ഈ ഗാനത്തിലെ ഒരു രംഗത്തിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ മേലേടത്ത് രാഘവൻ നായർ എന്ന ഏട്ടൻ തന്‍റെ കൂടെപ്പിറപ്പുകളെ കാണുന്ന രംഗമുണ്ട്. സുധയുടെ കയ്യിലെ താൻ അടിച്ച മുറിപ്പാടുകളിലൂടെ അയാൾ തലോടുന്നതും സുധ ഉറക്കത്തിൽനിന്ന് ഉണർന്ന് അറിഞ്ഞതായി ഭാവിക്കാതെ കിടക്കുന്നതുമായ ആ രംഗം ഞങ്ങൾ കുട്ടികളെപ്പോലും അന്ന് ഏറെ സ്‌പർശിച്ചിരുന്നു.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
undefined
തൊണ്ണൂറുകളിലെ ബാല്യം എന്നത് ഒരു പ്രിവിലേജ് ആയി മാറിയ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. അന്നത്തെ ജീവിത പരിസരങ്ങളും, ബന്ധങ്ങളിലെ നിഷ്കളങ്കതയും, രാഷ്ട്രീയവുമെല്ലാം ഇന്ന് നാലാള് കൂടുന്നിടത്തൊക്കെ അഭിമാനത്തോടെ നാം ഉയർത്തികാണിക്കാറുണ്ട് . ആധുനികതയുടെ സമൃദ്ധിയിൽ ഇല്ലാത്ത എന്തൊക്കെയോ പഴമയുടെ ഇല്ലായ്മക്കുണ്ടായിരുന്നു എന്ന് കേൾക്കുന്നവർക്കും തോന്നിപ്പോകും. ആ നിരയിൽ മുൻപന്തിയിൽത്തന്നെയുണ്ട് തൊണ്ണൂറുകൾ എന്ന് പേരിട്ടുവിളിക്കുന്ന കാലഘട്ടത്തിൽ പുറത്തിറങ്ങിയ സിനിമകളും, അവയിലെ പാട്ടുകളും.
കോരിച്ചൊരിയുന്ന മഴയുടെയും ഇടിയുടെയും പശ്ചാത്തലത്തിലാണ് 'വാത്സല്യ൦' എന്ന ചിത്രത്തിൽ 'താമരക്കണ്ണനുറങ്ങേണം' എന്ന ഗാനം ആരംഭിക്കുന്നത്. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന 'ചിത്രഗീതം' എന്ന പരിപാടിയിലൂടെയാണ് ഒരു അവധിക്കാലത്ത് തറവാട്ട് വീട്ടിലെ പഴയ ടിവിയിൽ ഈ ഗാനം കേൾക്കുന്നത്.
ഈ സന്ദർഭത്തിലെ കൈതപ്രത്തിന്‍റെ വരികൾ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്
മഴയുടെ ചിലമ്പലും ഇടിയുടെ മുരൾച്ചയും പശ്ചാത്തലമൊരുക്കുന്ന ഒരു രാത്രിയാണ് ഈ പാട്ടിന്‍റെ പശ്ചാത്തലം. മേലേടത്ത് രാഘവൻ നായരുടെ ആ വലിയ തറവാട്ടിൽ ഗോവണിപ്പടികൾക്ക് മുകളിലെ കൊച്ചുമുറിയിൽ ഇളയ മകനെ മാറോട് ചേർത്തിരിക്കുന്ന മാലതി. ഗീത അവതരിപ്പിച്ച അമ്മ വേഷങ്ങളിൽ ഇത്രത്തോളം മനസ്സിൽപതിഞ്ഞ മറ്റൊരു കഥാപാത്രമില്ല. നടി സുനിത അവതരിപ്പിച്ച മമ്മൂട്ടിയുടെ ഇളയ സഹോദരിയുടെ സുധ എന്ന കഥാപാത്രത്തിന്‍റെ പ്രേമബന്ധം വീട്ടിൽ അറിയുന്നതും, ഏട്ടൻ അനുജത്തിയെ പൊതിരെ തല്ലുന്നതുമാണ് പാട്ടിലേക്ക് നയിക്കുന്ന സന്ദർഭം. അന്ന് രാത്രി പെയ്യുന്ന മഴയിൽ എത്ര മനോഹരമായിട്ടാണ് ബന്ധങ്ങളുടെ പവിത്രതയും കെട്ടുറപ്പും കൊച്ചിൻ ഹനീഫ എന്ന സംവിധായകൻ ഈ പാട്ടിലൂടെ വരച്ചുകാട്ടിയിരിക്കുന്നത്.
ഈ ഗാനത്തിലെ ഒരു രംഗത്തിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ മേലേടത്ത് രാഘവൻ നായർ എന്ന ഏട്ടൻ തന്‍റെ കൂടെപ്പിറപ്പുകളെ കാണുന്ന രംഗമുണ്ട്. സുധയുടെ കയ്യിലെ താൻ അടിച്ച മുറിപ്പാടുകളിലൂടെ അയാൾ തലോടുന്നതും സുധ ഉറക്കത്തിൽനിന്ന് ഉണർന്ന് അറിഞ്ഞതായി ഭാവിക്കാതെ കിടക്കുന്നതുമായ ആ രംഗം ഞങ്ങൾ കുട്ടികളെപ്പോലും അന്ന് ഏറെ സ്‌പർശിച്ചിരുന്നു. "ഉവ്വാവു മാറുവാൻ നാമം ജപിക്കേണം... നല്ലവനാകേണം" എന്ന ഈ സന്ദർഭത്തിലെ കൈതപ്രത്തിന്‍റെ വരികൾ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.
അബൂബക്കറിന്‍റെ കഥാപാത്രത്തെ നമുക്ക് അക്കാലത്തെ മിക്ക വീടുകളിലും കാണാമായിരുന്നു
തറയിൽ വിറച്ചുകിടക്കുന്ന അനുജൻ വിജയന്‍റെ (സിദ്ധിഖ് ) ദേഹത്തേക്ക് പുതപ്പ് നീക്കുന്ന രാഘവൻ നായരുടെ നോട്ടം ചെന്നുകൊള്ളുന്നത് ആ ഗാനം കാണുന്ന ഓരോ അനുജന്മാരുടെയും നെഞ്ചിലാണ്. അപ്പോഴൊന്നും ഉറങ്ങാതെ വീടിന്‍റെ വരാന്തയിൽ മിന്നൽ വെളിച്ചത്തിൽ ബീഡിവലിച്ചിരിക്കുന്ന കുഞ്ഞൻ മാമ എന്ന അബൂബക്കറിന്‍റെ കഥാപാത്രത്തെ നമുക്ക് അക്കാലത്തെ മിക്ക വീടുകളിലും കാണാമായിരുന്നു.
തൊണ്ണൂറ്റിമൂന്നിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. അതിന് മുമ്പും ശേഷവും മലയാളത്തിൽ നിരവധി മനോഹരങ്ങളായ താരാട്ടുപാട്ടുകൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം പലസന്ദർഭങ്ങളും ആ പാട്ടിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, സഹോദരസ്നേഹവും, കുടുംബബന്ധങ്ങളിലെ ആഴവും ഇത്രത്തോളം അവതരിപ്പിച്ച ഒരു താരാട്ടുപാട്ട് മലയാളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ആ വിശേഷണത്തിൽ തന്നെയാണ് ആ ചിത്രത്തിന്‍റെ പേര് അന്വർത്ഥമാകുന്നത്. വാത്സല്യം!
പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം