'ഓ സാഥീ രേ തേരെ ബിനാ ഭി ക്യാ ജീനാ...'
ഈ വരികള്‍ക്കറ്റത്ത് ഒരു ജീവന്റെ പിടച്ചില്‍ നിലച്ചുപോയതെന്തുകൊണ്ടാണെന്ന് ഇന്നെനിക്കറിയാം. മരണം കൊണ്ട് പ്രണയത്തിന്റെ അതിസാഗരത്തിലേക്കെന്നെ തള്ളി നീക്കിയവന്‍ തന്നെയാണ് എന്നുമെന്റെ സോള്‍ മെയ്റ്റ് .. 'ഓ സാഥീ രേ...'
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
undefined
രുദ്രപ്രയാഗിലെ പകലിന് സൂര്യതേജസ്സുണ്ടായിരുന്നു. അളകനന്ദയും മന്ദാകിനിയും കൈകോര്‍ക്കുന്നിടത്ത് തണുത്തുറത്ത ജലത്തിലേക്ക് കാലുകളാഴ്ത്തി ഗംഗയിലേക്ക് ഞാനെന്നയും ചേര്‍ത്ത് വെച്ചു. ചുറ്റും കാണുന്ന പാറകളിലെല്ലാം പൗരുഷത്തിന്റെ കൊതിപ്പിക്കുന്ന ഭാവങ്ങളില്‍ ശിവ ചിത്രങ്ങള്‍ നെഞ്ചുവിരിച്ച് നില്‍പ്പുണ്ട്. രണ്ട് ദിവസങ്ങളായി ഋഷികേശിലെ തെരുവുകളിലും ഗംഗയുടെ തീരങ്ങളിലുമൊക്കെ കണ്ട പ്രലോഭനക്കാഴ്ചയുടെ തുടര്‍ച്ച.
പാറയിടുക്കില്‍ നിന്ന് പുകയേറ്റു ശുഷ്‌കിച്ച പോലൊരു സന്യാസി എണീറ്റു വന്നു. കല്‍പാത്രത്തില്‍നിന്ന് ഇത്തിരി മഞ്ഞള്‍പൊടി ശിവന്റെ ചിത്രത്തിലേക്ക് തൂവിക്കൊണ്ട് പറഞ്ഞു. 'കാശുവച്ച് പ്രാര്‍ത്ഥിച്ചോളു മനസ്സിലുള്ളത് നടക്കും'
'സ്വാമിയാണോ ഇത് വരച്ചത്' എന്ന് ചോദിച്ചപ്പോള്‍ 'ടൂറിസ്റ്റുകളായി വരുന്ന ഭക്തര്‍' എന്ന് പറഞ്ഞ് കറപുരണ്ട പല്ലുകള്‍ കാണിച്ച് ചിരിച്ചു. എന്റെ ഹിന്ദി മോശമല്ലല്ലോ എന്ന് ഞാനും പുഞ്ചിരിച്ചു. വിജയ ടീച്ചറുടെ ശിക്ഷണം.
ഗംഗയിലെ മീനുകള്‍ക്ക് ആട്ട ഉരുട്ടിയുണ്ടാക്കുന്ന ചെറുമണികള്‍ വാരി എറിഞ്ഞു കൊടുത്ത് ഞാന്‍ വീണ്ടും ഗംഗയോടൊപ്പം കൂടി.
മീനുകള്‍ ജലോപരിതലത്തിലേക്ക് മുങ്ങിയുയര്‍ന്ന് തീറ്റക്കായി കൂട്ടമായ് മത്സരിച്ചു. പുകയൂതിവിടാന്‍ സ്വാമി വീണ്ടും പാറയിടുക്കിലേക്ക് നൂണ്ടു.
എനിക്കു വേണ്ടി മാത്രമൊരാള്‍ പാടി റിക്കാര്‍ഡ് ചെയ്ത അതേ ശബ്ദത്തില്‍.
പുകച്ചുരുകള്‍ക്കുമപ്പുറത്ത് നിന്നെങ്ങോ ഒരു പാട്ടിന്റെ ഈരടികള്‍...
ഓ സാഥീ രേ
തേരെ ബിനാ ഭി ക്യാ ജീനാ ....'
മധുരമായി മന്ത്രിക്കും പോലെ എനിക്കു വേണ്ടി മാത്രമൊരാള്‍ പാടി റിക്കാര്‍ഡ് ചെയ്ത അതേ ശബ്ദത്തില്‍.
'ഹര്‍ ധടകന്‍ മെ പ്യാസ് ഹേ തേരി
സാന്‍സന്‍ മേ തേരി ഖുശ്ബു ഹെ...'
തീറ്റ കിട്ടിയ മത്സ്യങ്ങളെ പോലെ ഓര്‍മ്മകളുടെ തിക്കുതിരക്ക് എന്റെയുള്ളില്‍.
ആ അവധിക്കാലം മുഴുവന്‍ ഞങ്ങള്‍ പാട്ടുകളെ കുറിച്ച് സംസാരിച്ചു.
എനിക്ക് ഇഷ്ടമില്ല ഈ പാട്ട് എന്ന് മുഖം വീര്‍പ്പിച്ചു ഞാനന്ന്. അത് നിനക്ക് വരികളുടെ അര്‍ത്ഥമറിയാഞ്ഞിട്ടാണെന്നായി എന്റെ ഹീറോ. ആ അവധിക്കാലം മുഴുവന്‍ ഞങ്ങള്‍ പാട്ടുകളെ കുറിച്ച് സംസാരിച്ചു.
'അതു വരെ എനിക്കിഷ്ടം ഇത്തിരി പഞ്ചൊക്കെയുള്ള പാട്ടുകളായിരുന്നു. അമര്‍ അക്ബര്‍ ആന്റണി, ഊരിയ വാളിത് ചോരയില്‍ മുക്കി ചരിത്രമെഴുതും ഞാന്‍....എന്നൊക്കെ ഒരു പത്തു വയസ്സുകാരിയുടെ സാധാരണ ഇഷ്ടങ്ങള്‍. പതിയെ ഞാനും മെലഡികളിലേക്ക് ഒഴുക്കിയിറങ്ങി.മലയാളവും ഹിന്ദിയും ഒരു പോലെ.
ഭൂമിയുടെ രണ്ട് അറ്റങ്ങളിലിരുന്ന് കഥകളുടെയും ഗാനങ്ങളുടെയും കുന്നുകള്‍ നെരങ്ങി നടന്നു ഞങ്ങള്‍. പാട്ടുകള്‍ കാവ്യഭംഗിയോടെ ആസ്വദിക്കാനും വായനയുടെ നൂല്‍ പൊട്ടാതെ സൂക്ഷിക്കാനും പഠിച്ചു. ആണ്ടിനും ചക്രാന്തിക്കും കണ്ട് മറക്കുന്നൊരു വിരുന്നുകാരന്‍ മാത്രമായിരുന്നു എന്റെ നാട്ടുകാര്‍ക്ക് അവന്‍. കാവിലെ വേലയോ വെടിക്കെട്ടോ മുറ്റത്തെ പൂക്കളമോ ഒന്നും അവന്റെ അതിശയങ്ങളല്ല. പുസ്തകങ്ങളെയും സംഗീതത്തെയും ഉത്സവങ്ങളാക്കിയ പക്ക ഫ്രീക്കന്‍.
സാഥീ എന്നാല്‍ കൂട്ടുകാരി എന്നാണെന്ന് വിജയ ടീച്ചര്‍ പറഞ്ഞു. സാഥീ എന്നാല്‍ സോള്‍ മെയ്റ്റ് എന്നാണെന്ന് എന്റെ ഹീറോ. സോള്‍ മെയ്റ്റ് എന്നാല്‍ എന്താണെന്ന് മനസ്സിലാക്കിതരാന്‍ മാത്രം മലയാളമൊന്നും എന്റെ സൂപ്പര്‍ ഹീറോക്ക് അറിയില്ലയിരുന്നു.
അതിനിടയില്‍ ഒഴുകാതുറച്ചു പോയി പ്രണയ നദി.
'ഓടയില്‍ നിന്ന്' വായിച്ച ആവേശ ദിവസങ്ങളിലാണ് ഒരിക്കലവന്‍ അവധിക്ക് എത്തിയത്. നോവല്‍ കഥ പറഞ്ഞു തുടങ്ങിയപ്പോഴേ അവന്‍ മൂളികൊണ്ടിരുന്നു
'തേരെ ബിന മേരി
മേരെ ബിന തേരി
യേ സിന്ദഗി സിന്ദഗി ന'
അവഗണിക്കപ്പെട്ടതായി തോന്നി എന്നിലെ കഥപറച്ചിലുകാരിക്ക്. മുഖം ചുവപ്പിച്ച് കണ്ണു നിറച്ച് അവള്‍ വെറും പെണ്ണായി. അവനപ്പോള്‍ 'ഖസാക്കിന്റെ ഇതിഹാസം വായിച്ച് പറഞ്ഞു താ' എന്ന് ഗൗരവക്കാരനായി.
പതിനാലാം വയസ്സില്‍ ഞാനൊരു തുമ്പിയായി. എനിക്ക് ചുറ്റും എടുത്താല്‍ പൊങ്ങാത്ത സാഹിത്യവും സംഗീതവും. അതിനിടയില്‍ ഒഴുകാതുറച്ചു പോയി പ്രണയ നദി.
ഹീറോകളോട് പ്രണയമല്ല ആരാധനയും ബഹുമാനവുമാണ് നമുക്കുണ്ടാവുക. സോള്‍ മെയ്റ്റ് നമ്മുടെ ജീവന്റെതന്നെ ഒരു നീട്ടിയെടുപ്പുമാവും.
'ഓ സാഥീ രേ തേരെ ബിനാ ഭി ക്യാ ജീനാ...'
ഈ വരികള്‍ക്കറ്റത്ത് ഒരു ജീവന്റെ പിടച്ചില്‍ നിലച്ചുപോയതെന്തുകൊണ്ടാണെന്ന് ഇന്നെനിക്കറിയാം. മരണം കൊണ്ട് പ്രണയത്തിന്റെ അതിസാഗരത്തിലേക്കെന്നെ തള്ളി നീക്കിയവന്‍ തന്നെയാണ് എന്നുമെന്റെ സോള്‍ മെയ്റ്റ് .. 'ഓ സാഥീ രേ...'
പാടിയ ആളെയും അവിടെയെങ്ങും കണ്ടില്ല.
താഴെ കൈകോര്‍ത്ത് നിന്ന് ഗംഗയുടെ ഒഴുക്കില്‍ മുങ്ങി നിവരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടം മാത്രമേ പരിസരത്തുള്ളൂ. ഗംഗയുടെ തണുപ്പില്‍ ശരീരം മുഴുവന്‍ മൂടും വരെ ഞാനുമിറങ്ങി ചെന്നു. വെളുത്ത വസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധിയാക്കുന്ന പോലെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും....
ശുദ്ധയാവട്ടെ.
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം