77 -ലെ തെരഞ്ഞെടുപ്പില്‍ രാമണ്ണ റായിയെ തോല്‍പ്പിച്ച് വീണ്ടും കടന്നപ്പള്ളി വിജയിച്ചു. തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായ ക്രമക്കേടുകളുണ്ടായെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കടന്നപ്പള്ളി ആവശ്യപ്പെട്ടെങ്കിലും ഫലം വന്നതോടെ നാവടക്കി. എണ്‍പതിലെ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് (യു) ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്നു.
പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ എങ്ങനെയാവും സ്വാധീനിക്കുക? അന്‍പത്തി രണ്ടു വര്‍ഷത്തിനുമുന്‍പ് പോലീസ് വെടിവയ്‌പ്പില്‍ രണ്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു മുന്നില്‍വച്ച് വെടിയേറ്റ് മരിച്ച സംഭവം, കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ ഒരു രാഷ്ട്രീയ പലായനത്തിലേക്കും അതിപ്രശസ്‌തമായ ഒരു അട്ടിമറിയിലേക്കും നയിച്ച സംഭവപരമ്പരകളുടെ തുടക്കമായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചരിത്രപരമായ സമാനതകള്‍ ഉരുത്തിരിയുമ്പോള്‍, എങ്ങനെയാവും സംഭവങ്ങള്‍ അനാവരണം ചെയ്യപ്പെടുക എന്നത് ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്.
undefined
കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി കേരളത്തിലെ ഏറ്റവും എളുപ്പം ഫലം പ്രവചിക്കാവുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട്. ഏറ്റവുമധികം രാഷ്ട്രീയ സ്ഥിരതയുള്ള മണ്ഡലങ്ങളിലൊന്ന്. പതിനഞ്ചു തെരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടുവട്ടവും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച മണ്ഡലം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം തെരഞ്ഞെടുപ്പു നടന്ന 1952-ല്‍ പഴയ മദ്രാസ് സംസ്ഥാനത്തെ ദക്ഷിണ കാനറ മണ്ഡലത്തിന്റെ പരിധിയിലായിരുന്നു ഇന്നത്തെ കാസര്‍കോട് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍ മൂന്നുവട്ടം കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവ് എ.കെ.ജി. കാസര്‍കോടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. അദ്ദേഹത്തോടു മത്സരിച്ച് പരാജയപ്പെട്ടവരില്‍ കെ.പി.സി.സി പ്രസിഡന്റും വര്‍ക്കിംഗ് കമ്മറ്റി അംഗവുമായിരുന്ന അക്കാലത്തെ കോണ്‍ഗ്രസിലെ ആദര്‍ശധീരന്‍ സി.കെ. ഗോവിന്ദന്‍ നായരും ഉള്‍പ്പെടും.
1967-ല്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം വോട്ടുകള്‍ക്കു ജയിച്ച ഏ.കെ.ജിയ്‌ക്ക് 1971 -ലെ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സുരക്ഷിതമല്ലെന്ന് തോന്നാന്‍ കാരണമായ സംഭവങ്ങളുടെ തുടക്കം 1967 സെപ്‌റ്റംബര്‍ പതിനൊന്നിന് നടന്ന പോലീസ് വെടിവയ്‌പ്പാണ്. ശാന്താറാം ഷേണായ്, സുധാകരന്‍ അഗ്ഗിത്തായ് എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ കാസര്‍കോടു വച്ച് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ കേരളമൊട്ടാകെ സമര പരമ്പര അരങ്ങേറി. അന്ന് ഉമ്മന്‍ചാണ്ടിയാണ് കെ.എസ്.യു. പ്രസിഡന്റ്. കെ.എസ്.യു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിലെ ഇടതുപക്ഷമുഖം എന്ന നിലയില്‍ വലിയ ജനസമ്മതി ലഭിച്ചു. 1971 -ല്‍ അന്നത്തെ കെ.എസ്.യു. പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി കാസര്‍കോട് മത്സരിക്കാനെത്തിയപ്പോള്‍ ഏ.കെ.ജിയ്‌ക്ക് അപകടം മണത്തു. അദ്ദേഹം പാലക്കാട്ടേക്ക് മാറി. പകരം സി പി എമ്മിന് വേണ്ടി മത്സരിക്കാനെത്തിയതും ചില്ലറക്കാരനായിരുന്നില്ല. കയ്യൂര്‍ സമരനായകനെന്ന പരിവേഷവുമായി സാക്ഷാല്‍ ഇ.കെ. നായനാര്‍... എ.കെ.ജി.യുടെ ഭയം അസ്ഥാനത്തായിരുന്നില്ല എന്ന് ഫലം തെളിയിച്ചു. ഇരുപത്തിയെണ്ണായിരത്തോളം വോട്ടുകള്‍ക്ക് കടന്നപ്പള്ളി, നായനാരെ തോല്‍പ്പിച്ചു.
മൂന്നുതവണയും തുടര്‍ച്ചയായി ടി. ഗോവിന്ദന്‍ വിജയിച്ചു
77 -ലെ തെരഞ്ഞെടുപ്പില്‍ രാമണ്ണ റായിയെ തോല്‍പ്പിച്ച് വീണ്ടും കടന്നപ്പള്ളി വിജയിച്ചു. തെരഞ്ഞെടുപ്പിനുശേഷം വ്യാപകമായ ക്രമക്കേടുകളുണ്ടായെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കടന്നപ്പള്ളി ആവശ്യപ്പെട്ടെങ്കിലും ഫലം വന്നതോടെ നാവടക്കി. എണ്‍പതിലെ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് (യു) ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്നു. അവര്‍ കാസര്‍ഗോട് സീറ്റ് സി പി എമ്മിന് കൈമാറി. കടന്നപ്പള്ളിക്ക് പാര്‍ലമെന്റ് മണ്ഡലം നഷ്ടപ്പെട്ടു. പിന്നീട് എം എല്‍ എ ആയെങ്കിലും എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമടക്കമുള്ളവരോട് കടന്നപ്പള്ളി അകലാന്‍ ആരംഭിക്കുന്നത് ആ തീരുമാനത്തോടെയാണ്. ജനതാ പാര്‍ട്ടിയിലെ ഒ. രാജഗോപാലിനെ തോല്‍പ്പിച്ച് സി.പി.എമ്മിലെ എം. രാമണ്ണറായി പാര്‍ലമെന്റംഗമായി.
എണ്‍പത്തിനാലില്‍, കഴിഞ്ഞ തവണ മുകുന്ദപുരത്തുനിന്നും ജയിച്ച സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദനെ സുരക്ഷിതമണ്ഡലമായ കാസര്‍കോടേക്കു മാറ്റി. യു.ഡി.എഫ്. സീറ്റു വിഭജനത്തില്‍ കാസര്‍കോട് സീറ്റ് ലീഗിനു നീക്കിവച്ചു. എന്നാല്‍ അസാധാരണമായ ഒരു നീക്കത്തില്‍ ലീഗ് സീറ്റ് കോണ്‍ഗ്രസിന് നല്‍കി. കോണ്‍ഗ്രസ് ഡി.സി.സി. പ്രസിഡന്റായിരുന്ന ഐ. രാമറായിയെ സ്ഥാനാര്‍ത്ഥിയാക്കി. എല്ലാവരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് രാമറായി പതിനായിരത്തില്‍പരം വോട്ടിന് ബാലാനന്ദനെ അട്ടിമറിച്ചു. ഇന്ദിരാ സഹതാപ തരംഗവും കന്നഡവിഭാഗങ്ങളുടെ സമ്പൂര്‍ണ പിന്തുണയുമാണ് രാമറായിയെ അത്ഭുതം നടത്താന്‍ പ്രാപ്‌തനാക്കിയത്. എണ്‍പത്തിയൊന്‍പതില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായെത്തിയ രാമണ്ണറായി ആയിരത്തില്‍പരം വോട്ടിന് രാമറായിയെ തോല്‍പ്പിച്ചു.
തൊണ്ണൂറ്റിയൊന്നില്‍ കെ.സി. വേണുഗോപാലിന് തന്റെ കന്നിയങ്കത്തില്‍ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗം ഉണ്ടായിട്ടുപോലും രാമണ്ണറായിയോട് അടിയറവ് പറയേണ്ടിവന്നു. പിന്നീട്, തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയിക്കുന്നു. തൊണ്ണൂറ്റിയാറില്‍ രാമറായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തിയെങ്കിലും ക്ലച്ചുപിടിച്ചില്ല. അടുത്ത രണ്ടുതവണ ബലിയാടാവാനുള്ള യോഗം പിന്നീട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയ പ്രൊഫ. ഖാദര്‍ മാങ്ങാടിനായിരുന്നു. മൂന്നുതവണയും തുടര്‍ച്ചയായി ടി. ഗോവിന്ദന്‍ വിജയിച്ചു. 2004 -ല്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി എ.കെ.ജി.യുടെ മരുമകന്‍ പി. കരുണാകരന്‍ എത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കര്‍ണ്ണാടകയിലെ വന്‍വ്യവസായിയായ എന്‍.എ. മുഹമ്മദായിരുന്നു. എ ഗ്രൂപ്പിന്റെ പേയ്‌മെന്റ് സീറ്റാണ് കാസര്‍കോട് എന്ന വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ മുഹമ്മദ് നിലം തൊട്ടില്ല.
പകരം കൊല്ലത്തുനിന്നും ഷാഹിദാ കമാല്‍ കാസര്‍കോടെത്തി വീരചരമം പ്രാപിച്ചു
രണ്ടായിരത്തി ഒന്‍പതില്‍ ആലപ്പുഴയിലോ ആറ്റിങ്ങലിലോ സീറ്റിനുവേണ്ടി ശ്രമിച്ച ഷാനിമോള്‍ ഉസ്‌മാന് കോണ്‍ഗ്രസ് കാസര്‍ഗോട് സീറ്റ് നല്‍കി. ഷാനിമോള്‍ മത്സരിക്കാന്‍ വിസമ്മതിച്ചു. പകരം കൊല്ലത്തുനിന്നും ഷാഹിദാ കമാല്‍ കാസര്‍കോടെത്തി വീരചരമം പ്രാപിച്ചു. 2014 -ല്‍ ടി. സിദ്ദിഖ് ശക്തമായ മല്‍സരം കാഴ്‌ചവച്ചെങ്കിലും ആറായിരത്തോളം വോട്ടുകള്‍ക്ക് കരുണാകരനോട് പരാജയപ്പെട്ടു. ഇത്തവണ സി.പി.എം. സ്ഥാനാര്‍ത്ഥി മുന്‍ എം.എല്‍.എ. യും ജില്ലാ സെക്രട്ടറിയുമായിരുന്ന സതീശ് ചന്ദ്രനാണ്. കോണ്‍ഗ്രസില്‍ രാജ്മോഹന്‍ ഉണ്ണിത്താനും..
കാസര്‍കോട് അതിന്റെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുമോ, അതോ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പഴയ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്.