വല്ലാത്തൊരലര്‍ച്ചയും നിലവിളിയും കേട്ടു ഞെട്ടിയുണരുമ്പോ സ്ഥലകാലബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. വാര്‍ഡിന്റെ ഒരു മൂലയില്‍ ആകെ ബഹളം. ഒരു ചേട്ടന്‍ ചോരയൊലിക്കുന്ന കൈയുമായി നിന്നു നിലവിളിക്കുകയാണ്.. പെട്ടെന്ന് വന്ന ബോധോദയത്തില്‍ ഓടിച്ചെന്നു കോട്ടണ്‍ എടുത്തുകൊണ്ട് വന്നു ബ്ലീഡിംഗ് തടയാന്‍ ശ്രമിക്കവേ സിസ്റ്ററും ഉറക്കത്തിലായിരുന്ന സഖാക്കളും ഓടിവന്നു.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.
undefined
എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി അനുഭവങ്ങള്‍ സമ്മാനിച്ച എന്റെ ആദ്യരാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോ വാര്‍ഡില്‍!
ഞങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റുഡന്റ്‌സിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് പഠനത്തിന്റെ ഭാഗമായ ക്ലിനിക്കല്‍ പരിശീലനത്തിന് അനുമതി കിട്ടിയെങ്കിലും പകല്‍ സമയം ആ വഴി വന്നേക്കരുതെന്നും രാത്രികാലങ്ങളില്‍ വേണമെങ്കില്‍ പരിശീലനം നേടിക്കൊള്ളണമെന്നും മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ താക്കീതു ചെയ്തു പറഞ്ഞതിനാല്‍ പരിശീലനത്തിന് സ്വന്തമായി ആശുപത്രിയില്ലാത്ത ഞങ്ങളുടെ പോസ്റ്റിങ്ങ് രാത്രിയില്‍ മാത്രമായി. ആറുമാസം നീണ്ട രാത്രി സേവനം!
ആ നൈറ്റ് ഡ്യൂട്ടി മഹാമഹത്തിന്റെ ഒന്നാം ദിനം ഞാനുള്‍പ്പടെ ഞങ്ങളുടെ ബാച്ചിലെ ആറുപേര്‍ പോസ്റ്റ്് ചെയ്യപ്പെട്ടത് നെഫ്രോ വാര്‍ഡിലാണ്. പലതരം വൃക്കരോഗങ്ങള്‍ ബാധിച്ച രോഗികള്‍, ഡയാലിസിസ് കാത്തുകിടക്കുന്നവര്‍, കിഡ്‌നി മാറ്റിവയ്ക്കലിന് വേണ്ടി കിഡ്‌നി ദാതാക്കളെ കാത്തു പ്രാര്‍ഥനയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നവര്‍. അങ്ങനെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ മാത്രം ചുറ്റിലും. പുരുഷന്‍മാരും സ്ത്രീകളുമുള്‍പ്പടെ അന്‍പതിന് മുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്ന വാര്‍ഡ്. തിരക്കുണ്ടെങ്കിലും നല്ല വൃത്തിയും ചിട്ടയുമുള്ള അന്തരീക്ഷം.
ഇടതൂര്‍ന്ന മുടി പൊക്കിക്കെട്ടി കറുത്തവട്ടപ്പൊട്ടുകുത്തി നെറുകയില്‍ സിന്ദൂരവുമണിഞ്ഞു വന്ന ഗര്‍ഭിണിയായ സുന്ദരി സിസ്റ്റര്‍ക്ക് നൈറ്റ് ഡ്യൂട്ടിയില്‍ ഞങ്ങള്‍ സ്റ്റുഡന്റ്‌സ് കൂടെയുണ്ടെന്നറിഞ്ഞു നിറഞ്ഞ സന്തോഷം. സിസ്റ്ററില്‍ നിന്നും വാര്‍ഡിലെ റുട്ടീന്‍ മനസ്സിലാക്കി ഞങ്ങള്‍ ഉത്സാഹപൂര്‍വ്വം പണിതുടങ്ങി.
രോഗികളുടെ ബിപിയും പള്‍സും ടെമ്പറേച്ചറും ചെക്ക് ചെയ്തും സമയാസമയങ്ങളില്‍ മരുന്നു കഴിക്കാന്‍ കൊടുത്തും ഇന്‍ജക്ഷന് വേണ്ട മരുന്നുകള്‍ തയ്യാറാക്കി സിസ്റ്ററെ സഹായിച്ചും അങ്ങനെയങ്ങനെ പണിയൊക്കെ തീര്‍ന്നപ്പോള്‍ സമയം രാത്രി പതിനൊന്നര. എല്ലാം കഴിഞ്ഞൊന്നു നടുനിവര്‍ത്താനിരിക്കുമ്പോ സിസ്റ്റര്‍ പറയുവാ സാധാരണ ഒറ്റയ്ക്ക് ഡ്യൂട്ടി ചെയ്യുമ്പോള്‍ പത്തരയ്ക്ക്തന്നെ പണിയൊക്കെ കഴിയുമെന്ന് ഞങ്ങള്‍ ആറുപേരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും സംശയങ്ങള്‍ ദൂരീകരിച്ചും സിസ്റ്റര്‍ വശംകെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആളുകൂടിയാല്‍ പാമ്പുചാവില്ല എന്നു പറയുന്നത് എത്ര സത്യം.
കഴിക്കാന്‍ കൊണ്ടുവന്ന ചോറ് ആകെ തണുത്തൊരു പരുവമായിരുന്നെങ്കിലും നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അകത്തേക്ക് പോയ വഴി കണ്ടില്ല.. ഞങ്ങള്‍ ചോറുണ്ടു പുറത്തു വന്നപ്പോഴേക്കും ഒരു വിധം രോഗികളൊക്കെ ഉറക്കം പിടിച്ചിരുന്നു. ഭൂരിപക്ഷം ലൈറ്റുകളും ഓഫാക്കിയിരുന്നതിനാല്‍ വാര്‍ഡില്‍ മങ്ങിയ വെളിച്ചം മാത്രം.
കുറച്ചു നേരം കിടക്കട്ടെ എന്നു പറഞ്ഞു സിസ്റ്റര്‍ ഡ്യൂട്ടി റൂമില്‍ കയറി. ഞങ്ങള്‍ ആറുപേരില്‍ ആദ്യം മൂന്നുപേര്‍ ഉറങ്ങിയിട്ട് മൂന്നുപേര്‍ ഉണര്‍ന്നിരിക്കാം എന്ന ധാരണ പ്രകാരം ഞാനുള്‍പ്പടെ മൂന്നുപേര്‍ കൗണ്ടറില്‍ ഇരിപ്പായി. ബാക്കി മൂന്നു പേര്‍ നിലത്തു കാര്‍ഡ്‌ബോഡൊക്കെ വിരിച്ചു കിടന്നു.
ഞങ്ങള്‍ ഉണര്‍ന്നിരുന്നവര്‍ കുറച്ചു സമയം വായനയും എഴുത്തുമൊക്കെയായി സമയം പോക്കിയെങ്കിലും ഉറക്കത്തിന്റെ തലോടല്‍ കണ്‍പോളകള്‍ക്ക് ഭാരമേറ്റവേ ഞങ്ങള്‍ ഓരോരുത്തരായി കൗണ്ടറില്‍ ചാഞ്ഞുവീണു. നൈറ്റ് ഡ്യൂട്ടിക്കും സ്റ്റഡി ലീവിനുമൊക്കെ ഇങ്ങനെ ഒന്ന് ചാഞ്ഞിരുന്നാല്‍ എത്രപെട്ടെന്നാണ് ഉറക്കം അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നത്.
വല്ലാത്തൊരലര്‍ച്ചയും നിലവിളിയും കേട്ടു ഞെട്ടിയുണരുമ്പോ സ്ഥലകാലബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. വാര്‍ഡിന്റെ ഒരു മൂലയില്‍ ആകെ ബഹളം. ഒരു ചേട്ടന്‍ ചോരയൊലിക്കുന്ന കൈയുമായി നിന്നു നിലവിളിക്കുകയാണ്.. പെട്ടെന്ന് വന്ന ബോധോദയത്തില്‍ ഓടിച്ചെന്നു കോട്ടണ്‍ എടുത്തുകൊണ്ട് വന്നു ബ്ലീഡിംഗ് തടയാന്‍ ശ്രമിക്കവേ സിസ്റ്ററും ഉറക്കത്തിലായിരുന്ന സഖാക്കളും ഓടിവന്നു.
സംഭവം മറ്റൊന്നുമല്ല. രോഗിയുടെ കൈയില്‍ ഇഞ്ചക്ഷനും മറ്റും നല്കുന്നതിനായി ഫിക്‌സ് ചെയ്തിരുന്ന ക്യാനുല ഊരിപ്പോയപ്പോഴുണ്ടായ ബ്ലീഡിംഗ് ആണ്.. ചിലപ്പോള്‍ ഉറക്കത്തില്‍ അറിയാതെ സംഭവിച്ചതാവും എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കിയപ്പോള്‍ ചേട്ടന്‍ ഉറപ്പിച്ചു പറയുകയാണ് ആരോ മനപൂര്‍വ്വം വലിച്ചൂരിയ പോലെയാണ് തനിക്ക് തോന്നിയത് എന്ന്.
ഹേയ്. അത് ചേട്ടന്റെ തോന്നല്‍ മാത്രം എന്നുപറഞ്ഞു ചിരിച്ചു ഞങ്ങള്‍ വീണ്ടും പഴയപടി ഉറക്കത്തിലേക്ക് പ്രവേശിച്ചു.
ഗാഢ നിദ്രയിലാണ്ടുപോയ ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു നിലവിളി!
ഇത്തവണ ഒരു കൊച്ചുപെണ്‍കുട്ടിയാണ് കരയുന്നത്. അവളുടെ കൈത്തണ്ടയില്‍ നിന്നും ഒഴുകുന്ന ചോരയും ബെഡിനു താഴെ വീണുകിടക്കുന്ന ക്യാനുലയും കണ്ട് ഞങ്ങള്‍ ആകെ അമ്പരന്നു. കിഡ്‌നി രോഗികള്‍ മിക്കവാറും പേര്‍ക്കും ശരീരത്തില്‍ നീരുള്ളതിനാല്‍ ക്യാനുല ഇടാന്‍ പറ്റിയ ഞരമ്പ് കണ്ടുപിടിക്കുക എന്നത് ഒരു പരീക്ഷണം തന്നെയാണ്. അങ്ങനെയുള്ള രോഗികളുടെ ക്യാനുലയാണ് രായ്ക്കുരാമാനം ഇങ്ങനെ ഊരി വീഴുന്നത്. മിക്കവര്‍ക്കും രാവിലെ ഇന്‍ജെക്ഷന്‍ കൊടുക്കാനുമുള്ളതാണ്.
വളരെ കഷ്ടപ്പെട്ട് ഇടുന്ന ക്യാനുലയല്ലേ, നിങ്ങള്‍ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ തിരിച്ചു കൗണ്ടറിലെത്തി. ഒന്നിരിക്കും മുന്‍പ് വീണ്ടും കരച്ചില്‍.
ഒരു അപ്പാപ്പന്റെ ക്യാനുല അപ്രത്യക്ഷമായിരിക്കുന്നു. കൈയില്‍നിന്നും ചോര വരുന്നുണ്ട്. ഞങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലായി. ഇനി വല്ല പ്രേതബാധയുമാണോ? ഏതായാലും ഞങ്ങള്‍ വാര്‍ഡിലെ ലൈറ്റുകളെല്ലാം ഓണാക്കി.
വീണ്ടും തിരിച്ചുവന്നൊന്ന് മയങ്ങി. എത്ര നേരം കഴിഞ്ഞു എന്നോര്‍മ്മയില്ല. വാര്‍ഡില്‍ നിന്നും ഉയരുന്ന ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ ആളുകളെല്ലാം കൂടി ഒരാളെ പിടിച്ചു വച്ചിരിക്കുകയാണ്. മുപ്പതു മുപ്പത്തഞ്ചു വയസ്സ് പ്രായമുള്ള ഒരു മനുഷ്യന്‍. ആള് വാര്‍ഡിലെ ഒരു രോഗി തന്നെയാണ്.
എന്താണ് കാരണം എന്ന് അന്വേഷിച്ചപ്പോഴല്ലേ സ്ഥിതിഗതികളുടെ കിടപ്പുവശം പിടികിട്ടിയത്. മേല്‍പ്പറഞ്ഞ രോഗി മറ്റൊരു രോഗിയുടെ കൈയ്യിലെ ക്യാനുല 'പറിക്കാന്‍' ശ്രമിക്കുന്നതിനിടയില്‍ കയ്യോടെ പിടിക്കപ്പെട്ടതാണ് .
അപ്പൊ സ്വാഭാവികമായും മുമ്പ് സംഭവിച്ച 'ക്യാനുലപറിച്ചെടുക്കല്‍' സംഭവങ്ങളിലേയും പ്രതി ഇയാള്‍ തന്നെ എന്ന് ബോധ്യപ്പെട്ടത്. അതിനാല്‍, ഞങ്ങള്‍ പ്രതിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധയില്‍ പെട്ടത്. ആളുടെ ഇടതുകൈയ്യില്‍ തോര്‍ത്ത് ചുറ്റി വച്ചിരിക്കുന്നു. എന്തിനാണിങ്ങനെ ചുറ്റി വച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ആ കെട്ടഴിച്ചുകൊണ്ട് അയാള്‍ പറയുകയാണ്, എന്റെ കൈയ്യിലെ ക്യാനുല ആരും വലിച്ചൂരാതിരിക്കാനാണ് തോര്‍ത്ത് കെട്ടിവച്ചതെന്ന്.
അമ്പടാ..., ആളു കൊള്ളാമല്ലോ. വല്ലവന്റെയും ക്യാനുല പറിക്കുകേം വേണം സ്വന്തം ക്യാനുല അവിടെത്തന്നെ ഇരിക്കുകേം വേണം.
'അല്ല... എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്' എന്ന ചോദ്യത്തിന് 'കിടന്നിട്ടു ഉറക്കം വരുന്നില്ല അതുകൊണ്ട് ഒരു ടൈം പാസിനു ചെയ്തതാ' എന്ന മറുപടി കേട്ട് അക്രമാസക്തരാകാന്‍ തുനിഞ്ഞ മറ്റു രോഗികളെയും കൂട്ടിരിപ്പുകാരെയും പറഞ്ഞു സമാധാനിപ്പിച്ചു ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ ശരിക്കും കിഡ്‌നിരോഗം മൂത്തു വട്ടായിപ്പോകുന്ന വല്ല അവസ്ഥാന്തരങ്ങളും ഉണ്ടോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.
ഏതായാലും പാവം ഗര്‍ഭിണി സിസ്റ്റര്‍ക്ക് രാവിലെ പിടിപ്പതു പണിയായിരുന്നു. ഊരിപ്പോയവര്‍ക്ക് കാനുലയിട്ടും ഇന്‍ജെക്ഷന്‍ കൊടുത്തും ഞങ്ങള്‍ ആറുപേരെ പണി പഠിപ്പിച്ചും അവരുടെ പണിക്കുറ്റം തീര്‍ന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞു ഇറങ്ങുന്ന വഴിക്കാണ് വാര്‍ഡിലെ ആ വിപ്ലവകരമായ മാറ്റം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്... അതായത് ഓരോ രോഗിയുടെയും കൈയ്യില്‍ തോര്‍ത്തുകൊണ്ടുള്ള കെട്ടുകള്‍. അപ്രതീക്ഷിതമായ ക്യാനുല പറിച്ചെടുക്കലില്‍നിന്നും രക്ഷനേടാനുള്ള 'സൈക്കളോജിക്കല്‍ മൂവ്'!
ഏതായാലും ക്യാനുല പറിച്ചവന്‍ അന്നേരം യാതൊരു കൂസലുമില്ലാതെയിരുന്നു ചായയും ബണ്ണും കഴിക്കുന്നുണ്ടായിരുന്നു. ഞാനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍.
അങ്ങനെ ഞങ്ങളുടെ മെഡിക്കല്‍ കോളേജിലെ ആദ്യരാത്രി കാളരാത്രിയായെന്ന് ചുരുക്കം.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം