പിറ്റേന്ന് ഉത്സവത്തിന് കൊടിയിറങ്ങിയെങ്കിലും പിന്നീട് പലപ്പോഴായി ഞാൻ അവരെ കണ്ടുമുട്ടി. അപ്പോൾ, ഒരിക്കൽ പോലും വിശേഷം തിരക്കാനോ ചിരിക്കാനോ അവർ മറക്കാറില്ലായിരുന്നു. വിക്രമാദിത്യന് കൂട്ടു വേതാളം എന്ന പോലെ എന്നും അമ്മയുടെ സാരി തുമ്പു പിടിച്ചോ അല്ലെങ്കിൽ അമ്മയെ സഹായിക്കാൻ കുഞ്ഞി കവറുകൾ കയ്യിൽ പിടിച്ചോ കൂടെ മോനും ഉണ്ടാകും.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
എവിടെ വച്ചാണ് അവരെ ആദ്യമായ് കണ്ടതെന്ന കൃത്യമായ ഓർമ്മ എനിക്കില്ല. എങ്കിലും, എന്റെ ഊഹം ശരി ആണെങ്കിൽ കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു മാർച്ച് മാസത്തിലെ തിരക്കേറിയ ഉത്സവ പറമ്പിൽ മാമൻ വാങ്ങി തന്ന ഹൈഡ്രജൻ ബലൂൺ ഇടതുകയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഇനി കൊറിക്കാൻ വല്ലതും ഒപ്പിക്കണം എന്ന ഉദ്ദേശവുമായ് പറമ്പിൽ തെണ്ടി നടക്കവെയാണ് ഗാനമേള നടക്കുന്ന സ്റ്റേജിന് മുന്നിൽ ലിബിനേച്ചിക്കരികിലായി കവറുനിറയെ പലഹാരപാക്കറ്റുമായി ഇരിക്കുന്ന ബിന്ദു ചേച്ചിയെ ഞാനാദ്യമായി കാണുന്നത്.
പലഹാരക്കവറിലേക്കുള്ള എന്റെ നോട്ടത്തെ പരിചയകുറവിന്റെ നോട്ടമായി തെറ്റിദ്ധരിച്ച് കോളനിയിൽ പുതുതായി വന്ന താമസക്കാരാണെന്നും ഇവരും മോനും മാത്രമേ ഉള്ളൂ എന്നും പറഞ്ഞു അവരെയും ബിന്ദു ചേച്ചിയെയും എതാണ്ട് അഞ്ച് വയസ്സു പ്രായം വരുന്ന അവരുടെ മകനെയും ലിബിനേച്ചി എനിക്ക് പരിചയപ്പെടുത്തി.
പണി കഴിഞ്ഞു തിരിച്ചു പോകവെ വെള്ളം കുടിക്കാനായി ഒരു ദിവസം അവർ വീട്ടിൽ കയറി വന്നു
ഒരുപാട് നാളത്തെ പരിചയം ഉള്ളൊരാളോടെന്നപോലെ ഉത്സവത്തെ പറ്റിയും ഗാനമേളയെ പറ്റിയും മോന്റെ കയ്യിൽ ഇരിക്കുന്ന കളിപ്പാട്ടത്തെ പറ്റി വരെയും അവർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടക്ക് ഒരു പാക്കറ്റ് പലഹാരം പൊട്ടിച്ച് എനിക്കുനേരെ നീട്ടിയതോടെ എന്റെ ആവേശവും വർധിച്ചു.
പിറ്റേന്ന് ഉത്സവത്തിന് കൊടിയിറങ്ങിയെങ്കിലും പിന്നീട് പലപ്പോഴായി ഞാൻ അവരെ കണ്ടുമുട്ടി. അപ്പോൾ, ഒരിക്കൽ പോലും വിശേഷം തിരക്കാനോ ചിരിക്കാനോ അവർ മറക്കാറില്ലായിരുന്നു. വിക്രമാദിത്യന് കൂട്ടു വേതാളം എന്ന പോലെ എന്നും അമ്മയുടെ സാരി തുമ്പു പിടിച്ചോ അല്ലെങ്കിൽ അമ്മയെ സഹായിക്കാൻ കുഞ്ഞി കവറുകൾ കയ്യിൽ പിടിച്ചോ കൂടെ മോനും ഉണ്ടാകും.
ഞാൻ ട്യൂഷൻ എടുക്കുമ്പോൾ ലിബിനെച്ചിയുടെ മക്കളുടെ ഒപ്പം പിന്നീട് അവനും വന്നു തുടങ്ങി. ഇരുന്നു പഠിപ്പൊന്നും ഇല്ലെങ്കിലും എനിക്ക് വടി എടുത്തു തരാനും സമയം ഓർമിപ്പിക്കാനും ആളു മുൻപന്തിയിൽ ഉണ്ടാകും.
പണി കഴിഞ്ഞു തിരിച്ചു പോകവെ വെള്ളം കുടിക്കാനായി ഒരു ദിവസം അവർ വീട്ടിൽ കയറി വന്നു. കുശലാന്വേഷണം എന്ന പോലെ ഞാൻ കുടുംബത്തെ കുറിച്ചും മോന്‍റെ അച്ഛനെ കുറിച്ചും ചോദിച്ചപ്പോൾ അവർ കുറച്ചു നേരം നിശ്ശബ്ദയായി.
ചോദിക്കേണ്ടിയിരുന്നില്ല എന്ന ഭാവത്തോടെ 'അമ്മ എന്നെ തുറിച്ച് നോക്കിയപ്പോഴേക്കും ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ ഒരു ഇല കൊഴിയുന്ന ലാഘവത്തോടെ ഇവൻ എന്റെ രണ്ടാമത്തെ മകനാണെന്നും മൂത്ത മകൻ നിലമ്പൂരിലാണെന്നും പക്ഷെ രണ്ടുപേർക്കും അച്ഛൻ രണ്ടായതു കൊണ്ട് വീടുവിട്ടിറങ്ങേണ്ടി വന്നെന്നും ഇപ്പോൾ ഓരോ വീടുകളിൽ വീട്ടു ജോലി ചെയ്യുന്നുവെന്നും പറഞ്ഞ് ബാക്കി വന്ന വെള്ളം വരണ്ടു കിടന്ന ചെടിച്ചട്ടിയിലൊഴിച്ചു എന്നത്തേയും പോലെ ഒരു പുഞ്ചിരിയും തന്ന് മുറ്റത്തു കളിച്ചു കൊണ്ടിരുന്ന മകന്റെ കയ്യും പിടിച്ചു അവർ നടന്നകന്നു.
എന്റെ മുന്നിൽ കൂടി നടന്നു പോകുന്ന ആ മെലിഞ്ഞുണങ്ങിയ രൂപം മറ്റാരോ ആണെന്ന് എനിക്കുതോന്നി എന്റെ അരയോളം വലുപ്പമേ അവർക്കുണ്ടായിരുന്നുള്ളൂ പിന്നിട്ട വഴികളുടെ ഓർമപ്പെടുത്തലെന്നോണം അവരുടെ തോളെല്ലുകൾ പുറത്തേക്ക് പൊന്തി നിന്നിരുന്നു. നരച്ച ബ്ലൗസും തേഞ്ഞു തീരാറായ ചെരുപ്പും അവരുടെ ജീവിതത്തെകുറിച്ചെന്നെ പെട്ടന്ന് ഓർമപ്പെടുത്തി . അതിനെക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത് എന്നും എനിക്കുനേരെ നീട്ടിയ അവരുടെ പുഞ്ചിരിയായിരുന്നു.
പിന്നീട്, പലപ്പോഴായി പല കഥകളും പല ഇടങ്ങളിൽ നിന്നായി ഞാൻ അവരെ കുറിച്ചു കേട്ടു. പക്ഷെ അവരെ കണ്ടാൽ ചിരിക്കരുതെന്നു പറഞ്ഞവർക്കു മുന്നിലൂടെ അവരോടു ചേർന്നു നടക്കാൻ എന്നെ പ്രേരിപ്പിച്ചത് പാവങ്ങളിൽ വിക്ടർ ഹ്യൂഗോ പറഞ്ഞ വാക്കുകളായിരുന്നു. "കള്ളനായല്ല ആരും ജനിക്കുന്നത് ജീവിത സാഹചര്യമാണ് അവനെ കള്ളനാക്കി മാറ്റുന്നത്."
ആ സ്ത്രീ ആരുമാവട്ടെ സമൂഹം അവരെ എന്തു പേരിട്ടും വിളിക്കട്ടെ. പക്ഷെ, എനിക്കു മുന്നിലവർ പ്രതിസന്ധികളിലെല്ലാം തന്റെ മകനെ ചേർത്തു പിടിച്ച ഒരു നല്ല അമ്മയായിരുന്നു. പരിഹാസങ്ങളെ, ഒറ്റപ്പെടുത്തലുകളെ പുഞ്ചിരി കൊണ്ടു നേരിട്ട ഒരു കരുത്തുള്ള സ്ത്രീയായിരുന്നു.
ഡിഗ്രി പഠനത്തിനായി നാട്ടിൽ നിന്നും വന്ന ശേഷം അവരെ കുറിച്ചു കൂടുതൽ ഒന്നും അറിഞ്ഞിരുന്നില്ല. അങ്ങനെ പറയുന്നതിലും നല്ലത് ഒരിക്കലും അവസാനിക്കാത്ത എന്റെ തിരക്കുകൾക്കിടയിൽ ഞാൻ അവരെ സൗകര്യപൂർവം മറന്നു എന്നു പറയുന്നതാവും. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുന്നതിനിടെ ചേച്ചി എന്ന നീട്ടി വിളിയുമായി അവനെന്റെ അരികിൽ വന്നു.
"അമ്മ എവിടെ" എന്ന എന്റെ ചോദ്യത്തിന് "അമ്മക്ക് സുഖല്ല്യ" എന്നു പറഞ്ഞു വാടിയ മുഖവുമായി അവൻ പിന്തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോൾ ഞാൻ അമ്മയോട് കാര്യം തിരക്കി, "ബിന്ദൂന് കാൻസർ വന്ന കാര്യം അപ്പൊ ഞാൻ നിന്നോട് പറഞ്ഞില്ലേ ? ചികിത്സ കൊണ്ട് ഇനി വല്യ പ്രയോജനം ഒന്നുംല്ല്യ ഇപ്പൊ സീരിയസ് ആണ്." അമ്മയുടെ മറുപടി ഒരു മിന്നായം പോലെയെ ഞാൻ കേട്ടുള്ളൂ. കുറച്ചു മുന്നേ പിന്തിരിഞ്ഞു നടന്ന അവന്റെ മുഖം എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും അവ്യക്തമാവുന്നു.
മാവേലിയുടെ വേഷം കെട്ടി കയ്യിലൊരു പാത്രവും പിടിച്ചു അവൻ വീട്ടിലും എത്തി
അടുത്ത വരവിനു ലിബിനെച്ചിയെ കാണാൻ എന്നു പറഞ്ഞു വീട്ടിൽ നിന്നും കണ്ണു വെട്ടിച്ചു ഞാൻ കോളനിയിൽ പോയി. ഒരു ചെറിയ കാറ്റടിച്ചാൽ പറന്നു പോകുമെന്നുറപ്പുള്ള ഓലകൊണ്ടുള്ള ആ വീട്ടിലെ നാളുകളായി ചാണകം മെഴുകിയിട്ടില്ലാത്ത കൊലായിൽ ഒരു പുസ്തകത്തിൽ എന്തോ കുത്തിക്കുറിച്ചിരിക്കുകയായിരുന്നു അവൻ.
എന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ അവനെണീറ്റു. അമ്മയെ വിളിക്കാൻ തുനിഞ്ഞപ്പോൽ ഞാൻ അവനെ വിലക്കി. പറഞ്ഞു കേട്ടിടത്തോളം സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു ശരീരമായി അവർ മാറിയിട്ടുണ്ടായിരുന്നു. അത് കാണാൻ ഉള്ള ധൈര്യമില്ലാതെ പുറത്തു നിന്നും ഞാൻ അവരോടു സംസാരിച്ചു.
ഒന്നും പറയാൻ കഴിയാത്തതിനാൽ എല്ലാം ശെരിയാകും എന്ന ഔപചാരികത ബാക്കി വച്ചു അതവരെ കാണാനുള്ള അവസാന അവസരമാവും എന്നറിയാമായിരുന്നിട്ട് കൂടി ഞാൻ വേഗത്തിൽ അവിടെ നിന്നിറങ്ങി.
കഴിഞ്ഞ ഓണത്തിന് എല്ലാ വർഷത്തെയും പോലെ മാവേലിയുടെ വേഷം കെട്ടി കയ്യിലൊരു പാത്രവും പിടിച്ചു അവൻ വീട്ടിലും എത്തി. അവന്റെ മുഖത്തു നോക്കാൻ പോലും ധൈര്യമില്ലാതെ ഒരു ഭീരുവിനെ പോൽ ഞാൻ അകത്തിരുന്നു.
ഒരു മാസം മുമ്പ് വീട്ടിൽ പോയപ്പോൾ 'ബിന്ദൂനെ ഇനി ഇവിടെ നിർത്താൻ വയ്യാത്ത അവസ്ഥ ആയതുകൊണ്ടു നാട്ടിലെ ചിലർ മുൻകൈയെടുത്തു അവരെ നിലമ്പൂരിൽ കൊണ്ടു പോയെന്നും മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടു അവരുടെ ചേട്ടനും കുടുംബത്തിനും പൂർണ സമ്മതം അല്ലാഞ്ഞിട്ടു കൂടി അവരെ അവിടെ നിർത്തിയെന്നും മകനെ നിർത്താൻ കഴിയില്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞപ്പോൾ ഒരു അനാഥാലയത്തിൽ ഏൽപി'വെന്നും അറിഞ്ഞപ്പോൾ കണ്ണു നിറയാൻ അർഹതയില്ലാഞ്ഞിട്ടു കൂടി എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞു.
എല്ലാവരെയും പോലെ അവനെ കുറിച്ചോർത്ത് സഹതപിക്കാൻ മാത്രമേ കഴിയൂ എന്നറിഞ്ഞപ്പോൾ എന്തോ എനിക്ക് എന്നൊടുതന്നെ വെറുപ്പ് തോന്നി. അമ്മയുടെ കൈ പിടിച്ചു നടന്നിരുന്ന അവന്റെ ചിത്രവും അനാഥാലയത്തിലെ ഒരു മുറിയിൽ അപരിചിതരായ ആരുടെയൊക്കെയോ ഒപ്പം കരഞ്ഞുറങ്ങുന്ന അവന്റെ മുഖവും ആ രാത്രി മുഴുവൻ മനസ്സിനെ വേട്ടയാടികൊണ്ടിരുന്നു. ആദർശങ്ങൾ പ്രസംഗിക്കാൻ മാത്രമെ ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിനു കഴിയൂ എന്ന വലിയ സത്യം ഞാനന്നനുഭവിച്ചറിഞ്ഞു.
അസ്തമിച്ച അവന്റെ ആ ലോകത്തിനു പകരം നൽകാൻ ഒന്നിനും കഴിയില്ല
എന്നത്തേയും പോലെ ഒരുദിവസം രാത്രി അമ്മ വിളിച്ചപ്പോൾ ബിന്ദു ചേച്ചിയുടെ മരണ വാർത്ത പറഞ്ഞു. കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല. അമ്മയെ കാണിക്കാൻ അവനെ കൊണ്ടു പോയെന്നും തിരിച്ചു വരാൻ കൂട്ടാക്കാതെയായപ്പോൾ കുറച്ചു ദിവസം അവിടെ നിർത്തിയെന്നും ഞാൻ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു.
അവന്റെ മുഖം ഒരിക്കലും ഓർമിപ്പിക്കരുതെ എന്നെത്ര പറഞ്ഞിട്ടും മനസ്സ് കൂടുതൽ കൂടുതൽ വ്യക്തമായ് ആ മുഖത്തെ ഇപ്പോൾ ഓർത്തെടുക്കുന്നു. അസ്തമിച്ച അവന്റെ ആ ലോകത്തിനു പകരം നൽകാൻ ഒന്നിനും കഴിയില്ല എന്നറിയാമെങ്കിലും ജീവിതത്തെ അവന്റെ അമ്മയെ പോലെ പുഞ്ചിരിച്ചു നേരിടാൻ അവനു ശക്തി നൽകണേ എന്നു മനസ്സ് വീണ്ടും വീണ്ടും മന്ത്രിക്കുന്നു. ചിലരുടെ നഷ്ടങ്ങൾ മറ്റു ചിലരുടെ നേട്ടങ്ങളുടെ ഓര്മപ്പെടുത്തലായത് കൊണ്ടാണോ എന്നറിയില്ല അമ്മയെ കെട്ടിപ്പിടിച്ച് ആ ചൂടേറ്റ് ഒന്നുറങ്ങാൻ തോന്നുന്നു.