എനിക്ക് മറ്റു രോഗികളെ കാണാൻ ഉള്ളതിനാൽ റോജറിനോട് യാത്ര പറഞ്ഞു ഞാൻ മുറിവിട്ടിറങ്ങി. അപ്പോളും കൈവിരലിലെ ആ റബ്ബർബാൻഡ് ഒന്നൂടെ മുറുക്കി ചുറ്റികൊണ്ട് റോജർ എന്നോട് പറഞ്ഞു. "ഇത് എന്‍റെ വിവാഹമോതിരം ആണ്. ഇത് ഞാൻ നഷ്ടപ്പെടുത്തില്ല.''
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്
undefined
പതിവുപോലെ നെബുലൈസേർ ചികിത്സ നൽകാൻ ആണ് ഞാൻ ആ മുറിയിലേയ്ക്കു ചെന്നത്. കയ്യിൽ ഐഡി ബാൻഡ് സ്കാൻ ചെയ്യാനുള്ള സ്കാനറും മരുന്നും ആയി ഞാൻ ചെന്നപ്പോൾ റോജർ എന്ന 81 -കാരൻ അവിടെ ബെഡിൽ കിടന്ന് പത്രം വായനയാണ്. കാഴ്ച്ചയിൽ യാതൊരു അസാധാരണത്വവും ഇല്ലാത്ത ഒരു മനുഷ്യൻ. കതകിൽ തട്ടി അനുവാദം വാങ്ങി ഞാൻ അകത്തേയ്ക്കു കടന്നപ്പോൾ ഷിഫ്റ്റ് ചേഞ്ച് റിപ്പോർട്ട് കൊടുക്കാൻ നൈറ്റിലേയും ഡേയിലെയും നഴ്‌സുമാർ എന്‍റെ പിന്നാലെ വന്നു. അവരുടെ കർത്തവ്യം നിർവ്വഹിച്ചു പിരിയാൻ തുടങ്ങുമ്പോൾ ഞങ്ങളെ നോക്കി റോജർ ചിരിച്ചു.
നീ എന്തെടുക്കാൻ പോവാണ്? നീ എന്തിനാണ് എന്‍റെ മുറിയിൽ വന്നത്?
"നിങ്ങൾ സുന്ദരികളായ സ്ത്രീകൾ ഇങ്ങനെ ചുറ്റും നിൽകുമ്പോൾ തന്നെ അസുഖം ഭേദമാകും" എന്ന് പറഞ്ഞു റോജർ വീണ്ടും ചിരിച്ചപ്പോൾ ഞങ്ങളും ചിരിച്ചു. മുറിവിട്ട് പോകും മുന്നെ മോർണിംഗിൽ ഉണ്ടായിരുന്ന നഴ്‌സ് ഒരു സൂചന പോലെ പറഞ്ഞു, റോജറിന് "ഡിമെൻഷ്യ" (ഓർമ്മകൾ നശിച്ച അവസ്ഥ) ആണ്. സൂക്ഷിക്കണം.
എന്നെയും റോജറിനെയും തനിച്ചാക്കി നഴ്സുമാർ പോയപ്പോൾ ഞാൻ സ്വയം പരിചയപ്പെടുത്തി. നെബുലൈസേർ തരാൻ വന്നതാന്നെന്ന് പറഞ്ഞപ്പോൾ റോജർ ചിരിച്ചു. ഞാൻ മെല്ലെ എന്‍റെ കർത്തവ്യത്തിലേയ്ക് കടന്നു. പെട്ടെന്നാണ് റോജർ എന്നോട് ചോദിച്ചത്, ''നീ എന്തെടുക്കാൻ പോവാണ്? നീ എന്തിനാണ് എന്‍റെ മുറിയിൽ വന്നത്?''ഒന്ന് അമ്പരന്ന ഞാൻ വീണ്ടും ആദ്യം മുറിയിൽ കയറിയപ്പോൾ ചെയ്തപോലെ പേര് പറഞ്ഞു പരിചയപ്പെടുത്തി. നെബുലൈസേർ തരാൻ വന്നതാണെന്നും പറഞ്ഞു. റോജർ ഓക്കേ പറഞ്ഞപ്പോൾ പ്രാഥമിക പരിശോധനയ്ക്കു ശേഷം മരുന്ന് ഒഴിച്ച് നെബുലൈസേർ മാസ്ക് മുഖത്ത് വെച്ചു കൊടുത്തു. അദ്ദേഹം അപ്പോളും നിഷ്കളങ്കമായി പുഞ്ചിരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും ഒരു ചോദ്യം, ''ആ വാതിൽ അവിടെ എന്തിനാണ്? അത് തുറന്നാൽ ഞാൻ എങ്ങോട്ട് പോകും?'' ഞാൻ അദ്ദേഹം ചൂണ്ടിയിടത്തേക്കു നോക്കി. അവിടെ വാതിൽ ഇല്ല. ഭിത്തി മാത്രം. പിന്നെയുള്ളതു ജനാലയും. "വാതിൽ അവിടെ ഇല്ലല്ലോ റോജർ" ഞാൻ മറുപടി പറഞ്ഞു.
''ഇല്ല! അവിടെ ഒരു വാതിൽ ഉണ്ട്. എന്‍റെ മുറിയിൽ അങ്ങനെ ഒരു വാതിൽ ഇല്ല. ഞാൻ കിടക്കുന്ന മുറി ഇങ്ങനെ അല്ല. ഇതെന്‍റെ ബെഡ് അല്ല. പതുക്കെ പതുക്കെ റോജർ ബഹളം കൂട്ടാൻ തുടങ്ങി. "ഞാൻ താമസിക്കുന്ന സ്ഥലം വില്ലിംഗ്ടൺ റോഡിൽ ആണ്, അവിടെ 265 -ാം മുറിയിൽ ആണ് ഞാൻ. ഇത് എന്‍റെ ബെഡ് അല്ല. എന്‍റെ നേഴ്സ് ഫ്രഡിയെ വിളിക്കൂ. അവന് അറിയാം എന്‍റെ മുറി എവിടെ ആണെന്ന്. ''
ഇങ്ങനെ ഓരോന്ന് പറഞ്ഞു റോജർ ബഹളം കൂട്ടാൻ തുടങ്ങി. മുഖത്തെ മാസ്ക് ഊരി മാറ്റാൻ ശ്രമിച്ചപ്പോൾ ഞാൻ റോജറിനെ സംസാരിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. ഷിഫ്റ്റ് ചേഞ്ച് ആയതിനാൽ മറ്റുള്ളവർ തിരക്കിലാണ്. ഞാൻ ഫ്രെഡിയെ വിളിക്കാം. ഫ്രെഡി വരും എന്ന് പറഞ്ഞപ്പോൾ ആള് അൽപ്പം ഒന്ന് ശാന്തനായി. ഇത്തരം രോഗം ബാധിച്ചവരെ അവരുടെ ഓർമ്മയ്‌ക്കൊപ്പം നമ്മൾ ചേർന്നാലേ ശാന്തമാക്കാൻ പറ്റൂ എന്ന് മുൻ അനുഭവങ്ങൾ തന്ന പാഠം ഇവിടെയും രക്ഷയായി. ആദ്യത്തെ ഡോസ് മരുന്ന് തീർന്നപ്പോൾ ഞാൻ രണ്ടാമത്തേത് സ്റ്റാർട്ട് ചെയ്തു. ഇതിനിടയിൽ ഞാൻ റോജറിനോട് സംസാരിച്ചു കൊണ്ടേ ഇരുന്നു.
''റോജർ, നീ ഓർക്കുന്നോ, നിനക്ക് ശ്വാസം മുട്ടൽ വല്ലാതെ കൂടി പോയി. ഫ്രെഡി ആണ് ആംബുലൻസ് വിളിച്ചു നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഇത് ആശുപത്രി ആണ്. രണ്ടു ദിവസം ഇവിടെ കിടന്ന് അസുഖം ഭേദമായിട്ട് നിനക്ക് തിരിച്ചു പോകാം. അതുവരെ ബഹളം ഒന്നും ഉണ്ടാക്കരുത്. ഫ്രെഡി പുറത്ത് നിൽപ്പുണ്ട്. ഞാൻ പോകുമ്പോൾ ഫ്രെഡി വരും.'' എന്‍റെ ഭാവനയിൽ ഞാനൊരു കഥ മെനഞ്ഞു പറഞ്ഞു. റോജർ ഒക്കെ കേട്ട് തല കുലുക്കി. അൽപ്പം കഴിഞ്ഞു നേരത്തെ ചെയ്തപോലെ വീണ്ടും ബഹളം തുടങ്ങി. അപ്പോൾ ആണ് വൈറ്റൽ സൈൻ നോക്കാൻ നേഴ്സ് ടെക്ക് അങ്ങോട്ട് വന്നത്. വന്നതേ പറഞ്ഞു, ''ഓ, തുടങ്ങിയോ? ഇനി രാത്രി മുഴുവനും ഈ ബഹളം ആവും.'' അതും പറഞ്ഞു അവൻ വന്ന ജോലി ചെയ്തു മുറി വിട്ടു പോയി.
ഞാൻ റോജറിനെ നോക്കി. പാവം പേടിച്ചരണ്ട് ചുറ്റും ആരെയോ നോക്കുകയാണ്. ഓർമ്മകൾ നരച്ചുപോയ തലച്ചോറുമായി ജീവിക്കുന്ന ആ പാവത്തിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. യാഥാർഥ്യത്തിന്‍റെ ഒരു അംശം മാത്രം ഉള്ളിൽ ഉണ്ട്. അതിനപ്പുറം ഒന്നും അറിയില്ല. ഇങ്ങനെ ബഹളം കൂട്ടുന്നതിനിടയിൽ ആണ് റോജറിന്‍റെ ഇടത്തെ കൈയിൽ മോതിരവിരലിൽ മോതിരത്തിന്‍റെ അപ്പുറം ചുറ്റി അണിവിരലിലും നാടുവിരലിനും ചുറ്റി ഇട്ടിരിക്കുന്ന റബ്ബർ ബാൻഡ് ഞാൻ കണ്ടത്. വിരലുകൾ രക്തയോട്ടം തടസ്സപ്പെട്ടു നീലിച്ചു തുടങ്ങിയിട്ടുണ്ട്. ''ഇതെന്താ നീ ഇങ്ങനെ ഇട്ടിരിക്കുന്നത്? അയ്യോ ബ്ലഡ് കിട്ടാതെ നിന്‍റെ വിരൽ നീലിച്ചു.'' അതും പറഞ്ഞു ഞാൻ ആ വിരലിൽ പിടിച്ചു. ''നോ! അരുത്, അത് ഊരണ്ട.'' അതും പറഞ്ഞു റോജർ കൈ പിൻവലിച്ചു. എന്നിട്ട് ആ റബ്ബർ ബാൻഡ് ഒന്നൂടെ വലിച്ചു സ്ഥാനം ഉറപ്പിച്ചു.
"എന്റെ വിവാഹമോതിരം ആണിത്. ഇത് നഷ്ടപ്പെടാതെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും." ഉറച്ച ആ വാക്കുകൾക്ക് മുന്നിൽ എതിർത്ത് പറയാൻ എനിക്ക് ന്യായങ്ങൾ ഇല്ലായിരുന്നു. അൽപ്പം ശാന്തനായപ്പോൾ ഒരു ആകാംഷയുടെ പുറത്ത് ഞാൻ റോജറിനോട് ചോദിച്ചു, നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി? എത്രത്തോളം ഓർമ്മ ആ മനുഷ്യനിൽ ബാക്കി ഉണ്ടെന്ന് എനിക്കും അറിയില്ലല്ലോ.
അവൾ മരിച്ചു. വെളുപ്പിന് 4.30യ്ക്ക്, അല്ല അഞ്ചിന് ആരുന്നു
"എന്റെ ഭാര്യ, അവൾ മരിച്ചു. വെളുപ്പിന് 4.30നോ 5 -നോ ആരുന്നു". 2016 -ൽ ആണ് അവൾ മരിക്കുന്നത്.'' ഓർമ്മയിൽ നിന്നും ചിക്കി ചികഞ്ഞെടുക്കും വണ്ണം റോജർ പതറിയും ഇടറിയും പറഞ്ഞു. അന്ന് അൻപത്തിനാലര വർഷം ആയി ഞങ്ങൾ വിവാഹിതരായിട്ട്. ക്യാൻസർ, അത് അവളെ കൊണ്ട് പോയി. അവൾ സുന്ദരി ആയിരുന്നു. എന്നെ വലിയ ഇഷ്ടം ആയിരുന്നു.'' തികച്ചും സാധാരണക്കാരനായി ആണ് ഇപ്പോൾ റോജർ സംസാരിക്കുന്നത്.
''കുട്ടികൾ?'' ഞാൻ വീണ്ടും ചോദിച്ചു. വട്ട പൂജ്യം എന്ന് കൈകൊണ്ടു വായുവിൽ എഴുതി കാണിച്ചു. ബന്ധുക്കൾ ആരൊക്കെയുണ്ട്? ഞാൻ ചോദ്യം ആവർത്തിച്ചു. "ഒരു അനിന്തരവൾ ഉണ്ട്. മിടുക്കിയാണ്. കുടുംബമായി അവിടെ പ്രയറിഫാം വിലേജിൽ താമസിക്കുന്നു. എന്‍റെ താമസസ്ഥലത്തിന് അടുത്താണ്.'' അത്രയും പറഞ്ഞു ബാക്കിയുള്ള എന്‍റെ ചോദ്യത്തെ അവഗണിച്ചു റോജർ വീണ്ടും എന്തോ ചിന്തിച്ചു മൗനമായിരുന്നു.
''ഫ്രെഡി വരുമോ?'' റോജർ എന്നോട് ചോദിച്ചു. "എന്‍റെ മുറി അതാണ്. ഞാൻ ഇവിടെ നിന്നാൽ എനിക്ക് അവിടെ മുറി കിട്ടുമോ? ഇവിടെ ശരിയാവില്ല. എനിക്ക് പോണം". ഞാൻ വീണ്ടും ചോദിച്ചു, നിങ്ങൾ കണ്ടു മുട്ടിയതെങ്ങനെ? നീയും നിന്‍റെ ഭാര്യയും?
''ആ, എനിക്കറിയില്ല. ഞാൻ ഒന്നും ഓർക്കുന്നില്ല. ഞങ്ങൾ രണ്ടര വർഷം ഡേറ്റിംഗ് ചെയ്തു.''
''റോജർ ഏത് വർഷം ആണ് വിവാഹം കഴിച്ചത്? എവിടെ ആരുന്നു വിവാഹം?'' എനിക്ക് ആകാംഷ കൂടി വീണ്ടും ചോദിച്ചു.
''നിനക്കറിയുമോ, അൻപത്തിനാലര വർഷം അവൾ എന്‍റെ എല്ലാമായിരുന്നു. ''വീണ്ടും മൗനം. എന്നിട്ട് മുൻപ് പറഞ്ഞ വാചകങ്ങൾ ആവർത്തിച്ചു. "എന്‍റെ ഭാര്യ, അവൾ മരിച്ചു. വെളുപ്പിന് 4.30യ്ക്ക്, അല്ല അഞ്ചിന് ആരുന്നു. ക്യാൻസർ അവളെ കൊണ്ടുപോയി. ഇത് എന്‍റെ മുറിയല്ല! എനിക്ക് എന്‍റെ ബെഡിൽ കിടക്കണം. ഫ്രെഡി, അവൻ നല്ലവനാ. എന്‍റെ നഴ്‌സ് ആണ്. നീ അവനെ വിളിക്ക്. എന്നെ എന്‍റെ മുറിയിൽ ആക്കാൻ അവനോടു പറയൂ.''
സ്ഥിരമായി കഴിഞ്ഞ അസ്സിസ്റ്റഡ് ലിവിംഗ് ഹോമിൽ നിന്നും ആശുപത്രിയിൽ എത്തിയപ്പോൾ അതുമായി പൊരുത്തപ്പെടാൻ കഴിയാതെ റോജർ സ്വന്തം തലച്ചോറുമായി നിരന്തരമായ യുദ്ധത്തിലാണ്. ഒരു വീഴ്ച്ചയിൽ കാലിന് ഒടിവുണ്ട്. അത് ഭേദമാകാതെ ഒരു തിരികെ പോക്ക് റോജറിനില്ല. ഒപ്പം വിട്ടുമാറാത്ത ചുമയും പനിയും റോജറിന്‍റെ ആരോഗ്യം മോശമാക്കി. ഇതൊന്നും പറഞ്ഞാൽ വിലപ്പോവില്ല. ഞാൻ വീണ്ടും മുന്നെ പറഞ്ഞ ശ്വാസംമുട്ടിന്‍റെ കഥ തന്നെ ആവർത്തിച്ചു. കൂട്ടത്തിൽ ഫ്രെഡി നാളെ കൂട്ടികൊണ്ട് പോകും എന്ന് ഒരു വാഗ്ദാനം കൂടി നൽകി. ഇന്നൊരു രാത്രി ഇവിടെ കഴിഞ്ഞേ മതിയാവൂ എന്ന് അപേക്ഷിച്ചു. ഏറെ നേരം പറഞ്ഞു കഴിഞ്ഞപ്പോൾ ആള് വീണ്ടും ശാന്തനായി.
രണ്ടു കൈകളും കട്ടിലിനോട് ചേർത്തു ബന്ധിച്ചിരിക്കുന്നു
എനിക്ക് മറ്റു രോഗികളെ കാണാൻ ഉള്ളതിനാൽ റോജറിനോട് യാത്ര പറഞ്ഞു ഞാൻ മുറിവിട്ടിറങ്ങി. അപ്പോളും കൈവിരലിലെ ആ റബ്ബർബാൻഡ് ഒന്നൂടെ മുറുക്കി ചുറ്റികൊണ്ട് റോജർ എന്നോട് പറഞ്ഞു. "ഇത് എന്‍റെ വിവാഹമോതിരം ആണ്. ഇത് ഞാൻ നഷ്ടപ്പെടുത്തില്ല.''
ഏറെ കഴിഞ്ഞ് ആ വഴി പോയപ്പോൾ റോജർ വലിയ ബഹളം കൂട്ടുന്നത് കേട്ടു ഞാൻ ആ മുറിയിലേയ്ക്കു ഓടി കയറി. ചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച്ച കണ്ണ് നിറച്ചു. രണ്ടു കൈകളും കട്ടിലിനോട് ചേർത്തു ബന്ധിച്ചിരിക്കുന്നു. വയറിനും നെഞ്ചിനും ഇടയിലൂടെ ചെസ്റ്റ് റിസ്ട്രെയിൻ ഇട്ടു കെട്ടിയിരിക്കുന്നു. അതിൽ നിന്നെല്ലാം മുക്തനാകാൻ പ്രയത്നിച്ചു നിലവിളിക്കുകയാണ് റോജർ. ഇവിടെ ഞാൻ നിസ്സഹായയാണ്. റോജറിന്‍റെ സുരക്ഷയ്ക്ക് വേണ്ടി ആവും അവരിത് ചെയ്തത്.
നഴ്‌സ് ടെക് വന്നു. സങ്കടത്തോടെ അവൻ പറഞ്ഞു, കൈയിലെ ഐ. വി ലൈൻ ഒക്കെ വലിച്ചൂരി. ബെഡിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു, വയ്യാതെ പാതി ശരീരം ആയി താഴെ വീണു കിടക്കുവാരുന്നു റോജർ എന്ന്. വീണു കാലൊടിഞ്ഞു അഡ്മിറ്റ് ആയ ആള് വീണ്ടും വീണാൽ അത് ഡ്യൂട്ടിയിൽ ഉള്ള നഴ്സിനെയും, ടെക്കിനേയും, ആശുപത്രിയെയും ബാധിക്കും. രാത്രി പുലരും വരെ ഒരാൾക്ക് മാത്രം ആയി കാവൽ ഇരിക്കാൻ ഉള്ള സ്റ്റാഫ് ഇല്ല. പിന്നെ റിസ്ട്രെയിൻ ഇട്ടു കിടത്തുക. ഇതേ മാർഗ്ഗം ഉള്ളൂ.
അടുത്ത് ചെന്ന് നെറ്റിയിൽ തലോടി ഞാൻ റോജറിനെ ആശ്വസിപ്പിച്ചു. രാവിലെ ഫ്രെഡി വന്നു കൊണ്ട് പോകും എന്ന് ഉറപ്പ് കൊടുത്തു. കൊച്ചു കുട്ടികളെ പറഞ്ഞു പറ്റിക്കും പോലെ ആ 81-കാരനെ ഞാൻ വീണ്ടും പറഞ്ഞു പറ്റിച്ചു. അല്പം ആശ്വാസത്തോടെ എന്നെ നോക്കി റോജർ ചോദിച്ചു, "എന്‍റെ മോതിരം, അത് എന്‍റെ വിരലിൽ ഉണ്ടോ? അത് നഷ്ടപ്പെടാതെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും.''
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് റോജർ പറഞ്ഞു, ''നന്ദി മകളേ''
ഞാൻ കെട്ടിയിട്ട ഇടതു കൈയിലേക്ക് നോക്കി. മോതിരം റബ്ബർ ബാൻഡിനപ്പുറം ആയി ഊർന്നു പോകാറായി കിടക്കുന്നു. കൈയിലെ കെട്ട് പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയതാവാം. ഞാൻ പതുകെ അത് തിരികെ വിരലിൽ ഇട്ടു കൊടുത്തു. എന്നിട്ട് ആ റബ്ബർ ബാൻഡ് അതേ പോലെ ചുറ്റി കെട്ടി മൂന്ന് വിരലുകൾക്കുള്ളിൽ ആ മോതിരം ഭദ്രമാക്കി. ''റോജർ, മോതിരം ഭദ്രമാക്കിയിട്ടുണ്ട്. ഇനി ഊരി പോകില്ല. ധൈര്യമായി ഉറങ്ങിക്കോളൂ.''
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് റോജർ പറഞ്ഞു, ''നന്ദി മകളേ''. മറവിയുടെയും ഓർമ്മയുടെയും ഇടയിലുള്ള കുറച്ചു നിമിഷങ്ങൾ. കൂടുതൽ നേരം നില്കാതെ ഞാൻ മുറിവിട്ടിറങ്ങിയപ്പോൾ പിന്നിൽ റോജറിന്റെ ശബ്ദം മുഴങ്ങി കേട്ടു. "ഇതെന്‍റെ ബെഡ് അല്ല. എന്‍റെ മുറി ഇതല്ല. എന്‍റെ മുറി 265 -ാം നമ്പർ മുറിയാണ്."
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം