ഞാൻ വായിച്ച കിത്താബിലൊന്നും ഒരു ജാതിയെ കുറിച്ചും പരാമർശിച്ചിട്ടില്ല

By Speak Up  |  First Published Jan 18, 2019, 4:17 PM IST

ജീവിതത്തിൽ ഭൗതികമായ അപൂർണതകൾ എന്നെ എവിടേക്കാണ് കൊണ്ട് പോവുന്നത്? ഞാൻ ആരാണെന്നാണ് പറയാൻ ശ്രമിക്കുന്നത്? സവർണ്ണതക്കെതിരെ വേദിയിൽ പ്രസംഗിച്ചവർ എല്ലാവരും തിരിച്ചെത്തി ഇവിടുത്തെ elitism തകർക്കാൻ പണി തുടങ്ങി എന്നാണോ പലരും ധരിച്ചു വെച്ചിരിക്കുന്നത്? ഞാൻ മുൻപൊക്കെ അങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ, പലർക്കും അത് രണ്ടു ഫ്ലാഷുകൾക്കിടയിലെ ഒരു അനിവാര്യതയാണ്. ഒരു തലക്കെട്ടിന്റെ ആവശ്യകതയാണ്. അത്രമാത്രമാണ്!


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

എനിക്കൊന്നു ചോദിക്കാനുണ്ട്. ചോദിച്ചാൽ നീ സത്യം പറയുമോ എന്തോ.  ചില സദസ്സുകളിൽ ഇടക്കിടെ ഉയർന്നു കേൾക്കാറുണ്ട്,  'നിങ്ങൾ അങ്ങനെ ഉള്ളവരാണേൽ കൈ ഉയർത്തൂ' എന്നൊക്കെ.  എത്രയെത്ര കൈകളായിരിക്കുമെന്നോ മടിയിൽ അലസമായി കിടക്കുന്നതിനിടെ ഒരു സ്വപ്നത്തിലെന്ന വണ്ണം ആ വേദിക്ക് മുന്നിൽ പെട്ടെന്ന് എഴുന്നേറ്റ് നിൽക്കുന്നത്. അവരൊക്കെ ഹൃദയത്തിൽ നിന്നായിരിക്കുമോ ആ കൈ ഉയർത്തി വെച്ചത്? ഒരിക്കൽ ഞാനും കൂടി ഇരിക്കുന്ന ഒരു സദസ്സിലാണ്. മുഖ്യാതിഥി സംവദിച്ചു കൊണ്ടിരുന്നത് individual liberty -യെ കുറിച്ചാണ്.  അതിനിടയിലാണ് അവർ ' നിങ്ങളിൽ  individual liberty -ക്ക് പ്രാധാന്യം കല്പിക്കുന്നവർ  കൈ ഉയർത്തൂ 'എന്ന് പറയുന്നത്.  അതിലാദ്യം കൈ പൊക്കിയത് അവരായിരിക്കണം. എന്നെ ഒരുപക്ഷേ ഒരു വ്യക്തി പോലും ആയി കണക്കാക്കാൻ കൂട്ടാക്കാതെ നിന്നവർ. ഞാൻ ഒരു മനുഷ്യനായിരുന്നിട്ടും... 

ഓരോ ചുവടുകളിലും ദൈവത്തിന്റെ കരങ്ങളുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു

നിന്നോട് ചോദിക്കാൻ വന്നതെന്നതാണെന്നോ? എന്റെ ജാതിയെ കുറിച്ചാണ്. സത്യത്തിൽ ഞാൻ ഏതാ ജാതി. നിങ്ങളുടേതായ ജാതിയായിരിക്കില്ല. കാരണം  ആ  പട്ടികയിൽ എന്റെ പേരില്ല. എന്റെ പേര് ചേർക്കാനാവുന്നു പോലുമില്ല. ചേർക്കാൻ ശ്രമിക്കും തോറും എന്റെ ജീവിതം കലുഷിതമാവുന്ന പോലെ. ഞാൻ വായിച്ച കിത്താബിലൊന്നും ഒരു ജാതിയെ കുറിച്ചും പരാമർശിച്ചിട്ടില്ല. വലിയവനെന്നോ ചെറിയവനെന്നോ, പണക്കാരനെന്നോ പാമരനെന്നോ ഉള്ള തട്ടകങ്ങളിൽ ആരെയും കുടിയിരുത്തണം എന്ന് പഠിച്ചിട്ടുമില്ല.  ജീവിതത്തിലെപ്പോഴും അനാഥകളെ ചേർത്ത് പിടിക്കുന്നതിന്റെയും, ആരുമില്ലാത്തവർക്ക് തണലാവുകയും ചെയ്ത പ്രവാചകന്റെ ജീവിതം കേട്ടാണ് വളർന്നത്. അതിലൊന്നും ഞാൻ മനുഷ്യനെ വേർത്തിരിക്കുന്ന ഇടങ്ങളെ കണ്ടില്ല. പക്ഷേ, നമുക്ക് ചുറ്റുമുള്ള ലോകത്ത് ഇതൊക്കെയുമുണ്ടായിരുന്നു. മനസ്സുകളിൽ വേരൂന്നി പടർന്നു കൊണ്ട്. 

ജാതീയതയുടെയും മേൽക്കോയ്മകളുടെയും ചർച്ചകൾ നടക്കുമ്പോൾ നമ്മളിൽ ഇതൊന്നുമില്ലേ എന്ന് ചിന്തിക്കാത്തവരുണ്ടാവും. പക്ഷേ, മേൽക്കോയ്മയെ  പരിപാലിക്കുന്ന മനസ്സുകളിൽ പല തരത്തിലാണ് അവ രൂപാന്തരപ്പെടുന്നത് എന്ന് മാത്രം. എന്നെ പേര് കൊണ്ടു പോലും അഭിസംബോധന ചെയ്യുവാൻ വയ്യാതെ അകലെ നിർത്തുന്ന ഒരു ലോകമുണ്ടാവുമെന്ന് എന്റെ ദുസ്വപ്നങ്ങളിൽ പോലും വന്നിരുന്നില്ല. മനുഷ്യനെ അകലെയും അകറ്റിയും നിർത്തുന്ന ഹൃദയങ്ങൾ നമുക്ക് ചുറ്റും മുൾവേലികൾ തീർക്കുമെന്ന് നമ്മളെങ്ങനെയാണ് പൊടുന്നനെ വിഴുങ്ങുക. സ്കൂളിൽ തൊട്ടുകൂടായ്മയെക്കുറിച്ച് കുറിച്ച് പ്രസംഗിച്ചതിന് ഒന്നാം സമ്മാനവും കയ്യടിയും വാങ്ങിയവൾക്കറിയില്ലായിരുന്നു വരുന്ന കാലത്തിനിടക്ക് അവളേയും ഒരു outcaste ആയിട്ടായിരിക്കും ഒരു വിഭാഗം അടയാളപ്പെടുത്തുക എന്നത്. അല്ലെങ്കിൽ സ്കൂളിലെ ഒരു പ്രസംഗത്തിന്റെ ഗൗരവത്തിൽ  മാത്രമായിരുന്നോ ഞാനവയെ സമീപിച്ചിരുന്നത്.  ഓർമയില്ല. 

ജീവിതത്തിൽ ഭൗതികമായ അപൂർണതകൾ എന്നെ എവിടേക്കാണ് കൊണ്ട് പോവുന്നത്? ഞാൻ ആരാണെന്നാണ് പറയാൻ ശ്രമിക്കുന്നത്? സവർണ്ണതക്കെതിരെ വേദിയിൽ പ്രസംഗിച്ചവർ എല്ലാവരും തിരിച്ചെത്തി ഇവിടുത്തെ elitism തകർക്കാൻ പണി തുടങ്ങി എന്നാണോ പലരും ധരിച്ചു വെച്ചിരിക്കുന്നത്? ഞാൻ മുൻപൊക്കെ അങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ, പലർക്കും അത് രണ്ടു ഫ്ലാഷുകൾക്കിടയിലെ ഒരു അനിവാര്യതയാണ്. ഒരു തലക്കെട്ടിന്റെ ആവശ്യകതയാണ്. അത്രമാത്രമാണ്!

ഓരോ ചുവടുകളിലും ദൈവത്തിന്റെ കരങ്ങളുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. എന്റെ സാഹചര്യം,  കുലം,  മഹിമ ഇതിലൊന്നും ഞാൻ തൊട്ടു നോക്കിയിട്ട് കൂടിയില്ല. തൊട്ടിരുന്നെങ്കിൽ ചിലപ്പോൾ  അറിയാമായിരുന്നുവല്ലേ  തീണ്ടായ്മ ഉണ്ടോ എന്ന്. നമുക്ക് സ്നേഹവും കരുണയും ഇത്തിരി സാമീപ്യവും നിഷേധിച്ചതിന്റെ കാരണം നമ്മുടെ കുലമായിരുന്നു എന്നറിയുമ്പോൾ,  നിനക്ക് സി. അയ്യപ്പന്റെ "ഭ്രാന്ത് '' എന്ന കഥയിലെ അടയാളങ്ങൾ മായ്ച്ചു തേക്കാൻ പണിപ്പെടുന്ന ആ ഉദ്യോഗസ്ഥനെ ഓർമ വരുന്നില്ലേ? ഞാൻ ഓർക്കുന്നു. കൂടുതൽ ആഴത്തിൽ എനിക്ക് അദ്ദേഹത്തെ ഇപ്പോൾ വായിക്കാനാവുന്നു. സാഹചര്യങ്ങളെ അതിജീവിച്ചവർക്കേ അവരുടെ നോവിന്റെ ആഴമറിയൂ.  ആഴത്തിൽ ജീവിച്ചവർക്കേ ആഴത്തിൽ സ്നേഹിച്ചതിന്റെ പ്രതാപമറിയൂ.  അല്ലാത്തിടത്തോളം കാലം നമുക്കില്ലാത്തതിന്റെ പേരിൽ, നമ്മൾ അറിയാതെ പോയതിന്റെ ആധിക്യത്തിൽ, നമുക്ക് വിധിച്ചിട്ടില്ലാത്ത ചില പുറംപോക്കുകളുടെ പേരിൽ,  നമ്മുടെ മുഖം കാണുന്നതിൽ അയിത്തം കല്പിക്കുന്നവരുണ്ടാവും. നമ്മളോടൊന്നു മിണ്ടുന്നതിൽ അസ്വാരസ്യം അനുഭവിക്കുന്നവരുണ്ടാവും. 

തികച്ചും സാമ്പത്തികമായ വലുപ്പത്തിന്റെ നാമത്തിൽ നമ്മളെ ഒരിക്കലും ഒരു തരത്തിലുമുള്ള ശരിയിലും ഉൾപ്പെടുത്താൻ സാധിക്കാതെ  പോവുന്നവരുണ്ടാവും. പ്രകടമാവുന്നില്ലെങ്കിലും നീ പുറത്ത് നിൽക്കേണ്ടത് തന്നെയാണെന്ന് ആവർത്തിക്കുന്നവരുണ്ടാവും. ചില മനുഷ്യരിൽ വേരിൽ തന്നെ അത്തരം മനോഭാവങ്ങൾ വളരുന്നുണ്ട്. അതിനു വളമിടുന്നവരും വളർത്തുന്നവരുമുണ്ട്. തെറ്റും ശരിയും ഒരു നേർരേഖയിലൂടെ നോക്കുന്ന ലോകത്തിന്റെ കണ്ണുകളിൽ നമ്മളെ തെറ്റിന്റെ കോളത്തിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാതെ നിർത്താൻ എത്രയോ പാഠങ്ങൾ പ്രസംഗിച്ചു തളരുന്ന വാഗ്മികളെ കേൾക്കുന്നുണ്ട്, അവരാരും  തന്നെ ഇത്തരം കാര്യങ്ങളെ ഗൗരവത്തോടെ ഇരുന്നു പറയുന്നത് കേട്ടിട്ടില്ല. ഭൂമിയിൽ വെച്ച് മനുഷ്യനെ ഓരോ തട്ടകത്തിലാക്കി ഒറ്റിക്കൊടുക്കപ്പെടുമ്പോഴുള്ള പിടച്ചിലുകൾ നിങ്ങൾ സ്വജീവിതത്തിൽ അനുഭവിക്കുന്നുവെങ്കിൽ, ആ വേദന ഒരിക്കൽ നിങ്ങൾ ലിംബാലെയുടെ "Outcaste" വായിച്ചത് പോലെയായിരിക്കില്ല,  k.K കൊച്ചിന്റെ ആത്മകഥ നിങ്ങളെ സ്പർശിച്ചത് പോലെയായിരിക്കില്ല.

പലർക്കും  ആകെ ഭ്രാന്തു പിടിക്കുന്നതെന്തു കൊണ്ടാണെന്നോ,  തന്റെ മേൽക്കോയ്മ ഇളകി പോവുമല്ലോ എന്ന ഭയം കൊണ്ട് മാത്രമാണ്

അവരൊക്കെ അനുഭവിച്ചതിലൊക്കെ എന്തോ ഒന്ന് തന്നെയായിരിക്കണം. ഇല്ലായ്മ കൊണ്ട് അളക്കുമ്പോൾ, അറിയാതെ എങ്കിലും ആ പട്ടികയിലേക്ക് ചേർന്നു പോവുന്നു എന്ന് തോന്നുമ്പോൾ, പലർക്കും  ആകെ ഭ്രാന്തു പിടിക്കുന്നതെന്തു കൊണ്ടാണെന്നോ,  തന്റെ മേൽക്കോയ്മ ഇളകി പോവുമല്ലോ എന്ന ഭയം കൊണ്ട് മാത്രമാണ്.. അവിടെ ഒരാളും ഹൃദയത്തെ കുറിച്ച് ഓർക്കില്ല.  മനുഷ്യനെ കുറിച്ച് പറയില്ല. ചേർത്ത് വെക്കുന്നതിന്റെ മഹത്വം സംസാരിക്കില്ല. മനുഷ്യനെ അളന്നു മുറിച്ചു ഓരോ തട്ടിലാക്കുമ്പോൾ, ചിലരെ പടിക്ക് പുറത്തും അകത്തുമായി നിർത്തുമ്പോൾ, വാക്കുകൾ പോലും തീണ്ടായ്മ കൽപിക്കുമ്പോൾ, അവരോടൊരിക്കലും ജീവിതത്തെ കുറിച്ചോ മരണത്തെ കുറിച്ചോ പറയരുത്. സ്നേഹത്തെ കുറിച്ച് തീരെ... കാരണം  സ്നേഹത്തിന്റെ അനന്തമായ കാരുണ്യം അവർക്കപ്പോൾ വെറും പുല്ലാണ്! 

click me!