചു തുറന്ന് തൂങ്ങി തൂങ്ങി അങ്ങനിരിക്കും. അപ്പോഴും ആങ്ങള പത്തായത്തിന്റെ പുറത്തു കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നത് കാണാം. പക്ഷെ ഞാനും അമ്മയും പൂമാലകെട്ടിയ കലവും മാത്രം ശരണം വിളിയും കാതോര്‍ത്ത് അങ്ങനെ ഇരിക്കും. അപ്പൂപ്പനും സംഘവും എത്തുന്നതോടെ ദക്ഷിണ കൊടുത്ത് ചടങ്ങു തുടങ്ങും. മാലയിട്ടവരും അമ്മയും മൂന്നു കൈക്കുമ്പിള്‍ വീതം നെല്ല് മണ്‍കലത്തിലേയ്ക്ക് ഇടണം. അതാണ് ചടങ്ങ് .എന്നിട്ട് വീട്ടിലെ പുരുഷന്മാരെല്ലാം ശരണം വിളിച്ച് ആ സംഘത്തോടൊപ്പം പോകും. ഞാനും ഓലക്കുടിലിനുള്ളില്‍ ഉറക്കം പിടിക്കും. അമ്മ നെല്ല് പുഴുങ്ങി മാറ്റി വെച്ചിട്ട് വെളുപ്പിനെയുള്ള സാധാരണ ചടങ്ങിലേയ്ക്ക് മാറും. വെയില്‍ വന്നാലുടന്‍ വലിയ പായ വിരിച്ച് നെല്ല് ഉണക്കാനിടും. ഇത് കുത്തി അരിയാക്കി വേണം കെട്ട് നിറയ്ക്കാന്‍ . മലയ്ക്ക് പോക്കിന്റെ അന്നത്തെ ദിവസം ശരിക്കും ഒരുത്സവ പ്രതീതിയാണ്. ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരും ഒക്കെ ആയി ആകെ ഒരു ബഹളംതന്നെ. കുറഞ്ഞത് അഞ്ചും ആറും ദിവസമാണ് മലയക്ക് പോയി വരാനായി എടുക്കുന്നത് .അതുകൊണ്ട് തന്നെ യാത്രയയപ്പും ഗംഭീരം. അവലൂസ്‌പൊടി ഉണ്ടാക്കുന്നു, അരിഉണ്ട ഉണ്ടാക്കുന്നു, അവല്‍ വിളയിക്കുന്നു, നെല്ല് കുത്തുന്നു... ആകപ്പാടെ കൊതിപ്പിക്കുന്ന മണങ്ങള്‍ തന്നെ ചുറ്റും.
രാവിലെ കഞ്ഞിയും പുഴുക്കുമാണ് പ്രധാനം. അതില്‍ പങ്കുചേരാനായി എല്ലാവരും എത്തും. വൈകിട്ട് പായസസദ്യ വേറെ. സന്ധ്യയാകുന്നതോടെ ശരണം വിളികള്‍ കേട്ടു തുടങ്ങും. ഓരോരുത്തരുടെയും കെട്ടുകള്‍ നിറച്ച് വലിയൊരു സംഘമാണ് യാത്രയ്ക്ക് തയാറാവുന്നത്. കെട്ടും തലയില്‍ വെച്ച് വീടിന്റെ വാതില്‍ക്കല്‍ തേങ്ങയും അടിച്ച് ശരണം വിളിയോടെ യാത്ര തുടങ്ങും. കന്നിമലക്കാരെ യാത്രയാക്കാന്‍ വീട്ടുകാര്‍ എല്ലാവരും കൂടെ കാണും. എന്റെ നാട്ടില്‍ 'അയ്യായിരം ' എന്നൊരു സ്ഥലമുണ്ട്. എല്ലാവരും അവിടെ ഒത്തുകൂടി, പിന്നീടങ്ങോട്ട് അയ്യപ്പ സ്തുതികള്‍ ചൊല്ലിക്കൊണ്ടാണ് യാത്ര. ശരണം വിളികള്‍ കേള്‍ക്കുമ്പോഴേയ്ക്കും പല വീട്ടുകാരും പാതവക്കില്‍ നിലവിളക്ക് കൊളുത്തി അയ്യപ്പന്മാരെ എതിരേല്‍ക്കും. അപ്പഴേയ്ക്കും കടത്തിറക്കാന്‍ വള്ളങ്ങള്‍ സജ്ജമായിരിക്കും. 'വള്ളിക്കാവ് ' എന്ന കടവിലേയ്ക്ക് ഇറങ്ങി ഓച്ചിറവരെ നാമങ്ങളും ശരണം വിളികളുമായി നടക്കും. അര്‍ദ്ധരാത്രിയ്ക്കും അതിമനോഹര സൗന്ദര്യം എന്ന് ഞാനറിഞ്ഞ നാളുകളായിരുന്നു അത്. ഓച്ചിറ പരബ്രഹ്മത്തിനെയും കണ്ട് തൊഴുത്, അവിടെയും തേങ്ങയടിച്ച് അച്ഛന്റെയും അമ്മയുടെയും പാദങ്ങള്‍ തൊട്ട് വന്ദിച്ച് വണ്ടിയില്‍ കയറും. അന്നൊക്കെ അയ്യപ്പന്മാരെ യാത്രയയക്കുമ്പോള്‍ കൂടെ വരുന്നവര്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ചെങ്ങന്നൂരും ആറന്മുളയുമൊക്കെ പ്രധാന ഇടത്താവളങ്ങളാണ് പല ക്ഷേത്രങ്ങളിലും തൊഴുത് പല ഇടത്താവളങ്ങളിലും തങ്ങിയാണ് യാത്ര. ഇതിനിടയില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന അവലൂസ് പൊടിയും അരിഉണ്ടയും ഓറഞ്ചും അവലുമൊക്കെ കുറേശ്ശെ തീരുന്നുണ്ടാകും. ആ സംഘത്തില്‍ ഞങ്ങള്‍ രണ്ട് കന്നിമലക്കാരാണ് ഉണ്ടായിരുന്നത്.അതില്‍ ഒരേ ഒരു പെണ്‍തരി ഞാനും. അതു കൊണ്ടുതന്നെ എല്ലാവരുടെയും പ്രത്യേകശ്രദ്ധ എനിക്ക് മുകളിലായി . പക്ഷെ, ഞാന്‍ മാത്രം മറ്റുള്ളവരെയെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പമ്പയില്‍ എത്തുന്നതോടെ കെട്ടുകളെല്ലാം ഒരിടത്തേയ്ക്ക് മാറ്റിവെയ്ക്കും. പ്രാഥമിക കാര്യങ്ങള്‍ക്ക് പോക്കാണ് അന്നത്തെ ഏറ്റവും വലിയ രസം. ഏതൊക്കയോ കുന്നിന്‍ ചെരുവുകളില്‍. നല്ല കോടമഞ്ഞ് വീശുന്ന വെളുപ്പാന്‍ കാലത്ത് പമ്പയിലെ കുളി അതിലും മനോഹരം. എല്ലാവരും നീന്തി തിമിര്‍ത്ത് കുളിക്കുമ്പോള്‍, ഒരു കൊച്ചുപെറ്റിക്കോട്ടൊക്കെ ഇട്ട് തണുത്തു വിറച്ച് കിടുകിടാന്ന് പല്ലൊക്കെ കൂട്ടിയിടിച്ച്, കയ്യും പിണച്ച് നില്‍ക്കുന്ന എന്നെ ആങ്ങള തൂക്കി എടുത്ത് പമ്പയിലേയ്ക്ക് ഒരേറ്. കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളം. കുളിക്കുന്നതിനിടയില്‍ ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ പെറുക്കിയെടുത്ത് ഞാന്‍ കെട്ടിനടുത്ത് കൊണ്ടു വെച്ചു. ഒരുപാട് ജീവിതങ്ങള്‍ കണ്ടവരെ പോലെ ആ പാറക്കല്ലുകള്‍ നല്ല പതംവന്ന ധ്യാനശീലരായ് കെട്ടിനടുത്തിരുന്നു. കുളികഴിഞ്ഞ് ഈറന്‍ മാറി, പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് കെട്ടെടുത്ത് തലയില്‍ വെച്ച് മലകയറ്റം തുടങ്ങും. കയറ്റത്തിന്റെ ആയാസം തീര്‍ക്കാന്‍ പുറകില്‍ നിന്ന് ആരോ തള്ളി സഹായിക്കുന്നതു പോലെ വല്ലാത്തൊരു എനര്‍ജിയാണ് ഓരോ ശരണം വിളിയും. കൂട്ടത്തിലെ ഒരേ ഒരു പെണ്‍തരിയായ എനിക്ക് ഏറ്റവും പരിഗണന. കുറച്ചു ദൂരം തോളത്ത് എടുത്ത് കയറ്റാമെന്നായി ആങ്ങള. സ്വന്തം പാദത്താല്‍ മല ചവിട്ടി തന്നെ കയറണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ വിശ്വാസം ലംഘിച്ച് പുലിയുടെ വായില്‍പ്പെടാന്‍ ഞാന്‍ ഒരുക്കമേ അല്ലായിരുന്നു. ഇടയ്ക്ക് ഒന്നുരണ്ടിടത്തൊക്കെ ഇരുന്ന് അല്‍പ്പം വിശ്രമിച്ചൊക്കെയാണ് കയറ്റം. മല ഇറങ്ങി വരുന്ന അയ്യപ്പന്മാര്‍ ഗ്ലൂക്കോസ്സും ഓറഞ്ചും ഒക്കെ എന്റെ കൈകളിലേയ്ക്ക് വെച്ചു തന്നു.
പ്രധാന ഇടങ്ങളൊക്കെ കഴിഞ്ഞ് പതിനെട്ടാം പടിക്ക് താഴെ എത്തുമ്പോള്‍ ശരണം വിളിക്കു മുന്നില്‍ പ്രപഞ്ചം തന്നെ കീഴടങ്ങും. അന്ന് പതിനെട്ട് പടിയും കരിങ്കല്‍ പാകിയതായിരുന്നു. ഏതോ ഒരു പടിയുടെ ഒരല്‍പ്പം ഭാഗം അടര്‍ന്നു പോയതിന്റെ ഒരു ചെറിയ പാട് ശേഷിച്ചിരുന്നു. പിന്നീടാണ് സ്വര്‍ണ്ണം പൂശലൊക്കെ നടന്നത്. ഒന്നാം പടിയില്‍ കാല്‍ വെച്ചതും സഹായിക്കാന്‍ എത്തിയ പോലീസുകാരനെ തടഞ്ഞു കൊണ്ട് ആങ്ങള പറഞ്ഞു, 'അവള്‍ പടികള്‍ ചവിട്ടിക്കയറട്ടെ'. അങ്ങനെ ശരണ മന്ത്രത്തിന്റെ മായാലോകത്തില്‍ പെട്ട് മുകളില്‍ എത്തുമ്പഴോ... അതാ ഇരിക്കുന്നു സാക്ഷാല്‍ മാളികപ്പുറത്തമ്മ. നന്നായിക്കണ്ട് തൊഴാനായി, അയ്യപ്പന്റെ നടയ്ക്കു മുന്നില്‍ കെട്ടിയിരിക്കുന്ന അഴിയില്‍ എന്നെ കയറ്റി നിര്‍ത്തിയതോടെ ഞാനും ശാസ്താവും നേര്‍ക്കുനേര്‍. ശരിക്കും 'തത്വമസി'. അയ്യപ്പന് കാഴ്ചയായ് കൊണ്ടുവന്ന അരിയും പൂജാസാധനങ്ങളും അവിടെ നിക്ഷേപിച്ചു. നെയ്‌ത്തേങ്ങ അഗ്‌നിക്കും സമര്‍പ്പിച്ചു. ചുറ്റിനടന്ന് ക്ഷീണിച്ച് ഒരിടത്ത് ഇരിക്കുമ്പോള്‍ ദൂരേയ്ക്ക് വിരല്‍ ചൂണ്ടി അപ്പൂപ്പന്‍ പറഞ്ഞു, അവിടെയാണ് മകരജ്യോതി തെളിയുന്നത്. മകരജ്യോതിയെ കുറിച്ച് അമ്മ പറഞ്ഞു തന്ന് എനിക്കറിയാം. സംക്രാന്തി സമയത്ത് ഭഗവാന്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നതാണവിടെ. മൂന്നു പ്രാവശ്യം തെളിയുന്ന വിളക്ക് ഭഗവാന്റെ ചൈതന്യമാണ്. കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ അത്ഭുതമായി മകരജ്യോതി മനസ്സില്‍ കൊണ്ടു നടന്ന കാലം.
'അമ്മേ അവിടെ മാളികപ്പുറത്തിന്റെ അമ്പലമുണ്ട്. ആ ദേവി തീണ്ടാരിയാകുമ്പോള്‍ എവിടായിരിക്കും പോയിരിക്കുന്നത്....!'
മല ഇറക്കവും ഏറെ രസകരം. മലഞ്ചരിവിലൂടെയുള്ള നടപ്പാതയും വര്‍ണ്ണിക്കാനാവാത്ത പ്രകൃതി ഭംഗിയും ഹൃദയത്തെ കൊളുത്തി വലിക്കുന്ന ശരണം വിളിയും മനസ്സു തണുപ്പിക്കുന്ന ഇളം കാറ്റും ഉരുളന്‍ കല്ലുകളെ തഴുകി തലോടി കുണുങ്ങി ഒഴുകുന്ന പമ്പയും എത്ര വര്‍ണ്ണിച്ചാലും മതിയാവാത്ത അഭൗമ സുന്ദരിയായ പ്രകൃതി. പോകണം ഒരിക്കലെങ്കിലും ഓരോരുത്തരും ഈ പുണ്യഭൂമിയില്‍. ആരും ചുമക്കുന്ന ട്രോളിയില്‍ കയറിയല്ല ,സ്വന്തം പാദത്താല്‍ ചവിട്ടിക്കയറിത്തന്നെ പോകണം. ശരണ മന്ത്രം ഹൃദയതാളമാകുന്ന ഈ പ്രകൃതിയെ തൊട്ട് മല കയറിച്ചെല്ലുമ്പോള്‍ ഏതൊരാളും ആത്മീയതയുടെ പ്രപഞ്ച രഹസ്യത്തില്‍ തൊടും. തിരിച്ചുള്ള ഇറക്കത്തില്‍ താഴത്തായി ചെറിയ ഭക്ഷണക്കടകള്‍ ഉണ്ട്. കപ്പയും കഞ്ഞിയുമാണ് പ്രധാനം. ഒരാള്‍ക്ക് അഞ്ച് രൂപയാണ് അന്ന്. പാത്രത്തിനു മുന്നില്‍ ഇരുന്നിട്ട് എഴുന്നേറ്റാലും പത്തു പ്രാവശ്യം വാങ്ങിച്ചു കുടിച്ചാലും അഞ്ചു രൂപാ തന്നെ. പ്രത്യേകിച്ച് ഒന്നും വാങ്ങാനായി അവിടെ കടകളൊന്നുമില്ല. തിരിച്ച് ഓച്ചിറയില്‍ എത്തിയാണ് വീട്ടിലേയ്ക്ക് പൊരിയും അമ്മുമ്മക്കാത് എന്നു വിളിക്കുന്ന അരിവളയവും വാങ്ങുന്നത്. അതിനിടയില്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണം. അവിടുന്ന് നേരെ വീട്ടിലെത്തി നാല്‍പ്പത്തിഒന്ന് ദിവസം മുന്‍പ് കത്തിച്ചു വെച്ച നിലവിളക്ക് കണ്ട് തൊഴുത് മാല ഊരുന്നതോടെ വ്രതം പൂര്‍ണ്ണം. പിന്നീട് കുളിച്ചു വരുമ്പഴേയ്ക്ക് അമ്മ നല്ല മീന്‍ കറിയും വറുത്തതും ഒക്കെയായി ചോറ് വിളമ്പി വെച്ചിട്ടുണ്ടാവും .പക്ഷെ അപ്പഴേയ്ക്കും നമ്മള്‍ നല്ലൊരു സസ്യഭുക്കായി മാറിയിട്ടുണ്ടാകും.
ശബരിമല വിശേഷം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരുന്ന അമ്മയുടെയും വല്യമ്മയുടെയും മുന്നിലേയ്ക്ക് ഞാന്‍ ആദ്യം വെച്ചത് മാളികപ്പുറത്തിനെ ആയിരുന്നു.
'അമ്മേ അവിടെ മാളികപ്പുറത്തിന്റെ അമ്പലമുണ്ട്. ആ ദേവി തീണ്ടാരിയാകുമ്പോള്‍ എവിടായിരിക്കും പോയിരിക്കുന്നത്....!' ചോദിച്ചു തീരുന്നതിനു മുന്‍പേ അമ്മ എന്റെ വായ പൊത്തി. മലയും കുന്നും പമ്പയും ഒക്കെ കേട്ടതോടെ വല്യമ്മ സ്ഥിരം വാചകം ആവര്‍ത്തിച്ചു. 'ഈ ജന്മത്ത് ഒന്നു പോകാന്‍ കഴിയുമെന്ന് തോന്നണില്ല' . അവരുടെ ചെറുപ്പത്തില്‍ ഒന്നും അങ്ങനെ പെണ്‍കുട്ടികള്‍ പോകാറില്ല. കൊണ്ടുപോകാന്‍ പറ്റുന്ന പ്രായമായപ്പോള്‍ കെട്ട്യോനും മരിച്ചു. മക്കള്‍ടെ കൂടെ പോകാന്നു വെച്ചാല്‍ കാലും നടുവും പൊങ്ങാതായി. 'ട്രോളിയുണ്ട് വല്യമ്മേ' എന്നു പറഞ്ഞപ്പോള്‍, 'ഭഗവാനെ വിളിച്ചു വിളിച്ച് തന്നേചവിട്ടി കയറണം .അല്ലാതെ വല്ലവനും ചുമക്കുന്ന പല്ലക്കില്‍ കയറി എനിക്ക് പോകണ്ട' എന്നായി വല്യമ്മ. നമ്മുടെ ഭാരം മറ്റൊരാളെ കൊണ്ട് എടുപ്പിച്ചാല്‍ നമുക്ക് മോക്ഷം കിട്ടില്ലെന്ന് വല്യമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. ശബരിമല ഒരു മോഹം മാത്രമാക്കി കുറേനാള്‍ കഴിഞ്ഞപ്പോള്‍ വല്യമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഇങ്ങനെ എത്രയോ പേര്‍.....!
ഇന്ന് ആചാരങ്ങള്‍ എത്രയോ മാറി. നാല്‍പ്പത്തി ഒന്നു ദിവസത്തെ വ്രതങ്ങള്‍ അവസാനിച്ചു. ഒന്‍പതും ഏഴും മൂന്നും ദിവസമായി വ്രതം ചുരുങ്ങി. നാട്ടിലൊരിടത്തും ശബരിമല കുടിലുകള്‍ കാണാനേയില്ല. സ്വന്തമായി കുത്തിയെടുത്ത അരിയുമായി ഭഗവാനെ കാണാന്‍ പോകുന്നവര്‍ ഉണ്ടോന്നറിയില്ല. ശരണം വിളികളില്ല, പാതവക്കില്‍ ദീപങ്ങളുമില്ല. നാല്‍പ്പത്തി ഒന്നു ദിവസത്തെവിളക്കില്ല, ഭക്ഷണത്തില്‍ ചിട്ടകളില്ലേയില്ല . മാല ഇടുന്നതിന് അയ്യപ്പക്ഷേത്രങ്ങള്‍ വേണ്ട. അടുത്തുള്ള ഏതെങ്കിലും ക്ഷേത്രം മതി .എല്ലാം സൗകര്യപൂര്‍വ്വം നമ്മള്‍ മാറ്റി.
ആത്മസമര്‍പ്പണത്തിന്റെ ഭക്തിയില്‍ നിന്ന് യുവതികളെ മാറ്റിനിര്‍ത്തുന്നതിന്റെ യുക്തി എന്താണ്? കാടും മലയും കടന്ന് ദിവസങ്ങളോളം യാത്ര ചെയ്യേണ്ടിയിരുന്ന കാലത്ത് പൊതുവെ കായിക ക്ഷമത കുഞ്ഞ സ്ത്രീകള്‍ പിന്നിലേയ്ക്ക് നിന്നു എന്നത് സത്യം. എന്നിട്ടും സാമൂഹിക നിലയുടെ ഉന്നതിയിലുള്ള സ്ത്രീകള്‍ പലരും മല ചവിട്ടി. സാധാരണക്കാരന്‍ അപ്പോഴും പറ്റിക്കപ്പെട്ടു. മകരജ്യോതി എന്ന അത്ഭുതം മനുഷ്യര്‍ തെളിക്കുന്ന വിളക്കാണന്ന് മിടുക്കന്മാര്‍ കണ്ടു പിടിക്കുന്നതു വരെ സാധാരണക്കാര്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ അത് കെ എസ് ഇ ബി തെളിക്കുന്ന വെറും പ്രകാശമാണന്നറിയുന്ന യുക്തി. പഞ്ചേന്ദ്രിയങ്ങളെ ജയിച്ച ബ്രഹ്മചാരിയുടെ മുന്നില്‍ സ്ത്രീ ചെന്നാലെന്ത് പുരുഷന്‍ ചെന്നാലെന്ത്....!
ആത്മീയതയുടെ ശരണം വിളി ഓരോ മനസ്സുകളിലും മുഴങ്ങുന്ന യഥാര്‍ത്ഥ തത്വമസിയുടെ സുദിനം വരുക തന്നെ ചെയ്യും.
ഭഗവാനേ അങ്ങയുടെ ബ്രഹ്മചര്യത്തെപോലും കുറച്ചു കളയുന്ന രീതിയിലേക്ക് കേരള സമൂഹം അധ:പതിച്ചു പോയിരിക്കുന്നു. കടന്നു പോയ പ്രളയത്തില്‍ ആര്‍ത്തവ രക്തം കലര്‍ന്ന ജലത്തില്‍ ദേവന്മാര്‍ നിശബ്ദരായി മുങ്ങിക്കിടന്നു. ഒരു കൊച്ചു കുഞ്ഞ് അറിയാതെ ക്ഷേത്രത്തില്‍ മൂത്രം ഒഴിച്ചു പോയാല്‍, അശുദ്ധി എന്ന് അലറി വിളിക്കുന്നവര്‍ പ്രളയത്തിന്റെ വിധിയെഴുത്തില്‍ തലകുനിച്ചു നിന്നു. ശുദ്ധികലശം ചെയ്യേണ്ടത് ഗര്‍ഭഗൃഹങ്ങളല്ല നമ്മുടെ മനസ്സുകളാണ്. മുഖം മൂടിയും കുറുവടിയുമായി ഈശ്വരന് കാവല്‍ നില്‍ക്കുന്നവര്‍ വിരോധാഭാസമാണ്. സ്ത്രീയെ ദേവതയായി പൂജിക്കുന്നു എന്നു വീമ്പു പറയുമ്പോഴും, അതേ ദേവത കാലു കുത്തിയാല്‍ അശുദ്ധി എന്ന പിന്തിരിപ്പന്‍ ചിന്തയും .
ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളെയും നമ്മള്‍ പ്രയോജനപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആവശ്യാനുസരണം ആര്‍ത്തവത്തെപോലും മാറ്റിവെയ്ക്കാന്‍ കഴിയുന്നു. ജനനം മുതല്‍ മരണം വരെ ശാസ്ത്രത്തെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോഴും, ആര്‍ത്തവത്തെ കുറിച്ച് ശാസ്ത്രം പറയുന്നതിനെ മാത്രം നമ്മള്‍ അംഗീകരിക്കുന്നില്ല. സ്ത്രീകള്‍, ഇന്നും വെറും പെണ്ണുങ്ങളായി അധ:പതിച്ച് അശുദ്ധര്‍ എന്ന ലേബലും ചാര്‍ത്തി ഓടി മാറുന്നു.
അയ്യപ്പന്‍ എന്നത് ഏതൊരു അവതാരം പോലെയും ഒരു വിശ്വാസം മാത്രം. ഒരു പുരുഷന്‍ അവന്റെ ജീവിതയാത്രയുടെ ആത്മീയ പരകോടിയില്‍ എത്തി നില്‍ക്കുന്ന ഉത്കൃഷ്ട ഭാവം. വാക്കും പ്രവൃത്തിയും ഇന്ദ്രിയങ്ങളും ഒരു സ്ത്രീയുടെ നേരെ എത്രത്തോളം നിയന്ത്രണ വിധേയമാക്കണം എന്നുകൂടി ഭഗവാന്‍ പഠിപ്പിക്കുന്നു. അതു കൊണ്ടാണ്, ഞാന്‍ ബ്രഹ്മചാരിയാണ്, ഈ പരിസരത്ത് കണ്ടു പോയേക്കരുത് എന്ന് പറഞ്ഞ് മാളികപ്പുറത്തിനെ തല്ലി ഓടിക്കാതെ, ഏറ്റവും ഉത്കൃഷ്ട സ്ഥാനം നല്‍കി സമീപത്തുതന്നെ പ്രതിഷ്ഠിച്ചത്.
പരമശിവനെ നടരാജനായും ചുടലധാരിയായും ഓച്ചിറ പരബ്രഹ്മമായും നാം ആരാധിക്കുന്നു. നാരായണനെ അനന്തശായിയായും ഗുരുവായൂരപ്പനായും കൂടെ കളിക്കുന്ന ഉണ്ണിക്കണ്ണനായും ആരാധിക്കുന്നു. ദേവീഭാവത്തിനുമുണ്ട് പല രൂപങ്ങള്‍. സരസ്വതി, ലക്ഷ്മി, കാളി, ചാമുണ്ഡി, ചുടലഭദ്രകാളി എന്നിങ്ങനെ. അതു പോലെ തന്നെ ശാസ്താവിന്റെ ഒരു ഭാവമാണ് അയ്യപ്പന്‍.
കാലത്തിന് അതിന്റേതായ തീരുമാനങ്ങളുണ്ട്. ആരൊക്കെ തടഞ്ഞു നിര്‍ത്തിയാലും നടപ്പാക്കപ്പെടുന്ന ശക്തമായ തീരുമാനങ്ങള്‍. മാറ്റിനിര്‍ത്തലുകള്‍ ഇല്ലാത്ത, മേലാളഗര്‍ജ്ജനങ്ങളില്ലാത്ത ഒരു പൊന്‍പുലരി വരും. ഏതൊരാള്‍ക്കും നിര്‍ഭയം കടന്നു ചെല്ലാവുന്ന തികഞ്ഞ ആത്മീയതയുടെ ശരണം വിളി ഓരോ മനസ്സുകളിലും മുഴങ്ങുന്ന യഥാര്‍ത്ഥ തത്വമസിയുടെ സുദിനം വരുക തന്നെ ചെയ്യും.