ഇങ്ങനെയൊക്കെയാണ് ഓരോ സ്ത്രീകളും 'ആ വേദന' അറിയുന്നത്

By Hospital Days  |  First Published Feb 6, 2019, 4:10 PM IST

ട്യൂബിട്ട് റൂമിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് കഠിന വേദന തുടങ്ങിയിരുന്നു. ഇരിക്കാനോ, കിടക്കാനോ, നടക്കാനോ പറ്റാത്ത അവസ്ഥ. കഴിഞ്ഞു പോയ ആ മണിക്കൂറുകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ക്ലോക്കിലെ സൂചികൾ അനങ്ങുന്നില്ലല്ലോ എന്ന് പരിഭവപ്പെട്ട ദിവസം. സഹിക്കാൻ കഴിയാത്തത് എന്ന് പറയപ്പെടുന്ന എന്നാൽ അമ്മമാർ ആകുന്ന സ്ത്രീകൾ  വലുപ്പ ചെറുപ്പമില്ലാതെ സഹിക്കുന്ന  വേദന.


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

Latest Videos

undefined

ഗർഭകാലത്ത് മാസത്തിൽ ഒരിക്കൽ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകുക എന്നത് ഓർക്കുമ്പോൾ തന്നെ മടുപ്പായിരുന്നു. രാവിലെ എട്ട് മണിക്ക് പോയാൽ ചിലപ്പോൾ തിരിച്ചു വരുന്നത് വൈകുന്നേരം മൂന്ന് മണി ആകുമ്പോളൊക്കെ ആണ്. ഇരിക്കാനും, നിൽക്കാനും, നടക്കാനും കഴിയാത്ത അവസ്ഥയില്‍ മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ്. സമാന വിഷമം അനുഭവിക്കുന്ന കുറേ പേർ ചുറ്റിലും. അതിനിടയിലെ വിശപ്പും ദാഹവും. ഭക്ഷണം കഴിക്കാൻ പുറത്തോട്ട് പോയാൽ തന്റെ പേര് വിളിക്കുമോ എന്ന ഭയം. ഓരോ തവണ നേഴ്സ്സ് ഒ‌ പി യിൽ നിന്നും പുറത്തേക്ക് വരുമ്പോഴും അവരുടെ കൈകളിലെ പേപ്പറുകളിലേക്ക് സൂക്ഷ്മമായി നോക്കും. അവർ വിളിക്കുന്ന പേര് തന്റേതായിരിക്കും എന്ന പ്രതീക്ഷയോടെ ശ്രദ്ധാപൂർവ്വം കണ്ണുകളും കാതുകളും അങ്ങോട്ട് തിരിഞ്ഞ നിമിഷങ്ങൾ.

ഒടുവിൽ പേര് വിളിച്ചു എന്ന് കാണുമ്പോൾ ദീർഘനിശ്വാസത്തോടെ  അകത്തേക്ക് കയറിയ ദിവസങ്ങൾ. പരിയാരം മെഡിക്കൽ കോളേജിൽ ഡോ. ബീന ജോർജിന്റെ മുന്നിൽ ഇരിക്കുമ്പോൾ എതിരെ ഉള്ളത് ഡോക്ടർ ആണെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. നല്ല ഒരു കൂട്ടുകാരി അങ്ങനെയേ  തോന്നിയിട്ടുള്ളൂ. എന്ത് പ്രശ്നവും മടികൂടാതെ തുറന്നു പറയാൻ ഉള്ള ഇടം. ഓരോ തവണ പരിശോധനയ്ക്ക് ശേഷം മടങ്ങുമ്പോഴും ഡോക്ടറോട് ബഹുമാനം കൂടിയിട്ടേ ഉള്ളൂ. 

നവംബർ മാസം പതിവ് പോലെ പരിശോധനയ്ക്ക് വേണ്ടി പോയപ്പോഴാണ് അഡ്മിറ്റാകണമെന്ന് ഡോക്ടർ നിർദേശിച്ചത്.  അഡ്മിഷൻ ശരിയായി റൂം കിട്ടാൻ വൈകുമെന്നും അതുവരെ വാർഡിലായിരിക്കുമെന്നും  ഒരു നേഴ്സ്സ് വന്ന് അറിയിച്ചു. അവർ ഞങ്ങളെയും കൂട്ടി വാർഡിലേക്ക് പോയി. വാർഡിലേക്ക് കയറുമ്പോൾ തന്നെ ചങ്കിടിപ്പ് കൂടുന്നുണ്ടായിരുന്നു. അവിടെ പകുതിയിൽ അധികവും പ്രസവം കഴിഞ്ഞവർ ആയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് ബെഡ്ഡിൽ നിന്നും പരസഹായം കൂടാതെ അനങ്ങാൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന കുറേ പേർ. അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ വേദന എന്നിലേക്കും പടരുന്ന പോലെ ഒരു അനുഭവം. മനസ്സിനെ സ്വയം ശക്തിപ്പെടുത്തിയ നിമിഷങ്ങൾ. അവിടെ ഓരോ അമ്മമാരോടൊപ്പവും ചേർന്ന് കിടന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ, അവരുടെ നേരിയ കരച്ചിൽ കേട്ടപ്പോൾ വേദനയൊന്നും ഒന്നുമല്ല എന്ന് സ്വയം സമാധാനിച്ച രാത്രി.

ലേബർ റൂമിലേക്ക് പ്രവേശിക്കുമ്പോൾ കരയാതിരിക്കാൻ ശ്രമിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു

ഒടുവിൽ റൂമിലേക്ക് മാറി.  അവിടെ എന്റെ അസ്വസ്ഥതകൾ മാത്രം അറിഞ്ഞാൽ മതിയെന്നും, മറ്റുള്ളവരുടെ വേവലാതികളിൽ പങ്കു ചേരേണ്ട എന്നുമുള്ള നേരിയ ആശ്വാസം. മൂന്ന് ദിവസത്തിനുള്ളിൽ വേദന വന്നില്ലെങ്കിൽ ട്യൂബിടാം എന്നതായിരുന്നു ഡോക്ടറിന്റെ തീരുമാനം. പിറ്റേ ദിവസം മുതൽ റൂമിൽ സന്ദർശകരുടെ തിരക്കായി. എല്ലാവരും ആകാംഷയോടെ കാത്തിരുന്നു. വേദന ഉണ്ടോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നും ഉയർന്ന് കേൾക്കാൻ തുടങ്ങി. ഉണ്ട് എന്നാണോ ഇല്ല എന്നാണോ മറുപടി പറയേണ്ടത് എന്ന് തിരിച്ചറിയാത്ത ചില സന്ദർഭങ്ങൾ.  സന്ദർശകരിൽ പ്രായത്തിൽ മുതിർന്നവരുടെ നിർദേശങ്ങൾ കൂടി കൂടി വന്നു. ആശുപത്രി വരാന്തകളിൽ  അങ്ങോട്ടും ഇങ്ങോട്ടും നടയ്ക്കാൻ തുടങ്ങി. എന്നെക്കാൾ വേഗത്തിൽ നടന്നവരും പതുക്കെ നടന്നവരും ഒപ്പം നടയ്ക്കാൻ തുടങ്ങി.  വരാന്തകളിലെ പരിചയപെടലുകൾ, കുശലം പറച്ചിലുകൾ ആശുപത്രിയിലെ ദിവസങ്ങൾ കടന്നുപോയി. 

ട്യൂബിടാൻ തീരുമാനിച്ച ദിവസം വരെ വേദന വന്നില്ല. ട്യൂബിട്ടാൽ വേദന കൂടുമെന്ന കൂട്ടപ്പറച്ചിലുകൾ  കാതുകളിൽ ഇടിമുഴക്കം പോലെ മുഴങ്ങി തുടങ്ങി. നേരിടാതിരിക്കാൻ വയ്യ എന്ന ഘട്ടം എത്തി. നേഴ്സ്സ് വന്ന് ലേബർ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ എന്നെ കൂടാതെ അഞ്ചാറു പേർ സമാന അവസ്ഥയിൽ അവലാതികളും വേവലാതികളും പങ്കുവച്ചു കൊണ്ടിരുന്നു. ട്യൂബിടുമ്പോൾ അനുഭവിച്ച ശാരീരിക വേദന ഓർത്തെടുക്കാൻ പോലും മനസ്സ് അനുവദിക്കുന്നില്ല. എല്ലാവർക്കും ട്യൂബിട്ട ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വ്യക്തി പറയുന്നത് കേട്ടു "ഒരു അങ്കം കഴിഞ്ഞത് പോലെ ഉണ്ട്" എന്ന്. ശാരീരിക വേദനയ്ക്കിടെ അയാളുടെ വാക്കുകൾ കേട്ടില്ല എന്ന് നടിച്ചെങ്കിലും മനസ്സിൽ അത് ആളിക്കത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഡോക്ടർ എന്ന് വിളിക്കാൻ ഒരിക്കൽ പോലും നാവ് വഴങ്ങിയിട്ടില്ല. പിന്നീട് അന്വേഷിച്ചപ്പോൾ ആണ് അറിയാൻ സാധിച്ചത്, അത് അവിടെ മെഡിസിന് പഠിക്കുന്ന പി.ജി. അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു എന്ന്. അതുപോലെ അവിടെ മറ്റൊരു സ്റ്റാഫും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ ആണെങ്കിലും നേഴ്സ്സുമാരാണെങ്കിലും പഠിക്കുന്ന വിദ്യാർത്ഥികൾ ആണെങ്കിൽ പോലും മനുഷ്യത്വം ആവശ്യത്തിൽ കൂടുതൽ എല്ലാവർക്കും ഉണ്ടായിരുന്നു. 

ട്യൂബിട്ട് റൂമിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് കഠിന വേദന തുടങ്ങിയിരുന്നു. ഇരിക്കാനോ, കിടക്കാനോ, നടക്കാനോ പറ്റാത്ത അവസ്ഥ. കഴിഞ്ഞു പോയ ആ മണിക്കൂറുകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ക്ലോക്കിലെ സൂചികൾ അനങ്ങുന്നില്ലല്ലോ എന്ന് പരിഭവപെട്ട ദിവസം. സഹിക്കാൻ കഴിയാത്തത് എന്ന് പറയപ്പെടുന്ന എന്നാൽ അമ്മമാർ ആകുന്ന സ്ത്രീകൾ  വലുപ്പ ചെറുപ്പമില്ലാതെ സഹിക്കുന്ന  വേദന. ജാതിയുടെയോ മതത്തിന്‍റേയോ കനം ഇല്ലാതെ, കാശ് ഉള്ളവനെന്നും ഇല്ലാത്തവനെന്നും വേർതിരിവില്ലാതെ, ഒരു പോലെ അനുഭവിക്കേണ്ട വേദന ഞാനും അനുഭവിച്ചു. വീണ്ടും ലേബർ റൂമിലേക്ക് പ്രവേശിക്കുമ്പോൾ കരയാതിരിക്കാൻ ശ്രമിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. പക്ഷെ ഒബ്സർവേഷനിൽ കിടക്കുമ്പോൾ തന്നെ എന്റെ ശബ്ദം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ എവിടെ നിന്നോ ആരൊക്കെയോ ആശ്വസിപ്പിക്കുന്നതും വഴക്കു പറയുന്നതുമൊക്കെ കേട്ടു. അതിനിടെ തൊട്ടടുത്ത ബെഡ്ഡിൽ കിടന്ന കുട്ടി എന്റെ കരച്ചിൽ കണ്ട് കൂടെ കരയാൻ തുടങ്ങി. പ്രസവ വേദന വരും മുന്നേ അത് ഓർത്ത് നിലവിളി കൂട്ടി കരഞ്ഞവൾ. ഇപ്പോൾ ഓർക്കുമ്പോൾ അതൊക്കെ തമാശ ആയി തോന്നുന്നു. 

ജന്മം കൊടുത്ത എനിക്ക് അവന്റെ വിശപ്പടക്കാൻ പറ്റുന്നില്ലല്ലോ എന്ന കുറ്റബോധം

പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് നേഴ്സ് പോയപ്പോൾ ശ്രദ്ധ മുഴുവൻ ആ നിഷ്കളങ്കതയിലേക്കായിരുന്നു. അതുകൊണ്ട് തന്നെ അതിനു ശേഷം ശരീരഭാഗങ്ങൾ പച്ചയ്ക്ക് കീറിയതും തുന്നി കൂട്ടിയതും  അറിഞ്ഞിട്ടും ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. ദൂരെ നിന്നും നേഴ്സ് വിളിച്ചു പറഞ്ഞു, "മോനാട്ടോ..." സന്തോഷത്തോടെ നന്ദിയോടെ ചുറ്റുമുള്ള കണ്ണുകളെ നോക്കി. പിന്നീട് അവർ കുഞ്ഞിനെ അരികിലേക്ക് കൊണ്ടുവന്നു. അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർത്തുവച്ചു തന്നു. ജീവിതത്തിൽ ഏറ്റവും ഭംഗി ഉള്ള നിമിഷങ്ങളിൽ ഒന്ന്. കുഞ്ഞിന്റെ ഓരോ ചലനങ്ങളും അതുവരെ ഉണ്ടായ വേദനയെ മായ്ച്ച് കളഞ്ഞു.

പ്രസവ വേദനയെക്കാൾ വലിയ വേദന ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നീട് കടന്ന് പോയത്. കുഞ്ഞിന്റെ വിശപ്പടക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ അവന്റെ കരച്ചിൽ നോക്കി നെഞ്ച് പൊട്ടിയ രാപ്പകലുകൾ. ചേച്ചിയുടെ കൈകളിൽ ചൂടിൽ കിടന്ന് പുലരുവോളം അവൻ കരഞ്ഞപ്പോൾ അമ്മ എന്ന വികാരം തന്ന തിരിച്ചറിവുകൾ. ജന്മം കൊടുത്ത എനിക്ക് അവന്റെ വിശപ്പടക്കാൻ പറ്റുന്നില്ലല്ലോ എന്ന കുറ്റബോധം. അമ്മ എന്ന പരമമായ സത്യത്തിന്  സഹിക്കാൻ കഴിയാത്ത ഏറ്റവും വലിയ വേദന തന്റെ കുഞ്ഞിന് വയർ നിറയെ പാൽ നൽകാൻ കഴിയുന്നില്ല എന്നതു തന്നെയാണെന്ന് ബോധ്യപ്പെട്ട നാളുകൾ.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!