മണ്ഡലകാലം. നിസാം സെയ്ദ് എഴുതുന്ന മണ്ഡല വിശകലനം. എറണാകുളം
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും മികച്ച റിക്കാര്‍ഡുള്ള മണ്ഡലമാണ് എറണാകുളം. സാമുദായികസമവാക്യങ്ങളും കക്ഷിരാഷ്ട്രീയ ബന്ധങ്ങളും കോണ്‍ഗ്രസിന് അനുകൂലം. പതിനാറു പൊതുതെരഞ്ഞെടുപ്പുകളില്‍ പതിമൂന്നുവട്ടവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പാരമ്പര്യം. സിപിഎം ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിയെ ഒരു പ്രാവശ്യം മാത്രം വിജയിപ്പിച്ചിട്ടുള്ള ചരിത്രം.. പക്ഷേ, രണ്ടുപ്രാവശ്യം ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോള്‍, രണ്ടു വട്ടവും എറണാകുളംകാര്‍ കോണ്‍ഗ്രസുകാരെ തോല്‍പ്പിച്ചു കളഞ്ഞു.
undefined
സിറ്റിങ്ങ് എം പിയായ കെ വി തോമസിന് എറണാകുളത്ത് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ മുമ്പെങ്ങോ കണ്ടു മറന്ന ചില രംഗങ്ങളുടെ അപഹാസ്യമായ ആവര്‍ത്തനം പോലെ അനുഭവപ്പെടുന്നുവെങ്കില്‍ അത് യാദൃച്ഛികമല്ല. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സുസമ്മതനായ ഒരു ജനപ്രതിനിധിയെ മാറ്റി, ആശ്രിതത്വത്തിന്റെ ബലത്തില്‍ മാത്രം സീറ്റുനേടിയെടുത്ത ഒരാള്‍ക്ക് ഒന്‍പത് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ശേഷം സീറ്റു നിഷേധിക്കപ്പെടുമ്പോള്‍ ചരിത്രം ഒരു പൊറാട്ടുനാടകമായി ആവര്‍ത്തിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും മികച്ച റിക്കാര്‍ഡുള്ള മണ്ഡലമാണ് എറണാകുളം. സാമുദായികസമവാക്യങ്ങളും കക്ഷിരാഷ്ട്രീയ ബന്ധങ്ങളും കോണ്‍ഗ്രസിന് അനുകൂലം. പതിനാറു പൊതുതെരഞ്ഞെടുപ്പുകളില്‍ പതിമൂന്നുവട്ടവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പാരമ്പര്യം. സിപിഎം ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിയെ ഒരു പ്രാവശ്യം മാത്രം വിജയിപ്പിച്ചിട്ടുള്ള ചരിത്രം.. പക്ഷേ, രണ്ടുപ്രാവശ്യം ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോള്‍, രണ്ടു വട്ടവും എറണാകുളംകാര്‍ കോണ്‍ഗ്രസുകാരെ തോല്‍പ്പിച്ചു കളഞ്ഞു.
അറുപത്തിയേഴില്‍ ഐക്യമുന്നണി (അന്നത്തെ ഇടതുമുന്നണി) തരംഗത്തില്‍ എ എം തോമസും വീണു.
അന്‍പത്തിയൊന്നുമുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടവും, 51, 57, 62 വര്‍ഷങ്ങളില്‍ എറണാകുളത്തു നിന്നും വിജയിച്ചത് കോണ്‍ഗ്രസിലെ എ എം തോമസാണ്. 1957 മുതല്‍ തുടര്‍ച്ചയായി പത്തുവര്‍ഷം അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഗുല്‍സാരിലാല്‍ നന്ദ (രണ്ടുവട്ടം), ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹമാണ് കേന്ദ്രത്തില്‍ ഏറ്റവും ദീര്‍ഘകാലം മന്ത്രിയായിരുന്ന മലയാളി.
പക്ഷേ, അറുപത്തിയേഴില്‍ കേരളമാകെ വീശിയടിച്ച ഐക്യമുന്നണി (അന്നത്തെ ഇടതുമുന്നണി) തരംഗത്തില്‍ എ എം തോമസും വീണു. 'അമ്പാടി വിശ്വം ' എന്നറിയപ്പെടുന്ന വി വിശ്വനാഥമേനോന്‍ പതിനാറായിരത്തില്‍പരം വോട്ടിന് തോമസിനെ തോല്‍പ്പിച്ചു. തോമസിന്റെ കാബിനറ്റ് സ്വപ്നങ്ങളാണ് അമ്പാടി വിശ്വം തകര്‍ത്തത്. അങ്ങനെ എറണാകുളം മണ്ഡലത്തിന്റെ ചരിത്രത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വിജയിച്ച ഏക സ്ഥാനാര്‍ത്ഥിയായി വിശ്വനാഥ മേനോന്‍.
എഴുപത്തിയൊന്നില്‍ മണ്ഡലം അതിന്റെ കോണ്‍ഗ്രസ് സ്വഭാവം വീണ്ടെടുത്തു. എ ഐ സി സി ജനറല്‍ സെക്രട്ടറിയായ ഹെന്റി ഓസ്റ്റിന്‍ വിശ്വനാഥ മേനോനെ തോല്‍പ്പിച്ചു. 1977-ലും കെ എന്‍ രവീന്ദ്രനാഥിനെ തോല്‍പ്പിച്ച് വിജയിച്ച ഹെന്റി ഓസ്റ്റിന്‍ ചരണ്‍സിങ്ങ് മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി. പക്ഷേ, എണ്‍പതിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയിലെ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി സേവ്യര്‍ അറയ്ക്കല്‍ 2502 വോട്ടുകള്‍ക്ക് അട്ടിമറിച്ചു. ഹെന്റി ഓസ്റ്റിന്റെ രാഷ്ട്രീയ ജീവിതത്തിന് അതോടെ തിരശ്ശീല വീണു. അദ്ദേഹം പിന്നീട് പോര്‍ചുഗലിലെ ഇന്ത്യന്‍ അംബാസഡറായി.
സേവ്യര്‍ അറയ്ക്കലിനെ വെട്ടിമാറ്റി കെ വി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കി.
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷമുള്ള 84 ലെ തെരഞ്ഞെടുപ്പ്. ജനകീയനായ എംപിയായിരുന്ന സേവ്യര്‍ അറയ്ക്കല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.പക്ഷേ, മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ കണക്കുകൂട്ടലുകള്‍ വ്യത്യസ്തമായിരുന്നു. സേവ്യര്‍ അറയ്ക്കലിനെ നിഷ്‌കരുണം വെട്ടിമാറ്റി, തേവര കോളേജിലെ അധ്യാപകനായിരുന്ന കെ വി തോമസിനെ അദ്ദേഹം സ്ഥാനാര്‍ത്ഥിയാക്കി. റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ സേവ്യര്‍ അറയ്ക്കലിനെ രാജീവ് ഗാന്ധി നേരിട്ടുവിളിച്ച് പിന്തിരിപ്പിച്ചു.
എണ്‍പത്തിയൊന്‍പതിലും കെ വി തോമസ് തന്നെ വിജയിച്ചു. ഇത്തവണ എതിരാളി ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച പി സുബ്രഹ്മണ്യന്‍ പോറ്റിയായിരുന്നു. രാജന്‍ കേസിലടക്കം വിധിപറഞ്ഞ ജസ്റ്റിസ് പോറ്റി സ്ഥാനാര്‍ത്ഥിയാവുന്നതിലെ നൈതികത വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. തൊണ്ണൂറ്റിയൊന്നില്‍ എറണാകുളം മണ്ഡലത്തിലെ ആദ്യ അട്ടിമറിയുടെ കര്‍ത്താവ് വി വിശ്വനാഥ മേനോനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിട്ടും കെവി തോമസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ തോമസ് വിജയിച്ചു.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, തൊണ്ണൂറ്റിയാറില്‍ പകരം വീട്ടാനായി സേവ്യര്‍ അറയ്ക്കല്‍ തിരിച്ചെത്തി. ഇടതുപക്ഷ സ്വതന്ത്രനായായിരുന്നു രംഗപ്രവേശം. ഫ്രഞ്ച് ചാരക്കേസ് ഉയര്‍ത്തി കെവി തോമസിനെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തിയ തെരഞ്ഞെടുപ്പില്‍ സേവ്യര്‍ അറയ്ക്കല്‍ വിജയിച്ചു. അതേ തെരഞ്ഞെടുപ്പില്‍ കെ കരുണാകരനും മകന്‍ മുരളീധരനും പാര്‍ലമെന്റിിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു എന്നത് കാലം കാത്തുവെച്ച കാവ്യനീതിയായിരിക്കാം. എന്തായാലും രാജ്യസഭാംഗമായിരുന്ന കരുണാകരനെ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍, ഒരു വ്യാഴവട്ടക്കാലം അണകെട്ടിവെച്ചിരുന്ന വികാരം മുഴുവന്‍ അറയ്ക്കല്‍ തുറന്നുവിട്ടു. ആ ഒരു നിമിഷത്തിനു വേണ്ടിയാണ് താന്‍ അത്രയും നാള്‍ ജീവിച്ചിരുന്നതെന്നു തോന്നും വിധം, തന്റെ നിയോഗം പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തോടെ, അധികം താമസിയാതെ സേവ്യര്‍ അറക്കല്‍ അന്തരിച്ചു.
അതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പിന്നീട് എറണാകുളത്തെ തെരഞ്ഞെടുപ്പുകളില്‍ സ്ഥിരം സാന്നിധ്യമായി മാറിയ സെബാസ്റ്റിയന്‍ പോള്‍ മത്സരിക്കുന്നത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട ഭൂതകാലമുള്ള, ജനതാ പാര്‍ട്ടിയുടെ അനുഭാവിയായിരുന്ന സെബാസ്റ്റിയന്‍ പോള്‍ ഇടതുപക്ഷ സ്വതന്ത്രനായാണ് അവതരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ പിഎസ്സി അംഗം പ്രൊഫ. ആന്റണി ഐസക്കിനെ പരാജയപ്പെടുത്തി സെബാസറ്റിയന്‍ പോള്‍ ഉപതെരഞ്ഞെടുപ്പുകളിലെ തന്റെ ജൈത്രയാത്ര ആരംഭിച്ചു.
മാണി വിതയത്തില്‍ എന്ന ബാങ്കുദ്യോഗസ്ഥനെ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ഈഡന്‍ തോല്‍പ്പിച്ചു.
പക്ഷേ, അടുത്തവര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ഈഡന്‍ സെബാസ്റ്റിയന്‍ പോളിനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലും ജോര്‍ജ്ജ് ഈഡന്‍ ജയിച്ചു. വിതയത്തില്‍ എന്ന കുടുംബപ്പേരിന്റെ മാത്രം ബലത്തില്‍ സിപിഎം കണ്ടെത്തിയ മാണി വിതയത്തില്‍ എന്ന ബാങ്കുദ്യോഗസ്ഥനെ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ഈഡന്‍ തോല്‍പ്പിച്ചു.
രണ്ടായിരത്തി മൂന്നില്‍ ജോര്‍ജ്ജ് ഈഡന്‍ അന്തരിച്ചു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിലെ സംഭവബഹുലവും നിര്‍ണായകവുമായ ഒരേടായി മാറി. സിപിഎം സ്ഥാനാര്‍ഥി, ഉപതെരഞ്ഞെടുപ്പുകളില്‍ പതിവുപോലെ ഇതിനോടകം 'സെബാസ്റ്റിയന്‍ ബൈപോള്‍' എന്ന വിളിപ്പേര് നേടിയ, സെബാസ്റ്റിയന്‍ പോള്‍ തന്നെ. കോണ്‍ഗ്രസില്‍ ആന്റണി - കരുണാകരന്‍ ഗ്രൂപ്പ് പോര് മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലമാണ്. എറണാകുളം സീറ്റില്‍ സാധാരണ കരുണാകരന്‍ നിര്‍ദ്ദേശിക്കുന്ന ഐ ഗ്രൂപ്പുകാരനാണ് സ്ഥാനാര്‍ഥിയാവാറ്. പക്ഷേ, അത്തവണ കരുണാകരന്‍ നിര്‍ദ്ദേശിച്ച പേരുകളൊക്കെ ദുര്‍ബലമാണെന്ന വാദം ഉയര്‍ന്നു. അവരുടെ ന്യൂനതകള്‍ കരുണാകരന്‍ തന്നെ തുറന്നു പറയുകയും ചെയ്തു.
ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരാജയം ഉറപ്പുവരുത്തിയ ശേഷം അതിന്റെ പാപഭാരം മുഖ്യമന്ത്രിയായ എ. കെ ആന്റണിയ്ക്കു മേല്‍ കെട്ടിവെക്കാനാണ് കരുണാകരന്‍ ലക്ഷ്യമിടുന്നതെന്ന് ആന്റണി ഗ്രൂപ്പുകാര്‍ വിലയിരുത്തി. ശക്തനായ സ്ഥാനാര്‍ത്ഥിയെ സ്വന്തം ഗ്രൂപ്പില്‍ നിന്നും നിര്‍ത്തിയാല്‍ മാത്രമേ ജയിക്കാന്‍ കഴിയൂ എന്നും അവര്‍ ആന്റണിയെ വിശ്വസിപ്പിച്ചു. അങ്ങനെ ആലുവാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന എം ഒ ജോണിനെ എ കെ ആന്റണി സ്ഥാനാര്‍ത്ഥിയാക്കി. കരുണാകരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്തുവന്നു. സെബാസ്റ്റിയന്‍ പോളിന്റെ ചിഹ്നമായ 'ടെലിവിഷന്‍ എല്ലാവരും കാണുന്നുണ്ടല്ലോ' എന്ന ഒരൊറ്റ വാചകത്തിലൂടെ അദ്ദേഹം നയം വ്യക്തമാക്കി. ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവനയും, ഇടതു മുന്നണി മുന്നണി മുസ്ലിം മേഖലകളില്‍ ആയുധമാക്കി. സെബാസ്റ്റിയന്‍ പോള്‍ ഇരുപത്തിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ആന്റണി സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയ ഫലമായിരുന്നു അത്. കൂടെ നിന്നവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നിര്‍ബന്ധിതനാക്കി തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ആന്റണി വിശ്വസിച്ചു. ദശാബ്ദങ്ങളുടെ ദൃഢതയുണ്ടായിരുന്ന പല ബന്ധങ്ങളും അതോടെ ദുര്‍ബലമായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ആന്റണിയുടെ രാജിയിലേക്കാണ് ആത്യന്തികമായ ഈ ശൈഥില്യം നയിച്ചത്.
രണ്ടായിരത്തി നാലിലെ പൊതു തെരഞ്ഞെടുപ്പാകുമ്പോഴേക്കും ആന്റണിയും കരുണാകരനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ലത്തീന്‍ സഭയുടെ നിര്‍ദ്ദേശപ്രകാരം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ അധ്യാപകനായ എഡ്വേഡ് എടേഴത്തിനെ സ്ഥാനാര്‍ത്ഥിയാക്കി. എറണാകുളം പോലെ കോണ്‍ഗ്രസ് നേതൃസമ്പന്നമായ സ്ഥലത്ത് ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് വ്യാപക അതൃപ്തിക്ക് കാരണമായി . സെബാസ്റ്റിയന്‍ 'ബൈ' പോള്‍ അങ്ങനെ ആദ്യമായി ഒരു പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചു.
'കുമ്പളങ്ങിക്കായലില്‍ തിരുതയ്ക്ക് പഞ്ഞമില്ലെങ്കില്‍ കെവി തോമസിന് സീറ്റിനും പഞ്ഞമില്ലെ'ന്നു ഒരിക്കല്‍ കൂടി തെളിഞ്ഞു.
പക്ഷേ, രണ്ടായിരത്തി ഒന്‍പതിലെ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും സെബാസ്റ്റിയന്‍ പോള്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന് അനഭിമതനായിക്കഴിഞ്ഞിരുന്നു. കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നില്ല എന്ന പ്രസ്താവനയായിരുന്നു കാരണം. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ച് സിപിഎം മുന്‍ എസ് എഫ് ഐ പ്രസിഡന്റ് സിന്ധു ജോയിയെ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസിലാവട്ടെ അന്ന് എന്‍ എസ് യു പ്രസിഡണ്ടായിരുന്ന ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് എംഎല്‍എയായിരുന്ന കെവി തോമസ് സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്തു. 'കുമ്പളങ്ങിക്കായലില്‍ തിരുതയ്ക്ക് പഞ്ഞമില്ലെങ്കില്‍ കെവി തോമസിന് സീറ്റിനും പഞ്ഞമില്ലെ'ന്നു ഒരിക്കല്‍ കൂടി തെളിഞ്ഞു. പ്രതീക്ഷിച്ച സ്ഥാനാര്‍ഥി വരാത്തതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നെങ്കിലും കെവി തോമസ് കഷ്ടിച്ച് രക്ഷപ്പെട്ടു. സെബാസ്റ്റിയന്‍ പോളായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ ഒരു പക്ഷേ ഫലം മറിച്ചായേനെ.
രണ്ടായിരത്തിപ്പതിനാലെത്തുമ്പോഴേക്കും, കേന്ദ്രമന്ത്രിയെന്ന നിലയില്‍ തോമസ് ഉറച്ച വിക്കറ്റിലായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിശ്ചയിച്ചത് ഒരു വന്‍ വ്യവസായിയാണെന്നും അല്ല തോമസ് തന്നെയാണെന്നും സംസാരമുണ്ടായിരുന്നു. എന്തായാലും വന്‍ ഭൂരിപക്ഷത്തില്‍ കെവി തോമസ് വിജയിച്ചു.
ഇത്തവണ രണ്ടു മുന്നണികളും തങ്ങള്‍ക്കു നിര്‍ത്താവുന്ന ഏറ്റവും മികച്ച സ്ഥാനാര്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥിത്വം പത്തു വര്‍ഷത്തിനു ശേഷം ലഭിച്ച ഹൈബി ഈഡന്‍ ഇക്കാലയളവില്‍ എംഎല്‍എ എന്ന നിലയില്‍ വ്യാപകമായ ജനപ്രീതി നേടിയിരിക്കുന്നു. പാര്‍ലമെന്റേറിയന്‍, സിപിഎം ജില്ലാസെക്രട്ടറി എന്ന നിലകളില്‍, പ്രവര്‍ത്തന മികവുമായി എത്തുന്ന പി രാജീവും ഹൈബിയും കൊമ്പുകോര്‍ക്കുമ്പോള്‍ നിഷേധാത്മക വോട്ടുകള്‍ക്ക് പ്രസക്തിയില്ലാതാവുന്നു.
മണ്ഡല വിശകലനം.
ഇടുക്കി
തിരുവനന്തപുരം
കോട്ടയം
വടകര
കാസര്‍കോട്
എറണാകുളം