ദുബായ് ഒരു 'പണം പൂക്കുന്ന നാട'ല്ലെന്ന് അന്നാണ് ഞാനറിഞ്ഞത്

By Web Team  |  First Published Feb 23, 2019, 2:48 PM IST

വീട്ടിലാണെങ്കിൽ വിരുന്നുകൾ ഒഴിവാക്കുന്നത് ഉപ്പാനോടുള്ള വലിയൊരു പരാതിയാണ്. പക്ഷെ, ആ മടിയുടെ കാരണവും ചുരുങ്ങിയ മണിക്കൂർ മാത്രം വിശ്രമമുള്ള കഷ്ടപ്പാടാണെന്ന് ദുബായിൽ ഒറ്റയ്ക്കായ നേരങ്ങൾ പറഞ്ഞ് തന്നു. കാണുന്നതെല്ലാം വാങ്ങിക്കുന്ന എന്നെ ഇങ്ങനെ വഷളാക്കിയത് ഉപ്പയാണ്, ഉപ്പാന്റെ പൈസയാണെന്നൊക്കെ കുറെ പേര് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ ഉടുപ്പ് ഞാൻ വലിച്ചെറിഞ്ഞു കളഞ്ഞെങ്കിലും ഉപ്പ 21 കൊല്ലം മുന്നേയുള്ള ആൽബത്തിലും ഇന്നത്തെ സെൽഫിയിലും ധരിച്ച ഷർട്ടിന് ഒന്നായിരുന്നു. അവിടെയും ഞങ്ങളെ ഉപ്പ തോൽപിച്ചു കളഞ്ഞു.
 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

ഓർമ വെച്ചത് മുതലേ കേട്ടു പരിചയിച്ച, പറഞ്ഞ് ശീലിച്ച ഒരു കാര്യമാണ് 'ന്റുപ്പാ ദുബായിലാണ്' എന്നത്.. ദുബായ്.. മാസാമാസം കാശ് അയച്ചു തരുന്ന ഉപ്പയുള്ള, അതിശയിപ്പിക്കുന്ന നാടായിരുന്നു എന്നും മനസ്സിൽ. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അവിടെ പോണം. ഉപ്പാന്റെ കൂടെ കറങ്ങണം. രണ്ട് കൊല്ലത്തിൽ ഒരിക്കൽ മാത്രം അതിഥിയായി വീട്ടിലെത്തുന്ന ഉപ്പയെ അവിടെ പിടിച്ചു നിർത്തുന്ന കാരണം കണ്ടെത്തണം എന്നൊക്കെ.

മുൻപ് ദുബായ് കാണാൻ ഉപ്പ കൊണ്ടുപോയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് മൂന്ന് വർഷം മുന്നേ പോയ ആ ദുബായ് ജീവിതം വല്ലാത്തൊരു അനുഭവമായിരുന്നു. എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമെന്താണെന്ന് തിരിച്ചറിഞ്ഞൊരു അവധിക്കാല വിനോദയാത്ര. വിനോദങ്ങളിലൊട്ടും ആനന്ദിക്കാനാവാത്ത കണ്ണീരിന്റെ നനവുള്ള ഒരുപിടി ഉത്തരങ്ങൾ കിട്ടിയൊരു ദുബായ് യാത്ര.

ഉപ്പ പക്ഷെ, നടുമുറിഞ്ഞ വേദനയിലും ആരോടും പരാതി പറഞ്ഞിട്ടില്ല

വീട്ടിലെത്തിയാൽ വൈദ്യരുടെ അടുത്തേക്ക് പോകുന്ന, ലീവ് തീർന്നു പോകുമ്പോൾ നിറം വെച്ച് വരുന്ന, വീട്ടിലും നാട്ടിലും വല്യ പൈസക്കാരനായി മുദ്ര കുത്തപ്പെട്ട, ഞങ്ങൾ മൂന്ന് മക്കൾക്ക് നെടുംതൂണായ അദ്ദേഹത്തിന്റെ പച്ചയായ ജീവിതമായിരുന്നു എനിക്ക് മുന്നിൽ തുറക്കപ്പെട്ടത്.

ഉപ്പ പണ്ട് മുതലേ ഒരു വല്ലാത്ത അത്ഭുതമായിരുന്നു... ഉപ്പയുടെ സ്വഭാവത്തിൽ ഏറ്റവും ഇഷ്ടമുള്ളത് ഉപ്പയുടെ ക്ഷമയാണെന്ന് പറയാനായിരുന്നു എനിക്കെന്നും ഇഷ്ടം. പക്ഷെ, ചുട്ടുപൊള്ളുന്ന വെയിലത്ത് മരുഭൂമിയിൽ അറബിയുടെ ചീത്തയും വീട്ടുകാരുടെ പരാതിയും തീർക്കാൻ കാണിച്ച ആത്മാർത്ഥയാണ് അതെന്ന് മനസിലാക്കാൻ എനിക്ക് പത്തൊൻപത് കൊല്ലങ്ങൾ വേണ്ടി വന്നു.

കൈ നീട്ടുന്നവനോടൊന്നും ഇല്ലെന്ന് പറയാതെ പോവുന്നതിനു ഉമ്മ ഉപ്പാനോട് വഴക്ക് കൂടുന്നത് കാണുമ്പോഴെല്ലാം ഉപ്പയല്ലേ ശരിയെന്നു തോന്നിയിട്ടുണ്ട്. പക്ഷെ, 26 കൊല്ലത്തെ ദാമ്പത്യത്തിൽ ഉമ്മയറിഞ്ഞത്ര, ഉപ്പയുടെ വേദനകളുടെ ആഴം വേറാരും മനസിലാക്കിയിട്ടില്ല. അത് തിരിഞ്ഞറിഞ്ഞിടത്തു നിന്നാണ് ഉമ്മയുടെ ശരിയുടെ പൊരുളറിയുന്നത്.

കൊണ്ട് പോയ അച്ചാർ തീർന്നു പോയെന്ന് പരിഭവം പറഞ്ഞപ്പോ ഒരു കൊല്ലം മുമ്പ് ഉപ്പാക്ക് കൊടുത്തയച്ച അച്ചാർ ഫ്രിഡ്ജിൽ ഉണ്ടെന്ന് പറഞ്ഞ ഉപ്പാനോട് 'അപ്പൊ ഇങ്ങൾ തിന്നിട്ടില്ലല്ലേ' എന്ന് ചോദിച്ച ആവേശം "നിക്ക് ഒരു ആപ്പിളോ കുബ്ബൂസോ ധാരാളം" എന്ന ഉത്തരത്തിൽ തകർന്നു പോയി. 

വീട്ടിലാണെങ്കിൽ വിരുന്നുകൾ ഒഴിവാക്കുന്നത് ഉപ്പാനോടുള്ള വലിയൊരു പരാതിയാണ്. പക്ഷെ, ആ മടിയുടെ കാരണവും ചുരുങ്ങിയ മണിക്കൂർ മാത്രം വിശ്രമമുള്ള കഷ്ടപ്പാടാണെന്ന് ദുബായിൽ ഒറ്റയ്ക്കായ നേരങ്ങൾ പറഞ്ഞ് തന്നു. കാണുന്നതെല്ലാം വാങ്ങിക്കുന്ന എന്നെ ഇങ്ങനെ വഷളാക്കിയത് ഉപ്പയാണ്, ഉപ്പാന്റെ പൈസയാണെന്നൊക്കെ കുറെ പേര് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ ഉടുപ്പ് ഞാൻ വലിച്ചെറിഞ്ഞു കളഞ്ഞെങ്കിലും ഉപ്പ 21 കൊല്ലം മുന്നേയുള്ള ആൽബത്തിലും ഇന്നത്തെ സെൽഫിയിലും ധരിച്ച ഷർട്ടിന് ഒന്നായിരുന്നു. അവിടെയും ഞങ്ങളെ ഉപ്പ തോൽപിച്ചു കളഞ്ഞു.

ഹോസ്റ്റലുകാരിയായ എനിക്ക് ഒരു പനി വന്നപ്പോഴേക്കും ടിക്കറ്റ് എടുത്ത് വീട്ടിലേക്ക് പറഞ്ഞയക്കുന്ന ഉപ്പ പക്ഷെ, നടുമുറിഞ്ഞ വേദനയിലും ആരോടും പരാതി പറഞ്ഞിട്ടില്ല. ബുർജ് ഖലീഫയും ജുമൈറ ബീച്ചും ഒട്ടക സഫാരിയും തന്നതിലേറെ എന്നെ അത്ഭുതപെടുത്തി കൊണ്ടേയിരിക്കുകയായിരുന്നു 
രണ്ട് മാസം മുഴുവൻ ഉപ്പ... 

എത്രയൊക്കെ പ്രയാസമുണ്ടെങ്കിലും ദുബൈക്കാരൻ എന്ന ടാഗിംഗ് -ന്റെ പ്രഷർ

പറ്റിക്കപ്പെട്ടിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്, ഉമ്മയും ഉപ്പയും മരിച്ചപ്പോഴും മൂന്ന് മക്കൾ പിറന്ന് വീണപ്പോഴും കൂടെയുണ്ടാവാനാവാതെ പോയിട്ടുണ്ട്. അതിന്റെയെല്ലാം ഉത്തരം പ്രവാസമായിരുന്നു. അവിടെ ഞാൻ എന്ന പെൺകുട്ടിയിൽ നിന്ന് ഒരു മകളിലേക്കുള്ള എന്റെ മാറ്റം ഞാൻ ആഗ്രഹിച്ചു പോയി. മുപ്പത് കൊല്ലത്തെ നഷ്ടങ്ങൾ, നേടിയതിലധികവും വീട്ടുകാരെ സ്നേഹിച്ചു തീർത്തതിന്റെ കണക്കുകൾ, അടി പതറിയപ്പോൾ വിട്ടിട്ടു പോയ ബന്ധങ്ങൾ, എത്രയൊക്കെ പ്രയാസമുണ്ടെങ്കിലും ദുബൈക്കാരൻ എന്ന ടാഗിംഗ് -ന്റെ പ്രഷർ, കൂടെ സമ്പാദ്യമായുള്ള രോഗങ്ങൾ. ഇതിലൊന്നും ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ലാത്ത, ആ ഉപ്പാക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരു തോന്നൽ... അവിടെയായിരുന്നു തിരിച്ചറിവുകൾ.

ദുബായ് ഒരു പണം പൂക്കുന്ന നാടല്ലെന്ന് ആ യാത്ര എന്നെ പറഞ്ഞ് മനസിലാക്കി. എന്റുപ്പ ആയിരങ്ങളുടെ വിയർപ്പിന്റെ പ്രതീകം മാത്രമാണെന്നും.. ദേശാന്തരങ്ങളുടെ ഏടുകളിൽ ഒരുപാട് പറയാത്ത കഥകൾ ഇനിയും ഉണ്ട് ഉപ്പാക്ക്.. ഒന്നും അറിയിക്കാതെ ഞങ്ങളെ വളർത്തിയ ആ മനുഷ്യൻ, സ്വന്തം പ്രജകളെ (കുടുംബത്തെ) തന്നെക്കാൾ നന്നായി സംരക്ഷിക്കുന്ന, അത്രയും സത്യമുള്ള, ലാളിത്യമുള്ള, ഉപ്പാ, നിങ്ങളെക്കാൾ മികച്ചൊരു രാജാവ് എനിക്കീ ലോകത്തില്ല.. അതിനോളം വലിയൊരു ഭാഗ്യവും.

ഇപ്പൊ ഒരാഗ്രഹം മാത്രേള്ളൂ.. പഠിക്കണം, ജോലി നേടണം.. കടലിനക്കരെ കഷ്ടപ്പെടുന്ന എന്റെ രാജാവിനെ രാഞ്ജിയോടൊപ്പം സ്ഥിര താമസത്തിന് കൊണ്ട് നിർത്തണം.. എത്ര കഷ്ടപെട്ടാലും ഇവിടെ, ഇന്നാട്ടിൽ ഒരു രാജാവിനെ പോലെ വാഴിക്കണം.

click me!