അവളുടെ വിയോഗം, അയാള്‍ എങ്ങനെ സഹിച്ചു കാണും?

By Hospital Days  |  First Published Dec 18, 2018, 3:47 PM IST

''ഇപ്പോ ചെക്കപ്പിനു വന്നതാണോ?''. "അതെ, വന്നപ്പോ ഒന്നൂടെ സ്കാൻ ചെയ്തു നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. അതാ വീണ്ടും...'' കൂടെയുണ്ടായിരുന്ന ഭാര്യക്കും കുട്ടിക്കും അയാൾ എന്നെ പരിചയപ്പെടുത്തി. മുൻപരിചയം ഒന്നുമില്ലെങ്കിലും നിമിഷനേരം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി.


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്

Latest Videos

undefined

ഡ്യൂട്ടിക്കിടയിലാണ് ഞാൻ അയാളെ ആദ്യം കാണുന്നത് കണ്ടാൽ ഒരു  മുപ്പത്തഞ്ചു വയസ്സുണ്ട്. ഭാര്യക്കും മകനും ഒപ്പം വന്നതാണ്. അടുത്തെത്തിയപ്പോഴാണ് ഞങ്ങളുടെ അടുത്തേക്കാണ് വരുന്നത് എന്നു മനസിലായത്. കാര്യം തിരക്കിയപ്പോള്‍ ഭാര്യക്ക് സ്കാൻ ചെയ്യാൻ ആണെന്ന് പറഞ്ഞു. വരുന്ന രോഗികളുടെ രോഗവിവരണം എടുക്കുന്നതിനിടയ്ക്ക് അയാൾ എന്നെ തടഞ്ഞു. പുറത്തേക്കു വരാൻ കണ്ണുകൊണ്ട് കാണിച്ചു. ആദ്യം ഒന്നു പകച്ചെങ്കിലും ഞാൻ അയാളോടൊപ്പം പുറത്തേക്കു പോയി.

'എന്തേ' എന്ന എന്‍റെ ചോദ്യത്തെ കീറി മുറിച്ച് അയാൾ പറഞ്ഞു തുടങ്ങി. "അവൾക്കു കാൻസർ ആണ്, ശ്വാസകോശത്തിന്. ആറു മാസമായി അറിഞ്ഞിട്ട്. പക്ഷെ, അവൾക്ക് അറിയില്ല. ഇടയ്ക്കിടെ ചുമ വന്നപ്പോൾ കാണിച്ചതാണ്. ശ്വാസകോശത്തിൽ ചെറിയ പഴുപ്പുണ്ട് എന്നേ അവൾക്കറിയൂ. കാണിച്ച് ഒരു മാസത്തിനു ശേഷം സർജറി വേണമെന്ന് പറഞ്ഞു. പഴുപ്പ് നീക്കം ചെയ്യാൻ ചെറിയൊരു ഓപ്പറേഷൻ വേണം എന്നും പറഞ്ഞാണ് അവളെ തിയേറ്ററിൽ  കയറ്റിയത്. ഇപ്പോ കീമോയും കഴിഞ്ഞു.'' ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു നിർത്തി. 

അപ്പോഴേക്കും അവരെ സ്കാൻ ചെയ്യാൻ വേണ്ടി എന്നെ ഉള്ളിലേക്കു  വിളിച്ചു

വെറും ഇരുപത്തിയേഴ് വയസുള്ള അയാളുടെ ഭാര്യയുടെ മുഖവും, നിഷ്കളങ്കമായി ഓടിച്ചാടി നടക്കുന്ന ആറു വയസുള്ള മോനും എന്‍റെ ഉള്ളിൽ  എവിടെയോ ഒരു വേദനയുണ്ടാക്കി. ''ഇപ്പൊ അവൾക്കൊരു തലവേദന. വീണ്ടും കാണിക്കാമെന്നു കരുതിയതാ. അപ്പോ ഡോക്ടർ പറഞ്ഞു, നമുക്ക് തലയുടെ  സ്കാനിംഗ് ഒന്നു ചെയ്യാം എന്ന്. അതാ വന്നത്.'' അപ്പോഴേക്കും അവരെ സ്കാൻ ചെയ്യാൻ വേണ്ടി എന്നെ ഉള്ളിലേക്കു  വിളിച്ചു. 

"ഇക്ക ഇരുന്നോളൂ. ഒന്നും ണ്ടാവില്ല.'' എന്നുപറഞ്ഞ് ഞാൻ അകത്തേക്കു പോയി. സ്കാനിംഗ് തുടങ്ങിയപ്പോൾ അവരുടെ ബ്രെയിനിൽ അസാധാരണമായി  ഒന്നും കാണരുതേ എന്നു പ്രാർത്ഥിച്ചു. കാരണം, സാധാരണ വരുന്ന രോഗികൾക്ക് പുറമെ എന്തോ ഒരു മനോവികാരം എനിക്കയാളോട് തോന്നിത്തുടങ്ങിയിരുന്നു.
 
പക്ഷെ, എന്‍റെ പ്രാർത്ഥനകളെ അസ്ഥാനത്താക്കിക്കൊണ്ട് ആ യുവതിയുടെ തലയ്ക്കകത്ത് ചെറിയൊരു ട്യൂമർ കണ്ടു. ശ്വാസകോശത്തിലെ കാൻസർ മറ്റു  ശരീരഭാഗങ്ങളിലേക്കും പടർന്നു തുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു സങ്കടം, ഒരിക്കലും ഇല്ലാത്ത പോലെ. സ്കാനിംഗ് റിപ്പോർട്ട്‌ വാങ്ങി തിരിച്ചു  പോവുമ്പോൾ അയാൾ എന്നെ തിരക്കി. 'കുഴപ്പമൊന്നും ഇല്ലാലോ ല്ലേ' എന്ന് നിഷ്കളങ്കമായി അയാളെന്നോട് ചോദിച്ചു. ഒരു നിമിഷം അയാളുടെ കണ്ണിൽ  നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. ഒന്നും ഉണ്ടാവില്ല, പടച്ചോൻ കൂടേണ്ടാവും'. അല്ലാതെ, ഞാൻ അയാളോട് എന്ത് പറയാനാണ്?

പിന്നീട്, ഒന്നര മാസത്തിനു ശേഷം അവർ വീണ്ടും വന്നു. വന്നപാടെ അവർ എന്നെ തിരക്കി. പതിവുപോലെ കുശലാന്വേഷണം കഴിഞ്ഞു. അയാൾ, എന്നോട്  പറഞ്ഞു, "റിപ്പോർട്ട്‌ ഡോക്ടറെ കാണിച്ചു. തലയ്ക്കകത്തും രോഗം ബാധിച്ചു എന്ന്. എല്ലാം അറിയാവുന്ന ഞാൻ നെടുവീർപ്പിട്ടുകൊണ്ട് അയാൾക്കു  മുന്നിൽ മൗനിയായി. "വീണ്ടും സർജറി ചെയ്തു, തലയ്ക്ക്. ഇപ്പോഴാ അവൾ ഒന്നു നടന്നു തുടങ്ങിയത്. "ഉം...'' എന്ന് അമർത്തി മൂളാനേ എനിക്ക്  കഴിഞ്ഞുള്ളൂ.

ഈ ക്ഷീണമൊക്കെ മാറീട്ട് ഒരീസം വരാട്ടോ

''ഇപ്പോ ചെക്കപ്പിനു വന്നതാണോ?''. "അതെ, വന്നപ്പോ ഒന്നൂടെ സ്കാൻ ചെയ്തു നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. അതാ വീണ്ടും...'' കൂടെയുണ്ടായിരുന്ന ഭാര്യക്കും കുട്ടിക്കും അയാൾ എന്നെ പരിചയപ്പെടുത്തി. മുൻപരിചയം ഒന്നുമില്ലെങ്കിലും നിമിഷനേരം കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി.

പിന്നെയും ഞാൻ അവരെ സ്കാൻ ചെയ്തു. വല്ലാതെ വിഷമിപ്പിച്ചുകൊണ്ട് തലയിൽ പഴയതിനെക്കാളും വലിയ ട്യൂമർ. കാൻസര്‍ അവളെ തിന്നുതുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. അവരോട് എന്ത് പറയണം എന്നറിയാതെ കുറച്ചു നേരത്തേക്ക് സ്തംഭിച്ചു  പോയി. പോവാൻ നേരം അവൾ എന്നോട് പറഞ്ഞു, "ഈ ക്ഷീണമൊക്കെ മാറീട്ട് ഒരീസം വരാട്ടോ.'' ആ വാക്കുകൾ എന്നിലെന്തോ ഇരുട്ട് പരത്തും പോലെ.

അസുഖത്തിന്‍റെ  മൂർദ്ധന്യാവസ്ഥയിൽ ആണ് അവരിപ്പോൾ. ഇനി എത്രനാൾ എന്നു പോലും അറിയില്ല. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രീതിയിൽ  കാൻസർ അവരിൽ പടർന്നു കഴിഞ്ഞിരിക്കുന്നു. 'വീണ്ടും കാണാം' എന്ന പ്രത്യാശയുടെ വാക്കുകൾ കേട്ടപ്പോൾ എന്‍റെ കണ്ണു നിറഞ്ഞു. എങ്കിലും  അവരറിയാതെ ഞാൻ പിടിച്ചു നിന്നു. മോന്‍റെ കൈപിടിച്ച് ആ സ്ത്രീ നടന്നു. പിന്നാലെ അയാളും വന്നു.
 
വിളറിയ എന്‍റെ  മുഖം കണ്ട് അയാൾ എന്നെ നോക്കി. എന്‍റെ മുഖം കണ്ടിട്ടാവണം പുള്ളിക്ക് എന്തോ പന്തികേട് പോലെ. എന്നോടൊന്നും  ചോദിക്കാതിരിക്കാൻ ഞാൻ എവിടുന്നോ ഒരു പുഞ്ചിരി എന്‍റെ മുഖത്തണിഞ്ഞു. അദേഹത്തിന്‍റെ കൈ പിടിച്ചു യാത്രയാക്കി. 'പ്രാർത്ഥിക്കാം' എന്നും  പറഞ്ഞു. എങ്കിലും, ഞങ്ങൾ തമ്മിൽ എന്തോ സംസാരിച്ചപോലെ. നോട്ടങ്ങൾ കൊണ്ട് ഞാൻ അറിയാതെ പലതും പറഞ്ഞതു പോലൊരു തോന്നൽ.

പിന്നീട്, കുറെ ദിവസം അവരുടെ മുഖം എന്‍റെ  ഉറക്കം കെടുത്തി. എത്ര പ്രതീക്ഷയോടെയാണവർ പോയത്. 'വീണ്ടും കാണാം' എന്ന വാക്ക് എന്നെ  ഉറക്കത്തിലും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരു രണ്ടു മാസത്തിന് ശേഷം ഒരു ഹോട്ടലിൽ വെച്ച് ഞാൻ അയാളെ കണ്ടു. പക്ഷെ, അയാൾ എന്നെ കണ്ടില്ല. അങ്ങോട്ട്‌ പോയി സംസാരിക്കണം  എന്നുണ്ടായിരുന്നു. പക്ഷെ, വേദന തിന്നു ജീവിക്കുന്ന അവരോട് ഞാൻ എന്ത് പറഞ്ഞു സമാധാനിപ്പിക്കാനാണ്? മനഃപൂർവം ഒഴിഞ്ഞു മാറി. അന്ന് തന്നെ  വൈകുന്നേരം അയാൾ വീണ്ടും വന്നു. ഇത്തവണ ഭാര്യ ഇല്ല. മകൻ മാത്രമേ ഉള്ളൂ. പഴയപോലെ  അല്ല. വെട്ടി ഒതുക്കിയ കുറ്റിത്താടിരോമങ്ങൾ ഇപ്പോള്‍ നീണ്ടു ചുരുണ്ടു പോയിരിക്കുന്നു. തടി ഒന്നു ക്ഷീണിച്ചു. വന്നപാടെ എന്‍റെ കൈ പിടിച്ചു.

പുറകിൽ ഭാര്യ വരുന്നുണ്ടോ എന്ന എന്‍റെ നോട്ടത്തെ മുറിച്ചു കൊണ്ടയാൾ പറഞ്ഞു. "നോക്കണ്ട, അവളില്ല... ഇനി വരില്ല... ഞങ്ങളെ ഒറ്റയ്ക്കാക്കി കഴിഞ്ഞ മാസം അവളങ്ങു പോയി. അല്ലേലും പടച്ചോൻ വിളിച്ചാൽ നമ്മളെ കൊണ്ട് തടുക്കാൻ കഴിയോ? ഒന്നും പറയാനാവാതെ ഞാൻ വിറച്ചു പോയി. ആ ആറു വയസുകാരനെ ഞാൻ വെറുതെ ചേർത്തുപിടിച്ചു.

അപ്പോഴേക്കും കൺവെട്ടത്തു  നിന്നും അവർ മറഞ്ഞിരുന്നു

'ഇപ്പോളെന്തേ വന്നത്' എന്നു ഞാൻ ചോദിക്കാതെ ചോദിച്ചു. "കഴിഞ്ഞ ദിവസം ഇവനൊരു ആഗ്രഹം, ഉമ്മച്ചീനെ രക്ഷപെടുത്താൻ നോക്കിയ ആശുപത്രി കാണണം. അതോണ്ട് കൂട്ടി വന്നതാ. എല്ലാരേം കണ്ടു. ഡോക്ടറിനെ, കീമോയിലെ സിസ്റ്റേഴ്സിനെ. പിന്നെ, മനസ്സടുപ്പമുള്ള ഈ ആശുപത്രിയിലെ ചിലരെ. പിന്നെ, നിന്നെയും.''

എന്ത് പറയണം എന്നറിയാതെ ഒരുതരം നിർവികാരമായ അവസ്ഥയിലായിരുന്നു ഞാൻ. രണ്ടോ മൂന്നോ വട്ടം കണ്ട പരിചയം മാത്രം. എന്നിട്ടും,  നഷ്ടങ്ങളേറെ ഉണ്ടായിട്ടും അയാൾ പിടിച്ചുനിന്നു. രോഗാവസ്ഥയിൽ കൂടെ നിന്നവരെ നന്ദിസൂചകമായി വീണ്ടും കാണാൻ വന്നിരിക്കുന്നു. ഒരു നിമിഷത്തെ മൗനം ഞങ്ങളെ ഏതോ വികാരവിക്ഷോഭത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചു. എന്‍റെ കണ്ണുനിറഞ്ഞെങ്കിലും അയാൾ വിതുമ്പിയില്ല. കാരണം, ആ മനസു കൂടെ തകർന്നു പോയാൽ ആ കൊച്ചുകുട്ടി നഷ്ടപ്പെട്ടു പോവും.

യാത്ര പറഞ്ഞ് അവർ ഇറങ്ങി. ഞാനേതോ വേലിയേറ്റത്തിൽ, കണ്ണീർ തിരകളിൽ നിന്നു തിരിച്ചെത്താൻ നന്നേ പാടുപെട്ടു. അപ്പോഴേക്കും കൺവെട്ടത്തു  നിന്നും അവർ മറഞ്ഞിരുന്നു. പിന്നീടിതുവരെ ഞാനവരെ കണ്ടിട്ടില്ല. എന്നാലും, ഇടയ്ക്കിടെ ഓർമകളിൽ ഞാൻ അവരെയോര്‍ത്ത് മരവിച്ചു പോവാറുണ്ട്. ഓർക്കുമ്പോൾ അന്നാ സ്ത്രീ പറഞ്ഞ 'വീണ്ടും കാണാം' എന്ന വാക്കുകൾ ഒരു തീക്കനൽ പോലെ... അതില്‍, ഞാന്‍ വേവുന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം 

click me!