ഇനി എത്രനേരം വേദനിക്കണം ദൈവമേ...

By Hospital Days  |  First Published Jan 5, 2019, 3:24 PM IST

മരുന്ന്, തുള്ളിതുള്ളിയായി എന്‍റെ സിരകളിലേക്ക്... ഞാൻചില്ലറ വേദനയുമായി കിടക്കുമ്പോൾ അതാ അവിടെ അടുത്ത ബെഡ്ഡിൽ വേദനയുടെ മൊത്തവ്യാപാരം നടക്കുകയാണ്. ആ പെൺകുട്ടി എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്നു. അതിനിടയിൽ ഛർദിക്കുന്നുമുണ്ട്. 


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

Latest Videos

undefined

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. വേനൽ അതിന്‍റെ തീക്ഷ്ണതയിൽ  നിൽക്കുന്ന കാലം. അന്ന് വെളുപ്പിന് തന്നെ ഞാൻ ഉണർന്നു. ദീർഘമായ ഉറക്കത്തിൽ നിന്നുമായിരുന്നില്ല ഇടവിട്ടുള്ള ചെറു ചെറു മയക്കങ്ങളിൽ നിന്നുമായിരുന്നു. ആറുമണിയാകുമ്പോൾ എനിക്ക് ലേബർ റൂമിലെത്തണം, വേദനക്കുള്ള മരുന്നിടണം. രണ്ട് ദിവസം മുമ്പേ എനിക്ക് വേദനതുടങ്ങിയിരുന്നു. തലവേദന. അത് പ്രസവത്തെക്കുറിച്ചുള്ള ചിന്തയുടെ ഫലമായിരുന്നു. തലേന്ന് ഉറക്കം ശരിയാകാഞ്ഞത് ഈ പ്രസവവേദനയുടെ ചിന്തകൾ കാരണമായിരുന്നു.

എന്നിരുന്നാലും എന്‍റെ  ഉദരത്തിൽ ജീവിക്കുന്ന ആ കുഞ്ഞുപൈതൽ പുറംലോകം കാണാൻ യത്നിക്കുന്ന കാര്യമോർത്തപ്പോൾ എന്‍റെ വേദനയുടെ ഓർമകളെ ഞാൻ കുടഞ്ഞു കളഞ്ഞു. വീണ്ടും ഓർമ്മകൾ ഉറുമ്പുകളെ പോലെ വരിവരിയായി കയറുന്നതുപോലെ എന്‍റെ മനസ്സിന്‍റെ  ഭിത്തിയിൽ കയറുന്നുണ്ടായിരുന്നു. എനിക്ക് വേദനിച്ച് ആ കുഞ്ഞിനെ ഇങ്ങെത്തിക്കാൻ കഴിയുമോയെന്ന് നല്ല സംശയമുണ്ടായിരുന്നു. എന്തും വരട്ടെയെന്നു കരുതി ഞാൻ ലേബർറൂമിലേക്കു പോവാൻ കുളിച്ചു നല്ല വസ്ത്രവും ധരിച്ചു റെഡി ആയി.

ഞാൻ അനുസരണയോടെ ഇടതു കൈ നീട്ടി വച്ചു

ഒരു സിസ്റ്ററിന്‍റെ കൂടെയാണ് ഞാൻ അവിടേക്ക് പോയത്. എന്നേക്കാൾ മുമ്പേ ആരോ അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന്  എനിക്ക് മനസ്സിലായി... ബന്ധുക്കൾ വരാന്തയിലിരിക്കുന്നു. 'ദൈവമേ...' എന്നുവിളിച്ച് ഞാനാ മുറിയിൽ കയറി. അപ്പോൾ അവിടെ പ്രസവവേദന കൊണ്ട് അവശയായ ഒരു  സ്ത്രീ  കിടക്കുന്നതായിരുന്നു കണ്ടത്. എനിക്കായി ഒരു കട്ടിൽ അവിടെ റെഡിയായിരുന്നു. ഒരു സിസ്റ്റർ ഗൗൺ നീട്ടിയിട്ടു പറഞ്ഞു, "ഇത് ധരിച്ചു  കിടന്നോളൂ. ഇൻജെക്ഷൻ തരാം." ഞാൻ അത് ധരിച്ചു കട്ടിലിൽ കിടന്നപ്പോഴേക്കും തടിച്ച ഒരു  സിസ്റ്റർ സൂചിയും മരുന്നുമായി എന്‍റെ അടുത്തേക്കു വന്നു. 

"ഇടതു കൈ നീട്ടൂ,  ഇൻജക്ഷൻ എടുക്കട്ടേ'' അവർ പറഞ്ഞു. ഞാൻ അനുസരണയോടെ ഇടതു കൈ നീട്ടി വച്ചു. സൂചി ശരീരത്തിലേക്ക് ഫിറ്റ് ചെയ്ത് അതിലേക്കു മരുന്ന് കുത്തിവയ്ക്കാൻ തുടങ്ങി. കൈയിൽ മരുന്ന് കയറുന്നതിനനുസരിച്ച് തൊലിപ്പുറത്തു വീർത്തു വരുവാൻ തുടങ്ങി. അവർ നീഡിൽ  തിരികെയെടുത്തു. "ഇത് ശരിയാവുന്നില്ലല്ലോ, വലതു കൈ കാണിക്കൂ." ഇടതു കൈയിൽ നിന്ന് നീഡിൽ  ഊരിയെടുത്തുകൊണ്ടവർ പറഞ്ഞു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. വലതു കൈയിലേക്ക് സൂചികയറി. മരുന്ന് കയറാൻ തുടങ്ങി. വീണ്ടും കൈപ്പത്തിയിലൊരു കുഞ്ഞുഗോളം. "ഇതും ശരിയാകുന്നില്ലല്ലോ, നമുക്ക് ഇടതുകൈയിൽ തന്നെ ഇടാം". വീണ്ടും നീഡിൽ പുറത്തേക്കെത്തി. അപ്പോൾ നീഡിലിനൊപ്പമുള്ള പ്ലാസ്റ്റർ, രോമങ്ങൾ നിഷ്കരുണം പിഴുതെറിഞ്ഞു. എന്നെ വേദനിപ്പിച്ചു. വീണ്ടും ഇടതുകയ്യിലേക്ക് നീഡിൽ... വേദനയുടെ ഹരിശ്രീ ഇതാ ഇവിടെ കുറിക്കപ്പെട്ടിരിക്കുന്നു, ഞാൻ മനസ്സിലോർത്തു.

മരുന്ന്, തുള്ളിതുള്ളിയായി എന്‍റെ സിരകളിലേക്ക്... ഞാൻചില്ലറ വേദനയുമായി കിടക്കുമ്പോൾ അതാ അവിടെ അടുത്ത ബെഡ്ഡിൽ വേദനയുടെ മൊത്തവ്യാപാരം നടക്കുകയാണ്. ആ പെൺകുട്ടി എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്നു. അതിനിടയിൽ ഛർദിക്കുന്നുമുണ്ട്. ഞാനിതൊക്കെ കണ്ട് ഇപ്പുറത്തെ കട്ടിലിൽ കിടന്നു. അങ്ങോട്ടുമിങ്ങോട്ടും ഓരോ ആവശ്യങ്ങൾക്ക് പോകുമ്പോൾ ഓരോ സിസ്റ്റർമാരും ചോദിച്ചു കൊണ്ടിരുന്നു, "വേദനയുണ്ടോ", "വേദന തുടങ്ങിയോ?'', "ചെറുതായിട്ടുണ്ട്" ഞാൻ പറഞ്ഞു, "സമയമുണ്ടല്ലോ" എന്ന് പറഞ്ഞ് അവർ ജോലിയിൽ മുഴുകി. ഈ സമയമത്രയും ഞാനാഗ്രഹിക്കുകയായിരുന്നു ഈ ചെറിയ വേദന മാത്രം തന്നുകൊണ്ടു ആ വാവയിങ്ങു വരണേ.

ബെഡ്ഡിലെ സ്ത്രീയെ വേറൊരു റൂമിലേക്ക് മാറ്റി

വേദന  പതിയെ ഒളിച്ചുകളി തുടങ്ങി. അപ്പുറത്തെ കട്ടിലിൽ നിലവിളി അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നപോലെ. മിനിറ്റുകൾ മണിക്കൂറുകളായതുപോലെ. അടുത്ത ഡ്രിപ്പും എനിക്കായി തയ്യാറായി. മരുന്ന് കയറുമ്പോഴും വേദന ചെറുതായിത്തന്നെ നിൽക്കുന്നു. അടുത്ത ബെഡ്ഡിലെ പെൺകുട്ടിയുടെ ചലനങ്ങൾ നോക്കിക്കൊണ്ടിരിക്കെ ഒരു സിസ്റ്റർ അടുത്തേക്ക് വന്നു, "കണ്ടോണ്ടു കിടന്നോ ട്ടോ." അതിലെ വ്യംഗ്യം മനസ്സിലായെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. സമയം 10 മണി. ഡോക്ടർ വന്നും പോയുമിരിക്കുന്നു.10.30 ആയപ്പോൾ സിസ്റ്റർ ഡോക്ടർക്ക് ഫോൺ ചെയ്തു "ഡോക്ടർ വേഗം വരൂ..." അടുത്ത ബെഡ്ഡിലെ സ്ത്രീയെ വേറൊരു റൂമിലേക്ക് മാറ്റി.

"സീമേ നമുക്കും ഇങ്ങനെ പോവണ്ടായോ?" തിടുക്കത്തിൽ ചോദിച്ച് വേറൊരു മാടപ്രാവും പോയി. കരച്ചിൽ കേട്ട് കൊണ്ടേയിരിക്കുന്നു. പെട്ടെന്ന് ഒരു കുഞ്ഞുവാവയുടെ കരച്ചിൽ. എല്ലാവരും തിടുക്കത്തിൽ എന്തൊക്കെയോ ചെയ്യുന്നു. അതാ സിസ്റ്ററിന്‍റെ കയ്യിൽ നീല ഫ്ലാനലിൽ പൊതിഞ്ഞ കുഞ്ഞുവാവ... .കുഞ്ഞിനെ അവർ ബന്ധുക്കളുടെ അടുത്ത് കൊടുത്തു. കുറച്ചുകഴിഞ്ഞ് വാവയുടെ അമ്മയും വന്നു. എന്നെ അപ്പോഴേക്കും മെയിൻ ബെഡ്ഡിലേക്കു മാറ്റിയിരുന്നു. ആ അമ്മയുടെ തീർത്തും ശാന്തമായ മുഖം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അല്പം കഴിഞ്ഞു വാവയേയും അമ്മയുടെ അടുത്ത് കിടത്തി. ഡോക്ടർ എന്‍റടുത്തേക്കു വന്നു. പരിശോധിച്ച ശേഷം പോയി. എല്ലാവരും അവരവരുടെ ജോലിയിലേക്ക് മുഴുകി. 

പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദന തുടങ്ങി. ഇത്തിരി കനത്തിൽ തന്നെ. ചെറിയ ഇടവേളകളിൽ വന്ന വേദന... പതിയെപ്പതിയെ ഇടവേളകളുടെ ദൈർഘ്യം കുറയുന്നത് ഞാൻ മനസ്സിലാക്കി. വേദന തീക്ഷ്ണമായിക്കൊണ്ടിരുന്നു. എനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും ഞാൻ കൂട്ടുപിടിച്ചു. എന്നെ ഇനിയും വേദനിപ്പിക്കല്ലേ എന്ന് കരഞ്ഞു. രക്ഷയില്ല. കട്ടിലിൽ കിടന്നു പുളഞ്ഞപ്പോൾ അടുത്ത കട്ടിലിലെ ശാന്തമായ മുഖം തെല്ലസൂയയുണ്ടാക്കിയോ? ഞാൻ ദൈവങ്ങളെ വിട്ട് പുതുലോകം കാണാൻ വെമ്പുന്ന എന്‍റെ കുഞ്ഞുവാവയെ വിളിക്കാൻ തുടങ്ങി. എന്‍റെ കുഞ്ഞേ... ഒന്ന് വേഗം വാ... അമ്മക്കിനിയും വേദനിക്കാൻ വയ്യേ... ഒരു സിസ്റ്റർ വന്നു കൈയിൽ മുറുകെ പിടിച്ചു. "എന്തെങ്കിലും മരുന്ന് തരാമോ ഈ വേദന കുറയാൻ?" ഞാൻ ചോദിച്ചു. അവർ കയ്യിൽ  മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു, "ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കൂ."  ഇടയ്ക്കിടെ എന്നെ പരിശോധിച്ചുകൊണ്ട് അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാവരും എന്നെ ശ്രദ്ധിച്ചുകൊണ്ട് തന്നെ അവരവരുടെ ജോലിയിൽ തുടർന്നു. സമയം 1 pm.എന്‍റെ തലയ്ക്കു പുറകിലെ ആ ക്ലോക്കിനെ നോക്കി ഞാൻ നെടുവീർപ്പിട്ടു. "ഇനി എത്രനേരം വേദനിക്കണം ദൈവമേ." 

അവർ പറഞ്ഞത് ഏതോ ലോകത്തിരുന്നെന്നപോലെ ഞാൻ കേട്ടു

പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു സിസ്റ്റർ ചാടിയെഴുന്നേറ്റ് എന്‍റടുത്തെത്തി. എന്നിട്ട് വേഗം ഡോക്ടറിനെ ഫോൺ ചെയ്തു. എനിക്ക് മനസ്സിലായി, എന്‍റെ വാവ വരുന്നു. ഞാനും എന്‍റെ ഡ്രിപ്പും അടുത്ത മുറിയിലേക്ക്. ആരൊക്കെയോ എന്നെ പിടിച്ചിട്ടുണ്ട്. ടേബിളിൽ കിടത്തിയപ്പോഴേക്കും ഡോക്ടർ തിടുക്കത്തിൽ എത്തി. വേദന കൊണ്ട് പുളയുമ്പോഴും എന്തൊക്കെയോ തയ്യാറെടുപ്പുകൾ അവരെല്ലാം  ചെയ്യുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എന്‍റെ കുഞ്ഞിനെ ഭൂമിയിലെത്തിക്കാൻ ഞാനും ശ്രമിച്ചുകൊണ്ടിരുന്നു. ഒരു കുഞ്ഞുശബ്ദം... അതെ എന്‍റെ വാവ വന്നുകഴിഞ്ഞു. "പെണ്‍കുഞ്ഞാണ്" അവർ പറഞ്ഞത് ഏതോ ലോകത്തിരുന്നെന്നപോലെ ഞാൻ കേട്ടു. കാണാൻ പറ്റുന്നില്ല... വലിയ ആശ്വാസം അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്‍റെ കണ്ണ് അടഞ്ഞടഞ്ഞു പോവുന്നു. മേഘക്കീറുകൾക്കിടയിലോ, പഞ്ഞിക്കെട്ടുകൾക്കു മുകളിലോ, ഞാനിതെവിടെയാ? പെട്ടെന്നൊരു കരച്ചിൽ, കണ്ണുകൾ ബദ്ധപ്പെട്ട് വലിച്ചുതുറന്ന് ശബ്ദം കേട്ടിടത്തേക്കു നോക്കി. എന്‍റെ വാവ ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാൻ എന്ന പോലെ പുളഞ്ഞു കരയുന്നു. 

കുഞ്ഞിനെ സിസ്റ്റർ കൊണ്ടുപോയി ഫ്ലാനെലിൽ പൊതിഞ്ഞു കൊണ്ട് വന്നു. എന്‍റെ മുഖത്തോടു ചേർത്തിട്ട് കൊണ്ടു പോയി. വീണ്ടും വേറൊരു ബെഡിലേക്ക്... എന്തൊരാശ്വാസം നീണ്ടുനിവർന്നുകിടക്കാമല്ലോ. എന്‍റെ കുഞ്ഞെവിടെ? ചുറ്റിലും നോക്കി അതാ എന്‍റെ കുഞ്ഞുമാലാഖ പിങ്ക് അരിക് ഉള്ള വെള്ള ഫ്ലാനെലിൽ എന്‍റടുത്തേക്കു വരുന്നു. എന്‍റടുത്തു കുഞ്ഞിനെ കിടത്തി. മാതൃനിർവിശേഷമായ സ്നേഹത്തോടെ ഞാനാ നെറ്റിയിലൊരു സ്നേഹമുദ്ര ചാർത്തി. അവൾ, എന്‍റെ  ലക്ഷ്മി... 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

click me!