ആദ്യ നിമിഷങ്ങളിലെ അമ്പരപ്പൊന്നു മാറിയപ്പോ തന്നെ ഒരു കാര്യം എനിക്കുറപ്പായി, കണ്ണ് ഒരെണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി. പിന്നൊട്ടും അമാന്തിച്ചില്ല. എന്റെ കണ്ണടിച്ചു പോയേ എന്നും പറഞ്ഞ് ഞാന്‍ ആ ഗ്രൌണ്ടിലേക്ക് വീണു. എനിക്കുറപ്പായിരുന്നു ബാക്കി വേണ്ടതൊക്കെ എന്റെ അരുമയ്ക്ക് അരുമയായ കൂട്ടുകാര്‍ നോക്കിക്കോളുമെന്ന്.. താങ്ങിയെടുത്തതും, ആശുപത്രിയില്‍ എത്തിച്ചതും ഒക്കെ അവരായിരുന്നു.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
ഷട്ടില്‍ കളി തുടങ്ങിയിട്ട് അന്നേയ്ക്കു കൃത്യം ഒരു മാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. കളിയെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലെങ്കിലും ട്രാക്ക് സ്യുട്ടും ബനിയനും ഷൂവുമൊക്കെ വലിച്ചു കേറ്റി ഞാനും കൂടാറുണ്ടായിരുന്നു എന്നും. അന്നും പതിവുപോലെ രാത്രി ഓഫീസൊക്കെ അടച്ച ശേഷം, ഇപ്പറഞ്ഞ സാധന സാമഗ്രികളൊക്കെ അണിഞ്ഞ്, കയ്യില്‍ ഒരു ഷട്ടില്‍ ബാറ്റുമൊക്കെയായി ഞാന്‍ ആദ്യമേ കോര്‍ട്ടില്‍ എത്തി. നമ്പന്മാര്‍ എത്തുന്നതെ ഉണ്ടായിരുന്നുള്ളു. ഔട്ട് ഡോര്‍ ആയതുകാരണം, ആദ്യം എത്തുന്നവര്‍ക്കാണ് കോര്‍ട്ടില്‍ നെറ്റ് ഒക്കെ കെട്ടേണ്ടതിന്റെ ചുമതല.
എല്ലാ പണികളും പൂര്‍ത്തിയാക്കി കൂട്ടുകാരുമായി കളി തുടങ്ങി. എനിക്ക് കളിയെപ്പറ്റി വലിയ വശമില്ലെങ്കിലും, കൂടെ കളിക്കുന്ന പാര്‍ട്ണര്‍ ചങ്കിനു അപാരമായ അറിവായിരുന്നു, അസാധ്യമായ കളിയും.. ആളുടെ ഒരു സ്മാഷ് ഒക്കെ വരുന്ന സ്പീഡ് കണ്ടാല്‍ തന്നെ എതിര്‍ കോര്‍ട്ടില്‍ നില്‍ക്കുന്നവന്‍ ഒന്ന് കിടുങ്ങും.. അത്ര വലിയ കളിക്കാരന്..
അതല്ലെങ്കിലും അങ്ങനെയാണല്ലോ, വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങില്ല
പ്രാദേശികമായ ഞങ്ങളുടെ നിയമാവലി അനുസരിച്ച് ഏതു ടീം ആണോ തോല്‍ക്കുന്നത് അവര്‍ അടുത്ത കളിയില്‍ മാറി നില്‍ക്കുകയും, പകരം പുറത്തു നില്‍ക്കുന്ന പുതിയൊരു ടീം കളിക്കുകയും ചെയ്യും. ആ ദിവസത്തെ വീറും വാശിയുമേറിയ കളി കാരണം തുടരെ മൂന്നു കളികള്‍ ഞങ്ങളുടെ ടീം തന്നെ ജയിച്ചു.
മൂന്നു കളി തുടരെ ജയിച്ചു നില്‍ക്കുവല്ലേ, അപ്പൊ സ്വാഭാവികമായും നാലാമതും ആ കോര്‍ട്ടില്‍ ഞങ്ങള്‍ തന്നെ ആയിരിക്കും കളിക്കുന്നത്. കളിക്കാതെ പുറത്തിരിക്കുന്ന മറ്റു ടീമുകള്‍ക്ക് വേണ്ടി തല്‍ക്കാലത്തേക്ക് നമുക്ക് മാറി നില്‍ക്കാമെന്ന് പാര്‍ട്ണര്‍ അളിയന്‍ എന്നോട് പറഞ്ഞതാണ്, പക്ഷെ കളിയില്‍ തോല്‍ക്കാതെ പുറത്തു പോകാന്‍ എനിക്ക് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ, വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങില്ല, വന്നില്ലേലും നമ്മള്‍ അങ്ങോട്ട് ചോദിച്ചു വാങ്ങും.
സംഭവം എന്താണെന്നല്ലേ? നാലാമത്തെ കളി തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴേക്കും കോര്‍ട്ടിനകത്ത് തെക്ക് വടക്ക് ഓടിയോടി ഞാന്‍ ഒരു പരുവമായി. നിന്നിടത്തു നിന്ന് മാറി ഒരു ബോള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാത്ത വിധം ഞാന്‍ തളര്‍ന്നുപോയി. പാവം നമ്മുടെ പാര്‍ട്ണര്‍ അളിയന്‍ ആണെങ്കില്‍ ഓടിനടന്നു കളിക്കുകയാണ്...
ഓടി ഓടി തളര്‍ന്ന കാരണം, ഏതോ ഒരു സിനിമയില്‍ സലിം കുമാര്‍ പറഞ്ഞതുപോലെ "ശ്വാസം മുകളീന്നാണോ താഴേന്നാണോ വരുന്നത്" എന്ന് പോലും മനസിലാകാത്ത അവസ്ഥയില്‍ ആയിപ്പോയി ഞാന്‍... ഇത്യാദി ചിന്തകളാല്‍ അന്തം വിട്ടു കുന്തോം വിഴുങ്ങിയിരുന്ന എന്റെ നേര്‍ക്ക് അതാ വരുന്നു എതിര്‍ കോര്‍ട്ടില്‍ നിന്നും ഉഗ്രനൊരു സ്മാഷ്.
വളരെ വിദഗ്ദ്ധമായി ബാറ്റ് വച്ചിട്ടും ബാറ്റില്‍ തട്ടാതെ, എന്നെ കബളിപ്പിച്ച് അത് പുറകിലേക്ക് പോയി. 'അളിയാ മിസ്സാക്കരുതേ, പോയിന്റ് നഷ്ട്ടമാകും, എടുത്തോ' എന്ന് പറഞ്ഞു തിരിഞ്ഞു പാര്‍ട്ണര്‍ അളിയനെ നോക്കിയതും, അവന്‍ ബോള്‍ എടുത്തതും ഒരുമിച്ചായിരുന്നു.
അവന്റെ ബാറ്റില്‍ നിന്നും ശക്തിയേറിയ അടിയാല്‍ കുതിച്ചു പാഞ്ഞു വന്ന ഷട്ടില്‍ കോക്ക് കൃത്യം ഒരു അണുവിട പോലും തെറ്റാതെ എന്റെ ഇടത്തെ കണ്ണിലേക്ക് അടിച്ചു കയറി. ലോകം മുഴുവന്‍ ഇരുള്‍ പരന്നതാണോ, അതോ എന്റെ കണ്ണിന്റെ കാഴ്ച ശക്തി അടിച്ചു പോയതാണോ എന്നൊന്നും ആ നിമിഷത്തില്‍ മനസ്സിലായാതേയില്ല.
ആദ്യ നിമിഷങ്ങളിലെ അമ്പരപ്പൊന്നു മാറിയപ്പോ തന്നെ ഒരു കാര്യം എനിക്കുറപ്പായി, കണ്ണ് ഒരെണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി. പിന്നൊട്ടും അമാന്തിച്ചില്ല. എന്റെ കണ്ണടിച്ചു പോയേ എന്നും പറഞ്ഞ് ഞാന്‍ ആ ഗ്രൌണ്ടിലേക്ക് വീണു. എനിക്കുറപ്പായിരുന്നു ബാക്കി വേണ്ടതൊക്കെ എന്റെ അരുമയ്ക്ക് അരുമയായ കൂട്ടുകാര്‍ നോക്കിക്കോളുമെന്ന്.. താങ്ങിയെടുത്തതും, ആശുപത്രിയില്‍ എത്തിച്ചതും ഒക്കെ അവരായിരുന്നു.
ജീവിതത്തില്‍ കൂട്ടുകാരുടെ വില ഇത്രയധികം അറിഞ്ഞ സന്ദര്‍ഭങ്ങള്‍ വേറെ ഉണ്ടായിട്ടില്ല
മാതാപിതാക്കളെ, സഹോദരങ്ങളെ, ബന്ധുജനങ്ങളെ ഒക്കെ വിട്ടു പിരിഞ്ഞു നില്‍ക്കുന്ന ഞങ്ങള്‍ പാവം പ്രവാസികള്‍ക്ക്, കൂട്ടുകാരാണ് എന്താവശ്യത്തിനും കൂടെ നില്‍ക്കുന്നത്. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയതും, അവിടെ കണ്ണിന്റെ ഡോക്ടര്‍ ഇല്ലാത്തതു കാരണം കിലോമീറ്ററുകള്‍ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചതും, ചികിത്സകള്‍ ഒക്കെ കഴിയുന്നതുവരെ എനിക്ക് കൂട്ടിരിപ്പുകാരായി കൂടെയിരുന്നതും, തിരിച്ചു വെളുപ്പാന്‍ കാലം മൂന്നര മണിക്ക് വളരെ സേഫ് ആയി എന്നെ എന്റെ റൂമില്‍ എത്തിച്ചതും ഒക്കെയും എന്റെ ചങ്കു കൂട്ടുകാരായിരുന്നു..
ജീവിതത്തില്‍ കൂട്ടുകാരുടെ വില ഇത്രയധികം അറിഞ്ഞ സന്ദര്‍ഭങ്ങള്‍ വേറെ ഉണ്ടായിട്ടില്ല. തുടര്‍ ചികിത്സയ്ക്കും മറ്റുമായി പിറ്റേ ദിവസം എന്നെ നാട്ടിലേയ്ക്ക് അയക്കാനായി എയര്‍പോര്‍ട്ടില്‍ വരെ അവരെന്നെ അനുഗമിച്ചു. മാസങ്ങള്‍ ഒത്തിരി കഴിഞ്ഞെങ്കിലും, ഇനിയും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞാലും അന്ന് ഞാന്‍ അനുഭവിച്ച ആ കെയറും, വാത്സല്യങ്ങളുമൊന്നും തന്നെ ഞാന്‍ മറക്കുകയില്ല, കൂടെപ്പിറപ്പുകളെ പോലെ കൂടെ നിന്ന എന്റെ കൂട്ടുകാരെയും.
ജോലിയിലെ തിരക്കുകള്‍ കാരണം,പഴയ സ്ഥലത്ത് നിന്നും സ്ഥലം മാറി വന്ന എനിക്ക് അവരെയൊക്കെ ഒന്ന് വിളിക്കാനോ സംസാരിക്കാനോ പോലും പലപ്പോഴും കഴിയാറില്ല. പക്ഷെ, ഉള്ളിന്റെയുള്ളില്‍, ഇടം കണ്ണ് കൊണ്ടു ഇപ്പൊ കാണുന്ന ഓരോ കാഴ്ചകള്‍ക്കും ഞാന്‍ അവരോടു ആത്മാര്‍ത്ഥമായി കടപ്പെട്ടിരിക്കുന്നു.