'എടേ, ഇവന്‍ ആ മൂലയിലെ കൂട്ടിരിപ്പുകാരിപ്പെണ്ണുമായി പ്രേമത്തിലാണ്'

By Hospital Days  |  First Published Dec 10, 2018, 3:37 PM IST

അവിടെ സാധാരണ മനുഷ്യര്‍ സ്‌നേഹവും ഉപചാരങ്ങളും കനിവും ഒക്കെക്കൊണ്ട് പരസ്പരം പൊതിയും. സഹായ സന്നദ്ധരാവും. ബോധോപബോധതലങ്ങളില്‍ ഉപ്പും പുളിയും എരിവും വിശപ്പും നിറവുമൊക്കെ പരസ്പരം പങ്കിടും.  ആ സ്‌നിഗ്ദ മനോപ്രതലങ്ങളില്‍ തരാതരം പോലെ പ്രണയവും അണപൊട്ടിയൊഴുകും.


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

undefined

കോളറക്കാലത്തെ പ്രണയത്തിലൊന്നും അസാധാരണതയോ അത്ഭുതമോ തോന്നേണ്ടതില്ല.  രണ്ട് ദശാബ്ദം മുന്‍പുള്ള ആ ഒരാണ്ടത്തെ മെഡിക്കല്‍ കോളേജ് കാമ്പസ് വാസം എനിക്കാ നേരറിവ് തന്നിട്ടുണ്ട്.  രോഗങ്ങളുടെയും മരുന്നുകളുടെയും വേദനയുടെയും മരണത്തിന്റെയുമൊക്കെ നിഴലിടത്തിലാണ് ജീവിതവും പ്രണയവുമൊക്കെ അത്യധികം ഉണര്‍വോടെ പൂത്തുലയുന്നത്.  പൊതു ആശുപത്രി വാര്‍ഡിടങ്ങളിലായിരുന്നു, പ്രത്യേകിച്ച് ഓണ്‍ലൈന്‍ പൂര്‍വ്വകാലത്ത്, സാധാരണ മനുഷ്യര്‍ അവര്‍ക്കന്നോളം അപരിചിതരായിരുന്ന അന്യരായിരുന്ന മറ്റ് മനുഷ്യരുമായി ഒരേ വെളിച്ചവും  ഇരുട്ടും പങ്കുവെച്ച് അടുത്തറിയുകയും അടുത്തിടപഴകുകയും ചെയ്തിരുന്നത്. 

സ്വന്തം ഗ്രാമവട്ടത്തില്‍ ജനിച്ച് അവിടെ പരിചിതരൊപ്പം മാത്രം പരദശമാണ്ട് സഹവസിച്ചവര്‍ പെട്ടെന്നൊരു ദിവസം രോഗിയായോ കൂട്ടിരിപ്പുകാരായോ ആശുപത്രി വാര്‍ഡില്‍ എത്തിപ്പെടുമ്പോഴാണ്, തൊട്ടടുത്ത കിടക്കയിലും ചുറ്റിലുമുള്ള മറ്റേതൊക്കെയോ ദേശസാഹചര്യങ്ങളില്‍ നിന്നും വന്നെത്തിയ മറ്റ് മനുഷ്യരുടെ ജീവിത വൃത്തങ്ങള്‍ അടുത്ത് കാണാനിടവരുന്നത്. അന്നു വരെ, മറ്റിടങ്ങളില്‍ തന്നെപ്പോലെ തന്നെയുള്ള തനിക്കറിയാത്ത മനുഷ്യരുണ്ടെന്ന ധാരണ അവ നി ലുണ്ടായിരുന്നെങ്കിലും അതത്ര വ്യവഹാര പ്രസക്തമല്ലായിരുന്നു.  ഇപ്പോഴാണ് അവന്‍ ആ മനുഷ്യരുമായി ഒരേ ദിനവട്ടങ്ങള്‍ പങ്കിടേണ്ടി വന്നിരിക്കുന്നത്.  അതവനിലെ മാനുഷിക ഭാവങ്ങള്‍ ഒന്നാകെ ചടപടേ മുള പൊട്ടിക്കും; ഉണങ്ങി വരണ്ട വിത്തിനു ചുറ്റും നീര്‍നനവുണ്ടായ പോലെ...

അവിടെ സാധാരണ മനുഷ്യര്‍ സ്‌നേഹവും ഉപചാരങ്ങളും കനിവും ഒക്കെക്കൊണ്ട് പരസ്പരം പൊതിയും. സഹായ സന്നദ്ധരാവും.  ബോധോപബോധതലങ്ങളില്‍ ഉപ്പും പുളിയും എരിവും വിശപ്പും നിറവുമൊക്കെ പരസ്പരം പങ്കിടും.  ആ സ്‌നിഗ്ദ മനോപ്രതലങ്ങളില്‍ തരാതരം പോലെ പ്രണയവും അണപൊട്ടിയൊഴുകും.

തിരക്ക് പിടിച്ച ആ സമയത്ത് ബെഡൊന്നും കിട്ടിയില്ല

അന്ന്, തീവ്രമായ ഡയബറ്റിക് ബാധിതനും എന്റെ സുഹൃത്തും നാട്ടുകാരനുമായ രാജേഷിനെ ഗുരുതരമായ വ്രണങ്ങളുമായാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അവന്റെ അനിയനാണ് കൂട്ടുനിന്നത്. തിരക്ക് പിടിച്ച ആ സമയത്ത് ബെഡൊന്നും കിട്ടിയില്ല. അവര്‍ വാര്‍ഡിന്റെ വരാന്തയില്‍ പുല്‍പ്പായ വിരിച്ചു കിടന്നു. അവരോടുള്ള അടുപ്പവും സ്‌നേഹവും കൊണ്ട് ഞാന്‍ ഡോക്ടറെയും നഴ്‌സിനെയുമൊക്കെ സ്വാധീനിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ബെഡ് സംഘടിപ്പിച്ചു. അതില്‍ അവര്‍ അത്യധികം സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത്. 

പക്ഷേ രാജേഷിനെ ആ ബെഡിലോട്ട് മാറ്റാന്‍ അനിയന്‍ സമ്മതിക്കുന്നില്ല!

ഇവിടെ കാറ്റുണ്ട്, ഇവിടെ വെളിച്ചമുണ്ട്, ഇവിടെ സുഖമുണ്ട് എന്നൊക്കെ അനിയന്‍ പറയുന്നതിലെ സാംഗത്യം എനിക്ക് പിടികിട്ടിയില്ല.. അപ്പോഴാണ് അവശനായി തറയില്‍ക്കിടന്ന രാജേഷ് രഹസ്യമായി എന്റെ ചെവിയില്‍ അക്കാര്യം പറഞ്ഞത്. -'എടേ, ഇവന്‍ ആ മൂലയിലെ കൂട്ടിരിപ്പുകാരിപ്പെണ്ണുമായി പ്രേമത്തിലാണ്. എന്തു വന്നാലും ഇവന്‍ ഇവിടുന്നെന്നെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കില്ല!' 

സ്‌ട്രെച്ചറുകള്‍ വേദനിച്ച് ഞരങ്ങി വിളിച്ചുരുളുന്നുണ്ട്

അപ്പോഴാണ് ഞാനാ പ്രണയകുസുമങ്ങളെ ശ്രദ്ധിച്ചത്-ദൂരെ ദൂരെയുള്ള രണ്ട് പുല്‍പ്പരമ്പുകളില്‍ തല ചായ്ച്ച് കിടന്ന് അവര്‍ കണ്ണുകളിലൂടെ പ്രണയിക്കുകയാണ്. അവര്‍ക്കിടയിലെ ലോഷന്‍ ഗന്ധമുള്ള മൊസേക്ക് തറയിലൂടെ അനേകം രോഗികളുടെ പതറിയ ചുവടുകള്‍ കടന്നുപോവുന്നുണ്ട്. സ്‌ട്രെച്ചറുകള്‍ വേദനിച്ച് ഞരങ്ങി വിളിച്ചുരുളുന്നുണ്ട്; മരണങ്ങള്‍ കടന്നു പോവുന്നുണ്ട്. പക്ഷേ അവര്‍ ആ കാഴ്ചകളുടെ ദ്രുതചലന വിടവുകളിലൂടെ തിരശ്ചീന ദൃശ്യരശ്മികളിലൂടെ അതിഗാഢമായി പ്രണയിച്ചു കൊണ്ടിരിക്കുന്നു!   

ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്; ഈ മെഡിക്കല്‍ കോളജ്  കാമ്പസില്‍ കണ്ടത്രയും പച്ചയായ പ്രണയങ്ങള്‍ ഞാന്‍ മറ്റെങ്ങും കണ്ടിട്ടില്ല! അവിടെ ഇടവഴികളില്‍, നീണ്ട ഇടനാഴികളില്‍, കാട്ടുവഴികളില്‍ ഒക്കെ പ്രണയം വേദനകള്‍ക്കും മരണങ്ങള്‍ക്കുമൊപ്പം തഴച്ച് പൂത്ത് വിരാജിക്കുന്നു. വേദനകളുടെയും മരണത്തിന്റെയുമൊക്കെ ഇടനാഴികളാണ്  ജീവിതവും  പ്രണയവുമെല്ലാം  പൂത്തുലയുന്നിടങ്ങള്‍  എന്നുണ്ടോ എന്തോ!

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

click me!