16-20 മണിക്കൂര്‍ ഉള്ള ജോലിയും ഒളിച്ചോടി വേറെ ജോലി ചെയ്യലും വാഹനാപകടവും ജയില്‍വാസവുമെല്ലാം പ്രവാസത്തിലെ എന്റെ സമ്പാദ്യമായി. ശൂന്യനായി നാട്ടിലെത്തിയപ്പോഴേക്കും മനസ്സും ശരീരവും ആകെ തളര്‍ന്നിരുന്നു.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
undefined
പഠിക്കാന്‍ വല്യ മിടുക്കൊന്നുമില്ലാത്തത് കൊണ്ട് തന്നെ തട്ടിമുട്ടിയാണ് പത്താം തരം പാസ്സായത്. ഞങ്ങളുടെ നാട്ടിലൊക്കെ 10 അല്ലെങ്കില്‍ +2 വരെ മാത്രമാണ് സാധാരണ ആണ്‍പിള്ളേര്‍ പഠിക്കാറുള്ളത്. 10 വരെ പഠിക്കുന്നത് തന്നെ ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് പോലുള്ളവ ബുദ്ധിമുട്ടില്ലാതെ കരസ്ഥമാക്കാം എന്നത് കൊണ്ടാണ്. 10 നു ശേഷം ഞാനും പഠിപ്പൊക്കെ നിര്‍ത്തി കൂലി വേലക്കിറങ്ങിയാലോ എന്നാലോചിച്ചതാണ്. 12-13 വയസ്സ് തൊട്ടേ ചെറിയ രീതിയില്‍ കൂലി വേലക്ക് പോകാറുണ്ട്. വെള്ളിയും ഞായറുമാണ് സ്‌കൂള്‍ ഒഴിവ്. അന്നും ജോലിക്ക് പോകും. പറക്കമുറ്റും മുമ്പേ കാശ് കൈയ്യില്‍ വന്നെത്തുന്നത് കൊണ്ട് തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം ഇല്ലാതാവുന്നു എന്നതാണ് സത്യം. എങ്കിലും ഒരു പാരലല്‍ കോളേജില്‍ ചേര്‍ന്നു. ഉച്ച വരെയാണ് ക്ലാസ്. അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് ശേഷം ജോലിക്ക് പോകാം. വണ്ടിയോടിക്കാനറിയാം, ചെങ്കല്‍-കരിങ്കല്‍ കയറ്റിറക്ക്, പുഴയില്‍ നിന്നും മണല്‍ വാരല്‍, മൈക്കാട് പണി ഇതൊക്കെയാണ് പ്രധാന പണികള്‍. സമപ്രായക്കാരായ അയല്‍വാസികളായ കൂട്ടുകാരുണ്ട്. തരക്കേടില്ലാത്ത കൂലിയൊക്കും.
ആയിടക്കാണ് വീടിനടുത്ത ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി തുടങ്ങിയത്. എന്നും രാവിലെ കാണാറുണ്ട്. സംസാരിക്കാറില്ല. കറുത്ത് കൊലുന്നനെയുള്ള എന്നെ അവള്‍ക്കിഷ്ടമാവുമോ എന്ന അപകര്‍ഷതാബോധവും സംശയവും എന്റെ ഇഷ്ടം അവളോട് തുറന്ന് പറയുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. പക്ഷെ,എന്റെ മനസ്സറിയുന്ന കൂട്ടുകാരന്‍ അതവളോട് തുറന്നു പറയുകയും അവള്‍ക്കും എന്നോടിഷ്ടമാണെന്നറിയുകയും ചെയ്തതില്‍ പിന്നെ പ്രണയത്തിന്റെ മായാലോകത്തേക്ക് ഞാന്‍ പറന്നകന്നു.
ആയിടക്കാണ് വീടിനടുത്ത ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി തുടങ്ങിയത്.
പോകെപ്പോകെ കണ്ടുമുട്ടലുകളും സംസാരങ്ങളും പതിവായി. എന്റെ വീട്ടില്‍ പശുക്കളും ആടുകളുമുണ്ടായിരുന്നു.അവളുടെ വീട്ടിലും ആടുകളുണ്ടായിരുന്നു. വൈകീട്ട് ഇവയെ തീറ്റാനെന്നും അഴിക്കാണെന്നും പറഞ്ഞു ഞങ്ങള്‍ സംഗമിക്കും. വളരെ കുറഞ്ഞ വീടുകളുള്ള രണ്ട് കുന്നുകളുടെ താഴ് വാരത്താണ് ഞങ്ങളുടെ വീടുകള്‍.
'രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ'
ഒരിക്കല്‍ അവള്‍ മൂളുന്നത് ഞാന്‍ കേട്ടു. ആദ്യമായിട്ടാണ് ഞാന്‍ ആ പാട്ട് കേള്‍ക്കുന്നത്. പിന്നീടുള്ള എല്ലാ ദിവസവും ഞാനത് അവളെക്കൊണ്ട് പാടിക്കും. അങ്ങനെയാണ് അതെന്റെ പ്രിയപ്പെട്ട ഗാനമാവുന്നത്. തുടര്‍ന്നങ്ങോട്ടുള്ള കാലമത്രയും സുവര്‍ണ്ണകാലഘട്ടത്തിലെ മലയാളം പാട്ടുകള്‍ എനിക്ക് പഥ്യമായി.
പ്ലസ് ടു കഴിഞ്ഞതോട് കൂടി പഠിപ്പ് നിര്‍ത്തി പൂര്‍ണ്ണമായും ജോലിയില്‍ തന്നെയായി. സെയില്‍സ് ഏജന്‍സിയിലായിരുന്നു ജോലി. ദിവസവും വീട്ടില്‍ വരാറില്ല. അത് കൊണ്ട് തന്നെ പരസ്പരം കാണുന്നത് വളരെ വിരളമായി.
തുടര്‍ന്നങ്ങോട്ടുള്ള കാലമത്രയും സുവര്‍ണ്ണകാലഘട്ടത്തിലെ മലയാളം പാട്ടുകള്‍ എനിക്ക് പഥ്യമായി
ലൈസന്‍സ് കൂടി കൈയ്യില്‍ കിട്ടിയതോടെ നാടും വീടുമായിട്ടുമുള്ള സാമീപ്യം വളരെ കുറഞ്ഞു. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുന്ന അവസ്ഥയായി. പിന്നീടുള്ള ഞങ്ങളുടെ ആശയ വിനിമയം കത്തു വഴിയായി. ആ കത്ത് റോഡരികിലെ കരിങ്കല്‍ കെട്ടിനകത്തെ ഒരു ചെറിയ ഗ്യാപ്പില്‍ വെക്കും. അങ്ങനെ കുറേ കാലം. പിന്നീട് വലിയ വാഹനത്തിലേക്ക് മാറ്റപ്പെട്ടു കേരളത്തിനു പുറത്തേക്കായി യാത്രകള്‍. കൂട്ടിനാരുമില്ലാതെ തീര്‍ത്തും തനിച്ചായി. അന്ന് വണ്ടിയിലൊരു സെറ്റ് വെച്ച് നാല് ജിബി മെമ്മറികാര്‍ഡ് വാങ്ങി പഴയ മലയാളം പാട്ടുകളും ഉമ്പായിയുടെ ഗസലുകളും മാത്രമായി ലോകം.
'രാജീവനയനെ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങു
ആയിരം ചുംബന സ്മൃതിസുമങ്ങള്‍
അധരത്തില്‍ ചാര്‍ത്തി നീയുറങ്ങൂ'
എത്ര തവണ ആ പാട്ട് കേള്‍ക്കുമെന്നറിയില്ല. പിന്നെയും പിന്നെയും അത് തന്നെയിട്ട് കാമുകിയുടെ സാമീപ്യം എന്റടുത്തുണ്ടെന്ന് ഞാനുറപ്പു വരുത്തും.
'ആരീരരോ ആരീരരോ
ആരീരരോ ആരീരരോ'
ഇടക്കുള്ള താരാട്ട് താളം , അവളരികിലിരുന്ന് പാടുന്ന പോലെ തോന്നും...
പിന്നീട് പ്രവാസത്തിലേക്ക് പറിച്ചു നടന്നത് വരെ ആ ഗാനമെന്റെ ജീവിതചര്യയിലൊന്നായിരുന്നു.
ഈ വരികള്‍ ആ ദിവസങ്ങളിലേക്കുള്ള വാതിലാണ്.
സാമ്പത്തികമായും ആരോഗ്യപരമായും മാനസികമായും പ്രവാസം എന്റെ മേല്‍ കരിനിഴലായി പതിക്കുന്ന സമയത്തു തന്നെയായിരുന്നു അവളുടെ വിവാഹവും.16-20 മണിക്കൂര്‍ ഉള്ള ജോലിയും ഒളിച്ചോടി വേറെ ജോലി ചെയ്യലും വാഹനാപകടവും ജയില്‍വാസവുമെല്ലാം പ്രവാസത്തിലെ എന്റെ സമ്പാദ്യമായി. ശൂന്യനായി നാട്ടിലെത്തിയപ്പോഴേക്കും മനസ്സും ശരീരവും ആകെ തളര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം അനുഭവത്തിന്റെ കൈപ്പുനീരും വിങ്ങലും മനസ്സിലുണ്ടെങ്കിലും ആ പാട്ടുള്ളിലുണ്ട്.
'ഉറങ്ങുന്ന ഭൂമിയെ നോക്കി
ഉറങ്ങാത്ത നീലാംബരം പോല്‍
അഴകേ നിന്‍ കുളിര്‍മാല ചൂടി
അരികത്തുറങ്ങാതിരിക്കാം'
ഈ വരികള്‍ ആ ദിവസങ്ങളിലേക്കുള്ള വാതിലാണ്. ഭൂമിയെ പാടിയുറക്കുന്ന ആകാശം പോലെ അവളുടെ ശബ്ദത്തില്‍ ഇന്നും എന്റെ കാതുകള്‍ ത്രസിക്കും.
'ആരീരരോ ആരീരരോ
ആരീരരോ ആരീരരോ'
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം