പൊടിപ്പും തൊങ്ങലും ചേർത്ത ഫേസ്ബുക്ക് പോസ്റ്റുകളിൽനിന്നും, വാട്ട്സാപ്പ് സ്റ്റാറ്റസുകളിൽ നിന്നും വ്യത്യസ്തമായ ചോരയുടെ മണമുള്ള, ദാരിദ്ര്യം അകമ്പടി സേവിക്കുന്ന വന്യപ്രണയങ്ങൾ മെഡിക്കൽ കോളേജ് വാർഡുകളിൽ ഒന്ന് കണ്ണോടിച്ചാൽ കാണാം!
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.
undefined
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി തുടങ്ങിയതിൽ പിന്നെ ജീവിതം വിരസമായിരുന്നു. ഉറക്കക്ഷീണവും, ജോലിഭാരവും അലട്ടുമ്പോഴും ചില വന്യമായ പ്രണയങ്ങൾ കണ്‍മുന്നിൽ കാണാൻ പറ്റുമെന്നുള്ളത് ഒരു ഭാഗ്യമാണ്. കാൻഡിൽ ലൈറ്റ് ഡിന്നർ, പിറന്നാൾ ദിന സർപ്രൈസ്, വിവാഹവാർഷിക ആഘോഷം തുടങ്ങിയ സ്ഥിരം ക്ലിഷേകളിൽ നിന്നു മാറി മെഡിക്കൽ കോളേജിന്‍റെ ദുരിതം പേറുന്ന വാർഡുകളിൽ ആഘോഷിക്കപ്പടുന്ന ചില പച്ചയായ പ്രണയങ്ങൾ കാണാം!
പൊടിപ്പും തൊങ്ങലും ചേർത്ത ഫേസ്ബുക്ക് പോസ്റ്റുകളിൽനിന്നും, വാട്ട്സാപ്പ് സ്റ്റാറ്റസുകളിൽ നിന്നും വ്യത്യസ്തമായ ചോരയുടെ മണമുള്ള, ദാരിദ്ര്യം അകമ്പടി സേവിക്കുന്ന വന്യപ്രണയങ്ങൾ മെഡിക്കൽ കോളേജ് വാർഡുകളിൽ ഒന്ന് കണ്ണോടിച്ചാൽ കാണാം!
എന്നെ അത്ഭുതപ്പെടുത്തിയത് സിന്ധുവിന്‍റെ കൂടെയുള്ള അവളുടെ ഭർത്താവാണ്
സിന്ധു എന്ന 37 വയസ്സുള്ള രോഗി, അഡ്മിഷൻ ഡേയുടെ (പുതിയ രോഗികൾ വാർഡിൽ എത്തുന്ന ദിവസം) പിറ്റേ പ്രഭാതത്തിലാണ് വാർഡലെത്തിയത്. മുടി പറ്റെ വെട്ടിയിരുന്നു, കുറെയധികം രോഗങ്ങൾ അലട്ടുന്നുവെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം. നേരത്തെയുള്ള ഡിസ്ചാർജ് കാർഡിൽ നിന്ന് സിന്ധുവിന് ദീർഘനാളായുള്ള ഗുരുതര വൃക്കരോഗവും, ഹൃദ്രോഗവുമുണ്ടെന്നു വ്യക്തമായി. ഇപ്പോൾ യൂറിയ (കിഡ്നി ശരീരത്തിൽ നിന്ന് വിസര്‍ജിച്ചു കളയുന്ന) കൂടുതലായി പിച്ചും പേയും പറയുന്ന അവസ്ഥയിലാണ് വാർഡിൽ വന്നിട്ടുള്ളത്. മെഡിക്കൽ ഭാഷയിൽ 'uremic encephalopathy' എന്ന രോഗാവസ്ഥ.
ഒരു ഡോക്ടറായ എന്നെ അത്ഭുതപ്പെടുത്തിയത് സിന്ധുവിന്‍റെ കൂടെയുള്ള അവളുടെ ഭർത്താവാണ്. 'പ്രണയം കണ്ണിൽ കാത്തുസൂക്ഷിക്കുന്നവൻ'. പിച്ചും പേയും പറഞ്ഞ്, ചെവിപൊട്ടുന്ന രീതിയിൽ കരയുന്ന തീർത്തും വിരൂപിയായ സ്വന്തം ഇണയെ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്നു അയാൾ. ഭാര്യയുടെ creatinine -ന്‍റെ അളവും, ഏറ്റക്കുറച്ചിലുകളും എട്ടാം ക്ലാസ്സ് പോലും പാസ്സ് ആകാത്ത അയാൾക്ക് മനഃപാഠമായിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം രോഗിയായതാണ് സിന്ധു. അതിനു ശേഷം ഡയാലിസിസ് അടക്കം മറ്റു ചികിത്സകൾക്കായി 80 ശതമാനവും ആശുപത്രിയിൽ തന്നെയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് സിന്ധു. ഈ നീണ്ട കാലയളവിലും അയാൾ തന്‍റെ തീവ്രപ്രണയം ഒരു തുള്ളി പോലും ചോരാതെ കാത്തുസൂക്ഷിക്കുന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
രോഗം, ദാരിദ്ര്യം, നിസ്സഹായത എന്നിവ പ്രണയത്തെ ബലപ്പെടുത്തുന്നു
ആ ഒരു അവസ്ഥയിൽ സിന്ധുവിന് വൈദ്യസഹായത്തേക്കാൾ വേണ്ടിയിരുന്നത് ആ കരുതലും സ്നേഹവും തന്നെയായിരുന്നു. ഒരു വശത്തു രോഗം കാർന്നുതിന്നപ്പോഴും മറ്റൊരു വശത്തു ഈ ലോകത്തു വിരളമായ ശുദ്ധപ്രണയം ആസ്വദിക്കുകയായിരുന്നു സിന്ധു! പ്രണയം കൂടുതൽ കരുത്താർജിക്കുന്നത് ദാരിദ്ര്യത്തിലും, രോഗാവസ്ഥയിലുമാണെന്നു കേട്ടിട്ടുണ്ട്. വാനോളം പുകഴ്ത്തപ്പെടുന്ന സിനിമാപ്രണയങ്ങളേയും, എഴുത്തുകളെയും വെറും നിഷ്പ്രഭമാക്കുന്ന തീവ്രതയുണ്ടായിരുന്നു രോഗത്തിന്‍റെയും മരണത്തിന്‍റെയും പാപഭാരം ചുമക്കുന്ന മെഡിക്കൽ കോളേജ് വാർഡിലെ ആ രംഗത്തിന്.
"ലോകത്തിലെ ഏറ്റവും സുന്ദരിയെ നോക്കുന്ന കണ്ണുകളോടെയാണ് സിന്ധുവിനെ അയാൾ നോക്കിയത്." സത്യമാണ് രോഗം, ദാരിദ്ര്യം, നിസ്സഹായത എന്നിവ പ്രണയത്തെ ബലപ്പെടുത്തുന്നു, മാംസഗന്ധിയല്ലാത്ത ഏതോ മായാപ്രപഞ്ചത്തിലേക് അത് ആത്മാക്കളെ തള്ളിവിടുന്നു. 'മനുഷ്യൻ പ്രണയിക്കട്ടെ, ഇണയോടൊപ്പം അഴുകി ഒന്നായിത്തീരട്ടെ.'
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം