എല്ലാവര്‍ക്കും വരുന്ന പോലെ എനിക്ക് പനി വന്നിരുന്നില്ല. പെട്ടന്ന് കുരുക്കള്‍ വരികയായിരുന്നു. അസുഖം വന്ന് മൂന്നാം ദിവസം മുതല്‍ ശക്തമായ ചര്‍ദ്ദി തുടങ്ങി. ഒന്നും കഴിച്ചാല്‍ വയറ്റില്‍ നില്‍ക്കാത്ത അവസ്ഥ. അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടു പോകും. ഡ്രിപ്പിടും ഇഞ്ചക്ഷനെടുക്കും. അന്നു കുഴപ്പമില്ലാതിരിക്കും. പിറ്റേ ദിവസം മുതല്‍ വീണ്ടും ചര്‍ദ്ദി.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.
undefined
അതൊരു ഡിസംബര്‍ മാസമായിരുന്നു. 1998 ലെ വെക്കേഷന്‍ തുടങ്ങുന്നതിന്റെ തൊട്ടു മുമ്പുള്ള കാലം.
സാധാരണ എല്ലാവര്‍ക്കും വരുന്ന പോലെ ഒരു ചിക്കന്‍ പോക്‌സ്. പക്ഷേ അതു വന്നപ്പോള്‍ തന്നെ ഞാന്‍ മാനസികമായി തളര്‍ന്നു പോയി. മുഖത്തെല്ലാം കുരുക്കള്‍ പൊങ്ങി. മുഖം വികൃതമായി. അതെനിക്ക് വലിയൊരാഘാതമായിരുന്നു.
എല്ലാവര്‍ക്കും വരുന്ന പോലെ എനിക്ക് പനി വന്നിരുന്നില്ല. പെട്ടന്ന് കുരുക്കള്‍ വരികയായിരുന്നു. അസുഖം വന്ന് മൂന്നാം ദിവസം മുതല്‍ ശക്തമായ ചര്‍ദ്ദി തുടങ്ങി. ഒന്നും കഴിച്ചാല്‍ വയറ്റില്‍ നില്‍ക്കാത്ത അവസ്ഥ. അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടു പോകും. ഡ്രിപ്പിടും ഇഞ്ചക്ഷനെടുക്കും. അന്നു കുഴപ്പമില്ലാതിരിക്കും. പിറ്റേ ദിവസം മുതല്‍ വീണ്ടും ചര്‍ദ്ദി. ഇതിനിടയില്‍ കുമിളകള്‍ കരിയുകയും ഞാന്‍ കുളിക്കുകയും ചെയ്തു. പക്ഷേ ചര്‍ദ്ദി നിന്നില്ല. നടക്കാന്‍ പറ്റാത്തത്ര ഞാന്‍ അവശതയായി. ശരീരത്തിന്റെ ബാലന്‍സ് പോയ പോലെ.
ഒരു സ്വിച്ച് ഓണ്‍ ചെയ്യാനുള്ള ശക്തി പോലും ഇല്ലാതായി. സംസാരിക്കുമ്പോള്‍ നാവു കുഴഞ്ഞു പോകുന്നു. വസ്തുക്കള്‍ക്കെല്ലാം പെട്ടെന്ന് ഭാരവും ശക്തിയും കൂടി. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്ക് തോന്നി തുടങ്ങി.
അച്ഛന്‍ എന്നെ സുഹൃത്തായ പ്രഭാകരന്‍ ഡോക്ടറുടെ അടുത്തു കൊണ്ടു പോയി. എന്നെ പരിശോധിച്ച അദ്ദേഹം അച്ഛനെ കുറെ വഴക്കു പറഞ്ഞു. രണ്ടു കാര്യങ്ങള്‍ കൊണ്ടു മാത്രമേ ശക്തമായ ചര്‍ദ്ദി വരൂ എന്നദ്ദേഹം പറഞ്ഞു. ഒന്നുകില്‍ തലച്ചോറില്‍ അണു ബാധയുണ്ടാവണം. അല്ലെങ്കില്‍ വയറില്‍ ഗുരുതരമായ അസുഖം.
മരണം തൊട്ടടുത്തെത്തിയെന്ന് എനിക്ക് മനസ്സിലായി.
എത്രയും പെട്ടന്ന് എന്നെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്റെ നാഡീ വ്യവസ്ഥയില്‍ ചിക്കന്‍ പോക്‌സിന്റ അണുക്കള്‍ കയറിയോ എന്നദ്ദേഹം സംശയം പ്രകടിപ്പിച്ചു. അങ്ങനെ ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ എത്തി.
അവിടെ എന്നെ പരിശോധിച്ചത് ഹൗസ് സര്‍ജന്‍മാരായിരുന്നു. അവര്‍ ചോദിക്കുന്നതിനൊന്നും എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. ഒന്നും ചെയ്യാനും കഴിഞ്ഞില്ല കണ്ണുകള്‍ എത്ര തുറക്കാന്‍ ശ്രമിച്ചിട്ടും അടഞ്ഞടഞ്ഞു പോവുന്നു. മരണം തൊട്ടടുത്തെത്തിയെന്ന് എനിക്ക് മനസ്സിലായി.
ചിക്കന്‍ പോക്‌സ് ആയതിനാല്‍ ഐസൊലേറ്റഡ് വാര്‍ഡില്‍ ആണ് എന്നെ പ്രവേശിപ്പിച്ചത്.
ജയരാജ് എന്ന ദൈവം പോലെ തോന്നിച്ച ഒരു ഡോക്ടറാണ് എന്നെ ചികിത്സിച്ചത്. സത്യം പറഞ്ഞാല്‍ മരിക്കാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കന്ന് സന്തോഷമാണു തോന്നിയത്. എത്ര ശ്രമിച്ചിട്ടും ഒരു ജോലിയും തേടി വരാത്ത സമയമായിരുന്നു. ഇനി മരിച്ചാല്‍ മതി എന്നു തോന്നിയിരുന്ന സമയം. മരണത്തെ കുറിച്ചുള്ള കഥകളും കവിതകളുമെല്ലാം വായിച്ച് മരണത്തോട് ഒരാരാധനയും ഉണ്ടായിരുന്നു. അതു കൊണ്ട് മരിക്കാന്‍ പേടി തോന്നിയിരുന്നില്ല.
മിണ്ടാനും കണ്ണു തുറക്കാനുമൊന്നും പറ്റുന്നില്ലെങ്കിലും ചെവിക്ക് നല്ല ശക്തിയായിരുന്നെന്നു തോന്നുന്നു. നഴ്‌സുമാര്‍ മെല്ലെ പറയുന്ന കാര്യങ്ങള്‍ പോലും എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു. തലച്ചോറിന് അണുബാധയുണ്ടായാല്‍ ചിലപ്പോള്‍ മരണമോ അല്ലെങ്കില്‍ അംഗവൈകല്യമോ വരാന്‍ സാധ്യതയുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അംഗ വൈകല്യം വന്നു ജീവിക്കാനിടവരാതെ എന്നെ എത്രയും വേഗം കൊണ്ടു പോണെ എന്ന് ഞാന്‍ മനസ്സില്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
പക്ഷേ എന്റെ അടുത്തിരുന്ന് കരയുന്ന അച്ഛന്റെയും അമ്മയുടെയും മുഖം എന്നെ അസ്വസ്ഥമാക്കി. നമ്മള്‍ അച്ഛനമ്മമാരാവുമ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ എങ്ങനെ ജീവിക്കും എന്ന് നമ്മള്‍ ചിന്തിക്കും പക്ഷേ നമുക്കെന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ അച്ഛനമ്മമാര്‍ എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കാറില്ല. എന്നാല്‍, സത്യമതാണോ? അച്ഛനോ അമ്മയോ നഷ്ടമായാല്‍ മക്കള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വരാന്‍ പറ്റും. പക്ഷേ മക്കള്‍ നഷ്ടമായ അച്ചനമ്മമാര്‍ക്ക് പിന്നീടൊരിക്കലും പഴയ ജീവിതത്തിലേക്ക് വരാന്‍ കഴിയില്ല. അവരുടെ സന്തോഷവും സമാധാനവുമെല്ലാം മക്കള്‍ക്കൊപ്പം നഷ്ടമാവും .ഇതല്ലേ സത്യം.
അവള്‍ പോയെന്നു കണ്ടപ്പോള്‍ അദ്ദേഹം കരഞ്ഞ കരച്ചില്‍ മനസ്സില്‍നിന്ന് ഒരിക്കലും മായാത്ത വിങ്ങലാണ്.
ജീവിതത്തില്‍ കഷ്ടപ്പാടും പ്രയാസങ്ങളുമറിയാതെയാണ് ഞാന്‍ വളര്‍ന്നത്. ആ എനിക്ക് മെഡിക്കല്‍ കോളേജ് ജീവിതം സഹിക്കാവുന്നതിലപ്പുറമായിരുന്നു. കൊതുകുകള്‍ വന്നു പൊതിയുന്നു. രാത്രി കട്ടിലിനടിയിലൂടെ എലികളോടുന്നു. എവിടെ നിന്നൊക്കെയോ വേദനയുടെയും മരണത്തിന്റെറെയും നിലവിളികള്‍. മുമ്പൊരിക്കലും സങ്കല്‍പിക്കുക പോലും ചെയ്യാത്ത ദുരിതങ്ങള്‍. അന്നു രാത്രിയും പിറ്റേന്നു രാവിലേയും രണ്ട് ഇഞ്ചക്ഷന്‍. അതിനു ശേഷമാണ് എന്റെ ചര്‍ദ്ദിനിന്നത്.
പിറ്റേ ദിവസം ഉച്ചക്ക് അമ്മമ്മ കൊടുത്തയച്ച നെല്ലു കുത്തിയ അരിയും ചമ്മന്തിയും കഴിച്ചു. അന്നേക്ക് ഞാന്‍ ചോറുകഴിക്കാതെ 15 ദിവസമായിരുന്നു. അന്നാണ് ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലയും രുചിയും അറിഞ്ഞത്.
അന്ന് എം ആര്‍ ഐ സ്‌കാന്‍ ചെയ്തിരുന്നു. സ്‌കാനിംഗില്‍ കുഴപ്പമൊന്നും കണ്ടില്ല. പിന്നീടുള്ള ദിവസങ്ങള്‍ തിരിച്ചു വരവിന്‍േറതായിരുന്നു. മരുന്നുകള്‍ കുത്തിവെച്ച് രണ്ടു കൈകളും നീരുവന്നു വീര്‍ത്തു. മരിക്കാന്‍ പോകുകയാണ് എന്ന് തോന്നിയതു പോലെ തിരിച്ചു വരികയാണെന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
തൊട്ടടുത്ത കട്ടിലില്‍ വയനാട്ടുകാരിയായ മുസ്ലിം കുട്ടി ഉണ്ടായിരുന്നു. അവള്‍ക്ക് ഹിമോഫീലിയ എന്ന രക്തം കട്ടപിടിക്കാത്ത അസുഖമായിരുന്നു. ആ അസുഖം പെണ്‍കുട്ടികള്‍ക്കു വന്നാല്‍ അവര്‍ പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പേ മരിച്ചു പോകും. അവളുടെ അമ്മക്കും ബന്ധുക്കള്‍ക്കും അതറിയാമായിരുന്നു. ആ കുട്ടിയുടെ ഉമ്മാമ എന്റെ കാലിനടുത്തുവന്നു നിന്നു കരഞ്ഞത് ഇന്നും മറക്കാന്‍ കഴിയില്ല. പ്രായമായ ഉമ്മമാര്‍ എന്നും അങ്ങനെയാണ്. അവരുടെ മക്കളോടുള്ള സ്‌നേഹം തന്നെ എല്ലാവരോടും കാണിക്കും. അതൊരു നോമ്പുകാലമായിരുന്നു. നോമ്പുതുറക്കാനുള്ള കാരക്കയും മറ്റും അവര്‍ എനിക്കും തരുമായിരുന്നു. അവര്‍ക്ക് ആശുപത്രിയും സ്വന്തം വീടുപോലെയാണ്. ബാക്കിയുള്ളവരൊക്കെ അയല്‍ക്കാരും.
തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി മരിച്ച സംഭവവും എനിക്ക് ആഘാതമായി. അവള്‍ രാത്രി മുഴുവന്‍ ഭയങ്കര കരച്ചിലായിരുന്നു. കട്ടിലില്‍ കിടക്കുമ്പോള്‍ പറയും താഴെ കിടക്കണമെന്ന്. താഴെ കിടക്കുമ്പോള്‍ പറ്റുന്നില്ല വീണ്ടും മേലെ കിടക്കണമെന്നു പറഞ്ഞു കരയും . അവളുടെ ഭര്‍ത്താവ് അവള്‍ പറയുന്ന പോലെ എല്ലാം ചെയ്ത് അവളുടെ കൂടെ തന്നെയുണ്ടായി രുന്നു. അയാള്‍ ഒരു സുന്ദരനായിരുന്നില്ല. നല്ല വിദ്യാഭ്യസമോ ജോലിയോ ഉള്ള ആളുമായിരു ന്നില്ല. പക്ഷേ ഞാനെന്റെ ജീവിതത്തില്‍ കണ്ട എറ്റവും സ്‌നേഹനിധിയായ ഭര്‍ത്താവ് അദ്ദേഹമായിരുന്നു. അവള്‍ പോയെന്നു കണ്ടപ്പോള്‍ അദ്ദേഹം കരഞ്ഞ കരച്ചില്‍ മനസ്സില്‍നിന്ന് ഒരിക്കലും മായാത്ത വിങ്ങലാണ്.
പത്ത് ദിവസം ഞാന്‍ അവിടെ കഴിയേണ്ടിവന്നു. നന്നായി നടക്കാന്‍ കഴിഞ്ഞാലേ വീട്ടില്‍ പോവാന്‍ പറ്റൂ എന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് കുഞ്ഞുനാളിലെ പോലെ വീണ്ടും പിച്ചവച്ചു പഠിക്കേണ്ടി വന്നു. ദിവസവും ഡോക്ടര്‍ വന്നു നടത്തിച്ചു നോക്കും. പത്തുദിവസം കഴിഞ്ഞപ്പോഴാണ് ഏതാണ്ട് കുഴപ്പമില്ലാതെ നടക്കാമെന്നായത്. ആ പത്ത് ദിവസം കൊണ്ട് 22 വര്‍ഷം പഠിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.
ഒരു മനുഷ്യന് ആരോഗ്യമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. ഞാന്‍ വലിയ ഭാഗ്യമൊന്നും ഇല്ലാത്തവളാണെന്ന ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു, സ്വയം എഴുന്നേറ്റു നടക്കാനും സ്വന്തം പ്രാഥമികമായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരാള്‍ക്കു കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ ഭാഗ്യം എന്നു ഞാന്‍ മനസ്സിലാക്കി. അതിനു പോലും പറ്റാത്ത എത്രയോ ഹതഭാഗ്യര്‍ നമുക്കു ചുറ്റുമുണ്ട്. ശരിക്കു പറഞ്ഞാല്‍ അത് പുനര്‍ജന്മം തന്നെയായിരുന്നു. ജീവിതത്തില്‍ പിന്നീടുണ്ടാവുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തു നല്‍കിയ അനുഭവം. മരിക്കാന്‍ പോയ എന്നെ കൈ പിടിച്ചു കയറ്റിയ ദൈവം എന്നെ പിന്നീടൊരിക്കലും കൈവിടില്ല എന്ന ധൈര്യം.
കൂട്ടത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. എല്ലാവേദനകളേക്കാളും വേദനിപ്പിച്ചത് കാണാനും ആശ്വസിപ്പിക്കാനും വരുന്ന ചിലരുടെ സംസാരമായിരുന്നു. അവര്‍ നിഷ്‌കളങ്കമായി പറയുന്നതായിരിക്കും. പക്ഷേ പലതും കൂരമ്പുകളായി നമുക്കനുഭവപ്പെടും. ദുരന്തങ്ങളും ദുഖങ്ങളും അനുഭവിക്കുന്നവരൊട് എങ്ങനെ പെരുമാറണമെന്ന് മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
അവരുടെ ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം