ഒരു നേഴ്സിന്‍റെ ജീവിതത്തില്‍ ഒരിക്കലും ചെയ്യാനാഗ്രഹിക്കാത്തത്...

By Hospital Days  |  First Published Dec 31, 2018, 12:40 PM IST

ഇതുകേട്ട ഉടനെ, ''നിങ്ങളെല്ലാം കൂടി എന്നെ ഭ്രാന്തനാക്കുകയാണോ'' എന്നു ചോദിച്ച് അദ്ദേഹം എന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു, 'മോനേ ഒരു കാര്യം...' ഞാൻ പറഞ്ഞു 'അച്ഛാ, നാളെ രാവിലെ ഡോക്ടറെ വന്നു കാണൂ എന്നിട്ട് സംസാരിക്കാം.' ഒന്നും മിണ്ടാതെ അന്ന് ഇഞ്ചക്ഷൻ എടുക്കാതെ ആ മനുഷ്യൻ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു.


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

Latest Videos

undefined

ഏകദേശം ഏഴെട്ടു മാസങ്ങൾക്ക് മുമ്പാണ്, 'എനിക്ക് ഇഞ്ചക്ഷൻ വേണം' എന്ന വലിയ ബഹളം കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്. നോക്കിയപ്പോൾ ഏകദേശം 70 വയസ്സോളം പ്രായമുള്ള ഒരാൾ അവിടെയുള്ള ഹൗസ് സർജനുമായി തർക്കിക്കുകയാണ്. അദ്ദേഹത്തെ ഞാൻ സൂക്ഷിച്ചുനോക്കി. എനിക്കു പരിചയമുള്ള  രോഗിയാണ്. ''ഈ കുട്ടിക്ക് എന്‍റെ എല്ലാ കാര്യവും അറിയാം.'' എന്നെ കണ്ടപ്പോൾ എന്നെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. പ്രമേഹരോഗം ഉള്ള ഇദ്ദേഹം സ്ഥിരമായി കാഷ്വാലിറ്റിയിൽ ഇഞ്ചക്ഷനും നെബുലൈസേഷനും വേണ്ടി വരാറുള്ള വ്യക്തിയാണ്.

ഏകദേശം ഒരുവർഷത്തോളമായി ഇദ്ദേഹത്തെ എനിക്കറിയാം. സ്ഥിരമായി ശരീരത്തിന് ഓരോ ഭാഗത്തും വേദന എന്നു പറഞ്ഞുകൊണ്ട് ഇഞ്ചക്ഷന് വേണ്ടി ഇദ്ദേഹം ക്വാഷ്യൽറ്റിയിൽ വരാറുണ്ട്. സ്ഥിരമായി ഇദ്ദേഹത്തിന് ഇഞ്ചക്ഷൻ നല്‍കുന്നത് ഞാനായതുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരു ബന്ധം ഉടലെടുത്തു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉള്ള വ്യക്തിയായ ഇദ്ദേഹത്തിന്‍റെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ എന്‍റെ അറിവിന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് ഉത്തരങ്ങൾ നൽകാൻ ശ്രമിക്കാറുമുണ്ടായിരുന്നു. പക്ഷേ പിന്നീട്, ചോദിച്ച ചോദ്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുകയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയും അത് മറ്റു രോഗികൾക്ക് ബുദ്ധിമുട്ടും ഒരുപാട് സമയനഷ്ടവും ഉണ്ടാക്കുകയും ചെയ്തപ്പോൾ ഞാൻ മെല്ലെ ഒഴിഞ്ഞുമാറാൻ തുടങ്ങി. 

അത് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാന്‍ മരിച്ച വ്യക്തിയുടെ മുഖത്തേക്ക് നോക്കി

എന്‍റെ കൂടെയുള്ളവരെ ഇഞ്ചക്ഷന് വേണ്ടി വിടാൻ തുടങ്ങി. ആദ്യമാദ്യം മാസത്തിലൊരുതവണ വന്നിരുന്ന ഇദ്ദേഹം പിന്നീട് ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക് വരാൻ തുടങ്ങിയപ്പോൾ ഡോക്ടർ അദ്ദേഹത്തിന്‍റെ കൂടെ വന്ന ആളോട് പറഞ്ഞു, ''ഇതിപ്പോ കുറച്ച് ആയല്ലോ... നിങ്ങൾ രാവിലെ ഒ.പിയിൽ വന്ന് കാണിക്കണം. അല്ലാതെ, ഇനി ഇഞ്ചക്ഷൻ തരില്ല.'' അപ്പോൾ കൂടെ വന്നിരുന്ന ആൾ പറഞ്ഞു, ''എല്ലാ ആശുപത്രിയിലും കാണിച്ചതാ സാറേ, എല്ലാരും പറഞ്ഞു ആൾക്ക് ഒരു കുഴപ്പവുമില്ലെന്ന്. ഇനി കാണിക്കാത്ത ആശുപത്രികളില്ല. പിന്നെ, ഇഞ്ചക്ഷൻ എടുത്തില്ലെങ്കിൽ ആൾക്ക് ഭയങ്കര അസ്വസ്ഥതയാണ്. അതാ അടുത്തുള്ള ആശുപത്രിയായ ഇങ്ങോട്ട് കൊണ്ടുവന്നത്.'' ഇതുകേട്ട ഡോക്ടർ എന്നോടു പറഞ്ഞു,  it's better to take psychiatry opinion tomorrow.' 

ഇതുകേട്ട ഉടനെ, ''നിങ്ങളെല്ലാം കൂടി എന്നെ ഭ്രാന്തനാക്കുകയാണോ'' എന്നു ചോദിച്ച് അദ്ദേഹം എന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു, 'മോനേ ഒരു കാര്യം...' ഞാൻ പറഞ്ഞു 'അച്ഛാ, നാളെ രാവിലെ ഡോക്ടറെ വന്നു കാണൂ എന്നിട്ട് സംസാരിക്കാം.' ഒന്നും മിണ്ടാതെ അന്ന് ഇഞ്ചക്ഷൻ എടുക്കാതെ ആ മനുഷ്യൻ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു. പിന്നെയദ്ദേഹത്തെ ഞാൻ കാഷ്വാലിറ്റിയിൽ കണ്ടിട്ടില്ല. അദ്ദേഹത്തെപ്പറ്റി പിന്നെ ഞാൻ ആലോചിച്ചിട്ടുമില്ല.

ഒന്നു രണ്ടു മാസങ്ങൾക്കു ശേഷം ഞാൻ എന്‍റെ ഒരു സുഹൃത്തിനെ കാണാൻ ഐസിയു-വിൽ പോയപ്പോഴാണ് ഒരു രോഗിക്കു ചുറ്റും കൂടിനിന്ന് സി പി ആര്‍ കൊടുക്കുന്ന എന്‍റെ സുഹൃത്തിനെയും ഡോക്ടർമാരെയും ഞാൻ കണ്ടത്. രണ്ട് സൈക്കിൾ സിപിആർ കൊടുത്തതിനുശേഷം സിപിആർ നൽകാൻ അവൻ എന്നെ വിളിച്ചു. മൂന്നാമത്തെ സൈക്കിൾ സിപിആർ ഞാൻ പൂർത്തിയാക്കിയപ്പോൾ എന്‍റെ പിറകിൽ നിന്നിരുന്ന ഡോക്ടർ പറഞ്ഞു, ''ഇസിജി ഷോസ് അസിസ്റ്റോൾ പീപ്പിൾസ് ഡൈലേറ്റഡ് ഹി ഈസ് നോ മോർ വി ക്യാൻഡിക്ലയർ ഡെത്ത്'' ഒരു നഴ്സിന്‍റെ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇനി ചെയ്യാൻ പോകുന്നത്. 

കൂടെ എന്നും വരാറുള്ള അദ്ദേഹത്തിന്‍റെ സന്തതസഹചാരി വെറും നിലത്തിരിക്കുന്ന കാഴ്ച ഞാൻ കണ്ടു

ഈ നിമിഷം വരെ ആരുടെയൊക്കെയോ പ്രിയപ്പെട്ടതായിരുന്നയാളുടെ ശരീരത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടി ഘടിപ്പിച്ചിരിക്കുന്ന ക്യാനുല, റൈൽസ് ട്യൂബ്, കത്തിറ്റർ തുടങ്ങി എല്ലാ വസ്തുക്കളും എടുത്തുമാറ്റുകയും അതിനുശേഷം ആ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞ് അദ്ദേഹത്തിന്‍റെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്യുന്ന ചടങ്ങാണ് ഇനി ബാക്കിയുള്ളത്. അത് ചെയ്യാൻ തുടങ്ങിയപ്പോൾ ഞാന്‍ മരിച്ച വ്യക്തിയുടെ മുഖത്തേക്ക് നോക്കി. എവിടെയോ കണ്ടു മറന്ന മുഖം... ഞാൻ മെല്ലെ കേസ് ഷീറ്റെടുത്തു. അതെ... അതേ പേര്. രോഗിയുടെ രോഗാവസ്ഥ 'ടൈപ്പ് 2 ഡയബെറ്റിസ് മെലിറ്റസ് വിത്ത് കമ്മ്യൂണിറ്റി അക്വേയേർഡ് ന്യൂമോണിയ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 

അധികനേരം അവിടെ നിൽക്കാൻ എനിക്ക് തോന്നിയില്ല. 'ഏതു മരണത്തിലും അമിതമായ വൈകാരിക പ്രകടനങ്ങൾക്ക് മുതിരരുത്' എന്നാണ് നഴ്സിങ്ങിൽ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. പക്ഷേ, ചില മരണങ്ങൾ നമ്മളെ വൈകാരികമായ അസന്തുലിതാവസ്ഥയിലേക്ക് എത്തിക്കാറുണ്ട് അത്തരത്തിലൊരു മരണം ആയിരുന്നു എനിക്കത്. വിറങ്ങലിച്ച കൈകളോടെ നിർവികാരനായി ഞാൻ മെല്ലെ ഐസിയുവിൽ നിന്ന് പുറത്തേക്കിറങ്ങി. കൂടെ എന്നും വരാറുള്ള അദ്ദേഹത്തിന്‍റെ സന്തതസഹചാരി വെറും നിലത്തിരിക്കുന്ന കാഴ്ച ഞാൻ കണ്ടു. അയാൾ എന്നോട് ചോദിച്ചു, 'പോയല്ലേ മോനെ...' അതിന് മറുപടി നൽകാതെ മെല്ലെ നടന്നു നീങ്ങവേ ഞാൻ ആലോചിച്ചു, ആ വന്ദ്യവയോധികന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറാൻ മാത്രം ഉള്ള എന്തു തിരക്കാണ് എനിക്കുണ്ടായിരുന്നത്. അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ പലരും ചോദിക്കുന്ന പല ചോദ്യങ്ങൾക്കും നമുക്ക് ഉത്തരങ്ങൾ ഉണ്ടാവാറില്ലല്ലോ... നമ്മളെപ്പോഴും തിരക്കിന്‍റെ ലോകത്ത് അഭിരമിക്കുകയും വിരാജിക്കുകയും ചെയ്യുന്നവരല്ലേ... ഇന്നും എനിക്ക് അവരെ രണ്ടുപേരേയും മറക്കാന്‍ കഴിഞ്ഞിട്ടില്ല...

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം
  

click me!