മെഡിക്കല്‍ കോളജുകളിലെ ഈ നിസ്സഹായതയ്ക്ക് ചികില്‍സയില്ലേ?

By Hospital Days  |  First Published Dec 27, 2018, 3:03 PM IST

കാഷ്വാലിറ്റിയില്‍നിന്നും ജനറല്‍മെഡിസിന്‍ വാര്‍ഡില്‍ എത്തുന്ന രോഗികളുടെ, രോഗി: കിടക്ക അനുപാതം ഭീതിജനകമാണ്. പരമാവധി 40 ബെഡുകള്‍ ഒരുക്കാന്‍ പറ്റിയ ഒരു അഡ്മിഷന്‍ ഡേയിലെ വാര്‍ഡില്‍ ചിലപ്പോള്‍ 100ല്‍ കൂടുതല്‍ രോഗികള്‍ എത്തിച്ചേരുന്നു. ചില സമയങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മെത്തകള്‍ പങ്കിടേണ്ടി വരുന്നു. മിച്ചം വരുന്ന രോഗികള്‍ക്കു തറയാണ് ആശ്രയം.  സ്വന്തം രോഗവും വേദനയും സംഘര്‍ഷവും ഉള്ളിലൊതുക്കി മനസ്സില്‍ തല്ലിക്കെടുത്തിയ കലാപവുമായി അവര്‍ തറയിലൊതുങ്ങുന്നു-തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. അരുണ്‍ ജേക്കബ് എഴുതുന്നു


ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്


 

Latest Videos

undefined

2018 തികയുന്നതോടുകൂടി മെഡിക്കല്‍ കോളേജ് ജീവിതം അതിന്റെ എട്ടാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. ഈ കാലയളവില്‍ 'ഞാനെന്തു മനസ്സിലാക്കി?' എന്ന് ചോദിച്ചാല്‍ ഒരു വിചിത്രമായ ഉത്തരമാണ് തിക്കിചികഞ്ഞു തികട്ടി വരുന്നത്.

'നമ്മുടെ ഈ രാജ്യത്ത് ദരിദ്രനും, സമ്പന്നനും മരണക്കിടക്കയില്‍ കിട്ടുന്നത് രണ്ടു നീതിയാണ്'.

ഒരു ആയുസ്സ് മുഴുവന്‍ ദാരിദ്ര്യത്തോട് പോരാടി,പലപ്പോഴും ഇളിഭ്യനാക്കി കൈവിട്ടു പോയ ജീവിതത്തെ എങ്ങനൊക്കെയോ തിരിച്ചു കൈപിടിയിലൊതുക്കിയ ഒരു സാധാ ഇന്ത്യന്‍ പൗരന് ലഭിക്കുന്ന മെഡിക്കല്‍ കോളേജ് സൗകര്യങ്ങള്‍/ആരോഗ്യസേവനങ്ങള്‍ എത്ര അപര്യാപ്തമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

അപ്രതീക്ഷിതമായി/ആക്‌സമികമായി രോഗാവസ്ഥയില്‍ എത്തി പകച്ചു നില്‍ക്കുന്ന രോഗിയെയും ബന്ധുക്കളെയും വരവേല്‍ക്കുന്നത് പലപ്പോഴും അപര്യാപ്തതകള്‍ പകല്‍ പോലെ വ്യക്തമായ മെഡിക്കല്‍ കോളേജ് വാര്‍ഡുകളായിരിക്കും. ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ ചുറ്റും ഈച്ച പോല്‍ പൊതിയുന്ന ഗുരുതരരോഗികള്‍ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ സ്ഥിരം കാഴ്ചയാണ്. ഒരു സമയം ഒന്നില്‍ കൂടുതല്‍ രോഗികളെ അറ്റന്‍ഡ് ചെയ്യുന്ന ഡോക്ടറുടെ ശ്രദ്ധ പാളിപ്പോകാനുള്ള  സാധ്യതയും വളരെ കൂടുതലാണ്. 20-30 ബെഡുകളുള്ള നിരീക്ഷണമുറിയില്‍ പലപ്പോഴും 100ന് മുകളിലാണ് രോഗികള്‍. ബെഡ് ഷെയര്‍ ചെയ്തും, ട്രോളിയില്‍ ഇരുന്നും, ബെഞ്ചില്‍ മാറിയിരുന്നും നേരം വെളുപ്പിക്കുന്നവരുടെ കാഴ്ചകള്‍ പകല്‍ പോലെ സാധാരണമാണ്. ഇവര്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകള്‍ നിലവാരം പുലര്‍ത്തുന്നവയല്ല. പുതുക്കപ്പെടാത്ത പഴയ സ്റ്റാഫ് സമ്പ്രദായം നിമിത്തം ഈ രോഗികള്‍ക്കുള്ള ഡോക്ടര്‍: നഴ്‌സ്: പാരാമെഡിക്കല്‍: അറ്റന്‍ഡര്‍  അനുപാതം ഭീമാതീതമായി കുറവാണ്. ലിംഗനീതിക്കു വേണ്ടി പ്രധാനവാദങ്ങള്‍ നടക്കുമ്പോഴും 'ആരോഗ്യനീതി' ചോദ്യചിഹ്നമായി നിലകൊള്ളുകയാണ്. 

ഡ്യൂട്ടി  ഡോക്ടറുടെ ചുറ്റും ഈച്ച പോല്‍ പൊതിയുന്ന ഗുരുതരരോഗികള്‍ കാഷ്വാലിറ്റിയില്‍ സ്ഥിരം കാഴ്ചയാണ്

കാഷ്വാലിറ്റിയില്‍നിന്നും ജനറല്‍മെഡിസിന്‍ വാര്‍ഡില്‍ എത്തുന്ന രോഗികളുടെ, രോഗി: കിടക്ക അനുപാതം ഭീതിജനകമാണ്. പരമാവധി 40 ബെഡുകള്‍ ഒരുക്കാന്‍ പറ്റിയ ഒരു അഡ്മിഷന്‍ ഡേയിലെ വാര്‍ഡില്‍ ചിലപ്പോള്‍ 100ല്‍ കൂടുതല്‍ രോഗികള്‍ എത്തിച്ചേരുന്നു. ചില സമയങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മെത്തകള്‍ പങ്കിടേണ്ടി വരുന്നു. മിച്ചം വരുന്ന രോഗികള്‍ക്കു തറയാണ് ആശ്രയം.  സ്വന്തം രോഗവും വേദനയും സംഘര്‍ഷവും ഉള്ളിലൊതുക്കി മനസ്സില്‍ തല്ലിക്കെടുത്തിയ കലാപവുമായി അവര്‍ തറയിലൊതുങ്ങുന്നു.

സ്വര്‍ണത്തിന്റെ ഒരുതരി പോലുമില്ലാതെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന അബലസ്ത്രീജന്മങ്ങള്‍. മെഡിക്കല്‍ കോളേജ് ലാബുകളും ഫര്‍മസിയും തേടി ഉഴലുന്ന വൃദ്ധകൂട്ടിരുപ്പുകാര്‍. മെഡിക്കല്‍ കോളജിന്റെ അമ്പരപ്പില്‍ നഷ്ടപ്പെടുന്ന വിലപ്പെട്ട ചികിത്സാസമയങ്ങള്‍. അവസാനശ്വാസമെടുക്കാന്‍ നേരവും സ്വന്തമായി ഒരു ഒറ്റകിടക്ക ലഭിക്കാത്ത ഒറ്റമുറിക്കാരന്‍. തിരക്കേറിയ വാര്‍ഡില്‍ വിസ്മരിപ്പിക്കപ്പെടുന്ന അനാഥരോഗി. അന്നദാനം നല്‍കുന്ന ചെറുവണ്ടിക്ക് മുന്നില്‍ പൊരിവെയിലത്തു നില്‍ക്കുന്ന വിശക്കുന്നവരുടെ നീണ്ടനിര. ശാസനയുടെയും ശ്വാസംമുട്ടലിന്റെയും മെഡിക്കല്‍ കോളേജ് പരിസരങ്ങള്‍ മുന്നോട്ട് വെക്കുന്നത് 'ആരോഗ്യനീതിയുടെ' ചെകിടിപ്പിക്കുന്ന അസമത്വമാണ്. 

സ്വയം ഉരുകുന്ന മറ്റൊരു വിഭാഗമാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു സ്റ്റാഫുകളും.

ഈ അശാസ്ത്രീയ രോഗി സാന്ദ്രതയിലും പരിമിതിയിലും ആരാലും ചര്‍ച്ച ചെയ്യപ്പെടാതെ സ്വയം ഉരുകുന്ന മറ്റൊരു വിഭാഗമാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു സ്റ്റാഫുകളും. യൗവനത്തിന്റെ നല്ലൊരു ഭാഗവും പഠനത്തിനും വൈദ്യപരിശീലനത്തിനും മാറ്റി വെക്കുന്ന ഡോക്ടര്‍ സമൂഹം അടിസ്ഥാന സൗകര്യങ്ങളുടെയും രോഗി:ഡോക്ടര്‍:ബെഡ് അസന്തുലിത അനുപാതത്തിന്റെയും പേരിലനുഭവിക്കുന്ന മാനസികസംഘര്‍ഷവും പിരിമുറുക്കവും നിയമക്കുരുക്കുകളും  ചില്ലറയല്ല. നല്ലൊരു ശതമാനം ഡോക്ടര്‍മാരും 60 വയസ്സിനു മുമ്പേ  രോഗിയാവുന്നതും മരണപ്പെടുന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. 

മെഡിക്കല്‍ കോളജുകള്‍ കൈകാര്യം ചെയ്യുന്ന രോഗികളുടെ  അളവ് തിരിച്ചറിഞ്ഞ് അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം വരുത്തുക എന്നതാണ് ഏറ്റവും പരമപ്രധാനമായ കാര്യം. (തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കും വരാനിരിക്കുന്ന നവീകരിച്ച ആധുനിക കാഷ്വാലിറ്റിയും ശുഭസൂചന നല്‍കുന്നവയാണ്). കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ മാറ്റി ശാസ്ത്രീയമായ രോഗി:ബെഡ്:ഡോക്ടര്‍:സ്റ്റാഫ്  അനുപാതം ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു പ്രധാനകാര്യം.

മെഡിക്കല്‍ കോളേജ് ചാര്‍ത്തിത്തരുന്ന നിര്‍വികാരതയുമായി സഞ്ചരിക്കാന്‍ ആണെനിക്കെളുപ്പം; പക്ഷെ ദിവസവും കാണുന്ന നിസ്സഹായതകള്‍ അതിന് അനുവദിക്കുന്നില്ല.ഒരു ചെറിയ മാറ്റമെങ്കിലും ഈ ആശുപത്രികുറിപ്പിന് സാധ്യമെങ്കില്‍-അത്രതന്നെ!

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!