മറന്നിട്ടില്ല, 'ഇന്ത്യ തോറ്റതിൽ നിങ്ങൾക്കൊക്കെ സന്തോഷമായിരിക്കുമല്ലേ' എന്ന ചോദ്യം

By Speak Up  |  First Published Jan 24, 2019, 6:34 PM IST

സംഭവം ഇത്രേ ഉള്ളൂ, ഇതിലെന്താണിത്ര സംഭവമെന്നും ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ, മലപ്പുറത്തുകാരെല്ലാം തീവ്രവാദം ചുമക്കുന്നവരാണെന്നും പാക്കിസ്ഥാൻ ജയിച്ചു കാണാൻ ആശിക്കുന്നവരാണെന്നുമുള്ള വിഷബോധവും കൊണ്ടാണ് അവരെനിക്ക് റൂം തുറന്നു തന്നതും കസേര നീക്കിയിട്ടു തന്നതുമെന്നുമുള്ള തിരിച്ചറിവിനേക്കാൾ എന്നെ പൊള്ളിച്ചത്, ഞാനടക്കമുള്ള ഓരോ മലപ്പുറംകാരനെയും ഒരു തീവ്രവാദിയെ കാണുന്ന പോലുള്ള അറപ്പോടെ ആയിരിക്കുമല്ലോ അവരിനിയും വീക്ഷിക്കുക എന്ന തിരിച്ചറിവ് തന്നെയാണ്.


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

undefined

മറ്റുള്ളവർക്ക് നമ്മളെ കുറിച്ചുള്ള ധാരണകൾ എന്തോ ഏതോ ആകട്ടെ, അത് തിരുത്തുവാൻ വേണ്ടി സമയം കളയാതിരിക്കുകയാണ് നല്ലതെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ, പിന്നീട്  അതെന്താണ് അവരങ്ങനെ പറഞ്ഞതെന്നും, അവരങ്ങനെ പറയാൻ പാടില്ലായിരുന്നുവല്ലോ എന്നും അങ്ങനെ പറയാൻ അവർക്കുണ്ടായ കാരണമെന്തായിരിക്കുമെന്നും ഓർത്തു വല്ലാത്ത നിരാശയിലേക്കും ദേഷ്യത്തിലേക്കും കൂപ്പു കുത്താറുമുണ്ട് അതേ ഞാൻ.

ബിരിയാണി ചെമ്പ് പൊട്ടിക്കുന്നത്  അയലത്തെ കുട്ടികൾ കാത്തു  നിക്കുന്ന വീട്

പറഞ്ഞു വരുന്നത് അത്തരമൊരു അനുഭവത്തിന്റെ പൊള്ളലാണ്. ക്രിക്കറ്റും ഫുട്ബോളും ജീവനെ പോലെ സ്നേഹിക്കുന്ന ഭർത്താവിനൊപ്പം, ദുബായിൽ സ്ഥിര താമസമാക്കി തുടങ്ങുന്ന ആദ്യ ദിനങ്ങളിലൊന്നാണ്. കമന്‍ററി കേട്ടാൽ പോലും കടുത്ത മൈഗ്രൈൻ വരുന്നത്രമേൽ ഇവ രണ്ടും എനിക്ക് കടുത്ത അലർജിയുമായിരുന്നു. ക്രിക്കറ്റുമായുള്ള ആകെ ബന്ധമെന്ന് പറയുന്നത് കുട്ടിക്കാലത്തെപ്പോഴോ കൂളിംഗ് ഗ്ലാസും തൊപ്പിയുമിട്ട് നിക്കുന്ന  മൊഞ്ചനായ രാഹുൽ ദ്രാവിഡിനെ കാണുമ്പോളെല്ലാം 'എന്റെ പുയ്യാപ്ല' എന്നും പറഞ്ഞ് ഓടി വരുമായിരുന്നുവെന്നുള്ള ഉമ്മയുടെയും മാമന്റെയും ഓർത്തെടുക്കൽ മാത്രമാണ് താനും. പറഞ്ഞു വരുന്നത്, ക്രിക്കറ്റ് വിരോധിയായ ഞാനും ക്രിക്കറ്റിനെയാണ് കല്യാണം കഴിച്ചിരിക്കുന്നതെന്ന് തോന്നുന്നത്ര മേൽ ക്രിക്കറ്റ് ഭ്രാന്തനായ എന്റെ പുരുഷനും ഒന്നിച്ചു ജീവിച്ചു തുടങ്ങുന്ന  കാലത്തെ കുറിച്ചാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലിൽ ഇന്ത്യ തോൽക്കുകയും ജനലിനപ്പുറത്തെ തെരുവിലിറങ്ങി പാകിസ്ഥാനികൾ ഒറ്റക്കും കൂട്ടമായും കാണുന്ന ഇന്ത്യക്കാരെയെല്ലാം കൂകി വിളിക്കുകയും ചെയ്ത ഒരു വൈകുന്നേരത്തെ കുറിച്ചാണ്.

കൂകി വിളിയുടെ തീവ്രത ഭർത്താവിനും കിട്ടത്തക്ക വിധം ജനൽ പകുതി തുറന്ന് മൂന്നാം നിലയിൽ നിന്ന് താഴോട്ട് നോക്കി നില്‍ക്കുന്ന എന്നെ കണ്ടതും പൊതുവെ മിതഭാഷിയായ, ഭർത്താവ് ജനലടക്കാൻ പറഞ്ഞലറിയതിനാൽ ഞാനൊരൊഴുക്കൻ മട്ടിൽ ഫ്ലാറ്റിൽ നിന്നിറങ്ങിയ ഒരു ചൂടൻ വൈകുന്നേരത്തെ കുറിച്ചാണ്. അപ്പുറത്ത് രണ്ടു മൂന്നു ദിവസം മുമ്പ് താമസത്തിനെത്തിയ നവദമ്പതികളെയൊന്ന് പരിചയപ്പെട്ടേക്കാമെന്ന തോന്നലിനെ കുറിച്ചാണ്. വാതിലിൽ മുട്ടുന്നു, മസിൽമാനായ ഭർത്താവും , ഭാര്യയും വാതിൽ തുറന്ന് ചിരിക്കുന്നു. ആദ്യത്തെ ഒരു മിനിറ്റിനുള്ളിലെ നാടെവിടെയാണെന്ന തികച്ചും അനിവാര്യ ചോദ്യത്തിന് "മലപ്പുറമെന്ന്" ഞാൻ  അത്രയും സ്വാഭാവികമായി തന്നെ മറുപടി പറയുന്നു. വിഷയ ദാരിദ്ര്യത്തെ തുടർന്നുള്ള "കളി കണ്ടുവോ" എന്ന എന്റെ  ചോദ്യത്തിന്, ''ഇന്ത്യ തോറ്റതിൽ നിങ്ങൾക്കൊക്കെ സന്തോഷമായിരിക്കുമല്ലേ'' എന്ന് നവദമ്പതികൾ ഏകസ്വരത്തിൽ പുച്ഛിക്കുന്നു. ഇന്ത്യ തോറ്റ വിഷമത്തിൽ ഞാനൊഴികെയുള്ള സകല വസ്തുക്കളും വാരി വലിച്ചിട്ടിരിക്കുന്ന കെട്ടിയോനിൽ നിന്നും പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയ എനിക്ക് അന്നേവരെ ലഭിച്ചതിൽ വെച്ചേറ്റവും മലീസമായ മറുപടി ഇതെല്ലാതെന്താണെന്നോർത്ത് ഞാൻ പോയതിലും കട്ട കലിപ്പിൽ തിരിച്ചു ഫ്ലാറ്റിൽ കേറി വരുന്നു.

14 വയസ്സിൽ ഉമ്മയായ ഞങ്ങളുടെ ഉമ്മ 25 വയസ്സ് വരെ പെണ്മക്കളെ പഠിപ്പിച്ച വീട്

സംഭവം ഇത്രേ ഉള്ളൂ, ഇതിലെന്താണിത്ര സംഭവമെന്നും ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ, മലപ്പുറത്തുകാരെല്ലാം തീവ്രവാദം ചുമക്കുന്നവരാണെന്നും പാക്കിസ്ഥാൻ ജയിച്ചു കാണാൻ ആശിക്കുന്നവരാണെന്നുമുള്ള വിഷബോധവും കൊണ്ടാണ് അവരെനിക്ക് റൂം തുറന്നു തന്നതും കസേര നീക്കിയിട്ടു തന്നതുമെന്നുമുള്ള തിരിച്ചറിവിനേക്കാൾ എന്നെ പൊള്ളിച്ചത്, ഞാനടക്കമുള്ള ഓരോ മലപ്പുറംകാരനെയും ഒരു തീവ്രവാദിയെ കാണുന്ന പോലുള്ള അറപ്പോടെ ആയിരിക്കുമല്ലോ അവരിനിയും വീക്ഷിക്കുക എന്ന തിരിച്ചറിവ് തന്നെയാണ്.

കത്തുന്ന കണ്ണോടെയും കുനിഞ്ഞ തലയോടെയും അന്നേരം തന്നെ അവിടം വിട്ടെങ്കിലും, ഞങ്ങൾ മലപ്പുറത്തുകാരെ കുറിച്ച് നിങ്ങൾക്കെന്തറിയാമെന്ന ഉശിരൻ ചോദ്യം രാകി രാകി ഞാൻ എന്നിൽ തന്നെ മൂർച്ച കൂട്ടി വെച്ചിട്ടുണ്ട്. വിഷു അടക്കമുള്ള വിശേഷ ദിനങ്ങളിലെല്ലാം കുന്നുംപുറത്തെ ഉമ്മ വീട്ടിൽ ഞങ്ങൾ മക്കളും പേരമക്കളുമെല്ലാം ഒത്തു കൂടിയിരുന്നത് അപ്പുറത്തെ വിലാസിനി ചേച്ചിയുടെ വീട്ടിൽ നിന്നും എത്തുന്ന സദ്യ മോഹിച്ചിട്ടു തന്നെയായിരുന്നു. അപ്രതീക്ഷിത സമയത്തൊരഥിതി കേറി വന്നാൽ മൂന്നാലു പത്രങ്ങളുമായി ഉമ്മുമ്മ അപ്പുറത്തെ വീട്ടിലേക്ക് ഞങ്ങൾ കുട്ടികളെ ഓടിച്ചിരുന്നത്, ഉള്ളത് തരുന്നൊരു കുടുംബം ജാതി മത വേലിക്കെട്ടിനപ്പുറം ഉണ്ടെന്ന ഉറപ്പുള്ളത് കൊണ്ടായിരുന്നു. അജ്മൽ കസബിനെ തൂക്കിലേറ്റിയ വാർത്ത വായിച്ച് ഹറാം പിറന്നത് കാണിച്ചിട്ടല്ലേ ചെറുപ്പത്തിലേ പോകേണ്ടി വന്നതെന്ന് മാത്രമാണ് പൊതുവെ ലോലഹൃദയനായ ഉപ്പുപ്പാ പോലും പറഞ്ഞു കേട്ടിട്ടുള്ളത്.

ആവണിയെയും ജാൻവിയെയും പോലെ നെറ്റിയിൽ ചന്ദനക്കുറിവേണമെന്നു മാമന്റെ എൽ.കെ.ജിക്കാരി വാശി പിടിച്ചപ്പോൾ പൗഡറിൽ വെള്ളം നനച്ചൊരു കുറി കവിളിൽ തൊട്ടു കൊടുത്തതല്ലാതെ "അത് ഞമ്മന്റെ മതമല്ലെന്ന്" എന്റെ വീട്ടിലാരും പറഞ്ഞു കൊടുത്തിട്ടില്ലായിരുന്നുവെന്നതാണ് ഞങ്ങളുടെ ശരി.

മലപ്പുറത്തെ തീർത്തും യാഥാസ്ഥികമായ, മത മൂല്യങ്ങൾ നെഞ്ചോടു ചേർക്കുന്ന മുസ്ലിം  കുടുംബം തന്നെയാണെന്‍റേതും, ആണുങ്ങളെല്ലാം സാധാരണ പ്രവാസികളായ, അഞ്ചു നേരം നിസ്കരിച്ചില്ലേൽ ഭക്ഷണം തരാത്ത, തലയിൽ തട്ടമിട്ടില്ലേൽ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്ന, മദ്രസയിലും സ്കൂളിലും ഒരു പോലെ പഠിക്കാൻ വിടുന്ന, ഇഷ മഗ്രിബിനിടക്ക് ഉറങ്ങരുതെന്ന് കല്‍പിക്കുന്ന, മതപ്രഭാഷണങ്ങൾ കേൾക്കാൻ പോകുന്ന, ശ്രീ കൃഷ്ണ ജയന്തിയുടെയും നബിദിനത്തിന്റെയും റാലി കാണാൻ പോകുന്ന, ലീഗിനും കോൺഗ്രസിനും സി പി എമ്മിനും വോട്ട് ചെയ്യുന്ന അംഗങ്ങൾ ഉള്ള ഒരു സാധാരണ  വീട്. പഠിക്കാൻ മിടുക്കരാണെങ്കിൽ ഏതറ്റം വരെയും പഠിപ്പിക്കാൻ വിടുന്ന, അല്ലാത്തവരെ  അതാത് പ്രായത്തിൽ കെട്ടിച്ചു വിടുകയോ കടൽ കയറ്റുകയോ ചെയ്യുന്ന ഒരു വീട്. 14 വയസ്സിൽ ഉമ്മയായ ഞങ്ങളുടെ ഉമ്മ 25 വയസ്സ് വരെ പെണ്മക്കളെ പഠിപ്പിച്ച വീട്. ബറാഅത്തിനും മിഹ്റാജിനുമെല്ലാം ആദ്യ മധുരം അപ്പുറത്തേക്ക് വിളമ്പിയ വീട്. ബിരിയാണി ചെമ്പ് പൊട്ടിക്കുന്നത്  അയലത്തെ കുട്ടികൾ കാത്തു  നിക്കുന്ന വീട്. കുശുമ്പും കുന്നായ്മയുമുള്ള, സാധാരണയിൽ സാധാരണമായ വീട്.

അന്ന് പറയാതെ വിട്ട വാക്കുകളിൽ കുറ്റബോധം കടലോളമുണ്ട് 

ടീവി -ക്കു മുമ്പിൽ കളി കാണുന്ന സംഘങ്ങൾ അന്നുമിന്നും പറഞ്ഞു കേട്ടിട്ടുള്ളത് ആര് ജയിച്ചാലും പാകിസ്ഥാൻ ജയിക്കരുതെന്നാണ്. തീവ്രവാദമെന്ന് ഇന്നേവരെ ഉച്ചരിച്ചിട്ടില്ലാത്ത, തീവ്രവാദത്തിന്റെ അർഥം പോലുമറിയാത്ത, വീടും നാടും അയല്‍പക്കങ്ങളും കീഴ്വഴക്കങ്ങളും മാത്രം നെഞ്ചോടു ചേർക്കുന്ന ഞങ്ങൾ, ഞങ്ങൾ മലപ്പുറത്തുകാർ, മത ജാതിക്കപ്പുറം ഒന്നിച്ചു നിക്കുന്ന ഞങ്ങളിലാരും, ക്രിക്കറ്റ് കളി കണ്ടില്ലെങ്കിലും ക്രിക്കറ്റിന്റെ എബിസിഡി അറിയില്ലെങ്കിലും ഇന്ത്യയോടെന്നല്ല, ഒരു ടീമിനോടും ഇന്നേവരെ പാക്കിസ്ഥാൻ ജയിച്ചതിൽ സന്തോഷിച്ചിട്ടില്ല സുഹൃത്തേ. മലപ്പുറം പാകിസ്താന്റെ ദത്തു ഭൂമിയാണെന്ന് തന്നെ നീയിനിയും വിശ്വസിക്കുമെന്നറിയാം. നമ്മളിനി കാണില്ലെന്നും... അന്ന് പറയാതെ വിട്ട വാക്കുകളിൽ കുറ്റബോധം കടലോളമുണ്ട്. എന്തെന്നാൽ ഇനിയുമിനിയും ഓരോ മലപ്പുറംകാരനെ കാണുമ്പോഴും നീ ഒരു പാകിസ്ഥാൻ ചാരനെ കണ്ടെന്ന പോൽ മുഖം തിരിക്കുന്നത് ഓർക്കാൻ പോലും വയ്യെനിക്ക്. 

click me!