പെട്ടെന്ന് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു. എത്ര കളിച്ചും തല്ലുകൂടിയും ഒരുമിച്ച് പഠിച്ചും കറങ്ങാനും പോയിരിക്കുന്നു ഞങ്ങള്‍. ആ അവന്‍ തന്നെയാണോ ഇങ്ങനെ കിടക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ വിതുമ്പി. കണ്ണുകള്‍ തുടച്ച് അവന്റെ അടുത്തേക്ക് പോയി.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
undefined
അന്നാ ദിവസം മനസ്സലിഞ്ഞു കരഞ്ഞ പോലെ ജീവിതത്തില്‍ എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടാവാന്‍ സാധ്യത കുറവാണ്.
ഒരു വര്‍ഷം മുമ്പായിരുന്നു അത്... ഒരു സുഹൃത്തിനെ കാണാനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയത്. അവന്‍ ഒരു വൃക്ക രോഗിയാണ്. എഫ് എസ് ജി എസ് എന്നു ഓമന പേരിട്ട് വിളിക്കുന്ന നെഫ്രോട്ടിക്ക് സിന്‍ഡ്രോമാണ് അവന്റെ അസുഖം. ലഘുവായി പറഞ്ഞാല്‍ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന ഒരു രോഗം. അവന്‍ അതിന്റെ ചികിത്സയ്ക്കായി കുറച്ചു ദിവസം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ അവനെ ഇന്‍ജക്ഷന്‍ എടുക്കാന്‍ വേണ്ടി ഐ സി യു വിലേക്ക് കയറ്റിയിരിക്കുകയാണ് എന്നവന്റെ അമ്മ എന്നോട് പറഞ്ഞു. 'മോന്‍ വേണമെങ്കില്‍ കേറി കണ്ടോളു.'
ഞാന്‍ ഐ സി യുവിലേക്ക് നടന്നു. വാര്‍ഡിന്റെ തൊട്ടപ്പുറത്താണ് ഐ സി യു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് ഊഹിക്കാവുന്നതാണല്ലോ. വരാന്തയില്‍ പോലും കിടപ്പ് രോഗികള്‍ ഉണ്ടായിരുന്നു. ഐ സി യു വിന്റെ അടുത്ത് എത്തിയപ്പോള്‍ നഴ്സിനോട് കാര്യം പറഞ്ഞു. 'ഇപ്പോള്‍ ആരേം കേറ്റുന്നില്ല' എന്നു പറഞ്ഞപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആണെന്ന് പറഞ്ഞു. നഴ്സ് അതില്‍ വീണു. ഞാന്‍ ഉള്ളിലേക്ക് കയറി.
ഒരുമ്മ തന്റെ മോനെ വീല്‍ ചെയറില്‍ ഉന്തികൊണ്ട് വരുന്നു
ഐ സി യു നിറഞ്ഞിരിക്കുകയായിരുന്നു. ഒട്ടുമിക്ക രോഗികളും പക്ഷേ പ്രായമായവര്‍ ആയിരുന്നു. എന്റെ സുഹൃത്തിനെ തിരഞ്ഞപ്പോള്‍ അവന്‍ അതാ ഒരു മൂലയിലെ ബെഡില്‍ ഫോണ്‍ നോക്കി കിടക്കുന്നു. അവന്റെ മുഖം ആകെ വിളറിയിട്ടുണ്ടായിരുന്നു. ശരീരം ഭാരം വെച്ച പോലെയായിരുന്നു കണ്ടാല്‍. എനിക്ക് മനസ്സിലായി അതവന്റെ ശരീരത്തിലെ നീര് കെട്ടിയിരുന്ന കാരണമാണെന്ന്. പെട്ടെന്ന് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു. എത്ര കളിച്ചും തല്ലുകൂടിയും ഒരുമിച്ച് പഠിച്ചും കറങ്ങാനും പോയിരിക്കുന്നു ഞങ്ങള്‍. ആ അവന്‍ തന്നെയാണോ ഇങ്ങനെ കിടക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ വിതുമ്പി. കണ്ണുകള്‍ തുടച്ച് അവന്റെ അടുത്തേക്ക് പോയി.
ലേശം നേരം സംസാരിച്ചിരുന്നപ്പോഴാണ് ഐ സി യു വാതില്‍ തുറന്നിട്ട് അടുത്ത അഡ്മിഷന്‍ വരുന്നത്. ഒരുമ്മ തന്റെ മോനെ വീല്‍ ചെയറില്‍ ഉന്തികൊണ്ട് വരുന്നു. ആ കുട്ടിക്ക് കൂടിപ്പോയാല്‍ ഒരു 10 വയസ് മാത്രമേ കാണൂ. ബെഡുകള്‍ ഒന്നും തന്നെ ഫ്രീ അല്ലായിരുന്നതുകൊണ്ട് അവര്‍ നഴ്സ്മാരുടെ ടേബിളിന്റെ ഭാഗത്തായിട്ട് നില്‍ക്കുകയിരുന്നു. ഞാന്‍ ഇപ്പോള്‍ വരാമെന്ന് അവനോട് പറഞ്ഞിട്ട് ഈ കുട്ടിയുടെ അടുത്തേക്ക് പോയി.
എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പേ ആ ഉമ്മാക്ക് ഒരു ഫോണ് വന്നതുകൊണ്ട് അവര്‍ പുറത്തേക്ക് പോയി.
'എന്താ മോന്റെ പേര്?'
അവന്‍ പേര് പറഞ്ഞു.
'ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്?'
'ഞാന്‍ ഏഴാം ക്ലാസ്സിലാണ്. പക്ഷെ ഇപ്പോ സ്‌കൂളില്‍ പോവാറില്ല.'
'വയ്യാതായല്ലേ ഇപ്പോ?'
'ആ ചേട്ടാ. ഞാന്‍ കുറേ ദിവസായി സ്‌കൂളില്‍ പോയിട്ട്. എന്റെ ഫ്രണ്ട്‌സ് എല്ലാരും വേറെ ക്ലാസ്സിലായി'
മനസ്സിനുള്ളില്‍ എന്തോ ഒന്നു പിടഞ്ഞു
'മോന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താ?'
'സ്‌കൂളില്‍ പോവുന്നത്. ഫ്രണ്ട്സായിട്ട് കളിക്കാന്‍ പോണം. ഇതൊന്നും ഉമ്മ സമ്മതിക്കൂലാ. ചോദിച്ചാല്‍ പറയും, പനി വരും, അപ്പോ ഹോസ്പിറ്റലില്‍ പോവേണ്ടി വരും, അസുഖം കൂടുമെന്ന്. എനിക്ക് മരിച്ചാല്‍ മതി.'
കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതൊക്കെ മാറി നമുക്ക് സ്‌കൂളില്‍ പോവാലോ
ഞാന്‍ അവന്റെ വായ കൈ കൊണ്ട് പൊത്തി. എനിക്ക് ആ സമയത്തു കണ്ണീര്‍ അടക്കാനും പറ്റിയില്ല. അപ്പോഴാണ് ഞാന്‍ അവന്റെ ഉമ്മ അവിടെ നിന്ന് ഇതൊക്കെ കേള്‍ക്കുന്നെണ്ടെന്ന് കണ്ടത്. ആ ഉമ്മയുടെ കണ്ണ് നിറഞ്ഞു കവിഞ്ഞ് ഒഴുകായിരുന്നു. ഞാന്‍ അവനെ നോക്കി.
'അങ്ങനെ പറയരുത് ട്ടോ. മോന്റെ ഉമ്മക്കും ഉപ്പാക്കും മോനല്ലേ ഉള്ളൂ? ഇങ്ങനെ പറഞ്ഞാല്‍ അവര്‍ക്കെന്ത് വിഷമം ആവും. ഇതൊക്കെ ചെറിയ അസുഖമല്ലേ? കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതൊക്കെ മാറി നമുക്ക് സ്‌കൂളില്‍ പോവാലോ. എന്നിട്ട് പഠിക്കണം. ഫ്രണ്ട്സായിട്ട് കളിക്കണം. ഇതൊക്കെ ചെയ്യണ്ടേ?'
അപ്പോള്‍ അവന്റെ മുഖം തെളിഞ്ഞു. ഒരു പുഞ്ചിരിയൊക്കെ മുഖത്ത് വന്നു.
'ആ വേണം വേണം. എത്രയും പെട്ടെന്ന് വേണം.'
'ആ. അതിന് മോന്‍ സന്തോഷത്തോടെ ഇരിക്കണം. നന്നായി പ്രാര്‍ത്ഥിക്കണം. ഉമ്മാനേം ഉപ്പാനേം വിഷമിപ്പിക്കാരുത്. കേട്ടാ? മോന്‍ സ്ട്രോങ് ബോയ് അല്ലെ.'
'ഇല്ലാ ചേട്ടാ. ഞാന്‍ സ്ട്രോങ് ബോയാണ്.'
'മോന് വലുതായാല്‍ ആരാവണം?'
'എനിക്ക് ഡോക്ടറാവണം.'
'അതെന്തേ?'
'എന്നിട്ട് വേണം എന്നെ പോലെയുള്ള അസുഖമുള്ളവരെ ചികില്‍സിച്ച് ഭേദമാക്കാന്‍.'
എനിക്ക് ഒന്നു മിണ്ടാന്‍ പറ്റിയില്ല. ഞാന്‍ അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. പോക്കറ്റില്‍ തപ്പിയപ്പോള്‍ ഒരു ചോക്ലേറ്റ് കണ്ടു. എപ്പോഴും കയ്യില്‍ ഒരെണ്ണം ഉണ്ടാവും. അതെടുത്ത് ഞാന്‍ അവന് കൊടുത്തു. എന്നിട്ട് അവന്റെ ഉമ്മാടെ അടുത്ത് പോയി പറഞ്ഞു 'എല്ലാം ശരിയാവും.'
സങ്കടം സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ കരഞ്ഞു
ആ ഉമ്മ കണ്ണീര്‍ കലര്‍ന്നൊരു ചിരി തന്നു. ഞാന്‍ എന്റെ സുഹൃത്തിനോട് വിട പറഞ്ഞു ഐ സി യു. വിന്റെ പുറത്തേക്ക് പോയി. എന്നിട്ട് അധികം ആരും ഇല്ലാത്ത ഒരു സ്ഥലം കണ്ടപ്പോള്‍ അവിടേക്ക് നീങ്ങി. കുറച്ചു നേരം പുറത്തേക്ക് നോക്കി നിന്നു. സങ്കടം സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ കരഞ്ഞു. അത് കഴിഞ്ഞപ്പോള്‍ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് അവിടുന്ന് യാത്രയായി.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം