കോടതിപ്പടി ഹമ്പ് കയറുമ്പോ എതിരെ വന്ന വെള്ള അമ്പാസിഡര്‍ കാറിന്റെ കയറ്റി വെച്ച കറുത്ത ഗ്‌ളാസ്സില്‍ ആണ് ഞാന്‍ ആ മോഹന ദൃശ്യം കാണുന്നത്. ന്റെ തല അവിടെ ഇല്ല. പകരം ചോന്ന കളറുള്ള ഒരു പന്ത്. അഞ്ചാം നമ്പര്. അത് കണ്ടപ്പോള്‍, ഇത് തന്നെ ബോധം കേടാനുള്ള സമയം ന്നു മനസ്സിലാക്കി ഞാന്‍ പ്‌ളിന്തനെ അവരുടെ തോളിലേക്ക് ചാരി. പോയി പോയി ബോധം പോയി- രഞ്ജിത്ത് മണ്ണാര്‍ക്കാട് എഴുതുന്നു
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
undefined
സുഹൃത്തുക്കളാണ് ശരിക്കുള്ള വേദന സംഹാരി. നല്ലതുപോലെ വിഷമിച്ചിരിക്കുമ്പോള്‍ നല്ല ഒരു സുഹൃത്തിനോടുള്ള സംസാരം, അല്ലെങ്കില്‍ അവരുടെ സാമീപ്യം നമ്മളെ എല്ലാം മറക്കാന്‍ സഹായിക്കും. അത് നമുക്ക് വലിയ ഒരു ആശ്വാസം ആണ്. മനസ്സിനായാലും, ശരീരത്തിനായാലും.
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം. ന്നു വെച്ചാ കുതിരകളിച്ചു നടക്കണ സമയം. എല്ലാറ്റിനോടും ഒരുതരം ആക്രാന്ത മനോഭാവം വെച്ച് പുലര്‍ത്തുന്ന അന്ത തങ്കമാന അരുമയാന വയത്. ബൈക്ക് ഓടിക്കാന്‍ ഇങ്ങനെ പഠിച്ചു വരുന്നെ ഉള്ളൂ. വീട്ടിലെ വണ്ടി തുടച്ചും മിനുക്കിയും ആരുമറിയാതെ ഇടക്കൊക്കെ ഒന്ന് ഉരുട്ടിയുമൊക്കെ ഇങ്ങനെ തെളിഞ്ഞു വരുന്നേ ഉള്ളൂ. ന്നു വെച്ചാല്‍ മുറി വൈദ്യം. അതന്നെ ഐറ്റം.
അങ്ങിനെ ന്റെ ജീവിതം അത്യാനന്ദ തുന്തിലതമായി മുന്നോട്ടു പോകുമ്പോ ണ്ടു ഒരൂസം 'അമ്മ കഥിച്ചപ്രകാരം കുടുംബത്തിലെ അമ്പലത്തില്‍ ഒരു പൂജയുണ്ടാവുകയുണ്ടാവുകയും അവിടേക്ക് നാളികേരം, മഞ്ഞള്‍, ചിക്കന്‍ മസാല.. അല്ല ചന്ദനത്തിരി പിന്നെ ന്തൊക്കെയോ എടുപിടികള്‍ എന്നീ സാമഗ്രികള്‍ എത്തിക്കേണ്ട ഭീകരമായ ദൗത്യം എന്നില്‍ എത്തിച്ചേരുകയും, തദ്വാരാ, രാവിലെ തന്നെ ഞാന്‍ സന്തൂറിന്റെ തേഞ്ഞു തീരാറായ സോപ്പിനെ അതി കഠിനമായി പീഡിപ്പിച്ചു കൊണ്ട് കുളിച്ച് കുട്ടപ്പന്‍. പി പി ആയി വീട്ടിലെ ഹാര്‍ലി ആയ ഹീറോ ഹോണ്ട SS എടുത്തു സ്‌റ്റൈലില്‍ പോവുകയും ചെയ്തു. ഏട്ടന്‍ വീട്ടില്‍ ഇല്ലാത്തതു കൊണ്ട് ബൈക്ക് തന്നില്ലെങ്കില്‍ പൂജാ ഐറ്റംസ് കൊണ്ട് പോവാന്‍ വേറെ ആളെ നോക്കിക്കോ എന്ന എന്റെ കര്‍ശനമായ വാശിക്കുമുന്നില്‍ അമ്മ മുട്ട് മടക്കുകയും എന്റെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഹിയര്‍ വി ഗോ.....
ഒന്നിനും ലൈസന്‍സ് ഇല്ലാത്ത കാലം ആയതുകൊണ്ട് വണ്ടി ഓടിക്കാനും ടി ഐറ്റം എനിക്കില്ലായിരുന്നു. അല്ലെങ്കിത്തന്നെ കടിക്കണ പട്ടിക്കെന്തിനാ തല ഹും. അനിയത്തിപ്രാവ് സില്‍മയിലെ കുഞ്ചാക്കോ ബോബനെ മനസില്‍ ധ്യാനിച്ച് ഒരു രാജമല്ലി പാടി ഞാന്‍ ഇരുചക്ര ശകടത്തില്‍ സ്‌റ്റൈലില്‍ പയനം ചെയ്തു. കൃത്യ സമയത്തു തന്നെ ഞാന്‍ എത്തിയെങ്കിലും പൂജാരി എത്താനുള്ളതിനാല്‍ പൂജക്കുള്ള മുഹൂര്‍ത്തം മാറ്റി നിശ്ചയിച്ചു. അല്ലെകിലും ദൈവത്തിനോട് ഡയറക്ട് ചാറ്റ് ചെയുന്ന ടീംസ് അല്ലെ. മ്മളൊക്കെ വെറും പ്രജ.
സമയം വൈകുമെന്നുള്ളതിനാലും, എനിക്ക് കോളേജിലേക്ക് പോകേണ്ടതിനാലും, ഞാന്‍ ചെന്നില്ലെങ്കി കോളേജിലെ കാര്യങ്ങള്‍ ആകെ തകിടം മറയും എന്നുള്ളതിനാലും, പൂജക്കുള്ള ഐറ്റംസ് അവിടെ ഏല്‍പ്പിച്ചു. 'അയാം ഗോയിങ്ങേ. ഐ ഡോണ്ട് ഹാവ് ഇനഫ് ടൈം റ്റു സ്‌പെന്‍ഡ് ഫോര്‍ ദിസ് കണ്‍ട്രി പൂജാരി. ഐ ഹാവ് എ ലോട്ട് ഓഫ് റ്റു ഡൂ' എന്നും പറഞ്ഞു ഒരു വിരലില്‍ ബൈക്കിന്റെ ചാവി ഇട്ടു കറക്കി മറുകയ്യില്‍, പൂജാ ഐറ്റംസ് കൊണ്ട് പോയ വയലറ്റ് കളര്‍ ബിഗ്ഷോപ്പറും പിടിച്ചു സ്ലോമോഷനില്‍ ഞാന്‍ വണ്ടിയുടെ അടുത്തേക്ക് നീങ്ങി. സ്‌റ്റൈല്‍ ഒട്ടും കുറക്കാതെ തന്നെ ഞാന്‍ എന്ന പരബ്രഹ്മം ബൈക്കില്‍ ആസനസ്ഥനായി. ബിഗ്ഷോപ്പര്‍ ടാങ്ക് ബാഗ് ഇല്ലാത്ത ന്റെ വണ്ടീടെ പെട്രോള്‍ ടാങ്കിന്റെ മുകളിലും പ്രതിഷ്ഠിച്ചു. കിക്കറടിച്ചു കിക്കായി ഞാന്‍ ന്റെ തിരികെയാത്ര തുടങ്ങി. ഒടുവിലെ യാത്രക്കായിന്നു പ്രിയജനമേ ഞാന്‍ പോകുന്നു... ആ അല്ലെങ്കി പിന്നെ പാടാം.
ബൈക്ക് കയ്യില് കിട്ട്യാ പണ്ടേ എനിക്ക് പ്രാന്താ. ന്താറീല്ല. വീട്ടീന്ന് ദിസ് പയ്യന്‍ ഞാന്‍ വണ്ടി എടുത്തപ്പോഴേ വീട്ടുകാര്‍ ആളാംവീതം ന്നോട് പറഞ്ഞു മെയിന്‍ റോഡിലൂടെ വരല്ലേ ഡാ ചെക്കാന്ന്. പക്ഷെ മ്മടെ അഹങ്കാരം സമ്മയ്ക്കോ. എവടെ. അങ്ങോട്ട് പോവുമ്പോ മര്യാദക്ക് പോയ ബൈക്ക് തിരികെ വരുമ്പോ ഇങ്ങനെ പറക്കാണ് എങ്ങനെ.. ഏറോപ്ലെന്‍ വിട്ടന്ത്യേ. ഹ ഹ ഹാ.. ഹ ഹ ഹാ... കോടതിപ്പടി തിരിയണ വരെ വല്യ കൊഴപ്പോന്നും ണ്ടാര്‍ന്നില്ല. കോടതിപ്പടിയില്‍ എത്തിയപ്പോ കോളേജ് സമയം, റോഡ് കംപ്ലീറ്റ് കളറ്. പതിനെട്ടു തികയാത്ത പാല്‍ക്കാരന്‍ പയ്യനായ ഞാന്‍ നിഫ്ടിയില്‍ ന്റെ അഹങ്കാരത്തില്‍ മൂന്നര ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഒന്നൂടെ സ്പീഡ് കൂട്ടി.
ഏകദേശം കോടതിയുടെ മുന്‍ ഭാഗത്ത് എത്തിയപ്പോള്‍ ണ്ടു ഒരു ചേട്ടന്‍ ഒരു കാര്യോം ഇല്ലാതെ ഒന്ന് തിരിഞ്ഞു നോക്കുന്നു. അപ്പോഴാണ് കുന്തത്തില്‍ ലുട്ടാപ്പി വരണ പോലെ ബൈക്കില്‍ സര്‍വ്വശ്രീ ഞാന്‍ പറന്നു വരുന്നത് പുള്ളി കാണുന്നത്. റോഡിന്റെറ ഇടത് സൈഡില്‍ ഒരു കുഴി ഉണ്ടായിരുന്നു. അതിന്റെ മണ്ണ് മ്മടെ ബഹുമാന്യരായ ജലവകുപ്പ് മനോഹരമായി റോഡിലേക്ക് ഇറക്കി ഇട്ടിരിക്കുന്നു. ബലേ ബേഷ്. എന്നെ കണ്ടപ്പോ, ന്റെ വരവ് കണ്ടപ്പോ ആ പാവം മനുഷ്യന്‍ പേടിച്ചു, ആ മണ്ണ് കൂടിയതിന്റെ അപ്പുറത്തേക്ക് ഒരു ഓട്ടം കൊടുത്തു. സ്വയം സേഫ് ആവാന്‍. അപ്പോഴേക്കും എന്നിലെ മൈക്കിള്‍ ഷൂമാക്കര്‍ ഉണര്‍ന്നിരുന്നു.
ബ്രേക്കില്ലാക്കുന്നില്ലപ്പനെ മനസ്സില്‍ ധ്യാനിച്ച് കൊടുത്തു ഞാനൊരു ചവിട്ട്.. ചവിട്ടീതും, ടാങ്കിന്റെ മുകളില്‍ ഇരുന്ന ബിഗ്ഷോപ്പര്‍ ഒരു കാര്യോം ഇല്ലാതെ താഴേക്ക് വീഴുന്നു. ജീവന്‍ പോയാലും ബിഗ്ഷോപ്പര്‍ വിടൂല്ലന്നു മനസ്സില്‍ ഉറപ്പിച്ചു ഒരു കൈ വിട്ടു ഞാന്‍ ഷോപ്പറില്‍ പിടിച്ചു (റൊമ്പ അവസ്യം). അടുത്ത നിമിഷം ആണ് ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുന്നത്. ഇപ്പോള്‍ ഞാന്‍ ഇരിക്കുന്നത് വണ്ടിയില്‍ അല്ല. വായുവില്‍ ആണ്.. വണ്ടി എന്റെ കയ്യില്‍ നിന്നും പോയിരിക്കുന്നു. ഇടതു കൈയില്‍ ഷോപ്പറും പിടിച്ചു ഞാന്‍ കോടതിയുടെ കൃത്യം മുന്നില്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.വിത്ത് മെയ് ഡേ മെസേജ്. ചള്‍ക്കോ പിള്‍ക്കോ പിള്‍.. മ്മടെ ധോണി ഒക്കെ ക്രീസിലേക്ക് ബാറ്റുമായി പറന്നു വീഴുന്നപോലെ ഒരു വീഴ്ച. ചെറ്യേ ഒരു വ്യത്യാസം. ബാറ്റിനു പകരം ബിഗ്ഷോപ്പര്‍..അയാം ട്രാപ്പ്ഡ് യുവര്‍ ഓണര്‍. അപ്പുറത്തേക്ക് ഓടിയ മ്മടെ ചേട്ടന്‍ ആ ടെലിഫോണ്‍ കുഴീലും ന്റെ ബൈക്ക് സേഫ് ആയിട്ട് ഒരു ടെലിഫോണ്‍ പോസ്റ്റിന്റെ അടീലും കിടക്കുണു. സേഫ് പാര്‍ക്കിങ്.
സംഗതി ന്താച്ചാല്‍, തലേന്നാര്‍ന്നു അവിടെ റോഡ് പണി കഴിഞ്ഞത്. ഒരു ഗ്രിപ്പ് കിട്ടാന്‍ വേണ്ടി അവര് റോഡില്‍ പാറപ്പൊടി ഒക്കെ മുഖത്ത് പൗഡര്‍ ഇടുന്ന പോലെ ഇട്ടു വെച്ചേക്കുന്നു. ന്റെ വണ്ടീടെ ബാക്ക് ടയര്‍ന്നു പറഞ്ഞാ കുഞ്ഞിക്കുട്ട്യോള്‍ടെ മുഖം പോലെ പരിശുദ്ധവും, ഗ്രിപ്പ് എന്ന സാധനം ഇല്ലാത്തതും തദ്വാരാ നല്ല മിനുസമുള്ളതും ആയിരുന്നു. ഇത്യാദി കാര്യങ്ങള്‍ എല്ലാം എനിക്ക് ശരിക്കും മനസിലായത് മേല്‍പ്പറഞ്ഞ ക്രാഷ് ലാന്‍ഡിങ്ങിന് ശേഷവും. വൈകി വന്ന ബോധോദയം.
വീണിടം വിഷ്ണു ലോകം ആയ എനിക്ക് ചാടി എണീക്കാനും കാല്‍മുട്ടിലെ പാറപ്പൊടിയും മണ്ണും തട്ടിക്കളയാനും നിമിഷ നേരമേ വേണ്ടി വന്നുള്ളൂ.. സര്‍വ്വശ്രീ ഞാന്‍ നടുറോട്ടില്‍ സാഷ്ടാഗം നമസ്‌കരിച്ചതിന്റെ അഭിമാനക്ഷതത്തില്‍ ഇങ്ങനെ നിക്കാ. അപ്പോഴേക്കും ആള് കൂടി. സ്വന്തം നാടായതുകൊണ്ടു അവര് കൈവെച്ചില്ല. കൂട്ടത്തില്‍ ക്ലാസ്‌മേറ്റുകളും ചങ്കുകളും ആയ സുരേഷും, സുമേഷും പാഞ്ഞു വന്നു. ഞാന്‍ ആണെങ്കി ന്റെ ചെരിപ്പ് തപ്പികൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പോയിട്ട് ശ്ശി പണി ണ്ടേയ്. വീട്ടില്‍ പോയിട്ട് പുട്ടും കടലേം കുത്തിക്കേറ്റീട്ട് വേണം ക്ലാസില്‍ പോവാന്‍.
ആശൂത്രീല്‍ കിടന്നു കുറച്ചു കഴിഞ്ഞപോഴേക്കും ന്റെ വാനരപ്പട എത്തി.
എല്ലാരും കൂടെ ന്നെ പൊക്കി എടുത്തു അത് വഴി വന്ന ഓട്ടോയില്‍ കേറ്റുമ്പോഴും ഞാന്‍ ന്റെ ബൈക്ക് എടുത്തു ഞാന്‍ പൊക്കോളാം എന്ന് പറഞ്ഞോണ്ടിരിക്യാര്‍ന്നു. വൈക്യാ അമ്മ പേടിക്കും. സുരേഷും സുമേഷും കൂടെ ന്നെ ആശൂത്രീല്‍ കൊണ്ടോവാ. കോടതിപ്പടി ഹമ്പ് കയറുമ്പോ എതിരെ വന്ന വെള്ള അമ്പാസിഡര്‍ കാറിന്റെ കയറ്റി വെച്ച കറുത്ത ഗ്‌ളാസ്സില്‍ ആണ് ഞാന്‍ ആ മോഹന ദൃശ്യം കാണുന്നത്. ന്റെ തല അവിടെ ഇല്ല. പകരം ചോന്ന കളറുള്ള ഒരു പന്ത്. അഞ്ചാം നമ്പര്. അത് കണ്ടപ്പോള്‍, ഇത് തന്നെ ബോധം കേടാനുള്ള സമയം ന്നു മനസ്സിലാക്കി ഞാന്‍ പ്‌ളിന്തനെ അവരുടെ തോളിലേക്ക് ചാരി. പോയി പോയി ബോധം പോയി.
ആശൂത്രീല്‍ കിടന്നു കുറച്ചു കഴിഞ്ഞപോഴേക്കും ന്റെ വാനരപ്പട എത്തി. ക്ലാസ്സ്‌മേറ്‌സ്.. ചങ്ക്സ്.. മുത്തുമണികള്‍. ആണ്‍ പെണ്‍ ഭേദമില്ലാതെ പത്തു ഇരുപതു കൂട്ടുകാര്‍ ഒരു ചെറ്യെ റൂമില്‍. ന്റെ കൂടെ കട്ടിലില്‍ ഒരുത്തന്‍ കിടന്നിരുന്നോ എന്നും ഞാന്‍ ന്റെ ബോധക്കേടിന്റെ ഇടയില്‍ ഓര്‍ക്കുന്നുണ്ട്. അത്രേം നേരം സങ്കടപ്പെട്ട് കണ്ണീര്‍ തൂവി ഇരുന്നിരുന്ന അമ്മ ഒന്ന് ചിരിക്കുന്നത് ഞാന്‍ കണ്ടത് അപ്പോഴാണ്. എനിക്ക് സങ്കടം ന്റെ അമ്മക്ക് വിഷമാവൂല്ലോ ന്നു ഓര്‍ത്തിട്ടാര്‍ന്നു.അമ്മേടെ ജാമ്യത്തില്‍ ആണ് എനിക്ക് ബൈക്ക് കിട്ടീതെയ്. അമ്മ ഇസ്തം.
അതാണ് പറഞ്ഞത് സുഹൃത്തുക്കള്‍ ആണ് യഥാര്‍ത്ഥ വേദന സംഹാരികള്‍ എന്ന്.
ജന്മനാ ബോധമില്ലാത്ത എന്റെ ആകെയുള്ള കുറച്ചു ബോധം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ഞാന്‍ കോളേജിലെ ബഞ്ചില്‍ ആണ് കിടക്കണെ ന്ന്. കംപ്ലീറ്റ് അലമ്പ് ടീമും ഉണ്ട് ചുറ്റും. ന്റെ ചുണ്ടും മുഖം മുഴുവനും മുറിവായിരുന്നു. ഈ ദുഷ്ടന്മാര്‍, ദുഷ്ടികള്‍ ചങ്കുകളുടെ മാസ്‌ക് അണിഞ്ഞ ശത്രുക്കള്‍ ആപ്പിള്‍, ഓറഞ്ച് മുന്തിരി ഇത്യാദി ഐറ്റംസ് ആയി വന്നു അവിടെ ഇരുന്നു തിന്നുന്നു. അതും ന്റെ മുന്നില് വെച്ച്. കൂട്ടത്തില്‍ ഇത്തിരി കുരുത്തക്കേട് കൂടുതലുള്ള രാധിക ന്റെ നോട്ടം കണ്ടിട്ട് പറയ, 'ഡാ അനക്ക് വേണ്ടി കൊണ്ട് വന്നതാ. അന്റെ മുഖം കണ്ടില്ലേ..ഇപ്പൊ ഇതൊന്നും കടിക്കാന്‍ പറ്റിലല്ലോ. ഇതാണെങ്കി എടുത്തു വെച്ചാ കേടാവണ്ടാ എന്ന് കരുതി ഞങ്ങള് തന്നെ തിന്നതാ ട്ടോ. നിനക്ക് വേണോ?? ' എന്ന്. മേല്‍ചുണ്ട് മുറിഞ്ഞു ബമ്പര്‍ പോയ ലോറിയെ പോലെ ആയ ന്നെ നോക്കിയാ ആ കുരുത്തം കെട്ടവള് അത് പറഞ്ഞത്. വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു, ഷമീര്‍ അവന്റെ കമന്റ് 'ഡാ എല്ലാം കൂടെ കൊറേ പൈസ ചെലവായിട്ടുണ്ട് . നീ സുഖായിട്ട് കോളേജില്‍ വരുമ്പോ അന്റെ ഷെയറ് കൊണ്ട് വാ'. എങ്ങനീണ്ട്.
പൊതുവെ ഞങ്ങള് എല്ലാരും കൂടെ എങ്ങോട്ടെങ്കിലും പോകുമ്പോ എന്ത് വാങ്ങിയാലും അത് ഷെയര്‍ ഇട്ടു ആണ് വാങ്ങുക.ഇതിപ്പോ എന്നെ കാണാന്‍ വന്ന ഇവര്‍ എനിക്ക് കൊണ്ട് വന്നതൊക്കെ തിന്നതും പോരാ, അതിന്റെ ഷെയറു ഞാന്‍ കൊടുക്കണം ന്നു. ന്റെ നോട്ടം കണ്ടിട്ട് അവന്‍ പറയാ ' അത് ശരി.. വണ്ടി മര്യാദക്ക് ഓടിക്കണം. ന്നാ ഇപ്പൊ ഇങ്ങനെ മേപ്പാട്ടും നോക്കി കിടക്കേണ്ട ആവശ്യം ണ്ടാര്‍ന്നോ ന്നു' ഇതോടെ കേട്ടപ്പോ ചുണ്ട് മുറിഞ്ഞ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി.
വേദന കൊണ്ട് കിടന്ന ഞാനും ന്നെ നോക്കി സങ്കടപ്പെട്ടു നിന്നിരുന്ന ന്റെ വീട്ടുകാരും എല്ലാവരും സ്വയം മറന്നു ചിരിച്ച ഒരു അനുഭവം. അതാണ് പറഞ്ഞത് സുഹൃത്തുക്കള്‍ ആണ് യഥാര്‍ത്ഥ വേദന സംഹാരികള്‍ എന്ന്. മുറിവ് മാറിയപ്പോഴേക്കും അന്ന് വരെ നോട്ട് എഴുതാതിരുന്ന എന്റെ എല്ലാ നോട്ടു ബുക്കുകളും കംപ്ലീറ്റ് ആക്കി തന്ന ന്റെ ചങ്കുകളെ.. ഇങ്ങളെ ഐ ലവ് യൂ.