അനുഭവ കഥകള്‍ എഴുതുമ്പോള്‍ കൂടുതല്‍ ലൈക് കിട്ടുന്നതും ശാസ്ത്രീയ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ അധികം ആരും ശ്രദ്ധിക്കാതെ പോകുന്നതും എന്തുകൊണ്ടാണ്?
undefined
ഇത് നിങ്ങളെക്കുറിച്ചാണ്. നിങ്ങളറിയാത്ത നിങ്ങളുടെ രഹസ്യങ്ങളെ കുറിച്ചും ഇതുവരെ കാണുക പോലും ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മനസിനെ എനിക്ക് ഇവിടെ ഇരുന്നു കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്നത് എങ്ങിനെ എന്നതിനെ കുറിച്ചും. ദയവായി അവസാനം വരെ വായിക്കുക. എന്ത് കൊണ്ട് പലപ്പോഴും നീളം കൂടുതലുള്ള പോസ്റ്റുകള്‍ നിങ്ങള്‍ വായിക്കുന്നില്ല എന്നതിന്റെ ഉത്തരം കൂടി ഇത് വായിച്ചാല്‍ കിട്ടും :)
ഒന്ന് രണ്ടു ചോദ്യങ്ങളില്‍ നിന്ന് തുടങ്ങാം... (ദയവായി ഗൂഗിള്‍ ചെയ്യാതെ ഉത്തരം പറയുക, അറിയില്ലെങ്കില്‍ ഊഹിച്ചാല്‍ മതി)
1) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളായ റെഡ് വുഡ് മരങ്ങളുടെ ഉയരം 1200 അടിയേക്കാള്‍ കൂടുതലാണോ കുറവാണോ ?
2) മേല്‍പ്പറഞ്ഞ റെഡ്‌വുഡ് മരത്തിന്റെ ഉയരം നിങ്ങളുടെ ഊഹത്തില്‍ ഏകദേശം എത്ര അടി ആണ്?
താഴെ കാണുന്ന വാചകങ്ങളില്‍ ഏറ്റവും ശരിയായ ഒരുത്തരം തിരഞ്ഞെടുക്കുക.
1) 2005 ന് ശേഷം സിറിയ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ചത് കൊണ്ട് സ്വീഡനില്‍ ബലാത്സംഗ കേസുകളുടെ എണ്ണം 200% കണ്ടു വര്‍ധിച്ചു.
2) അമേരിക്കയില്‍ തോക്കു കൊണ്ടുള്ള ആക്രമണം (gun violence) കൊണ്ടുള്ള മരണം ഭീകര ആക്രമണം കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ ആയിരം ഇരട്ടിയാണ്.
ഇനി ഇതിന്റെ ഉത്തരം എല്ലാം പറയുന്നതിന് മുന്‍പ് രണ്ടു ചെറിയ ചോദ്യങ്ങള്‍ കൂടി. മനക്കണക്കായി ചെയ്യുക.
1) 2 + 2 =
2) 12 X 19 =
മുകളിലെ ചോദ്യങ്ങളില്‍ ആദ്യത്തേതിന്റെ ഉത്തരം പുഷ്പം പോലെ നിങ്ങള്‍ക്ക് പറയാന്‍ കഴിഞ്ഞു കാണും. ഒട്ടും പ്രയത്‌നം ഇല്ലാതെ കൂട്ടിനോക്കാതെ എവിടെ നിന്ന് ഉത്തരം വന്നു എന്ന് പോലും നമുക്ക് അറിയാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അത്ര എളുപ്പം അല്ല, തലച്ചോറില്‍ എവിടെയോ എന്തൊക്കെയോ ചക്രങ്ങള്‍ തിരിയുന്നത് നമുക്ക് അറിയാന്‍ കഴിഞ്ഞു. തല ഉപയോഗിക്കേണ്ടി വന്നു.
തലച്ചോറില്‍ എവിടെയോ എന്തൊക്കെയോ ചക്രങ്ങള്‍ തിരിയുന്നത് നമുക്ക് അറിയാന്‍ കഴിഞ്ഞു
ഇതിനു കാരണം നമ്മുടെ തലച്ചോറില്‍ ഉള്ള രണ്ടു തരം സിസ്റ്റങ്ങള്‍ ആണ്. നമുക്ക് ഇതിനെ സിസ്റ്റം ഒന്ന്, സിസ്റ്റം രണ്ട് എന്ന് വിളിക്കാം. സിസ്റ്റം ഒന്ന് അധികം ആലോചിക്കാതെ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സഹായിക്കുന്ന സിസ്റ്റം ആണ്. ഒരു സുഹൃത്തിനെക്കാണുമ്പോള്‍ തിരിച്ചറിയുന്നതും സംസാരിക്കുന്നതും ഡ്രൈവ് ചെയ്യുന്നതും ഭാര്യയുടെയോ ബോസിന്റെയോ മുഖം കണ്ടു അവര്‍ ഹാപ്പി ആണോ ദേഷ്യത്തില്‍ ആണോ എന്ന് തിരിച്ചറിയുന്നതും മറ്റും അയത്‌നലളിതമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ആണ്. ഇത് സിസ്റ്റം ഒന്ന് ചെയ്യുന്നതാണ്.
എന്നാല്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ ഏതു കാര്‍ വാങ്ങണം, പുതിയതായി പണിയുന്ന വീടിന്റെ ഡിസൈന്‍ എന്നിങ്ങനെ പല കാര്യങ്ങളും നമ്മള്‍ തല പുകച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ആണ്. ഇത് ചെയ്യുന്നത് സിസ്റ്റം രണ്ട് ആണ്.
ഇങ്ങിനെ രണ്ടു സിസ്റ്റം തലച്ചോറില്‍ ഉണ്ടാവാന്‍ ഒരു പരിണാമപരമായ കാരണം ഉണ്ട്. മനുഷ്യന്‍ വേട്ടയാടി നടന്ന സമയത്ത്, ഒരു പൊന്തക്കാട്ടില്‍ മഞ്ഞയും കറുപ്പും വരയുള്ള ഒരു ജീവിയെ കണ്ടു കൗതുകത്തോടെ അതിനടുത്തു പോയി, കടുവ ആണെന്ന് ഉറപ്പു വരുത്തിയവരെല്ലാം പെട്ടെന്ന് തന്നെ കടുവയുടെ വായില്‍ പോയവരാണ്, മഞ്ഞയും കറുപ്പും കണ്ടാല്‍ കടുവ ആണോ അല്ലേ എന്നൊന്നും നോക്കാതെ ജീവനും കൊണ്ട് പാഞ്ഞവരുടെ പിന്‍ തലമുറക്കാരാണ് നമ്മള്‍. അതിജീവനം ആണ് ഈ സിസ്റ്റം ഒന്ന് തലച്ചോറില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ ഒരു കാരണം.
മറ്റൊരു കാരണം ഊര്‍ജ ഉപയോഗം ആണ്. ശരീരത്തിന്റെ വെറും രണ്ടു ശതമാനം മാത്രം ഭാരം ഉള്ള തലച്ചോര്‍ നമ്മുടെ ഊര്‍ജത്തിന്റെ ഇരുപതു ശതമാനം ഉപയോഗിക്കുന്ന ഒരു അവയവം ആണ്. പണ്ട് വേട്ടയാടി നടന്ന കാലത്തു സ്ഥിരമായി ഭക്ഷണം ലഭിക്കാത്ത വേളയില്‍ ഊര്‍ജം അധികം ചിലവഴിക്കാതെ നോക്കാന്‍ വേണ്ടി ആണ് ഇത്തരം രണ്ടു സിസ്റ്റങ്ങള്‍ ഉണ്ടായി വന്നത്. അധികം ഊര്‍ജം ഉപയോഗിക്കാതെ , അധികം കാര്യകാരണങ്ങള്‍ അപഗ്രഥിക്കാതെ പെട്ടെന്ന് തീരുമാനം എടുക്കുന്ന ഒരു സിസ്റ്റം. പലപ്പോഴും ശരിയായി തീരുമാനങ്ങള്‍ എടുക്കുന്ന ഈ സിസ്റ്റം ആണ് കൂടുതല്‍ സമയവും നമ്മള്‍ ഉപയോഗിക്കുന്നത്. തെറ്റ് പറ്റിയാലും കുഴപ്പം ഇല്ലാത്ത കാര്യങ്ങള്‍ക്കാണ് ഈ സിസ്റ്റം ഉപയോഗിക്കേണ്ടത്. മഞ്ഞയും കറുപ്പും ഉള്ളത് കടുവ അല്ലെങ്കിലും ഓടിയത് കൊണ്ട് കുഴപ്പം വരാനില്ല. ഊര്‍ജം ലഭിക്കാന്‍ വേണ്ടി മനുഷ്യന്റെ തലച്ചോര്‍ സിസ്റ്റം ഒന്ന് കൂടുതല്‍ നേരം ഉപയോഗിക്കാന്‍ ആണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ശരിയായി വന്നില്ലെങ്കില്‍ ജീവന്‍ അപകടത്തില്‍ ആവുന്ന കാര്യങ്ങള്‍ സമയം എടുത്തു ആലോചിച്ചു അപഗ്രഥിച്ചു ചെയ്യേണ്ടതുണ്ട്. ഈ വക കാര്യങ്ങള്‍ക്ക് സിസ്റ്റം രണ്ട് തന്നെ ഉപയോഗിക്കണം, ഉദാഹരണത്തിന് ഒരു റോഡ് കുറുകെ കടക്കാന്‍ നില്‍ക്കുമ്പോള്‍ വളരെ അധികം കണക്കു കൂട്ടലുകള്‍ നമ്മുടെ തലച്ചോറിലൂടെ കടന്നു പോകുന്നുണ്ട്. തെറ്റിയാല്‍ മരണം സംഭവിക്കാവുന്നത് കൊണ്ട് സമയവും ഊര്‍ജവും എടുത്താണ് തലച്ചോര്‍ എപ്പോള്‍ റോഡ് മുറിച്ചു കടക്കണം എന്ന് കണക്കാക്കുന്നത്.
പക്ഷെ നാം വിചാരിക്കുന്ന പോലെ അത്ര ബുദ്ധിയുള്ള ഒന്നല്ല നമ്മുടെ തലച്ചോര്‍.
പക്ഷെ നാം വിചാരിക്കുന്ന പോലെ അത്ര ബുദ്ധിയുള്ള ഒന്നല്ല നമ്മുടെ തലച്ചോര്‍. പലപ്പോഴും രണ്ടാമത്തെ സിസ്റ്റം ഉപയോഗിക്കേണ്ട ജീവന്‍ അപകടത്തില്‍ ആവുന്ന സമയത്തു പോലും സിസ്റ്റം ഒന്ന് ഉപയോഗിക്കാന്‍ ശ്രമിക്കും. ഉദാഹരണത്തിന് എന്റെ പെങ്ങളുടെ മകന് ഹെപ്പറ്റൈറ്റിസ് വന്നപ്പോള്‍ ആരുടെയോ ഉപദേശ പ്രകാരം വയനാട്ടില്‍ ഒരു നാട്ടു വൈദ്യനെ കണ്ടു. വൈദ്യന്‍ കൊടുത്ത ഒറ്റമൂലി കഴിച്ചു പഥ്യം എടുത്തു വിശ്രമിച്ചപ്പോള്‍ രോഗം മാറി. കുറെ കൂട്ടുകാരോട് ഈ വൈദ്യരെ പറ്റി പറയുകയും ചെയ്തു. ഇതറിഞ്ഞ ഞാന്‍ നമ്മുടെ നാട്ടില്‍ ഒരു മെഡിസിന്‍ നോബല്‍ പ്രൈസ് വരുന്നതെല്ലാം സ്വപ്നം കണ്ടു ഇവന്റെ രക്ത പരിശോധന ഫലം ഒരു ഡോക്ടര്‍ സുഹൃത്തിന് അയച്ചു കൊടുത്തു. ഇത് ഹെപ്പറ്റൈറ്റിസ് A ആണ്, ഇതിനു വിശ്രമം മാത്രം മതി പ്രത്യേകിച്ച് മരുന്നൊന്നും വേണ്ട എന്ന് സുഹൃത്ത് പറഞ്ഞു, വൈദ്യനെ കണ്ടില്ലായിരുന്നെങ്കിലും രോഗം മാറുമായിരുന്നു. പക്ഷെ ഈ വൈദ്യന്റെ മേല്‍ വന്ന വിശ്വാസം അവനെ അടുത്ത തവണ ഹെപ്റ്റിറ്റിസ് ബി വന്നാലും ഇയാളുടെ അടുത്ത എത്തിച്ചേനെ, പണി പാളിയേനെ.
എന്ത് കൊണ്ടാണ് വളരെ വര്‍ഷങ്ങള്‍ എടുത്തു ചെയ്യുന്ന ക്ലിനിക്കല്‍ സ്റ്റഡീസ് (ഇങ്ങിനെ പഠനം നടക്കുന്ന 100 മരുന്നുകളില്‍ ഈ പരീക്ഷണങ്ങള്‍ എല്ലാം വിജയിച്ചു പുറത്തിറങ്ങുന്നത് അഞ്ചോ ആറോ മാത്രം ആണ് (https://www.fda.gov/ForPatients/Approvals/default.htm) വിശ്വസിക്കാതെ നമ്മള്‍ ആരുടെയോ വാക്കുകള്‍ വിശ്വസിക്കുന്നത്? ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ വാക്‌സിനുകളെ കുറിച്ചുള്ള കള്ള പ്രചാരങ്ങള്‍ വിശ്വസിക്കുന്നത്? എന്ത് കൊണ്ടാണ് പ്രസവത്തെ വീട്ടിലാക്കിയാല്‍ കുഴപ്പം ഇല്ല എന്ന് കരുതുന്നത്? എന്ത് കൊണ്ടാണ് ഒരു ഒറ്റമൂലി കൊണ്ട് എല്ലാ രോഗവും മാറ്റം എന്ന് ഒരാള്‍ പറയുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കുന്നത്?
കാരണം നമ്മുടെ തലച്ചോര്‍ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, വസ്തുതകളേക്കാളും കണക്കുകളെക്കാളും ഉപരി മറ്റുള്ള ഒരാളുടെ പറഞ്ഞു കേട്ട അനുഭവങ്ങള്‍ വിശ്വസിക്കാന്‍ കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്ന, സിസ്റ്റം ഒന്ന് കൂടുതല്‍ ഉപയോഗിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ള ഒന്നാണ്.
ഇത് കൊണ്ടാണ് അനുഭവ കഥകള്‍ എഴുതുമ്പോള്‍ കൂടുതല്‍ ലൈക് കിട്ടുന്നതും ശാസ്ത്രീയ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ അധികം ആരും ശ്രദ്ധിക്കാതെ പോകുന്നതും. പോസ്റ്റുകളുടെ നീളം നോക്കി നമ്മുടെ തലച്ചോര്‍ ഇത് വായിക്കേണ്ട എന്ന് തീരുമാനിക്കുന്നതിനും കാരണം ഇതാണ്. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കുഞ്ചേരിക്കും ഇന്‍ഫോ ക്ലിനിക്കിനെക്കാള്‍ റീച്ച് കിട്ടാന്‍ കാര്യവും ഇത് തന്നെയാണ്.
സിസ്റ്റം ഒന്ന് ഉപയോഗിക്കുമ്പോള്‍ അനേകം തെറ്റുകള്‍ വരാന്‍ സാധ്യത ഉണ്ട്.
പക്ഷെ ഇങ്ങിനെ സിസ്റ്റം ഒന്ന് ഉപയോഗിക്കുമ്പോള്‍ അനേകം തെറ്റുകള്‍ വരാന്‍ സാധ്യത ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് വരാം.
1) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളായ റെഡ് വുഡ് മരങ്ങളുടെ ഉയരം 1200 അടിയേക്കാള്‍ കൂടുതലാണോ കുറവാണോ ?
2) മേല്‍പ്പറഞ്ഞ റെഡ്‌വുഡ് മരത്തിന്റെ ഉയരം ഏകദേശം എത്ര അടി ആണ്?
ഏറ്റവും ഉയരം കൂടിയ റെഡ്‌വുഡ് മരത്തിന് വെറും 380 അടി ഉയരം മാത്രമേ ഉള്ളൂ. പക്ഷെ ഇത് നേരത്തെ അറിയാമായിരുന്ന കുറച്ചു പേരൊഴികെ മിക്കവരുടെയും ഊഹം ഇതിനേക്കാള്‍ കൂടുതല്‍ ആയിരുന്നു എന്ന് എനിക്കറിയാം. കാരണം ഇത് 1200 അടിയേക്കാള്‍ കൂടുതലാണോ കുറവാണോ എന്ന് ഒരു ചോദ്യം ഇതിനു മുന്‍പേ ഞാന്‍ ഇട്ടു കൊടുത്തിട്ടുണ്ട്, നമ്മുടെ മനസ് ആ സംഖ്യയുടെ അടുത്തുള്ള ഒരു സംഖ്യ ആണ് ഉയരമായി നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. സാമൂഹിക മനശ്ശാസ്ത്രത്തില്‍ ഇതിനെ നങ്കൂരം ഇടല്‍ ( anchoring) എന്നാണ് പറയുക. എത്ര എളുപ്പം ആണ് നമ്മുടെ തലച്ചോറിനെ പറ്റിക്കാന്‍ കഴിയുന്നത്. ഇരുന്നൂറു രൂപ വിലയുള്ള വസ്തുക്കള്‍ക്ക് 199.99 രൂപ വിലയിട്ടിരിക്കുന്നത് എന്ത് കൊണ്ടാണെന്നു നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ തലച്ചോര്‍ അബോധമായി 199.99 നെ ഇരുനൂറിന് പകരം നൂറു രൂപയുമായി ആണ് ബന്ധപ്പെടുത്തുന്നത്.
ചില വക്കീലന്മാരും പോലീസുകാരും തലച്ചോറിന്റെ ഈ സവിശേഷത ഉപയോഗപ്പെടുത്താറുണ്ട്. ഇസ്രത് ജഹാന്‍ കേസില്‍ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്ത വേളയില്‍ പോലീസ് ഇത് വിദഗ്ധമായി ഉപയോഗിച്ചത് വായിച്ചത് ഓര്‍മ വരുന്നു. ഇതിനെ പറ്റി മലയാളത്തില്‍ സിനിമ തന്നെ ഇറങ്ങിയിട്ടുണ്ടല്ലോ...
1) 2005 ന് ശേഷം സിറിയ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ചത് കൊണ്ട് സ്വീഡനില്‍ ബലാത്സംഗ കേസുകളുടെ എണ്ണം 200% കണ്ടു വര്‍ധിച്ചു.
2) അമേരിക്കയില്‍ തോക്കു കൊണ്ടുള്ള ആക്രമണം (gun violence) കൊണ്ടുള്ള മരണം ഭീകര ആക്രമണം കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ ആയിരം ഇരട്ടിയാണ്.
ഉത്തരം രണ്ടാമത്തേതാണ്. 2015 ലെ സ്വീഡനിലെ ബലാത്സംഗ കേസുകളുടെ എണ്ണം 2005 ലേതിനേക്കാള്‍ കുറവായിരുന്നു. അമേരിക്കയില്‍ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആയിരം ഇരട്ടി ആണ് തോക്കു കൊണ്ടുള്ള അക്രമത്തില്‍ കൊല്ലപ്പെടുന്നവര്‍.
അങ്ങിനെ സിസ്റ്റം രണ്ട് ഉപയോഗിക്കേണ്ട സ്ഥലത്തു നമ്മുടെ തലച്ചോര്‍ സിസ്റ്റം ഒന്ന് ഉപയോഗിക്കുന്നത് മൂലം ഉണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ ഇവിടെ പറയാം. ഓരോന്നും ഓരോ പോസ്റ്റിനുള്ള വകയാണ്. ഇവിടെ ചുരുക്കി പറഞ്ഞു പോകാം.
1) ഫ്രേമിങ്:
പരാജയപ്പെടാന്‍ പത്തു ശതമാനം സാധ്യത ഉള്ള ഒരു ഓപ്പറേഷന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുമോ അതോ തൊണ്ണൂറു ശതമാനം വിജയ സാധ്യത ഉള്ള ഒരു ഓപ്പറേഷന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുമോ? കണക്കു പ്രകാരം ഇത് രണ്ടും ഒന്നാണെങ്കിലും ആളുകള്‍ രണ്ടാമത്തെ ഓപ്പറേഷന്‍ ആയിരിക്കും തിരഞ്ഞെടുക്കുക. ഇവിടെ ആണ് ആധുനിക ഡോക്ടര്‍മാര്‍ ഭാഷയും കണക്കും പഠിക്കേണ്ടതിന്റെ ആവശ്യകത. നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, വ്യാജ വൈദ്യന്മാര്‍ എല്ലാം വിജയങ്ങളുടെ കഥ മാത്രമേ പറയൂ, എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെടാനുള്ള സാധ്യത ആണ് നിങ്ങളോട് പ്രധാനമായും പറയുന്നത്.
നൂറില്‍ പത്തു പേര്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാന്‍ സാധ്യത ഉള്ള ഒരു കാന്‍സര്‍ കേസില്‍ ചില ഡോക്ടടര്‍മാര്‍ രോഗികളോട് പറയുന്നത് നൂറില്‍ തൊണ്ണൂറു പേരും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചു പോകും എന്നാണ്. ഇപ്പോഴും ജീവിച്ചിരിക്കുന്ന പത്തു പേരെ എങ്കിലും ഞാന്‍ കാണിച്ചു തരാം എന്ന് പറയുന്ന വൈദ്യനെ ആളുകള്‍ കൂടുതല്‍ വിശ്വസിക്കും. കണക്കു പ്രകാരം ഇത് രണ്ടും ഒന്ന് തന്നെ ആണെങ്കിലും രോഗിയുടെ തലച്ചോറിലെ സിസ്റ്റം ഒന്ന് വൈദ്യന്‍ പറയുന്ന ഒരു വര്‍്ഷം കഴിഞ്ഞും ജീവിക്കുന്ന അനേകം രോഗികളെ ഞാന്‍ കാണിച്ചു തരാം എന്ന വാദത്തില്‍ വീഴും (വൈദ്യരുടെ കണക്കുകള്‍ ആരും ശാസ്ത്രീയമായി പരിശോധിക്കുന്നില്ല എന്നത് വേറെ കാര്യം, ഇത് ഭാഷയുടെ ഒരു ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ, ഇത് രണ്ടും ആനയും ആനപിണ്ഡവും ആണ്,ഫലങ്ങള്‍ താരതമ്യപ്പെടുത്തി വരുമ്പോള്‍). പല പ്രശസ്ത മെഡിക്കല്‍ സ്‌കൂളുകളിലും കണക്കും ഭാഷ പരിജ്ഞാനവും പ്രധാനമായും ടെസ്റ്റ് ചെയ്യാന്‍ കാരണം ഇതാണ്. ഞാന്‍ നാട്ടില്‍ പ്രീ ഡിഗ്രി പഠിച്ചപ്പോള്‍ കണക്ക് സെക്കന്റ് ഗ്രൂപ്പിന്റെ ഭാഗമേ അല്ലായിരുന്നു.
2) ഭയം കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ (നെഗറ്റീവ് ബയസ്):
വിമാനത്തില്‍ പറക്കുന്നതാണോ റോഡില്‍ ഡ്രൈവ് ചെയ്യുന്നതാണോ കൂടുതല്‍ സുരക്ഷിതം? കണക്കു നോക്കിയാല്‍ ആദ്യത്തേതാണ് എന്ന് കാണാം പക്ഷെ മിക്കവര്‍ക്കും വിമാന യാത്ര ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ പേടിയാണ്. നമുക്ക് എന്തെങ്കിലും അസുഖ ലക്ഷണങ്ങള്‍ വന്നിട്ട് ഗൂഗിളില്‍ നോക്കി നിങ്ങള്‍ക്ക് കാന്‍സര്‍ ആണോ എന്നൊക്കെ എന്നെങ്കിലും സംശയിച്ചിട്ടുണ്ടോ? തൊണ്ട വേദന വന്നാല്‍ കാന്‍സര്‍, ഒരു കുരു വന്നാല്‍ കാന്‍സര്‍ തുടങ്ങി... നിങ്ങള്‍ ഒറ്റക്കല്ല. നമ്മളില്‍ പലരും ചെയ്യുന്ന കാര്യം ആണ്. ഭയം നമ്മുടെ തലച്ചോറിന്റെ ഒരു പ്രധാന അതിജീവന മാര്‍ഗം ആണ്, പക്ഷെ ആവശ്യം ഇല്ലാത്ത ചില കാര്യങ്ങളില്‍ ഇത് കയറി ഇടപെടും എന്ന് മാത്രം.
3) കിട്ടിയ പരിമിത വിവരങ്ങളില്‍ നിന്ന് വലിയ തീരുമാനങ്ങളില്‍ എത്തുന്നത് :
ഉദാഹരണത്തിന് അമേരിക്കയില്‍ ട്രമ്പ് തിരഞ്ഞെടുക്കപെട്ടില്ലായിരുന്നെങ്കില്‍ അമേരിക്കയിലെ എല്ലാ ക്രിസ്ത്യാനികളെയും ഒന്നുകില്‍ മുസ്ലിങ്ങള്‍ ആക്കുമായിരുന്നു അല്ലെങ്കില്‍ എല്ലാവരുടെയും തല വെട്ടുമായിരുന്നു ( ഇത് ഞാന്‍ പറഞ്ഞതല്ല, കഴിഞ്ഞ പോസ്റ്റില്‍ എന്റെ ഒരു സുഹൃത്ത് കമന്റ് ചെയ്തതാണ്).
ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന മാധ്യമങ്ങളുടെ ഇരകളാണിവര്‍. കണക്കു പ്രകാരം അമേരിക്കയില്‍ ഭീകര ആക്രമണം മൂലം മരിക്കാന്‍ ഉള്ള സാധ്യത കട്ടിലില്‍ നിന്നും വീണു മരിക്കുന്നതിനേക്കാളോ ഇടിമിന്നലേറ്റ് മരിക്കുന്നതിനേക്കാളോ താഴെ ആണ്. പക്ഷെ മാധ്യമ വാര്‍ത്തകള്‍ എല്ലാം കേട്ടിട്ട് കണക്ക് നോക്കി നിങ്ങളുടെ തലച്ചോറിനെ സമാധാനിപ്പിക്കാന്‍ നോക്കൂ, ബുദ്ധിമുട്ടായിരിക്കും. അല്ലെങ്കില്‍ ലളിതമായി ആലോചിച്ചാല്‍ അമേരിക്കയിലെ ഗണ്‍ വയലന്‍സ് മൂലം ഉള്ള മരണം ഭീകരവാദത്തിനേക്കാള്‍ ആയിരം ഇരട്ടി എന്നെന്നും ആദ്യം ശരിയാക്കേണ്ടത് ഇവിടുത്തെ ഗണ്‍ ഉപയോഗ നിയമങ്ങള്‍ ആണെന്നും കാണാന്‍ കഴിയും.
അടുത്ത തവണ ജേക്കബ് വടക്കുഞ്ചേരിയെയോ മോഹനന്‍ വൈദ്യരെയോ കാണാന്‍ പോകുന്നവര്‍ ഓര്‍ക്കുക, ഒരു ഒറ്റമൂലി കൊണ്ട് എല്ലാ രോഗവും മാറ്റം എന്ന് പറയുന്നത് ഒരു വാക്ക് കൊണ്ട് ഒരു നോവല്‍ എഴുതി എന്ന് പറയുന്നത് പോലെയാണ്. സിസ്റ്റം ഒന്ന് ഉപയോഗിക്കാണോ സിസ്റ്റം രണ്ട് ഉപയോഗിക്കണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
നോട്ട് 1 : ഡാനിയേല്‍ കാനേമാന്‍ : തിങ്കിങ് ഫാസ്റ്റ് ആന്‍ഡ് സ്ലോ. ഇക്കണോമിക്‌സില്‍ നോബല്‍ സമ്മാനം നേടിയ സൈക്കോളജിസ്‌റ് ആണ്. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം ആണിത്.
http://www.nytimes.com/…/thinkingfastandslowbydanielk…
പഴയ ഒരു നോട്ട് : https://www.facebook.com/Hussain.Kizhakkedathu/posts/10205426484853561
ഡ്രൈവിംഗ് / ഫ്‌ളൈയിങ് : http://traveltips.usatoday.com/air-travel-safer-car-travel-1581.html