വാർത്തകൾ വായിക്കുന്നത് ഷാനു മുഹമ്മദ്; വിയ്യൂർ ജയിലിലെ ചാനൽ വിശേഷങ്ങൾ

By Web Team  |  First Published Jun 2, 2019, 5:35 PM IST

ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍. എഡിറ്റിംഗിനായി പ്രത്യേക സംഘം വേറെ. തടവുകാരുടെ നിയമസംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയൻറാണ് മറ്റൊരു ആകര്‍ഷണം


തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിന്‍റെ സ്വന്തം ചാനലിൽ വാർത്തകൾ വായിക്കാൻ മേക്കപ്പിട്ട് ഒരുങ്ങി വരുന്നത് ഷാനു മുഹമ്മദാണ്. ഷാനു മാത്രമല്ല പരിപാടികൾ അവതരിപ്പിക്കുന്നവരും എഡിറ്റ് ചെയ്യുന്നവരുമെല്ലാം വിയ്യൂർ ജയിലിലെ അന്തേവാസികളാണ്. ആഴ്ചയില്‍ രണ്ടു ദിവസം തടവുകാര്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളുമെത്തിക്കുന്ന ഫ്രീഡം ചാനൽ ശ്രദ്ധേയമാവുകയാണ്.

Latest Videos

undefined

ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. 3 മാസം മുമ്പാണ് ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. 2 വർഷം മുമ്പ് ജയിലിൽ തടവുകാർക്കായി ഒരു റേഡിയോ ചാനൽ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഒരു പരിഷ്കരിച്ച രൂപമായാണ് ചാനൽ തുടങ്ങിയതെന്ന് ജയിൽ സൂപ്രണ്ട് എൻഎസ് നിര്‍മ്മലാനന്ദൻ നായർ പറയുന്നു.

'തടവുകാർക്ക് ദൃശ്യാനുഭവമുണ്ടാക്കുന്നതിനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതിനൊപ്പം തടവുകാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാനും ചാനലിലൂടെ സാധിക്കുന്നുണ്ട്' ജയിൽ സൂപ്രണ്ട് പറയുന്നു.

ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍. എഡിറ്റിംഗിനായി പ്രത്യേക സംഘം വേറെ.തടവുകാരുടെ നിയമസംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയൻറാണ് മറ്റൊരു ആകര്‍ഷണം. തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്. 

ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. തടവുകാര്‍ക്ക് ഫ്രീഡം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ പ്രതികരണം അറിയിക്കുന്നതിന് എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.

ഫ്രീഡം ചാനലിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ ജയിലിന് പുറത്തിറങ്ങിയാലും നല്ലൊരു വരുമാനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് തടവുകാർ.

ഒന്നരക്കോടി രൂപ മുതൽ മുടക്കിൽ വിയ്യൂർ ജയിലിൽ തടവുകാർക്കായി ഹൈടെക് അടുക്കള നിർമിച്ചിരുന്നു. പച്ചക്കറി അരിയാനും തുണി കഴുകാനും ചോറ് വെക്കാനുമൊക്കെ അത്യാധുനിക യന്ത്രങ്ങളോട് കൂടിയ ആരെയും അമ്പരപ്പിക്കുന്ന അടുക്കള വാർത്തയിലിടം നേടിയിരുന്നു.

"

click me!