ചെറുപ്രായത്തിൽ തന്നെ ജീവിതത്തോട് പടവെട്ടിയ അവളെ, താനൊരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത ഏറെ സന്തോഷിപ്പിച്ചിരിക്കാം. തനിക്കു പിറക്കാൻ പോന്ന കുഞ്ഞിനെ മനസ്സിൽ നിറച്ച ആ അമ്മ തന്‍റെ ഗർഭധാരണം പൂർത്തിയാക്കി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തിനു ശേഷമുള്ള ആദ്യ 40 ദിവസങ്ങൾ സന്തോഷപൂർണമായിരുന്നു. ആ കുഞ്ഞ്, ലോകത്ത് ഏറ്റവും രുചികരമായ സ്നേഹത്തിന്റെ മുലപ്പാൽ നുകർന്ന ആദ്യ 40 ദിവസങ്ങൾ!
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്
undefined
ജീവിതത്തിൽ പലപ്പോഴും എന്താണ് 'പൂർണമെന്ന്' ചിന്തിച്ചിട്ടുണ്ട്. പൂർണമെന്നു കരുതുന്ന രചനയും, സംഗീതവും, ചിത്രങ്ങളും, സ്ഥലങ്ങളും, വ്യക്തിത്വങ്ങളും അതിനേക്കാൾ മികച്ചവ കാണുമ്പോൾ അപൂർണങ്ങളാവുന്നു. പലപ്പോഴും, പൂർണമെന്നു കരുതുന്നവയെ കാലം വെല്ലുവിളിക്കുന്നു. പൂർണത കാണാൻ വെമ്പുന്ന മനസ്സിനെ നൂറു ശതമാനം തൃപ്തിപ്പെടുതാൻ ഒരു സൃഷ്ടിക്കും കഴിയാറില്ല. ഒരുപക്ഷെ പരിണാമം പുരോഗമിക്കുന്നത് ഇതുവരെ സാധ്യതമാകാത്ത ഈ പൂർണത തേടിയായിരിക്കും. ലോകത്തിലെ ഓരോ അണുവും ഈ അദൃശ്യ ശക്തിയോട് അജ്ഞാത കൂറ് പുലർത്തുന്നുണ്ടാവും.
പുതുതായി വിടരുന്ന പൂവും, ചിലക്കുന്ന പക്ഷികളും, പിറക്കുന്ന കുഞ്ഞും കൂടുതൽ പൂര്‍ണമാകാൻ വെമ്പുന്നുണ്ടാവും. ഓരോ സൂര്യോദയും കൂടുതൽ ശോഭിക്കാൻ അഭ്രപാളികകളിൽ തീ കൂട്ടുന്നുണ്ടാവും.
ഏത് സംഹാരമൂർത്തിയെയും ഈ ഐ സി യു ബെഡ്ഡുകൾ ദുര്‍ബലനാക്കിയേക്കാം
അന്ന് ഐസിയു ഡ്യൂട്ടി അതിന്റെ പതിനൊന്നാം ദിവസത്തിലേക് കടക്കുകയാണ്. ജീവിതത്തിന്റെ ആകസ്മികതയും, വിധിവൈപരീത്യങ്ങളും,
ശ്യുന്യതയും, വിഡ്ഢിവേഷങ്ങളും നിഴലിക്കുന്ന മരണമുഖങ്ങൾ. നാമെന്തൊക്കെയോ ആണെന്ന് അഹങ്കരിക്കുന്ന ഏതൊരാളെയും, ഏത് സംഹാരമൂർത്തിയെയും ഈ ഐ സി യു ബെഡ്ഡുകൾ ദുര്‍ബലനാക്കിയേക്കാം. സങ്കീർണമായ രസക്കൂട്ടുള്ള ഒരു ഉത്പ്പന്നമാണ് മനുഷ്യൻ എന്ന നീരസപ്പെടുത്തുന്ന പുനര്‍ചിന്തനങ്ങൾ ഈ ബെഡ്ഡുകൾ സമ്മാനിച്ചേക്കാം. സ്വന്തം സ്വത്വം തേടിയുള്ള ദിശാബോധമില്ലാത്ത സമയസഞ്ചാരങ്ങൾ ഈ ബെഡ്ഡുകൾ വാഗ്ദാനം ചെയ്തേക്കാം. ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് പച്ചയായ നിസ്വാർത്ഥ സ്നേഹബന്ധങ്ങളാണെന്നു അവ നിങ്ങളെ ബോധ്യപ്പെടുത്തിയേക്കാം.
ആ പതിനൊന്നാം ദിവസത്തിലാണ് അശ്വതി (പേര് യാഥാർത്ഥമല്ല) എന്ന രോഗി എത്തുന്നത്. ഏഴു വർഷം മുൻപ് ALL (അക്യൂട്ട് ലിംഫോബ്‌ളാസ്‌റ്റിക് ലുകീമിയ) എന്ന രക്താർബുദം ചികിൽസിച്ചു ഭേദമായ ആളാണ് അശ്വതി. ചികിത്സ പൂർണമായ ശേഷം ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ചു. ഒരു വർഷത്തിന് ശേഷം ഗർഭിണിയായി. ചെറുപ്രായത്തിൽ തന്നെ ജീവിതത്തോട് പടവെട്ടിയ അവളെ, താനൊരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത ഏറെ സന്തോഷിപ്പിച്ചിരിക്കാം. തനിക്കു പിറക്കാൻ പോന്ന കുഞ്ഞിനെ മനസ്സിൽ നിറച്ച ആ അമ്മ തന്‍റെ ഗർഭധാരണം പൂർത്തിയാക്കി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തിനു ശേഷമുള്ള ആദ്യ 40 ദിവസങ്ങൾ സന്തോഷപൂർണമായിരുന്നു. ആ കുഞ്ഞ്, ലോകത്ത് ഏറ്റവും രുചികരമായ സ്നേഹത്തിന്റെ മുലപ്പാൽ നുകർന്ന ആദ്യ 40 ദിവസങ്ങൾ!
41 -ആം ദിവസം മുതൽ അശ്വതി ക്ഷീണിതയായി. പനിയും ചുമയും ശ്വാസംമുട്ടലും അലട്ടാൻ തുടങ്ങി. അസുഖം ഒരു ദിവസം കൊണ്ട് വല്ലാതെ മൂർച്ഛിച്ചു.
മെഡിക്കൽ കോളേജ് ഐസിയുവിൽ എത്തുമ്പോഴേക്കും അശ്വതി ശ്വാസത്തിനായി പിടയുകയായിരുന്നു. ഓക്സിജന്‍റെ അളവ് രക്തത്തിൽ ക്രമാതീതമായി കുറഞ്ഞിരിക്കുന്നു.
ഏറ്റവും ഭീതിജനകമായ ARDS(acute respiratory distress syndrome) എന്ന ശ്വാസകോശ രോഗമാണെന്ന് തിരിച്ചറിഞ്ഞു. ഏറ്റവും വേഗം രോഗിക്ക് വെന്റിലെറ്ററി കെയർ കൊടുക്കുക എന്നതാണ് ചികിത്സാരീതി. "പൂര്‍ണമായത് എന്ത്? " എന്നുള്ള എന്റെ വെമ്പലിന് ഒരുപക്ഷെ കടിഞ്ഞാണിട്ടത് എന്റെ മുന്നിൽ കിടക്കുന്ന അശ്വതി എന്ന രോഗിയായിരിക്കും. ശ്വാസത്തിന് വേണ്ടി പിടയുന്ന അശ്വതിയെ അലട്ടിയിരുന്നത് അവളുടെ ആരോഗ്യമോ, മരണഭയമോ ആയിരുന്നില്ല. അവളെ അലട്ടിയിരുന്നത് തന്റെ കുഞ്ഞിനെ കുറിച്ചുള്ള ആവലാതികൾ മാത്രമായിരുന്നു.
ഓരോ സ്ത്രീയും ഓരോ അമ്മയാണ്, പൂർണതയുടെ പര്യായയങ്ങൾ
ഒരു കടലിനടിയിൽ മുങ്ങിപ്പോകുന്നതിനു തത്തുല്യമായ മരണവെപ്രാളത്തിൽ ഒരു അമ്മയെ അലട്ടുന്നത് അവളുടെ കുഞ്ഞിനെ കുറിച്ചുള്ള ആഴമേറിയ വേദനയാണെങ്കിൽ ഈ ലോകത്ത് പൂർണമെന്നു വിശേഷിപ്പിക്കാവുന്നത് മാതൃത്വത്തെയാണ്. കാലാതീതമായി, മാറ്റമില്ലാതെ പൂർണമായി നിൽക്കാൻ കെൽപ്പുള്ള ലോകസത്യം മാതൃത്വമാണെന്ന് ചെകിടടിപ്പിക്കുന്ന വെന്റിലെറ്റർ ബീപ്പുകൾക്കിടയിൽ ഞാൻ തിരിച്ചറിയുകയായിരുന്നു. അശ്വതി അടക്കം മരണംപൂകിയ എല്ലാ അമ്മമാരുടെയും അവസാന വാക്ക് സ്വന്തം മക്കള്‍ മാത്രമായിരുന്നു.
നിങ്ങൾ ഞങ്ങള്‍ പുരുഷന്മാരേക്കാൾ എത്ര ശക്തരാണ്. ഓരോ സ്ത്രീയും ഓരോ അമ്മയാണ്, പൂർണതയുടെ പര്യായയങ്ങൾ! സംഹാരമൂർത്തി ഹിറ്റ്ലറെക്കാൾ, കരുത്തരെന്ന് സ്വയം കരുതുന്ന പുരുഷന്മാരേക്കാൾ ശക്തിയുണ്ട് കൊടികുത്തിയ ദാരിദ്ര്യത്തിലും മാറോടു ചേർത്ത് കുഞ്ഞിനുള്ള മുലപ്പാൽ ചുരത്തുന്ന, നെഞ്ചിൻ കൂടുതള്ളിയ അമ്മമാർക്ക്. ലോകം നിലനിൽക്കുന്നത് തന്നെ ഏറ്റവും സുരക്ഷിതമായ ഈ ഗര്‍ഭപാത്രങ്ങളിലാണ്.
ആർത്തവമുള്ള സ്ത്രീ അശുദ്ധമാണെങ്കിൽ ഇതെഴുതുന്ന ഞാനും, എന്നെ വഹിക്കുന്ന മനുഷ്യകുലവും അശുദ്ധമാണ്!!
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം