'അച്ഛന്‍റെ മരണം ഒന്നു നേരത്തെയാക്കി തരാമോ ഡോക്ടറേ?'

By Hospital Days  |  First Published Dec 16, 2018, 3:18 PM IST

അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിന്ന എന്നോട് ആദ്യത്തെ ചോദ്യത്തിന്‍റെ ബാക്കി എന്നോണം അവർ പറഞ്ഞു, "എങ്കിൽ അതൊന്നു നേരത്തെ ആക്കിത്തരാൻ പറ്റുമോ?''


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്

Latest Videos

undefined

മരണത്തേക്കാൾ ഭയാനകമാണ് അതിനു  വേണ്ടിയുള്ള കാത്തിരിപ്പ്. ജീവിതത്തിനും മരണത്തിനും  ഇടയിലുള്ള  നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മൾ മരണത്തെ ആഗ്രഹിച്ചു പോകാറുണ്ട്.

റിപ്പീറ്റ് അഡ്മിഷൻ  കഴിഞ്ഞത്  കൊണ്ട് തന്നെ രണ്ടു ദിവസത്തെ ഉറക്കം കണ്ണിൽ  തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. അതിന്‍റെ കൂടെയാണ് അന്നത്തെ  നൈറ്റ്‌ ഡ്യൂട്ടി. വാർഡിൽ പിടിപ്പത് പണി ഉള്ളതുകൊണ്ടും, അന്ന് കട്ടിലിലും തറയിലുമായി ആവശ്യത്തിൽ അധികം രോഗികൾ ഉണ്ടായിരുന്നതിനാലും, ഉറക്കം എന്നത് വിദൂര സ്വപ്നമായിരുന്നു. ഏതാണ്ട് ഒരു മണി ആയപ്പോഴാണ് അഞ്ചാം ബെഡ്ഡിലെ രോഗിയുടെ കൂട്ടിരുപ്പുകാരി വന്നു വിളിച്ചത്.

ഡോക്ടറോട് ഇങ്ങനെ ചോദിച്ചൂടാ എന്നെനിക്കറിയാം

തൊണ്ണൂറ്റിയഞ്ച് വയസുള്ള അഞ്ചാം ബെഡ്ഡിലെ രോഗി എനിക്ക് സുപരിചിതനായിരുന്നു. ശ്വാസകോശത്തിലെ അർബുദം ചികിൽസിച്ചു ഭേദമാക്കാവുന്നതിലും അപ്പുറത്തേക്ക് വളർന്നു പടർന്നിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം. ഒരർഥത്തിൽ പറഞ്ഞാൽ മരണം കാത്തുകിടക്കുന്ന വയോധികൻ.

"എന്ത് പറ്റി? വീണ്ടും ശ്വാസംമുട്ടൽ കൂടിയോ" ഞാൻ എഴുന്നേറ്റ് വാതിലിന്‍റെ അടുത്തേക്ക് വന്നു.
"അതല്ല ഡോക്ടറെ, എനിക്ക് ഒരു കാര്യം ചോദിക്കാനായിരുന്നു" ചോദിച്ചോളൂ എന്ന് ഞാൻ ആംഗ്യം കാണിച്ചു.
"അച്ഛൻ  എന്തായാലും  മരിക്കും  അല്ലെ?"
അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിന്ന എന്നോട് ആദ്യത്തെ ചോദ്യത്തിന്‍റെ ബാക്കി എന്നോണം അവർ പറഞ്ഞു, "എങ്കിൽ അതൊന്നു നേരത്തെ ആക്കിത്തരാൻ പറ്റുമോ?''
അവർ എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലായിട്ടും, മനസ്സിലായില്ലെന്നു ഞാൻ നടിച്ചു.

"ഡോക്ടറോട് ഇങ്ങനെ ചോദിച്ചൂടാ എന്നെനിക്കറിയാം, പക്ഷെ, അച്ഛൻ ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത് കണ്ടു നിൽക്കാൻ എനിക്ക് വയ്യ, എനിക്ക് പറ്റുന്നില്ല, പ്രതീക്ഷ ഒന്നും വേണ്ട എന്ന്, കൊണ്ടുവന്ന അന്നുതന്നെ പറഞ്ഞതാണ്. ഇതിപ്പോൾ മൂന്ന്‌ ദിവസം ആയി, ഇതുപോലെ." ഉറക്കച്ചടവുള്ള  കണ്ണുകളിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകി. എന്ത് പറയണം എന്നറിയാതെ  ഞാൻ വിയർത്തു. മനുഷ്യന് ഉത്തരം ഇല്ലാത്ത കാര്യങ്ങൾക്ക് ദൈവത്തെ കൂട്ടുപിടിക്കുകയാണല്ലോ പതിവ്, ഞാനും അത്  തെറ്റിച്ചില്ല. "ദൈവം തന്ന ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നതാണ് എന്‍റെ ജോലി. അതെടുക്കാൻ ഉള്ള അവകാശം ദൈവത്തിനു തന്നെയാണ്." ഞാൻ തത്വം പറഞ്ഞ് അവരെ സമാധാനിപ്പിക്കാൻ വൃഥാ ശ്രമിച്ചു. അവർ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്ത് പോയി.

അർബുദം കാർന്നു തിന്നുന്ന ശ്വാസകോശത്തിന്‍റെ നിലവിളി

പിറ്റേന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനു  മുമ്പ് ഒരിക്കൽ കൂടി ഞാൻ അഞ്ചാം ബെഡ്ഡിന്‍റെ അരികിൽ പോയി. അർബുദം കാർന്നു തിന്നുന്ന ശ്വാസകോശത്തിന്‍റെ നിലവിളി, നെഞ്ചിൽ  വച്ച സ്റ്റെതസ്കോപ്പിൽ കൂടി എന്‍റെ കാതിൽ മുഴങ്ങി. പരിശോധനയുടെ ഇടയിൽ ഞാൻ അവരെ നോക്കി, കട്ടിലിന്‍റെ ഒരു വശത്ത് അവർ കണ്ണടച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഇന്നലെ വാർന്ന കണ്ണുനീർ ഒക്കെ എപ്പോഴോ വറ്റിപ്പോയിരുന്നു.

ആ അച്ഛന്‍റെ മരണത്തിനു വേണ്ടി ആ മകൾ പ്രാർത്ഥിക്കുകയാണോ എന്നെനിക്കു തോന്നിപ്പോയി.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!