പിന്നീടുള്ള ഒമ്പത് മിനിറ്റുകള്‍ ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ആദ്യത്തെ സീനില്‍ നിന്ന് ഭൂതകാലത്തിലേക്കു മടങ്ങുമ്പോള്‍ തുടങ്ങുന്ന ആ സംഗീതം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. അത്രമേല്‍ പ്രിയപ്പെട്ട എവിടേക്കോ അത് നമ്മളെ എത്തിക്കുന്നു. വരികളിലെ കവിത നമ്മളിലേക്ക് പ്രവഹിക്കുന്നു- സ്വാതി ലക്ഷ്മി വിക്രം എഴുതുന്നു
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
'അറിയില്ല ഞാനെത്ര നീയായ്
മാറിയെന്നരികെ ഏകാകിയാം
ഗ്രീഷ്മം..'
-ചാരുലത
undefined
വിരഹത്തിന്റെയും നോവിന്റെയും മൂര്‍ദ്ധന്യാവസ്ഥയ്ക്ക് ശേഷം വന്നുചേരുന്ന ഒരുതരം മരവിപ്പ് ഉണ്ട്. അത്തരമൊരു അവസ്ഥയില്‍ രാത്രിയുടെ നിശ്ശബ്ദതയിലൂടെയാണ് 'ചാരുലത' ഒഴുകിവന്നത്.
ആരുടെയോ വാട്‌സാപ്പ് സ്റ്റാറ്റസില്‍ കണ്ട ചാരുലതയുടെ പൊട്ടും മുക്കൂത്തിയും കയ്യിലെ ക്യാമറയും തന്നെയാണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. ഇത് എന്നേപ്പോലെയുണ്ടല്ലോ എന്ന് തോന്നിപ്പോയി. പിന്നീടുള്ള ഒമ്പത് മിനിറ്റുകള്‍ ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ആദ്യത്തെ സീനില്‍ നിന്ന് ഭൂതകാലത്തിലേക്കു മടങ്ങുമ്പോള്‍ തുടങ്ങുന്ന ആ സംഗീതം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. അത്രമേല്‍ പ്രിയപ്പെട്ട എവിടേക്കോ അത് നമ്മളെ എത്തിക്കുന്നു. വരികളിലെ കവിത നമ്മളിലേക്ക് പ്രവഹിക്കുന്നു.
ഓരോ സീനും സ്വന്തം ജീവിതം പോലെതന്നെ തോന്നി. നാളുകളായി വരണ്ട മരുഭൂമിയില്‍ വീണ മഴത്തുള്ളികള്‍ പോലെ ഉള്ളിലെ മരവിപ്പുകളിലേക്ക് അത് പെയ്തിറങ്ങുകയായിരുന്നു. ഓരോ ഫ്രെയിമുകളിലും ശ്രുതി നമ്പൂതിരി കാഴ്ചയുടെ ഒരു വസന്തം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒന്ന് കരയുവാന്‍ കഴിയാത്ത ദിനങ്ങളില്‍ ആ പാട്ട് സമ്മാനിച്ച കണ്ണീരില്‍ എത്രത്തോളം സുഖം ഉണ്ടായിരുന്നു എന്ന് പറയാനാവില്ല. അവസാന ഭാഗത്തെ നാടകീയത തന്നെയാണ് ഈ പാട്ട് ഇങ്ങനെ ഉള്ളില്‍ അവശേഷിക്കാന്‍ കാരണം ...
അയാള്‍ ഓടി മറയുമ്പോള്‍ അവളില്‍ നിന്നും മാഞ്ഞുപോകുന്ന ആ പാട്ടില്‍ വീണ്ടും പറയാതെ പറയുന്ന ചിലതുണ്ട്.
'പറയില്ല രാവെത്ര
നിന്നെയോര്‍ത്തോര്‍ത്ത് ഞാന്‍
പുലരുവോളം മിഴി വാര്‍ത്തു'
എന്നത് വിരഹത്തിന്റെ നോവുകളില്‍ നാം പറയാന്‍ ആഗ്രഹിച്ചത് തന്നെയല്ലേ ?
ഒരു ഡയറിയും ക്യാമറയും ചുംബനവും നല്കി അയാള്‍ ഓടി മറയുമ്പോള്‍ അവളില്‍ നിന്നും മാഞ്ഞുപോകുന്ന ആ പാട്ടില്‍ വീണ്ടും പറയാതെ പറയുന്ന ചിലതുണ്ട്.
പിന്നീടുള്ള ഓരോ ക്യാമറ ക്ലിക്കുകളും ചാരുലതയെ നോവിക്കുന്നു. ഒരു ഫ്രെയിമിലെങ്കിലും അയാളുണ്ടാവാന്‍ അവളോടൊപ്പം ഞാനും ആഗ്രഹിച്ച. അവളില്‍ വീണ്ടും ഞാനെന്നെ തന്നെ കണ്ടു.
നമ്മുടെ ഓരോ പ്രിയപ്പെട്ട പ്രണയഗാനങ്ങളിലും നാം നമ്മുടെ പ്രണയത്തെ തന്നെയാണ് കാണുന്നത്. കാലം കടന്നിട്ടും നമ്മുടെ ഉള്ളില്‍ നിന്നും മാഞ്ഞ് പോകാത്ത കാല്‍പനികതയുടെ വിരുന്ന് വരവാണ് 'ചാരുലത'. ഉള്ളില്‍ നോവിന്റെ ഒരു നേര്‍ത്ത സംഗീതം അവശേഷിപ്പിച്ച് കൊണ്ട് അതവസാനിക്കുന്നു.