ശരിയാണല്ലോ, ആ അമ്മയെ കണ്ടില്ലല്ലോ. നഷ്ടപെടുന്ന ഓരോ സെക്കന്‍റുകളും അപകടമാണെന്നുള്ള ധാരണയിൽ തന്നെ അവരെ വിളിപ്പിക്കുവാൻ സിസ്റ്ററിനോട് പറഞ്ഞു. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് തന്നെ സിസ്റ്റർ ഓടി.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.
undefined
"ഇപ്പോഴെനിക്കൊരു പ്രശ്നോം തോന്നണില്ല. വേദനയൊക്കെ കുറഞ്ഞു. കുഴപ്പമില്ല ഡോക്ടറെ" വാക്കുകൾ മുഴുമിപ്പിക്കുവാൻ കഴിയാതെ അയാളുടെ ശ്വാസത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. മിനുട്ടിൽ 40 പ്രാവശ്യമൊക്കെ അയാളുടെ നെഞ്ച് ഉയർന്നു താഴ്ന്നു. മണിക്കൂറുകൾക്കു മുന്നേ കണ്ടതിൽ നിന്നൊക്കെ അയാൾ ഏറെ അവശനായിരിക്കുന്നു. ഓരോ നിമിഷത്തിലും ജീവന്‍റെ തുടിപ്പുകൾ താഴ്ന്നു കൊണ്ടേയിരുന്നു. ഇതാണ് സമയം, മെഡിക്കൽ സയൻസ് പറഞ്ഞു. സിസ്റ്ററിനോട് Intubation set എടുത്തു വെയ്ക്കാൻ പറഞ്ഞിട്ട് ഐസിയുവിനു വെളിയിൽ ഇറങ്ങി കൂടെ ഉള്ളവരോട് കാര്യങ്ങൾ പറഞ്ഞു.
"ആളുടെ അവസ്ഥ ഓരോ നിമിഷം കഴിയുന്തോറും മോശമാവുകയാണ്. സ്വന്തമായി ശ്വസിക്കാനുള്ള കഴിവ് കുറഞ്ഞു കൊണ്ടേയിരിക്കുന്നു. രക്തത്തിലെ ഓക്സിജന്‍റെ അളവ് തീരെ കുറവാണ്. അതുകൊണ്ട് വായിലൂടെ ട്യൂബ് ഇട്ട് വെന്‍റിലേറ്ററിൽ കണക്ട് ചെയ്യേണ്ടി വരും. മയക്കുവാനുള്ള മരുന്നുകളും നൽകേണ്ടി വരും. വെന്‍റിലേറ്ററിൽ നിന്ന് ഇനി പുറത്തെടുക്കാൻ പറ്റുമോ എന്നൊന്നും യാതൊരു വിധ ഉറപ്പുമില്ല... "
അയാളുടെ മുഖത്ത് ചെറിയൊരു ചിരി വിടർന്നു
മറ്റൊന്നും മകന് പറയാനുണ്ടായിരുന്നില്ല. അപ്പന്‍റെ അവസ്ഥ അയാൾക്ക് അറിയാവുന്നതായിരുന്നു. ഐസിയുവിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും Intubation set റെഡി ആയിരുന്നു. "അപ്പച്ചാ, വെന്‍റിലേറ്ററിൽ കണക്ട് ചെയ്യേണ്ടി വരും. അപ്പോൾ ആ മെഷീൻ ശ്വാസം എടുത്തുകൊള്ളും, ധൈര്യമായിട്ടിരിക്കണം കേട്ടോ" എന്തെങ്കിലും മറുപടി പറയുവാനുള്ള ശക്തി അയാൾക്കില്ലായിരുന്നു. ഗ്ലൗസ് ഇട്ടു റെഡി ആകുന്നതിനിടയിൽ "അവളെയൊന്നു കാണണം" എന്ന പതിഞ്ഞ സ്വരം അയാളിൽ നിന്ന് പുറത്തേക്കു വന്നു.
ശരിയാണല്ലോ, ആ അമ്മയെ കണ്ടില്ലല്ലോ. നഷ്ടപ്പെടുന്ന ഓരോ സെക്കന്‍റുകളും അപകടമാണെന്നുള്ള ധാരണയിൽ തന്നെ അവരെ വിളിപ്പിക്കുവാൻ സിസ്റ്ററിനോട് പറഞ്ഞു. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് തന്നെ സിസ്റ്റർ ഓടി. ഒരു മിനിറ്റ് തികയുന്നതിനു മുന്നേ ആ അമ്മ ഓടി വന്നു. ബെഡ്ഡിനടുത്ത് നിർവികാരയായി നിന്നതല്ലാതെ അവർ ഒന്നും മിണ്ടിയില്ല. അയാളുടെ മുഖത്ത് ചെറിയൊരു ചിരി വിടർന്നു. നിശബ്ദമായ സംഭാഷണങ്ങൾ അവർക്കിടയിൽ പരസ്പരം നടക്കുന്ന പോലെ. അപ്പോഴും, മോണിറ്ററുകൾ ശബ്ദിച്ചുകൊണ്ടേയിരുന്നു.
അമ്മയെ വെളിയിലേക്കിറക്കി, അദ്ദേഹത്തെ വെന്‍റിലേറ്ററിൽ കണക്ട് ചെയ്തു!!
അഡ്മിറ്റ് ആയ ദിവസം വിയർത്തു കുളിച്ചു പേടിച്ചുവിറച്ചു നിന്ന ആ അമ്മയെ എനിക്കോർമയുണ്ട്. സംസാരിക്കുമ്പോഴെല്ലാം വിറയ്ക്കുകയും വ്യക്തതയില്ലാതെ കാര്യങ്ങൾ പറയുകയും ചെയ്തിരുന്ന അമ്മ. എപ്പോഴും പുള്ളിയുടെ മുഖത്തോട്ട് മാത്രം നോക്കി സംസാരിച്ചിരുന്ന സ്ത്രീ. ഐസിയുവിൽ ആക്കിയതിനു ശേഷം അവരോടല്ല, മകനോടാണ് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നത്. പുറത്തോട്ടു പോകുമ്പോഴെല്ലാം ഓടിവന്നു 'അങ്ങേർക്കു എങ്ങനെ ഉണ്ടെ'ന്നു ചോദിക്കും. നോക്കാമമ്മേ എന്നൊരു മറുപടിയല്ലാതെ മറ്റൊന്നും പറയാൻ തോന്നില്ല അപ്പോൾ!
കുറച്ചു മയക്കം മാറിയ സമയം അയാൾ കൈ നീട്ടി സിസ്റ്ററിനെ വിളിച്ചു
പ്രായത്തിന്‍റെയും, ഉള്ള രോഗങ്ങളുടെയും അപകടാവസ്ഥ വെച്ച് നോക്കുമ്പോൾ ഒരു കാരണവശാലും ഈ മനുഷ്യൻ ഇനി തിരിച്ചു ജീവിതത്തിലേക്ക് വരില്ല എന്ന് ഉറപ്പിച്ചിരുന്നതാണ്. പക്ഷെ, അങ്ങനെയായിരുന്നില്ല, ഓരോ മരുന്നുകളോടും അയാൾ പ്രതികരിച്ചു തുടങ്ങി. മരണം സുനിശ്ചിതമായ ഒരു ഘട്ടത്തിൽ നിന്ന് അയാൾ രക്ഷപെടുകയാണെന്നു വരെ തോന്നിപ്പിച്ചിരുന്നു. മൂന്നാം നാൾ കുറച്ചു മയക്കം മാറിയ സമയം അയാൾ കൈ നീട്ടി സിസ്റ്ററിനെ വിളിച്ചു. ഓടിപ്പോയ സിസ്റ്ററിന്‍റെ കയ്യിൽ പിടിച്ചു. എന്താണെന്നറിയാതെ നോക്കിനിന്ന സിസ്റ്ററിനോട് ആ അമ്മയെ കാണാനായിരിക്കും എന്ന് ഹെഡ് നേഴ്സ് ഊഹിച്ചെടുത്തു പറഞ്ഞു. അമ്മയെ കാണണോ എന്ന ചോദ്യത്തിന് അയാൾ തലയാട്ടി.
പഴയതു പോലെ ആ അമ്മ ഇപ്പോഴും ഓടി വന്നു. ട്യൂബുകളുടെ ഇടയിലൂടെ അവർ അയാൾക്കൊരു ഉമ്മ നൽകി. അയാൾ അവരുടെ കൈ പിടിച്ചു, കണ്ടുനിന്ന സിസ്റ്റർ സങ്കടം മറക്കാൻ നന്നേ പാടുപെട്ടു.
ഇത് മാത്രം ഇപ്പോഴും മനസ്സിന്‍റെ ഒരു കോണിൽ ഞാൻ കൊണ്ടുനടക്കുന്നു
വൈകുന്നേരം അയാൾ മരിച്ചു...
കഴിഞ്ഞുപോയ ആശുപത്രി ദിവസങ്ങളിൽ, കണ്ടുമറന്ന മരണങ്ങളുടെ ഇടയിൽ ഇത് മാത്രം ഇപ്പോഴും മനസ്സിന്‍റെ ഒരു കോണിൽ ഞാൻ കൊണ്ടുനടക്കുന്നു. വീട്ടിൽ വന്ന് ഉമ്മയെയും വാപ്പയെയും കാണുമ്പോൾ, അവർക്കിടയിലെ ജീവിതത്തെ കാണുമ്പോൾ മരണക്കിടക്കയിലും സ്നേഹിച്ച ആ അപ്പച്ചനെയും അമ്മയെയും ഓർമ്മ വരും. ആ അമ്മയുടെ ഒരു ചുംബനം ലഭിക്കുവാൻ മാത്രം അയാളെ മയക്കത്തിൽ നിന്നുണർത്തിയ പ്രണയതീവ്രതയെ ഓർമ വരും.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം