'വിധേയത്വം ഉള്ളവൻ' എന്നർത്ഥം വരുന്ന 'സോങ്‌ബാവോ' എന്നാണ് നായയ്ക്ക് നൽകിയിരിക്കുന്ന പേര്.
വളർത്തുമൃഗങ്ങളിൽ മനുഷ്യരോട് ഏറ്റവും വിധേയത്വം കാണിക്കുന്നത് നായകളാണെന്നാണ് പൊതുവിൽ പറയാറ്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർക്കെങ്കിലും നേരിട്ട് അനുഭവവും ഉണ്ടായിരിക്കും.
ഇപ്പോഴിതാ ചൈനയിൽ നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മരിച്ചുപോയ തന്റെ ഉടമയുടെ ശവകുടീരത്തിനരികിൽ രണ്ടുവർഷത്തോളം ചെലവഴിച്ച ഒരു നായയാണ് ഈ സംഭവത്തിലെ ഹീറോ. കൃത്യമായ ഭക്ഷണവും പരിചരണവും കിട്ടാതെ വന്നതോടെ രോഗാവസ്ഥയിലായ നായയെ മറ്റൊരു മൃഗസ്നേഹി രക്ഷിച്ചിരിക്കുകയാണ്.
undefined
ചൈനയിലെ സാമൂഹികമാധ്യമങ്ങളിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസറും ജിയാങ്‌സി പ്രവിശ്യയിലെ തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറിന്‍റെ ഉടമയുമായ വ്യക്തിയാണ് നായയുടെ സംരക്ഷകനായി എത്തിയത്. @ganpojiege എന്ന പേരിൽ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന ഇദ്ദേഹം താൻ കണ്ടെത്തിയ വിശ്വസ്തനായ നായയുടെ വീഡിയോ നവംബർ 5 -ന് പോസ്റ്റ് ചെയ്തിരുന്നു.
നിരവധി ആളുകളാണ് ഈ വീഡിയോ കാണുകയും നായയുടെ വിശ്വസ്തതയും ആത്മാർത്ഥതയെയും കുറിച്ച് വാനോളം പുകഴ്ത്തുകയും ചെയ്തത്.
രണ്ടുവർഷത്തോളം കൃത്യമായ പരിചരണവും ഭക്ഷണവും കിട്ടാത്തത് നായയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചതോടെയാണ് താൻ നായയെ ദത്തെടുക്കാൻ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നത്. കാലുകൾക്ക് ഗുരുതരമായ പരിക്കും ത്വക്ക് രോഗവും ആയിരുന്നു നായ പ്രധാനമായും നേരിട്ടിരുന്ന ആരോഗ്യ പ്രശ്നങ്ങൾ.
2022 -ലാണ് നായയെ ഇദ്ദേഹം ആദ്യത്തെ ഉടമയുടെ ശവകുടീരത്തിനരികിൽ നിന്നും സ്വന്തമാക്കുന്നത്. അതിനു മുൻപും പലരും ദത്തെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും വീണ്ടും നായ തിരികെ ശവകുടീരത്തിനരികിലേക്ക് തന്നെ ഓടിപ്പോരുകയായിരുന്നു. 'വിധേയത്വം ഉള്ളവൻ' എന്നർത്ഥം വരുന്ന 'സോങ്‌ബാവോ' എന്നാണ് നായയ്ക്ക് നൽകിയിരിക്കുന്ന പേര്.
രോഗാവസ്ഥകളെ തരണം ചെയ്ത് സോങ്‌ബാവോ ഇപ്പോൾ ആരോഗ്യവാനായി മാറിയെന്നാണ് സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നത്. കൂടാതെ ആരോഗ്യവാനായ സോങ്‌ബാവോയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.